Current Date

Search
Close this search box.
Search
Close this search box.

നിങ്ങളുടെ മകന്‍ സുഖമായി വരാന്‍ നിങ്ങള്‍ ശാന്തമായിരുന്ന് എന്നെ എന്റെ ജോലി ചെയ്യാന്‍ അനുവദിക്കണം

രോഗികളിലൊരാളുടെ സര്‍ജറി നടത്താനായി ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കടക്കുകയായിരുന്നു ഡോക്ടര്‍. അപ്പോഴാണ് രോഗിയായ കുട്ടിയുടെ പിതാവു വന്ന് ഡോക്ടറോട് അട്ടഹസിച്ചത്: എന്തായിരുന്നു ഇത്ര താമസം? എന്റെ മകന്റെ ജീവിതം അപകടത്തിലാണ്. നിങ്ങള്‍ക്ക് യാതൊരു വിധ അനുകമ്പയുമില്ലേ!? പുഞ്ചിരിച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു: നിങ്ങളുടെ മകന്‍ സുഖമായി വരാന്‍ നിങ്ങള്‍ ശാന്തമായിരുന്ന് എന്നെ എന്റെ ജോലി ചെയ്യാന്‍ അനുവദിക്കണം. ഇതുകേട്ട അയാള്‍ വീണ്ടും ആക്രോശിച്ചു: നിങ്ങളെന്തൊരു തണുപ്പനാണ്! നിങ്ങളുടെ മകനായിരുന്നു രോഗിയെങ്കില്‍ നിങ്ങള്‍ ശാന്തനാകുമായിരുന്നോ?! മറ്റുള്ളവരെ ഉപദേശിക്കുക എത്ര എളുപ്പമുള്ള ജോലിയാണ്! ഡോക്ടര്‍ അയാളുടെ വാക്കുകള്‍ക്ക് നിന്നുകൊടുക്കാതെ നേരെ ഓപ്പറേഷനായി അകത്തേക്കു കയറി. രണ്ടുമണിക്കൂറിനു ശേഷം പുറത്തുവന്ന് അയാളോടായി പറഞ്ഞു: നിങ്ങളുടെ മകന്‍ സുഖമായിട്ടിരിക്കുന്നു, അവന്‍ രക്ഷപ്പെടും. ഇപ്പോഴെനിക്ക് അടിയന്തരമായി മറ്റൊരിടം വരെ പോകാനുണ്ട്. ശേഷം മറ്റൊരു ചോദ്യത്തിനും കാത്തുനില്‍ക്കാതെ ഡോക്ടര്‍ പോയപ്പോള്‍ അയാളുടെ പിറകിലായി ഉണ്ടായിരുന്ന നഴ്‌സിനോടായി കുട്ടിയുടെ പിതാവ് ചോദിച്ചു: ഇയാള്‍ വല്ലാത്തൊരു തന്ത്രശാലിയായ ഡോക്ടറാണല്ലോ?! അവള്‍ പറഞ്ഞു: അല്‍പനേരം മുമ്പായിരുന്നു അദ്ദേഹത്തിന്റെ ഒരു മകന്‍ ഒരു റോഡപകടത്തില്‍ മരണപ്പെട്ടത്. എന്നിട്ടും നിങ്ങളുടെ മകന്റെ സാഹചര്യം മനസ്സിലാക്കിയാണ് അയാള്‍ ഈ അവസ്ഥയിലും ഇവിടെ വന്നത്!

ഗുണപാഠം 1
ചിലര്‍ നീ കരുതുന്നതിലും എത്രയോ ഉന്നതരാണ്. ആയതിനാല്‍, കാര്യങ്ങളില്‍ മുന്‍വിധി ഒരിക്കലുമരുത്. നീ കാണുന്ന ഓരോ കാഴ്ചകള്‍ക്കു പിന്നിലുമായി കാണാത്ത ഓരോ കാഴ്ചകളുണ്ട്. നിനക്കറിയുന്ന ഓരോ വ്യക്തിക്കകത്തും നിനക്കറിയാത്തൊരു വ്യക്തിയുമുണ്ട്. കാര്യങ്ങള്‍ ചിലപ്പോഴൊക്കെ പുറത്തു കാണുന്നതില്‍ നിന്നു വിഭിന്നമായിരിക്കും സത്യത്തില്‍. അങ്ങേയറ്റത്തെ ബുദ്ധിപരമായ നീക്കമായി തോന്നുന്നൊരു കാര്യം ചിലപ്പോള്‍ വെറും ജോലി മാത്രമായിരിക്കും. ഉമര്‍(റ) പറഞ്ഞിട്ടുണ്ടല്ലോ: തിന്മയില്‍ നിന്ന് നന്മയെ വേര്‍തിരിച്ചെടുക്കുന്നവല്ല ബുദ്ധിമാന്‍, രണ്ടു തിന്മകളില്‍ നല്ലതേതെന്നു തിരിച്ചറിയുന്നവനാണ്!

ഗുണപാഠം 2
ഏതെങ്കിലുമൊരു പ്രവര്‍ത്തനത്തെ നന്നായി മനസ്സിലാക്കണമെങ്കില്‍ ആദ്യം അതുണ്ടായ ബുദ്ധിയെക്കുറിച്ചു മനസ്സിലാക്കണം. ജനങ്ങളെല്ലാം അവര്‍ വളര്‍ന്ന രീതിയുടെയും പരിചയിച്ച പതിവുകളുടെയും മൂല്യങ്ങളുടെയുമൊക്കെ ആകെത്തുകയാണ്. ചിലപ്പോള്‍ അവരൊക്കെയും ഈവക കാര്യങ്ങളുടെ ഇരയാവും. നിനക്കിഷ്ടമല്ലാത്ത എല്ലാ നടപടികള്‍ക്കും നീ ന്യായീകരണം കണ്ടെത്തണമെന്നല്ല ഇതിനര്‍ഥം. കാരണം, തെറ്റെന്നും തെറ്റായിത്തന്നെയേ ബാക്കിയാവൂ! പക്ഷെ, അത്തരം പ്രവര്‍ത്തനങ്ങളുടെ മേലുള്ള പ്രേരകങ്ങളെക്കുറിച്ചു തിരയുമ്പോള്‍ ചിലപ്പോള്‍ ഒരു വ്യക്തിയോടുള്ള ദേഷ്യം അനുകമ്പയായി മാറാം.
ഉദാഹരണത്തിന്, നബി തങ്ങളുടെ നിയോഗത്തിനു മുമ്പുള്ള ഖുറൈശികളില്‍ നിങ്ങള്‍ ജനിക്കുകയും മരിക്കുകയും ചെയ്തുവെന്നു കരുതുക. ചുറ്റും തെറ്റായ വിശ്വാസാചാരങ്ങള്‍ മാത്രം നിലനിന്നിരുന്ന ഒരിടത്ത് സ്വാഭാവികമായും നിങ്ങള്‍ ബിംബാരാധന നടത്തുന്ന ഒരു സാധ്യത ആലോചിച്ചു നോക്കുക. അതുകൊണ്ടൊക്കെ തന്നെയായിരുന്നു ഖുറൈശികള്‍ ആദ്യകാലത്ത് നബി തങ്ങളുടെ ദഅ്‌വത്തിനെതിരായി നിലകൊണ്ടത്. അവര്‍ കൂടെനിന്നത് തങ്ങളുടെ വിശ്വാസത്തോടും മൂല്യങ്ങളോടും വളര്‍ന്നുവന്ന പരിസരങ്ങളോടുമായിരുന്നു. ആയതിനാല്‍, അവര്‍ കുറ്റക്കാര്‍ എന്നതിലേറെ ഇരകളാണ്! അങ്ങനെ തന്നെയാണ് എല്ലാ കാലത്തുമുള്ള ജനങ്ങളും. അവരില്‍ പലരും ഇരകളാണ്, കുറ്റക്കാരല്ല!

ഗുണപാഠം 3
നിന്റെ സാഹചര്യങ്ങള്‍ നിന്റേതു മാത്രമാണ്, നിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കുള്ളതും! നിന്റെ സാഹചര്യങ്ങളെ നിന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍ സ്വാധീനം ചെലുത്താന്‍ അനുവദിക്കരുത്. നിന്റെ സാഹചര്യങ്ങളുടെ വില നല്‍കാന്‍ നിര്‍ബന്ധിക്കപ്പെടേണ്ടവരല്ല ജനങ്ങള്‍. നിന്റെ വീട്ടിലെ പ്രശ്‌നങ്ങള്‍ നിന്റെതാണ്. ജനങ്ങളെല്ലാം വിഡ്ഢികളല്ല. നിന്റെ ഭൗതിക പ്രശ്‌നങ്ങളും നിന്റേതു മാത്രമാണ്. നിന്റെ ദേഷ്യം ഇടിച്ചിറക്കാനുള്ള ബോക്‌സിംഗ് സഞ്ചികളല്ല അവര്‍. നിന്റെ പ്രശ്‌നം വീട്ടിലുള്ളതാണെങ്കില്‍ അവയെ നിന്നോടൊപ്പം ജോലിസ്ഥലത്തേക്ക് ഏറ്റിനടക്കരുത്. നിന്റെ പ്രശ്‌നങ്ങള്‍ ജോലിസ്ഥലത്താണെങ്കില്‍ അവയെ നിന്നോടൊപ്പം വീട്ടിലേക്കും വഹിച്ചുകൊണ്ടുപോകരുത്. വികാരം പ്രശ്‌നങ്ങളെ പരിഹരിക്കുകയല്ല, കൂടുതല്‍ സങ്കീര്‍ണമാക്കുകയാണു ചെയ്യുക. ദേഷ്യം ചുറ്റുമുള്ള ജനങ്ങളെ ദയയുള്ളവരില്‍ നിന്ന് ആക്ഷേപകരാക്കി മാറ്റും!

ഗുണപാഠം 4
സ്വന്തത്തെ നിയന്ത്രിച്ചു നിര്‍ത്തുക. ദേഷ്യപ്പെടുന്ന നേരത്തുള്ള മനസ്സ് മോട്ടുകാട്ടുന്ന കുതിരയെപ്പോലെയാണ്. അടുത്തു വരുന്നവരെയൊക്കെ തകര്‍ത്തുകളയും. മിക്ക പ്രശ്‌നങ്ങളുടെയും പരിഹാരം വിവേകമുപയോഗിച്ചാണെന്നും വികാരം കൊണ്ടല്ലെന്നും എപ്പോഴും ഓര്‍ക്കുക!
ഒരിക്കല്‍ കാറ്റും ഉറക്കും തമ്മില്‍ തര്‍ക്കമായി. ഇരുവരും ഞാനാണ് ഏറ്റവും ശക്തിമാനെന്നു വാദിച്ചു. രണ്ടുപേരും ഒരു മത്സരം നടത്താനും തീരുമാനിച്ചു. കയ്യില്‍ ഒരു റൊട്ടിക്കഷണം പിടിച്ചുനില്‍ക്കുന്ന വിശന്നുവലഞ്ഞ ഒരു കുട്ടിയെ അവരിരുവരും വഴിയില്‍ കണ്ടു. കുട്ടിയുടെ കയ്യില്‍ നിന്ന് ആര് റൊട്ടി എടുക്കുന്നുവോ അവനാണ് ശക്തിമാന്‍ എന്നതായിരുന്നു മത്സരം. കാറ്റ് കുട്ടിയുടെ മേലെ പല നിലക്കം അടിച്ചു നോക്കി. കുട്ടിയെ എടുത്ത് നിലത്തിട്ടപ്പോഴും കുട്ടി കയ്യില്‍ റൊട്ടി മുറുകെപ്പിടിച്ചിരുന്നു. കാറ്റ് നിരാശനായപ്പോള്‍ ഉറക്കിന്റെ ഊഴം വന്നു. കുട്ടിയുടെ മേലെ ഉറക്ക് തന്റെ വല വിരിച്ചതോടെ കുട്ടി ഉറങ്ങിപ്പോവുകയും റൊട്ടി അനായാസം ഉറക്ക് കൈക്കകലാക്കുകയും ചെയ്തു. ആയതിനാല്‍, കാറ്റിന്റെ വികാരപരമായ പ്രകടനങ്ങളല്ല വേണ്ടത്. പല പ്രശ്‌നങ്ങള്‍ക്കും ഉറക്കിന്റെ മൃദുലതയാണ് പരിഹാരം! ( തുടരും )

വിവ. മുഹമ്മദ് ശാക്കിർ മണിയറ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles