Current Date

Search
Close this search box.
Search
Close this search box.

‘ഈ വീട്ടില്‍ ഭക്ഷണവും വെള്ളവുമൊന്നുമില്ലേ?’ എന്ന പരിഭവമായിരുന്നു തത്തയുടെ അവസാന വാക്കുകള്‍

സമ്പന്നയായ ആ സ്ത്രീക്ക് തനിച്ചുള്ള ജീവിതം മടുത്തു തുടങ്ങിയപ്പോഴാണ് മിണ്ടിപ്പറയാനും നേരംപോക്കിനുമായി ഒരു തത്തയെ വാങ്ങാന്‍ തീരുമാനിക്കുന്നത്. അങ്ങനെ പക്ഷിവില്‍പ്പനക്കാരനെച്ചെന്നുകണ്ട് മനോഹരമായൊരു തത്തയെ വാങ്ങി. അത് സംസാരിക്കുമെന്നയാള്‍ ഉറപ്പിച്ചു പറയുകയും ചെയ്തു. അവിടെനിന്നുതന്നെ വാങ്ങിയ വലിയൊരു കൂട്ടില്‍ അതിനെ താമസിപ്പിക്കുകയും ചെയ്തു. അല്‍പദിവസം കഴിഞ്ഞ് സങ്കടപൂര്‍വം ആ സ്ത്രീ അയാളെ ചെന്നുകണ്ടു. തത്ത ഇപ്പോഴും സംസാരിക്കുന്നില്ലെന്ന് പരാതി പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു:’അതിന് നല്ലൊരു ചെറിയ കോണി വാങ്ങിക്കൊടുക്കൂ. തത്തകള്‍ക്ക് അതിഷ്ടമാണ്.’ കോണിവാങ്ങിവച്ച് രണ്ടുദിവസം കഴിഞ്ഞിട്ടും അവസ്ഥയില്‍ മാറ്റമില്ലെന്നു കണ്ടപ്പോള്‍ ദേഷ്യത്തോടെ ആ സ്ത്രീ വീണ്ടുമയാളെച്ചെന്നു കണ്ടു. തത്ത ഇപ്പോഴും സംസാരിച്ചില്ലെന്നു പരിഭവം പറഞ്ഞപ്പോള്‍ അതിനൊരു കണ്ണാടി വാങ്ങിക്കൊടുക്കൂ എന്നും തത്തകള്‍ക്ക് അതു വളരെയിഷ്ടമാണെന്നുമയാള്‍ പറഞ്ഞു. കണ്ണാടി വാങ്ങിക്കൊടുത്തിട്ടും അവസ്ഥയില്‍ മാറ്റമൊന്നുമില്ലായിരുന്നു. ഇത്തവണ അല്‍പം ശക്തമായ കോപത്തോടെ തന്നെയാണ് ആ സ്ത്രീ അയാളെ കാണാന്‍ ചെന്നത്. ഇനിയും തത്ത സംസാരിച്ചു തുടങ്ങിയില്ലെന്നു പറഞ്ഞപ്പോള്‍ അയാള്‍ ചെറിയൊരു ഊഞ്ഞാല്‍ കെട്ടിക്കൊടുക്കാന്‍ പറയുകയും അയാള്‍ തന്നെ പ്രത്യേകമൊരു ഊഞ്ഞാല്‍ കൊടുക്കുകയും സന്തോഷവതിയായി ആ സ്ത്രീ തിരിക്കുകയും ചെയ്തു. മൂന്നു ദിവസം കഴിഞ്ഞിട്ടും തഥൈവ! ഇത്തവണ ദേഷ്യത്തോടെയുള്ള സ്ത്രീയുടെ കടന്നുവരവ് കണ്ടപ്പോള്‍ തന്നെ കടക്കാരന് കാര്യം പിടികിട്ടിയിരുന്നു. അയാള്‍ ചോദ്യങ്ങളൊക്കെ ചോദിക്കുന്നതിനു മുമ്പേ പറഞ്ഞു വച്ചു:’അതിനല്‍പം പനിനീര്‍ ദളങ്ങള്‍ വാങ്ങിക്കൊടുക്കൂ. അതിന്റെ പരിമളം തത്തകള്‍ വല്ലാതെ ഇഷ്ടപ്പെടുന്നതാണ്.’ ക്ഷമയുടെ നെല്ലിപ്പടിയും കടന്ന ആ സ്ത്രീ അതും ചെയ്തു. പക്ഷേ, അപ്പോഴും തത്തയില്‍ മാറ്റമൊന്നുമില്ലതന്നെ! ഒരാഴ്ചക്ക് ശേഷം അത്യധികം ദുഃഖത്തോടെ അവരാ കടയിലേക്കുതന്നെ തിരിച്ചുചെന്നു. കാര്യം തിരക്കിയപ്പോള്‍ തത്ത ചത്തുപോയത്രെ! അവസാന നിമിഷത്തില്‍ അതെന്തെങ്കിലും പറഞ്ഞിരുന്നോ എന്ന അയാളുടെ ചോദ്യത്തിന് അതെയെന്നായിരുന്നു സ്ത്രീയുടെ മറുപടി. ‘ഈ വീട്ടില്‍ ഭക്ഷണവും വെള്ളവുമൊന്നുമില്ലേ?’ എന്ന പരിഭവമായിരുന്നത്രെ തത്തയുടെ അവസാന വാക്കുകള്‍.

ഗുണപാഠം 1

ജീവിതത്തില്‍ അടിസ്ഥാനപരമായ ചില കാര്യങ്ങളുണ്ട്. അതിനുപകരമായി ആഡംബരപൂര്‍ണമായ എന്തുകിട്ടിയിട്ടും ഫലമില്ല. വിശക്കുന്നവനാവശ്യം ഭക്ഷണമാണ്, ആഡംബരപൂര്‍ണമായ വിരിപ്പുകളോ മറ്റോ അല്ല. ദാഹിച്ചുവലഞ്ഞവനാവശ്യം ഒരിറ്റു ദാഹജലമാണ്, അംബരചുംബികളല്ല. രോഗിക്ക് മരുന്നെന്നാല്‍ ഭൂമിനിറയെ സ്വര്‍ണത്തിനു തുല്യമാണ്. ക്ഷീണിച്ചുവലഞ്ഞവന് ദുനിയാവിലെ സൗഖ്യങ്ങളിലൊന്നും കാര്യമില്ല, അവനുവേണ്ടത് തലവച്ചുകിടക്കാനൊരു തലയിണയാവും. മറ്റുള്ളവരോട് പെരുമാറുമ്പോള്‍ അവന്റെ ആവശ്യങ്ങളെ നിന്റെ മാപിനി കൊണ്ടളക്കാതിരിക്കാന്‍ ശ്രമിക്കുക. കാരണം, ചിലപ്പോള്‍ നിനക്കല്‍പംപോലും ആവശ്യമില്ലാത്തത് അവന്റെ ജീവവായുവായിരിക്കാം!

ഗുണപാഠം 2

ആത്മാക്കള്‍ക്കും വിശക്കും. ഏകാന്തത അനുഭവിപ്പിച്ചാണ് അത് തന്റെ വിശപ്പ് കാണിക്കുക. ആ വിശപ്പ് കലശലാവുമ്പോള്‍, ഏതു കൂട്ടും അതിന് സന്തുഷ്ടമായിരിക്കും. വിശക്കുന്നനേരത്ത് ചിലപ്പോള്‍ നാം കഴിക്കുന്ന ഉണങ്ങിയ റൊട്ടിക്കഷ്ണമാവുമല്ലോ ഏറ്റവും രുചികരമായ ഭക്ഷണം. തെരഞ്ഞെടുപ്പിനുള്ള അവസരങ്ങള്‍ കുറയുമ്പോഴൊക്കെ യോജ്യമായതും അല്ലാത്തതുമായ സുഹൃത്തിനെ വേര്‍തിരിക്കുക പ്രയാസകരമാവും. നിന്റെ ചുറ്റിലുമുള്ള വിടവ് നികത്തുന്നതിനു മുമ്പായി നിന്റെ ഹൃദയത്തിലും മനസ്സിലുമുള്ള വിടവ് നികത്തുക. നിന്നെ വലയം ചെയ്തിരിക്കുന്ന നിശബ്ദതകാരണം കാര്യങ്ങളെ ശരിയായ രീതിയിലല്ലാതെ കാണാതിരിക്കുന്നതു തടയാനും തനിച്ചായിരുന്നെങ്കില്‍ ചെയ്യണമെന്ന് നീ കൊതിച്ചുപോവുന്ന കാര്യങ്ങളെ സ്വീകരിക്കാനും അതുപകരിക്കും.

ഗുണപാഠം 3

തന്ത്രശാലിയായ കച്ചവടക്കാരന് എന്നും വേണ്ടത് വിഡ്ഢിയായൊരു കസ്റ്റമറെയാണ്. അയാളുടെ ല്ക്ഷ്യം ലാഭം മാത്രമാവും. സാധനത്തിന്റെ മികവു നോക്കാതെ അയാള്‍ തന്റെ കാര്യം സാധിച്ചെടുക്കാന്‍ ശ്രമങ്ങള്‍ നടത്തും. തന്റെ വഴിക്കാണ് കസ്റ്റമറുള്ളതെന്നും സ്വന്തം കീശ കാലിയാക്കാന്‍ അയാളൊരുക്കമാണെന്നും മനസ്സിലാക്കുന്നതോടെ തന്ത്രപൂര്‍വം അയാള്‍ തന്റെ സാധനങ്ങള്‍ വില്‍പന നടത്തും.

ഗുണപാഠം 4

ഏകാന്തതയെന്നാല്‍ വിനാശകാരിയായൊരു ശത്രുവാണ്! അതിറങ്ങുന്നിടം പടിപടിയായി സര്‍വാധിപത്യം സ്ഥാപിക്കും. ഏകാന്തത അയാളെ വിഴുങ്ങാന്‍ പോവുകയാണെന്ന് ദ്യോതിപ്പിക്കും. ഏകാന്തതയുടെ വിടവു നികത്താന്‍ പലതരം വഴികള്‍ തേടുന്നവരാണ് ജനങ്ങള്‍. ചിലര്‍ പുസ്തകങ്ങളിലും ചിലര്‍ സൗഹൃദങ്ങളിലും ചിലര്‍ ഒരു തത്തയില്‍പോലും ഏകാന്തതക്ക് കൂട്ടുതിരയും. മറ്റുള്ളവര്‍ക്കിടയിലായിരിക്കെത്തന്നെ നാമനുഭവിക്കുന്ന ഏകാന്തതയാണ് അതികഠിനം! ആയതിനാല്‍, ചുറ്റമുള്ളവര്‍ക്ക് നേരംപോക്കാവുക. ഹൃദയസാന്നിധ്യമില്ലാതെ വെറും ശരീരസാന്നിധ്യം മാത്രമുള്ളവനാവരുത് നീ.

വിവ: മുഹമ്മദ് ശാക്കിർ മണിയറ
കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles