Current Date

Search
Close this search box.
Search
Close this search box.

പിന്നീട് ഞാനതിനു ‘ട്രക്കിന്റെ ഗുണപാഠം’ എന്നു പേരിട്ടു

ഒരു സഞ്ചാരി പറയുന്നു: ഒരിക്കല്‍ എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി ഒരു ടാക്‌സിയില്‍ സഞ്ചരിക്കുകയായിരുന്നു ഞാന്‍. നല്ല നിലയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനിടെ, പെട്ടെന്ന് അപകടകരമായ രീതിയില്‍ മറ്റൊരു കാര്‍ നമ്മുടെ മുന്നിലേക്കു ചാടിവീണു. ഞാന്‍ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍ ഉടനടി ശക്തമായി ബ്രേക്കു ചവിട്ടി. കാര്‍ ശക്തമായി തെന്നുകയും മറ്റേ കാറിന്റെ അടുത്തായി അപകടകരമായ രീതിയില്‍ ഭാഗ്യവശാല്‍ നില്‍ക്കുകയും ചെയ്തു. തെറ്റുകാരനായിട്ടുകൂടി, മറ്റേ വാഹനത്തിന്റെ ഡ്രൈവര്‍ നമുക്കുനേരെ തിരിയുകയും ആക്ഷേപങ്ങളും ശകാരവാക്കുകളും ചൊരിയുകയും ചെയ്തു. അയാള്‍ ഒരുപാട് അട്ടഹസിച്ചു. എന്റെ ഡ്രൈവറാണെങ്കില്‍ പുഞ്ചിരിക്കുക മാത്രമായിരുന്നു! അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയില്‍ അത്ഭുതം പൂണ്ട ഞാനയാളോടു ചോദിച്ചു: നിങ്ങളെന്തിനാണ് അദ്ദേഹത്തോടു പുഞ്ചിരിച്ചത്? അദ്ദേഹം നമ്മെ കൊല്ലുമായിരുന്നു! അപ്പോഴാണ് അയാളെനിക്ക് മനോഹരമായൊരു പാഠം പഠിപ്പിച്ചുതന്നത്. ജീവിതകാലം മുഴുവന്‍ ഞാന്‍ ഓര്‍ക്കുന്നൊരു പാഠം. പില്‍ക്കാലത്ത് ഞാനതിനു ‘ട്രക്കിന്റെ ഗുണപാഠം’ എന്നു പേരിട്ടു. അദ്ദേഹമെന്നോടു പറഞ്ഞത് ഇതായിരുന്നു: ‘ജനങ്ങളില്‍ മിക്കവരും വലിയ ട്രക്കുകള്‍ പോലെയാണ്. ഇറക്കാനുള്ള ഭാരങ്ങളുമായി അതിങ്ങനെ സഞ്ചരിക്കും. ഭാരവും സങ്കടവും അവര്‍ക്കകത്ത് ഏറിയേറി വരുമ്പോള്‍ ഒഴിഞ്ഞുകണ്ട ആദ്യ സ്ഥലത്ത് അവരതിനെ ഇറക്കും. ആയതിനാല്‍ കാര്യങ്ങളെ ഒരിക്കലും വ്യക്തിപരമായി കാണരുത്. അയാള്‍ ഭാരമിറക്കുന്ന സമയത്ത് അവിടെ ഉണ്ടായത് നിങ്ങളായിപ്പോയി എന്നതു മാത്രമാണ് കാര്യം! നിങ്ങള്‍ പുഞ്ചിരിക്കുക മാത്രം ചെയ്യുക. അവര്‍ക്ക് നന്മയുണ്ടാവാന്‍ ആഗ്രഹിക്കുക. നിങ്ങള്‍ നിങ്ങളുടെ വഴിയില്‍ മുന്നോട്ടുപോവുക. അവിടത്തെ ദേഷ്യത്തിന്റെ ബാക്കിപത്രങ്ങള്‍ എടുത്ത് മറ്റുള്ളവരിലേക്ക് ചെരിക്കാതിരിക്കുക. ആ ബാക്കിപത്രങ്ങള്‍ നിങ്ങളുടേതു മാത്രമാവുക. എല്ലാവരിലും അവര്‍ക്കാവശ്യമായതൊക്കെയും ആവശ്യത്തിന് ഉണ്ടല്ലോ!’

ഗുണപാഠം 1
ചില പോരാട്ടങ്ങളില്‍ വിജയിക്കാനുള്ള ഏകമാര്‍ഗം തുടക്കംമുതല്‍ക്കേ അതില്‍ പ്രവേശിക്കാതിരിക്കുക എന്നതാണ്. തര്‍ക്കങ്ങളില്‍ വിജയിക്കുന്നവനുമല്ല ധീരന്‍, തര്‍ക്കം ഉപേക്ഷിക്കുന്നവനാണ്. അടിസ്ഥാനപരമായി, ചില തര്‍ക്കങ്ങളില്‍ വിജയിച്ചാലും അതിനു വിജയത്തിന്റെ മാധുര്യമുണ്ടാവില്ല. ഏതെങ്കിലുമൊരു കക്ഷിയുടെ നിലവാരം കാരണം അതിലെ വിജയവും പരാജയവും തുല്യമാവും. പലരിലേക്കും ചെന്നെത്തുന്ന, പലരോടും ഏറ്റുമുട്ടേണ്ടി വരുന്ന ഒരു തര്‍ക്കത്തില്‍ നീ പ്രവേശിക്കരുത്. എളുപ്പമുള്ളൊരു തര്‍ക്കത്തില്‍ അനായാസം വിജയിക്കാനുള്ള അത്യാഗ്രഹം നിന്നെ ചതിയിലകപ്പെടുത്തുകയും ചെയ്യരുത്. അത്തരമൊരു വിജയം, വിജയിച്ച് നമ്മള്‍ സ്വന്തത്തെ നഷ്ടപ്പെടുത്തുന്നതില്‍ എന്തുപകാരമാണുള്ളത്. പരാജിതന്‍ ചില സാഹചര്യങ്ങളില്‍ വിജയിയെക്കാള്‍ നേട്ടം കൊയ്യുന്നവനാകും! ന്യായമായി അവകാശപ്പെട്ട ഒരു കാര്യത്തിനു വേണ്ടി പോരാടി തോല്‍ക്കുമ്പോള്‍ ശരിക്കും ആ പരാജിതന്‍ വിജയിക്കുക തന്നെയാണ്. പ്രത്യക്ഷത്തില്‍ മറ്റയാള്‍ വിജയിച്ചിരിക്കാം. പക്ഷെ, യഥാര്‍ഥത്തില്‍ അയാള്‍ പരാജിതനാണ്, തന്റെ മനുഷ്യത്വം, സ്വഭാവം, മൂല്യങ്ങള്‍ എന്നിവയെല്ലാം പരാജയപ്പെട്ടതാണ്.

ഗുണപാഠം 2
കാര്യങ്ങളെ ഒരിക്കലും വ്യക്തിപരമായി എടുക്കരുത്. ചിലര്‍ എല്ലാ നിലക്കും ജീവിതത്തോട് ദേഷ്യവും പകയും വെച്ചുപുലര്‍ത്തുന്നവരാണ്. ആ പലതിനെ ഒരംശമാണ് നീയും എന്നുമാത്രം! അയാളുടെ ദേഷ്യത്തിന്റെ സമയത്ത് നീയല്ലെങ്കില്‍ മറ്റൊരാള്‍ അതിന്നിരയാവുന്നു എന്നുമാത്രം. അത്തരക്കാരെ സമ്പൂര്‍ണ മനുഷ്യരായി കാണുമ്പോഴാണ് നിനക്കകത്തെ പിശാച് പ്രതികാരത്തിനുള്ള മുറവിളി കൂട്ടുക. പക്ഷെ, അവരെ ഒരു രോഗിയെന്നപോലെ കാണാന്‍ ശീലിക്കുക! നിന്റെ അവരോടുള്ള നിലപാട് സമ്പൂര്‍ണമായി മാറുന്നതു കാണാം. അവരോടുള്ള ദേഷ്യം കാരുണ്യമായി മാറും!

ഒരു ബുദ്ധിമാനായ മനുഷ്യനും ഭ്രാന്തനും നിന്നോട് തര്‍ക്കിച്ചാല്‍ എങ്ങനെയാവും പ്രതികരണം അതുതന്നെയേ ഇവിടെയും വേണ്ടതുള്ളൂ. ബുദ്ധിമാനായ മനുഷ്യന്‍ നിന്നെ ചീത്ത പറയുമ്പോള്‍ നീ കോപിക്കുകയും പ്രതികാരാഗ്നി നിന്റെ സിരകളില്‍ നിന്നുകത്തുകയും ചെയ്യും. അതേസമയം, ഒരു ഭ്രാന്തനായ മനുഷ്യനാണ് നിന്നോടു തര്‍ക്കിക്കുന്നതെങ്കില്‍ നീ പുഞ്ചിരിക്കുക മാത്രമേ ചെയ്യൂ. അതിനെ ഒരു തമാശ മാത്രമായേ നീ കാണൂ. ചെയ്യുന്ന ആള്‍ക്കാര്‍ക്കനുസരിച്ചാണ് നമ്മുടെയും നിലപാട് മാറുന്നത്. തര്‍ക്കിക്കുന്നതിനു പകരം സ്‌നേഹവും പ്രതികരിക്കുന്നതിനു പകരം പ്രാര്‍ഥനയും പകരമായി നല്‍കിയാല്‍ നിനക്കും ആശ്വാസമായിരിക്കാം!

ഗുണപാഠം 3
ചിലരുടെ വീക്ഷണത്തില്‍ സത്യം എന്നും അവരോടൊപ്പമായിരിക്കും. അത്തരക്കാരോട് തര്‍ക്കിച്ച് സമയവും ആരോഗ്യവും കളയരുത്. അയാള്‍ നിന്നെ വെടിവെച്ചു കൊന്നാലും തോക്കിന്റെ മുന്നില്‍ വന്നുനിന്നുവെന്നു പറഞ്ഞ് നിന്നെ ആക്ഷേപിക്കും. നിന്നെ കത്തിയെടുത്ത് അയാള്‍ കുത്തിയാലും അയാളുടെ കത്തിക്ക് രക്തം പുരട്ടിയെന്നു നിന്നെ ആക്ഷേപിക്കും. ഇത്തരക്കാര്‍ കരുതുന്നത് സൂര്യനുദിക്കുന്നതു തന്നെ അവര്‍ക്കു വേണ്ടിയാണെന്നും പകരമായി നാമവര്‍ക്ക് ടാക്‌സ് നല്‍കണമെന്നുമാണ്. അവരാണ് ഈ ഭൂലോകം പ്രകാശമയമാവാന്‍ കാരണമെന്നാണവര്‍ കരുതുന്നത്. ആകാശം മഴചൊരിക്കുന്നത് അവര്‍ക്കുവേണ്ടിയാണെന്നും നമ്മള്‍ ദാഹിച്ചു മരണപ്പെടാതിക്കുന്നതിനു അവര്‍ക്കു പ്രതിഫലം നല്‍കണമെന്നുമാണ് അവരുടെ വ്യാമോഹം. ഇത്തരക്കാരെ ഒരുപാട് കാണാം. അവരെ അവരുടെ വഴിക്കു വിട്ടേക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം. സത്യത്തിന്റെ കൂടെ നില്‍ക്കാത്ത മനുഷ്യന്‍ തര്‍ക്കം പോലും അര്‍ഹിക്കുന്നില്ല. റോഡിലെ ഹംബുകള്‍ ചാടിക്കടക്കും പോലെ അത്തരക്കാരെ മെല്ലെ മുറിച്ചുകടക്കുക. റോഡില്‍ ബാക്കിയായ കുഴികളില്‍ പതിയെ വാഹനമോടിക്കും പോലെ പതിയെ വിട്ടുകളഞ്ഞേക്കുക.

ഗുണപാഠം 4
ചിലര്‍ക്ക് തര്‍ക്കിക്കാനായി പ്രത്യേക കാരണങ്ങളൊന്നും വേണമെന്നില്ല. അത്തരക്കാരെ ഓര്‍മിപ്പിക്കുന്ന ഒരു ചെന്നായയുടെ കഥയുണ്ട്. നദിയുടെ വെള്ളം വരുന്ന ഉയര്‍ന്ന ഭാഗത്തു നിന്നിട്ട് അടിയില്‍ നില്‍ക്കുന്ന ആടിനോടു പറയുന്നു: നീയാണ് എന്റെ കുടിവെള്ളം കലക്കിക്കളയുന്നത്. വെള്ളം മുകളില്‍ നിന്ന് നിന്നാണ് താഴേക്ക് വരുന്നതെന്നും എനിക്കു മുമ്പേ നിങ്ങളാണ് വെള്ളം കുടിക്കുന്നതെന്നും ആട് പ്രതികരിച്ചപ്പോള്‍ ‘നീയല്ലെ കഴിഞ്ഞ വര്‍ഷം എന്നോടു കലപിലയുണ്ടാക്കിയത്’ എന്നായി ചെന്നായ. ‘എനിക്കു വെറും ആറുമാസം മാത്രമേ പ്രായമുള്ളൂ’ എന്ന് ആട് പറഞ്ഞപ്പോള്‍ എന്നാല്‍ നിന്റെ അച്ഛനാണ് എന്നോട് തര്‍ക്കിച്ചതെന്നായി ചെന്നായ. ഞാന്‍ അനാഥനായാണ് ജനിച്ചതെന്നും എനിക്കെന്റെ അച്ഛനെ അറിയില്ലെന്നും ആടുപറഞ്ഞപ്പോള്‍ വിട്ടുകൊടുക്കാതെ എന്നാല്‍ നിന്റെ വല്യച്ഛനാവും എന്നോടു തര്‍ക്കിച്ചത് എന്നായി ചെന്നായ.
മനുഷ്യരിലും ഇത്തരം ചെന്നായകള്‍ ഒരുപാടുകാണും. അവിടെയുമിവിടെയും കറങ്ങിനടന്ന് അടിപിടി കൂടുന്നവര്‍. തര്‍ക്കിക്കാനോ കടിച്ചുകീറാനോ ഒരു കാരണവും ആവശ്യമില്ലാത്തവര്‍. തങ്ങളുടെ മൃഗീയസ്വഭാവത്തിനു കീഴ്‌പ്പെടുന്നതു കൊണ്ടാണത്. അവരില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള കുഴപ്പങ്ങളുടെ അനുരണനമാണത്. പിശാച് തന്റെ വാഹനത്തെ അവരോട് ഘടിപ്പിച്ച് അവനു വേണ്ടിടത്തേക്ക് അവരെ വലിച്ചുകൊണ്ടുപോവുന്നു!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles