Current Date

Search
Close this search box.
Search
Close this search box.

ഭാര്യമാരെ വില്‍ക്കുന്ന അങ്ങാടി!

പണ്ടൊരിടത്ത് ഒരു നഗരത്തില്‍ ഭാര്യമാരെ വില്‍ക്കുന്നൊരു കട ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി! പുരുഷന്മാര്‍ക്ക് അവിടെച്ചെന്ന് ഇഷ്ടമുള്ളവരെ തെരഞ്ഞെടുക്കാം എന്നതായിരുന്നു അതിന്റെ പ്രത്യേകത. പ്രവേശനകവാടത്തില്‍ തന്നെ കടയുടെ പ്രത്യേകമായ നിയമവും എഴുതിവച്ചിട്ടുണ്ടായിരുന്നു. ഒരുവട്ടം മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂ എന്നും ഒരു നിലയിലെ സ്ത്രീകളുടെ വിശേഷണങ്ങള്‍ ഇഷ്ടമായില്ലെങ്കില്‍ അടുത്ത നിലകളിലും കയറി നോക്കാമെന്നും തിരിച്ച് താഴെയുള്ള നിലയിലേക്ക് ഇറങ്ങാന്‍ പാടില്ല എന്നതുമായിരുന്നു നിയമം.
ഭാര്യയെ സ്വന്തമാക്കുകയെന്ന ലക്ഷ്യത്തില്‍ ഒരാള്‍ കടയിലേക്ക് കയറുകയും ആദ്യനിലയിലെ ഭാര്യമാരുടെ വിശേഷണം വായിച്ചുനോക്കുകയും ചെയ്തു: ‘ഇവിടെയുള്ള സ്ത്രീകള്‍ നല്ല വിശ്വാസികളും ജോലിയുള്ളവരുമാണ്.’

ഇതിലും മുന്തിയ ഗുണങ്ങളുള്ള സ്ത്രീയെ കിട്ടിയാലോ എന്നു കരുതി അയാള്‍ അടുത്ത നിലയിലേക്ക് കടന്നു. രണ്ടാം നിലയുടെ വാതില്‍ക്കലുള്ള ഭാര്യമാരുടെ ഗുണങ്ങള്‍ അയാള്‍ ഇങ്ങനെ വായിച്ചു: ‘ഇവിടെയുള്ള സ്ത്രീകള്‍ നല്ല വിശ്വാസിനികളും ജോലിയുള്ളവരും ഭര്‍ത്താക്കന്മാരെ സ്‌നേഹിക്കുന്നവരുമാണ്.’ ഓരോ നില കടക്കുമ്പോഴും ഭാര്യമാരുടെ ഗുണങ്ങളില്‍ മെച്ചം കാണുന്നുവെന്നറിഞ്ഞ അയാള്‍ അടുത്ത നിലകൂടി കയറിനോക്കാമെന്നു കരുതി. ‘ഇവിടെയുള്ള സ്ത്രീകള്‍ ജോലിയുള്ളവരും വിശ്വാസിനികളും ഭര്‍ത്താക്കന്മാരെ സ്‌നേഹിക്കുന്നവരും സുന്ദരികളുമാണ്’ എന്നതായിരുന്നു അവിടത്തെ സ്ത്രീകളുടെ ഗുണങ്ങള്‍.

ആവേശപൂര്‍വം അയാള്‍ നാലാം നിലയിലേക്കും കടന്ന് അവിടെയുള്ള സ്ത്രീകളുടെ ഗുണങ്ങള്‍ വായിച്ചുനോക്കി: ‘ഇവിടെയുള്ള സ്ത്രീകള്‍ ജോലിയുള്ളവരും നല്ല വിശ്വാസിനികളും ഭര്‍ത്താക്കന്മാരെ സ്‌നേഹിക്കുന്നവരും സുന്ദരികളും ഭര്‍ത്താവിന്റെ കുടുംബക്കാരെ സ്‌നേഹിക്കുന്നവരുമാണ്!’. അഞ്ചാം നിലയിലേക്കും അയാള്‍ വര്‍ധിച്ച പ്രതീക്ഷകളോടെ കടന്നു. അവിടെ എഴുതിവച്ചത് ഇപ്രകാരമായിരുന്നു: ‘ഇവിടെയുള്ള സ്ത്രീകള്‍ ജോലിയുള്ളവരും നല്ല വിശ്വാസിനികളും ഭര്‍ത്താവിനെ സ്‌നേഹിക്കുന്നവരും സുന്ദരികളും ഭര്‍ത്താവിന്റെ കുടുംബക്കാരെ സ്‌നേഹിക്കുന്നവരും വീട്ടിലെ ചെലവുകള്‍ വഹിക്കുന്നവരുമാണ്!’ ‘പടച്ചോനെ, ഇതെന്തുകൊണ്ടും വളരെ നല്ലൊരു ഭാര്യയാകുമല്ലോ!

അടുത്തതുകൂടെ നോക്കിയേക്കാം!’ എന്ന് ഉള്ളാലെ പറഞ്ഞ് അയാള്‍ അടുത്ത നിലയിലേക്കു പ്രവേശിച്ചു. ‘ഇവിടെയുള്ള സ്ത്രീകള്‍ ജോലിയുള്ളവരും നല്ല വിശ്വാസിനികളും ഭര്‍ത്താക്കന്മാരെ സ്‌നേഹിക്കുന്നവരും സുന്ദരികളും ഭര്‍ത്താവിന്റെ കുടുംബക്കാരെ സ്‌നേഹിക്കുന്നവരും വീട്ടിലേക്ക് ചെലവു ചെയ്യുന്നവരും റൊമാന്റിക്കുമാണ്!’. അടുത്ത നിലയിലേക്കുകൂടി പ്രവേശിക്കാന്‍ ശ്രമിച്ച അയാളെ സ്വീകരിച്ചത് ഈ ഒരെഴുത്തായിരുന്നു:’പ്രിയപ്പെട്ടവനേ, ഇവിടെവരെ സന്ദര്‍ശിക്കുന്ന 76453219 -ാമത്തെ സന്ദര്‍ശകനാണ് നിങ്ങള്‍. ഇവിടെ സ്ത്രീകളാരും ഇല്ലതന്നെ. ഈ നില പുരുഷന്മാരെ തൃപ്തിപ്പെടുത്താനാവില്ലെന്നതിനുള്ള തെളിവാണ്! ഭാര്യമാരെ വില്‍ക്കുന്ന കടയില്‍ വ്യാപാരം നടത്താന്‍ വന്നതിനു നന്ദി. തിരിച്ചുപോവുമ്പോള്‍ കാലടികള്‍ സൂക്ഷിക്കുക. ശുഭദിനം നേരുന്നു.’

ഗുണപാഠം 1
പുരുഷനെക്കാള്‍ സ്‌നേഹത്തിന്റെ കാര്യത്തില്‍ സത്യസന്ധരാണ് സ്ത്രീകള്‍! സൃഷ്ടിപ്പിന്റെ അടിസ്ഥാനവുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണിത്. മറ്റുള്ളവയില്‍ നിന്നും സൃഷ്ടിക്കപ്പെട്ടവയിലെല്ലാം അടിസ്ഥാന വസ്തുവിന്റെ അടയാളങ്ങള്‍ കാണും. അല്ലാഹു മാലാഖമാരെ പ്രകാശത്തില്‍ നിന്നാണ് സൃഷ്ടിച്ചത്. പ്രകാശമെന്നാല്‍ നിരുപാധികം നന്മയാണ്. മാലാഖമാരെന്നാല്‍ ഉത്തമ സൃഷ്ടികളും. നന്മകള്‍ മാത്രം ഉദ്ദേശിച്ചാണ് മാലാഖമാരെ അവന്‍ പ്രകാശംകൊണ്ട് സൃഷ്ടിക്കുന്നത്.

ജിന്നുകളാണെങ്കില്‍ തീയാല്‍ സൃഷ്ടിക്കപ്പെട്ടവരുമാണ്. തീയുടെ സ്വഭാവമാണെങ്കില്‍ കൂടുതല്‍ ദൂഷ്യവും അല്‍പം മാത്രം ഉപകാരവുമാണ്. ചൂടുപകരുകയും ഭക്ഷണം പാകപ്പെടുത്തുകയും ഖനികള്‍ കുഴിക്കാന്‍ സഹായിക്കുകയും ചെയ്യുന്നത് അതിന്റെ ഉപകാര വശങ്ങളാണ്. തത്തുല്യമായി വളരെ ചുരുങ്ങിയ പക്ഷമല്ലാത്ത ജിന്നുകളെല്ലാം ദൈവനിഷേധികളുമാണ്.

അല്ലാഹു ആദം നബിയെ മണ്ണില്‍ നിന്ന് സൃഷ്ടിക്കുകയും പിന്നീട് രക്തവും മാംസവുമെല്ലാം രൂപപ്പെടുകയും ചെയ്തു. ആദം നബിയിലാണെങ്കില്‍ മണ്ണിന്റെ അടിസ്ഥാന സ്വഭാവമായ ഉല്‍പാദനവും ദാനവും കാണാമായിരുന്നു. അതേസമയം ഹവ്വാ ബീവിയെ ആദം നബിയുടെ ഹൃദയത്തിനടുത്തായുള്ള എല്ലില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടപ്പോള്‍ അവരുടെ സ്വഭാവം പ്രധാനമായും മൃദുലതയും കാരുണ്യവുമായി! മണ്ണ് ആദം നബിയുടെ ഒരംശമാണെങ്കില്‍ ഹവ്വാ ബീവിയുടെ അംശത്തിന്റെ അംശമാണ്. ആയതിനാല്‍ ഉല്‍പാദനവുമായി പുരുഷന്റെയത്ര ബന്ധം സ്ത്രീക്കുണ്ടാവില്ല. ഉല്‍പാദനപരമായ കാര്യങ്ങളില്‍ പുരുഷന്‍ കൂടുതല്‍ വ്യാപൃതനാവുമ്പോള്‍ സ്ത്രീ വൈകാരികമായ കാര്യങ്ങളിലാവും കൂടുതലുമുണ്ടാവുക.

നല്ലൊരു ഭാര്യയായും സ്‌നേഹനിധിയായ മാതാവായും സ്ത്രീ തന്റെ അസ്തിത്വം തെളിയിക്കുമ്പോള്‍ പുരുഷന് വെറും പിതാവ് മാത്രമായി ഒതുങ്ങാനാവാതെ വരുന്നു. ബഹുഭാര്യത്വം പുരുഷന് അല്ലാഹു അനുവദിച്ചു നല്‍കിയപ്പോള്‍ അതിന് അര്‍ഹമായ ഗുണങ്ങളും അവന്‍ അവരില്‍ നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ അത് സ്ത്രീയോടും പുരുഷനോടുമുള്ള പടച്ചവന്റെ അതിക്രമമായി മാറുമല്ലോ. സ്ത്രീക്ക് ബഹുഭര്‍തൃത്വം നിഷിദ്ധമാക്കിയെന്നാല്‍ അതിനര്‍ഥം അവളുടെ പ്രകൃതമനുസരിച്ച് അവള്‍ക്ക് ഒരു ഭര്‍ത്താവ് മാത്രം മതിയെന്നാണ്. കാരണം, സ്ത്രീ തന്റെ ഭര്‍ത്താവിനെ സ്‌നേഹിച്ചു കഴിഞ്ഞാല്‍ അവള്‍ക്ക് അവന്‍ മാത്രം മതി.

ഇഷ്ടപ്പെടാത്ത പക്ഷം മൊഴിചൊല്ലാനുള്ള ശ്രമംനടത്തി മറ്റൊരാളെ വിവാഹം ചെയ്യുന്നതെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു. അല്ലാതെ ചതിക്കാന്‍ വേണ്ടി പോലും രണ്ടു ഭര്‍ത്താക്കന്മാര്‍ ഒരുമിച്ചുണ്ടാവുന്നതിനെക്കുറിച്ച് അവള്‍ ചിന്തിക്കുകയില്ല. ഒന്നാമത്തെയാളില്‍ നിന്ന് പൂര്‍ണമായി മുക്തയാവാന്‍ അവള്‍ക്ക് സാധിക്കില്ലെന്നതുതന്നെ കാരണം. അതേസമയം, പുരുഷന്‍ രണ്ടാമതൊരു സ്ത്രീയെ വിവാഹം ചെയ്യുമ്പോള്‍ അവന്‍ ഒന്നാമത്തെയാളെയും സ്‌നേഹിക്കുന്നു. കാരണം, പുരുഷന് സ്ത്രീയെന്നാല്‍ തന്റെ ഒരു ഭാഗം മാത്രമാണ്. അതേസമയം, സ്ത്രീക്ക് പുരുഷനെന്നാല്‍ തന്റെ സര്‍വസ്വവുമാണ്! പൂര്‍ണതക്ക് അതിന്റെ ഒരംശത്തോടുള്ള ബന്ധം അംശത്തിന് പൂര്‍ണതയോടുള്ള ബന്ധത്തെക്കാള്‍ തീവ്രത കുറഞ്ഞതാവുക സ്വാഭാവികമാണ്. ആയതിനാല്‍, സ്ത്രീ പുരുഷനെക്കാള്‍ സ്‌നേഹത്തിന്റെ വിഷയത്തില്‍ സത്യസന്ധയാണ്.

ഗുണപാഠം 2
പുരുഷനും സ്ത്രീയുമെല്ലാം ഒന്നിലേറെ വ്യക്തിത്വങ്ങളാണ്! ജീവിതത്തിലെ വ്യത്യസ്തങ്ങളായ ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ പാകത്തില്‍ രൂപപ്പെടുത്തപ്പെട്ട സൃഷ്ടികളാണ് നാം. പുരുഷന്‍ പിതാവും ഭര്‍ത്താവും സഹോദരനും മകനും മരുമകനുമൊക്കെയാകുന്നു. സ്ത്രീയാണെങ്കില്‍ മാതാവും ഭാര്യയും സഹോദരിയും മകളും അമ്മായിയും മരുമകളുമൊക്കെയാകുന്നു. നമ്മുടെ എല്ലാ വ്യക്തിത്വങ്ങളിലും നാം ഒരേ അവസ്ഥതന്നെ തുടരുന്നുമില്ല. എന്നാല്‍ പുരുഷന്‍ വഹിക്കുന്ന ഏറ്റവും മഹിതമായ ദൗത്യം പിതൃത്വവും സ്ത്രീ വഹിക്കുന്ന മഹിതമായ ദൗത്യം മാതൃത്വവുമാണ്. ഈ രണ്ടു വ്യക്തിത്വങ്ങളിലുമാണ് നന്മയുടെ വര്‍ഷങ്ങളുണ്ടാവുന്നത്.

ചിലപ്പോള്‍ സ്‌നേഹനിധിയായ പിതാവ് കഠിനഹൃദയനായ ഭര്‍ത്താവും സ്‌നേഹസമ്പന്നയായ മാതാവ് ക്രൂരയായ അമ്മായിയുമായിരിക്കാം. ചിലപ്പോള്‍ എല്ലാ റോളുകളിലും നാം ഉത്തമരായെന്നും വരാം. പക്ഷേ, അതിലെ നന്മയുടെ അംശം ഓരോ റോളിലും വ്യത്യാസപ്പെടുകയും ചെയ്യാം. പിതാവായ ഒരാള്‍ തന്റെ മകളെ സ്‌നേഹിക്കുന്നപോലെ ഭാര്യയെയും മാതാവിനെയും പിതാവിനെയും സഹോദരനെയും സഹോദരിയെയും സ്‌നേഹിക്കില്ലെന്നുറപ്പാണ്. മാതാവായ ഒരു സ്ത്രീ തന്റെ മകനെ സ്‌നേഹിക്കുന്നതുപോലെ ഭര്‍ത്താവിനെയും പിതാവിനെയും മാതാവിനെയും സഹോദരനെയും സഹോദരിയെയും സ്‌നേഹിക്കില്ലെന്നതും ഉറപ്പാണ്.

ആയതിനാല്‍, പെരുമാറ്റങ്ങളില്‍ വൈരുധ്യം കാണുന്നപക്ഷം അത്ഭുതപ്പെടാനില്ല. നിന്റെ സ്‌നേഹനിധിയായ മാതാവ് കഠിനഹൃദയായ ഒരു അമ്മായിയും നല്ലവളായ നിന്റെ മകള്‍ ദുഷിച്ചൊരു മരുമകളുമാവാം. ദുഷിച്ചൊരു ഭാര്യ ദുഷിച്ചൊരു മാതാവുമാവണമെന്നില്ല. ജീവിതമെന്നാല്‍ ഏതാണ്ട് നമ്മിലോരോരുത്തരം ഒന്നിലധികം റോളുകള്‍ വഹിക്കുന്ന നാടകം പോലൊക്കെ തന്നെയാണ്! ചില റോളില്‍ മാലാഖയും ചിലതില്‍ പിശാചുമൊക്കെയായിരിക്കാം. ഈ കയ്‌പേറിയ യാഥാര്‍ഥ്യം ജീവിതത്തെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും. ഇക്കാര്യം ഒരിക്കലും മനസ്സില്‍ നിന്ന് മായരുത്!

ഗുണപാഠം 3
ഇണകളില്‍ ഓരോരുത്തരും പരപസ്പരം കൃത്യമായി മനസ്സിലാക്കിയിരിക്കണം. നീ മനസ്സിലാക്കിയിട്ടില്ലാത്ത ഒരു കാര്യവുമായി നിനക്കൊരിക്കലും ഇടപഴകുക സാധ്യമല്ല. കമ്പനികള്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ക്കൊപ്പം അതുപയോഗിക്കേണ്ട രീതികള്‍ വിശദീകരിക്കുന്ന യൂസര്‍ ഗൈഡുകള്‍ വെക്കാറുണ്ട്. ഈ യൂസര്‍ ഗൈഡുകളാണ് ആ ഉപകരണത്തെ നിനക്ക് എളുപ്പം വഴങ്ങുന്നതാക്കുന്നത്. ഇവിടത്തെ യൂസര്‍ ഗൈഡെന്നാല്‍ പ്രകൃതി തന്നെയാണ്. ഭാര്യയെന്നാല്‍ കൂടുതല്‍ പരാതികള്‍, മുറുമുറുപ്പുകളുള്ളവരാവും. ഭര്‍ത്താവെന്നാല്‍ എത്രകിട്ടിയാലും തൃപ്തി വരാത്തവരും. ആയതിനാല്‍ ഭാര്യ വല്ലതും മുറുമുറുക്കുമ്പോള്‍ അതിനര്‍ഥം അവള്‍ നിന്നെ വെറുക്കുന്നുവെന്നല്ല. ഭര്‍ത്താവ് അതൃപ്തി കാട്ടുമ്പോള്‍ അതിനര്‍ഥം അയാള്‍ നിന്നെ സ്‌നേഹിക്കുന്നില്ല എന്നുമല്ല. മുറുമുറുപ്പ് സ്ത്രീയുടെയും തൃപ്തിപ്പെടാതിരിക്കല്‍ പുരുഷന്റെയും പ്രകൃതിയാണെന്ന് മനസ്സിലാക്കിയാല്‍ മതി!

ഭാര്യ മുറുമുറുക്കുമ്പോള്‍ അതിനര്‍ഥം അവള്‍ വല്ല പരിഹാരവും ആഗ്രഹിക്കുന്നു എന്നൊന്നുമല്ല. നിന്റെ കയ്യില്‍ അവളുടെ പ്രശ്‌നത്തിനുള്ള പരിഹാരമില്ല എന്നും മിക്കവാറും അവള്‍ക്കറിയുകയും ചെയ്യാം. നീ അവളെ കേള്‍ക്കുക മാത്രമാവും അവളുടെ താത്പര്യം. ആയതിനാല്‍, നീ നല്ലൊരു കേള്‍വിക്കാരനാവുക! ഭര്‍ത്താവ് പലപ്പോഴും അതൃപ്തി പ്രകടിപ്പിക്കുമ്പോള്‍ അതിനര്‍ഥം അയാള്‍ നിന്നെ മാറ്റാനുദ്ദേശിക്കുന്നു എന്നൊന്നുമല്ല.

പുരുഷന്‍ എപ്പോഴും കൂടുതല്‍ പ്രതീക്ഷിക്കുന്ന സ്വഭാവക്കാരനാണ്. കിട്ടിയതിലുള്ള പുരുഷന്മാരുടെ ഈ തൃപ്തിയില്ലായ്മ തന്നെയാണ് ഒരര്‍ഥത്തില്‍ ലോകം കൂടുതല്‍ സമ്പന്നമാക്കിയത്. കുതിരകള്‍ മതിയെന്നു പറഞ്ഞ് അവരിരുന്നെങ്കില്‍ കാറുകളോ കാറുകള്‍ മതിയെന്നു പറഞ്ഞ് വെറുതെയിരുന്നെങ്കില്‍ വിമാനങ്ങളോ കണ്ടെത്തപ്പെടുമായിരുന്നില്ല. അപകടകരമായ മുറിവുകള്‍ കാരണം പ്രിയപ്പെട്ടവര്‍ മരിക്കുന്നത് കണ്ടവര്‍ വെറുതെയിരിക്കുകയാണെങ്കില്‍ മരുന്നുകളും കണ്ടെത്തപ്പെടുമായിരുന്നില്ല. ചിലപ്പോള്‍ തൃപ്തി അപകടകരമാവും. എന്തോ ഒരു കുറവുണ്ടെന്ന തോന്നലാണ് മുന്നോട്ടുള്ള വഴിയിലേക്ക് നമ്മെ നയിക്കുക.

നമ്മില്‍ ചിലരെങ്കിലും ഭാര്യയെക്കുറിച്ച് പരിഭവം പറയുന്നവരാവാം. എനിക്കവളുടെ ആവശ്യമില്ലെന്നും അവളില്ലാതെയും എന്റെ കാര്യങ്ങള്‍ നടക്കുമെന്നും പലപ്പോഴും തോന്നുകയും ചെയ്യാം. പക്ഷേ, അവളൊന്ന് രോഗിയാവുന്നപക്ഷം അവന്റെ ഹൃദയം പിടക്കുന്നു. അവളൊന്ന് അകന്നു നില്‍ക്കുമ്പോള്‍ അവന്‍ ആ സാമീപ്യം ആഗ്രഹിക്കുന്നു. ഇതൊക്കെയാണ് ആ യൂസര്‍ ഗൈഡ്! ഓര്‍മയിലുണ്ടാവുക!

ഗുണപാഠം 4
ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ നല്ല കാര്യത്തിനല്ലാതെ നീ കടന്നുചെല്ലരുത്. ഉമ്മയുടെയും ഉപ്പയുടെയും ഇടയിലാായും സഹോദരിയുടെയും ഭര്‍ത്താവിന്റെയും ഇടയിലായാലും മകളുടെയും അവളുടെ ഭര്‍ത്താവിന്റെയുമിടയിലായാലും മകളുടെയും മരുമകന്റെയുമിടയിലായാലും നല്ല കാര്യത്തിനുമാത്രം സമീപിക്കുക. ഭാര്യ ഭര്‍ത്താവിനോട് ദേഷ്യപ്പെടും, പക്ഷേ അതിരു കടക്കില്ല. ഭര്‍ത്താവ് ഭാര്യയോട് ദേഷ്യപ്പെടും, പക്ഷേ അയാളും അതിരു കടക്കില്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള തര്‍ക്കത്തില്‍ നീയൊരു വശത്ത് ഒരിക്കലുമുണ്ടാവരുത്. എങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയേ ചെയ്യൂ. കാരണം, വൈകാതെ അവര്‍ രണ്ടും ഒന്നാവുകയും നീമാത്രം പരാജയപ്പെടുകയും ചെയ്യും.

ഇതേപ്പറ്റി മുന്‍കാലക്കാര്‍ പറഞ്ഞുകേട്ടിട്ടുള്ളതില്‍ രസകരമായ ഒരു കഥയുണ്ട്. ഒരു സ്ത്രീ ഭര്‍ത്താവിനോട് തര്‍ക്കിച്ച് പിതാവിന്റെ അടുത്തുവന്ന് ത്വലാഖല്ലാതെ ഇനി വേറൊരു വഴിയില്ലെന്നു പരിഭവം പറഞ്ഞു. പിതാവ് അവളുടെ ഭര്‍ത്താവിനെ വിളിച്ചുവരുത്തുകയും ചെയ്തു. അവളെയും ആറു സഹോദരങ്ങളെയും അവിടെ ഒരുമിച്ചുകൂട്ടി. ശേഷം തന്റെ വാള്‍ ഊരിപ്പിടിച്ച് ഭര്‍ത്താവിനു നേരെ നീട്ടുകയും നീ നഗ്നയായില്ലെങ്കില്‍ ഭര്‍ത്താവിനെ ഈ നിമിഷം വധിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭര്‍ത്താവിന്റെ ജീവനോര്‍ത്ത് അവള്‍ നഗ്നയാവുകയും ചെയ്തു. ശേഷം കൂടി നിന്ന എല്ലാവരോടും വസ്ത്രം തുറന്നുവെക്കന്‍ പറഞ്ഞ് കൂട്ടത്തില്‍ ഏതെങ്കിലും ഒരാളുടെ വസ്ത്രത്തിന്റെ മറപറ്റിയിരിക്കാന്‍ അവളോട് പറയുകയും ചെയ്തു. അവളോടിച്ചെന്ന് ഭര്‍ത്താവിനോട് ചേര്‍ന്നുനില്‍ക്കുകയും ചെയ്തു. അതോടെ പിതാവ് പ്രഖ്യാപിക്കുകയും ചെയ്തു:’ഇത്രയുമാള്‍ക്കാരുടെ കൂട്ടത്തില്‍ നീ അവനെ തെരഞ്ഞെടുത്തിരിക്കുന്നു. ഇനിയീ വീട്ടിലേക്ക് സന്ദര്‍ശകയായിട്ടല്ലാതെ കടന്നുവരരുത്!’

ഗുണപാഠം 5
സ്ത്രീ പുരുഷനില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നത് ശാരീരിക രൂപത്തില്‍ മാത്രമല്ല, മാനസികമായിക്കൂടിയാണ്. പുരുഷനും സ്ത്രീയില്‍ നിന്ന് വ്യത്യാസപ്പെടുന്നത് ശാരീരികമായി മാത്രമല്ല, മാനസിമായിക്കൂടിയാണ്. ഒരാള്‍ മറ്റൊരാളെ പൂര്‍ണമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അല്ലാഹു ഇരു വര്‍ഗത്തെയും പടച്ചത്. രണ്ടുവിഭാഗക്കാരും ഒരുപോലെയാണെങ്കില്‍ ഒരു കാന്തം പോലെ അകലം പ്രാപിച്ചുനിന്നേനെ. അകലം പ്രാപിക്കാതെ പരസ്പരം യോജിച്ചുനില്‍ക്കാന്‍ കാരണം ഒരാളില്‍ കുറവുള്ള കാര്യം മറ്റെയാളിലൂടെ പൂര്‍ണമാവുന്നു എന്നതുകൊണ്ടാണ്.

സ്ത്രീയുടെ ഹൃദയത്തെക്കാള്‍ പ്രവര്‍ത്തിക്കുക അവളുടെ മനസ്സാണ് എന്നു പറഞ്ഞാല്‍ അതൊരു ആക്ഷേപമല്ല. പുരുഷന്റെ ഹൃദയത്തെക്കാള്‍ പ്രവര്‍ത്തിക്കുക അവന്റെ ബുദ്ധിയാണെന്നു പറഞ്ഞാലും ആക്ഷേപമല്ല. ഓരോരുത്തര്‍ക്കും തങ്ങളുടെതായ ദൗത്യം നിശ്ചയിച്ചാണ് അല്ലാഹു ഇരു വിഭാഗത്തെയും പടച്ചിട്ടുള്ളത്. പുരുഷന്റെ ബുദ്ധികൊണ്ട് സ്ത്രീയുടെ മനസ്സ് ശക്തിപ്രാപിക്കുകയും സ്ത്രീയുടെ ഹൃദയം കൊണ്ട് പുരുഷന്‍ നൈര്‍മല്യം ശീലിക്കുകയും ചെയ്യുന്നു. സ്ത്രീയെ രാഷ്ട്രത്തിന്റെ പരമാധികാരം ഏറ്റെടുക്കുന്നതില്‍ നിന്ന് ഇസ്‌ലാം വിലക്കിയത് അവളുടെ സ്വഭാവം അല്‍പം വൈകാരികമാണെന്നതും രാഷ്ട്ര തീരുമാനങ്ങള്‍ വൈകാരികമാവരുതെന്നും കൊണ്ടാണ്.

ഇതിലും ചെറുതല്ലാത്ത വലിയ ദൗത്യങ്ങള്‍ അവള്‍ക്ക് ജീവിതത്തില്‍ വഹിക്കാനുണ്ടെന്നും അവളുടെ ഹൃദയവും നൈര്‍മല്യവും കൊണ്ട് മാത്രം പരിഹരിക്കാനാവുന്ന പല കാര്യങ്ങളും ജീവിതത്തിലുണ്ടെന്നും ഇസ്‌ലാം അതോടൊപ്പം പഠിപ്പിക്കുന്നു. അതേസമയം, രാഷ്ട്രാധികാരം ഇസ്‌ലാം പുരുഷന് നല്‍കുകയും ചെയ്തു. കാരണം, സ്വാഭാവികമായും തങ്ങളുടെ ഹൃദയത്തിന്റെയും ബുദ്ധിയുടെയും തീരുമാനം വേര്‍തിരിച്ചറിയാന്‍ കഴിവുള്ളവരാണവര്‍. ജീവിതത്തില്‍ വൈകാരികമായല്ലാതെ തീരുമാനങ്ങളെടുക്കേണ്ട ഘട്ടങ്ങളാവും അധികവും.

അതേസമയം സ്ത്രീ വൈകാരികമായാണ് പ്രവര്‍ത്തിക്കുകയെന്നത് ഒരു മോശം കാര്യമോ പുരുഷന്‍ ബുദ്ധിപരമായാണ് പ്രവര്‍ത്തിക്കുകയെന്നത് വലിയ കാര്യമോ അല്ലതാനും. ഇതാണ് അവരുടെ പ്രകൃതിയെന്നതും ഇതിലവര്‍ക്ക് പ്രത്യേകിച്ച് ചോയ്‌സുകളില്ലെന്നതുമാണ് വസ്തുത. ഈ ലോകത്തിന് പുരുഷന്റെ ബുദ്ധി ആവശ്യമുള്ളപോലെ, അല്ലെങ്കില്‍ അതിലേറെ സ്ത്രീയുടെ ഹൃദയവും ആവശ്യമാണ്. സ്ത്രീയെന്നാല്‍ ഹൃദയമാണെന്നു പറഞ്ഞാല്‍ അതിനര്‍ഥം അവള്‍ക്ക് ബുദ്ധിയില്ല എന്നോ പുരുഷനെന്നാല്‍ ബുദ്ധിയാണെന്നു പറഞ്ഞാല്‍ അതിനര്‍ഥം അവന് ഹൃദയമില്ല എന്നോ അല്ല. ഈ രണ്ടു വിഭാഗങ്ങളിലുമുള്ള പ്രധാന സ്വഭാവം മാത്രമാണ് ഉദ്ദേശ്യം!

ഗുണപാഠം 6
സ്ത്രീകള്‍ പരസ്പരം ഒരുപോലെയായിരിക്കും, പുരുഷന്മാരും. ഒരു സ്ത്രീയുടെ ജോലിയും ദൗത്യവും എത്ര മാറിയാലും അവള്‍ സ്ത്രീയായിത്തന്നെയിരിക്കും. പുരുഷനും അങ്ങനെതന്നെ. ഈ ജീവിതം നമ്മുടെ ദൗത്യങ്ങള്‍ മാറ്റിമറിക്കുന്നതില്‍ വിജയിച്ചാലും നമ്മുടെ പ്രകൃതി മാറ്റിമറിക്കുക അതിന് സാധ്യമല്ല. സ്ത്രീ മുഖ്യമന്ത്രിയായാലും വീട്ടമ്മയായാലും അവളുടെ സ്വഭാവവും രീതിയും ഒന്നുതന്നെയാവും. പുരുഷന്‍ കമ്പനി മാനേജരായാലും കമ്പനിയിലെ തൂപ്പുകാരനായാലും സ്വഭാവത്തിലും രീതിയിലും മാറ്റങ്ങള്‍ കാണില്ല.

ആള്‍ക്കാരുടെ ജോലിയും പ്രകൃതവും തമ്മില്‍ ഒരിക്കലും കൂട്ടിക്കെട്ടരുത്. ചെയ്യുന്ന ജോലി മാറ്റിനിര്‍ത്തിയാല്‍, സ്ത്രീ എപ്പോഴും നല്ല സംസാരമാഗ്രഹിക്കുന്നവരും പുരുഷനാണെങ്കില്‍ ബഹുമാനമാഗ്രഹിക്കുന്നവരുമാകും. സ്‌നേഹസമ്പന്നമായ ഒരു ഹൃദയവും മധുരതരമായ ഒരു സംസാരവും മനം കുളിര്‍പ്പിക്കുന്നൊരു പ്രണയകാവ്യവും ഹൃദയത്തില്‍ നിന്നുള്ളൊരു സമ്മാനവും ഏതൊരു പെണ്ണിനെയും ആനന്ദത്തിന്റെ പരകോടിയിലെത്തിക്കും.

ഭാര്യ തന്നെ ബഹുമാനിക്കലും പറയുന്നതനുസരിക്കലും തന്റെ ഭാര്യക്ക് ഏറ്റവും കാര്യപ്പെട്ട വ്യക്തി താനാവലുമൊക്കെയാവും ഒരു പുരുഷന്റെ സ്വാഭാവികമായ ആഗ്രഹങ്ങള്‍. നിന്റെ ഭാര്യ സമ്പന്നയാണെങ്കില്‍പോലും നിന്റെ ചെറിയൊരു സമ്മാനമാവും അവളെ സന്തോഷിപ്പിക്കുക. നിന്റെ ഭര്‍ത്താവ് ജനങ്ങള്‍ക്കിടയില്‍ സര്‍വാംഗീകൃതനാണെങ്കിലും നിന്റെ ആദരവാകും അയാളെ സന്തുഷ്ടനാക്കുക. നിന്റെ ഭര്‍ത്താവിനെ അനുസരിക്കുന്നവരാണ് ജനങ്ങളൊക്കെയെങ്കിലും നീ അനുസരിക്കുമ്പോഴാണ് അയാളുടെ ജീവിതം സമ്പന്നമാവുക!

 

വിവ: മുഹമ്മദ് ശാക്കിർ മണിയറ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles