Current Date

Search
Close this search box.
Search
Close this search box.

ഇൻശാ അല്ലായെ ആയുധമാക്കുന്നവർ

ചെയ്യാൻ സാധ്യമല്ല എന്ന് ഉറപ്പുള്ള സംഗതിക്ക് ഇൻശാ അല്ലാഹ് പറഞ്ഞ് പ്രതിസന്ധികളിൽ രക്ഷപ്പെടുന്നവർ ഇക്കാലത്ത് എമ്പാടുമുണ്ട്. ചിലയാളുകൾ “ഇൻശാ അല്ലാഹ് ” പറഞ്ഞാൽ അത് നടക്കില്ല എന്ന് അവരുടെ വേണ്ടപ്പെട്ടവർക്കുറപ്പാണ്. എന്നാൽ ഇൻശാ അല്ലാഹ് എന്ന നിലയിൽ ഉറപ്പുപറഞ്ഞ പ്രതിക്ക് ജാമ്യം നില്ക്കാൻ ധൈര്യം കാണിച്ച ഒരു മന്ത്രിയുടെ കഥയാണ് ഇവിടെ പറയുന്നത്. വാ തുറന്നാൽ നുണ പറയുക, വാക്കു പറഞ്ഞാൽ ലംഘിക്കുക, വിശ്വസിച്ചാൽ ചതിക്കുക എന്നിവ പരസ്പര ബന്ധിതങ്ങളായ കാപട്യത്തിന്റെ ലക്ഷണങ്ങൾ എന്ന് പഠിപ്പിക്കപ്പെട്ട നമ്മുടെ സമുദായവും പലപ്പോഴും ചെയ്യാൻ മനസു കൊണ്ട് ആഗ്രഹമില്ലാത്തവയ്ക്ക് മേമ്പൊടി സേവിക്കുന്ന സുരക്ഷാ വാചകമായി ഇൻശാ അല്ലാഹ് മാറ്റിയ കെട്ട കാലത്ത് മനുഷ്യത്വം മരവിച്ചിട്ടില്ല എന്ന് പ്രഖ്യാപിച്ച ശുറൈക് ചരിത്രത്തിൽ സ്ഥാനം പിടിച്ച സംഭവം നടന്നത് നബി തിരുമേനി ജനിക്കുന്നതിനും എത്രയോ മുമ്പാണ്. ക്രിസ്ത്യൻ വിശ്വാസവും അറബി ആചാരങ്ങളുമായിരുന്നു അന്നത്തെ ഇറാഖിലെ ഹീറക്കാരുടെ പ്രത്യേകത. അതോടൊപ്പം അറബി പാരമ്പര്യത്തോടുള്ള ശക്തമായ വിധേയത്വവും അവർക്കുണ്ടായിരുന്നു.

ഹൻദല : ത്വാഇ എന്ന നാടൻ രാജ ദർബാറിലെത്തിയ ദിവസം പിഴച്ചു. വർഷത്തിൽ ഒരു സന്തോഷ ദിനവും മറ്റൊരു
ദുഃഖ ദിനവും കൊണ്ടാടുന്ന പ്രത്യേക ചിട്ടവട്ടങ്ങളുള്ള രാജാവായിരുന്നു ഹീറയിലെ അന്നത്തെ രാജാവായ നുഅ്മാൻ ബിൻ മുന്ദിർ . സന്തോഷ ദിനത്തിൽ വ്യത്യസ്തമായ വെളുത്ത വസ്ത്രം ധരിച്ച് വരുന്നവർക്കെല്ലാം വാരിക്കോരി സമ്മാനം നല്കും .ദുഃഖ ദിനത്തിൽ കറുത്ത വസ്ത്രം ധരിക്കുകയും വരുന്ന അതിഥികളെ ആദരിക്കാതെ നേരെ ജയിലിലടക്കുന്ന വിചിത്ര സ്വഭാവം. പിതാവ് രാജാവായിരിക്കുമ്പോൾ യൗവന കാലത്ത് വേട്ടക്ക് പോയ രാജകുമാരനും ചങ്ങാതിയും വഴിതെറ്റി വന്നുചേർന്ന ഗ്രാമത്തിലെ അവരുടെ ആതിഥേയനായിരുന്നു മേൽപറഞ്ഞ ഹൻദല : ത്വാഇ എന്ന അയൽ നാട്ടുകാരൻ . തന്നെയും ചങ്ങാതിയെയും പ്രതിസന്ധിയിൽ സഹായിച്ച ഹൻദല : ക്ക് പ്രത്യേക സമ്മാനം ഓഫർ ചെയ്താണ് അന്നാ രാജകുമാരൻ യാത്ര പറഞ്ഞത്. വർഷങ്ങൾ കഴിഞ്ഞു. രാജകുമാരൻ രാജാവായി. ചെറിയ ഒരു പ്രതിസന്ധിയിൽ അകപ്പെട്ട ഹൻദലക്ക് പുതിയ രാജാവിന്റെ പഴയ ഓഫർ ഓർമ വന്നത്. വെച്ചു പിടിച്ചു രാജകൊട്ടാരത്തിലേക്ക് . നിർഭാഗ്യവശാൽ അന്ന് രാജാവിന്റെ ദുഃഖ ദിനമായിരുന്നു. രാജാവിന് ആളെ ഓർമ വന്നില്ല എന്ന് മാത്രമല്ല ആഗതനെ മരണം വരെ ജയിലിലടക്കാൻ കല്പന പുറപ്പെടുവിക്കുകയും ചെയ്തു. താനിപ്പോൾ ചെറിയ പ്രതിസന്ധിയിലാണുള്ളതെന്നും തന്റെ കുടുംബത്തെ സഹായിക്കാൻ വേറെയാരുമില്ലെന്നും വീട്ടിൽ പോയി മക്കളെയും ഭാര്യയെയും താനകപ്പെട്ട വിഷയം തെര്യപ്പെടുത്തി ഒരാഴ്ചക്കുള്ളിൽ – ഇൻശാ അല്ലാഹ് – താൻ വരാമെന്നും ഹൻദല താണ് വീണു കേണപേക്ഷിച്ചു. രാജാവുണ്ടോ കനിയുന്നു. ഇതെല്ലാം കണ്ട് നിന്ന ശുറൈക് എന്ന മന്ത്രിക്ക് ഫ്ലാഷ് ബാക്ക് പോലെ എല്ലാം ഓർമ വന്നു. രാജകുമാരന്റെ ചെറുപ്പം മുതൽക്കേയുള്ള ചങ്ങാതിയായ ശുറൈക് ആയിരുന്നു അന്ന് ശിക്കാരിക്ക് കൂട്ടായി പോയയാൾ. ഇന്നദ്ദേഹം മന്ത്രിയും രാജാവിന്റെ വലം കൈയ്യും വേണ്ടപ്പെട്ട ആളുമാണ്. രാജാവ് തന്റെ വാശിയിൽ ഉറച്ചു നിന്നു . തന്റെ തീരുമാനത്തിന് മാറ്റമില്ല. ഹൻദല ശിക്ഷ ഏറ്റ് വാങ്ങണം. അല്ലെങ്കിൽ ഒരാൾ ജാമ്യം നില്ക്കണം. രാജാവിന്റെ വിചിത്ര സ്വഭാവമറിയാമായിരിന്നിട്ടും ഹൻദലയുടെ ആവശ്യത്തിന് താൻ ജാമ്യം നില്ക്കാമെന്ന് മന്ത്രി ശുറൈക് പരസ്യമായി പ്രഖ്യാപിച്ചു.

ഹൻദല പറഞ്ഞു: ഇന്ന് തിങ്കളാഴ്ച, അടുത്ത തിങ്കളാഴ്ചക്ക് എന്റെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഞാനെത്തും – ഇൻശാ അല്ലാഹ് – ഞാനെന്റെ വിധി ഏറ്റെടുക്കാം… ജയിലെങ്കിൽ ജയിൽ, മരണമെങ്കിൽ മരണം.

കാവൽക്കാർ ബഹുമാനപ്പെട്ട മന്ത്രിയെ ബന്ദിയാക്കി… ഏഴാം ദിവസം ആരോപിതൻ വന്നില്ലെങ്കിൽ ജാമ്യക്കാരനെ
കൊല്ലുമെന്ന കേട്ടുകേൾവിയെ തുടർന്ന് മരണക്കളത്തിലേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. സൂര്യാസ്തമയത്തിന് വളരെ മുമ്പ് രാജാവും പരിവാരങ്ങളും എത്തി. എല്ലാവരുടെയും മുഖത്ത് ആശങ്ക …! ഹന്ദല കൃത്യസമയത്ത് തിരിച്ചെത്തുമോ…? രാജാവ് മന്ത്രിയെ കൊല്ലുമോ…? രാജാവ് സൂര്യനെ നിരീക്ഷിക്കാനാരംഭിച്ചു, സൂര്യന്റെ താഴത്തെ പകുതി അസ്തമിച്ചു കഴിഞ്ഞു. ചെറിയ ചുവന്ന വില്ലു മാത്രം അവശേഷിച്ചു. രാജാവ് കൈ ഉയർത്തി സൂചന നൽകി. ആരാച്ചാർ വാളെടുത്ത് എന്തിനും തയ്യാറായി. കണ്ടുനിന്നവരുടെ ശ്വാസം നിലച്ചു, ശുറൈകിന്റെ തൊണ്ട വറ്റി. ജനക്കൂട്ടത്തിന്റെ നോട്ടം സൂര്യാസ്തമയത്തിനും രാജാവിന്റെ കൈയ്ക്കും ആരാച്ചാരുടെ വാളിനും ഇടയിലേക്ക് മാത്രം.

അപ്പോഴേക്കും കിഴക്ക് ഭാഗത്ത് നിന്നതാ പൊടിപടലങ്ങൾ കാണായി. ഒരു കുതിര മിന്നൽ പോലെ കുതിച്ചു വന്നു പെട്ടെന്ന് ജനക്കൂട്ടത്തിനിടയിൽ നിന്നു . അതിന്റെ ഉടമ മുഖംമൂടി ഊരിക്കൊണ്ട് ഇറങ്ങി വന്നു. ഉറക്കെ വിളിച്ചു പറഞ്ഞു: “ഇതാ ഞാൻ, ഹന്ദല, ഞാൻ തിരിച്ചെത്തിയിരിക്കുന്നു.”
ആളുകൾക്കാശ്വാസമായി . എന്നാലും രാജാവിന്റെ വിചിത്ര ആചാരങ്ങളിൽ അവരെല്ലാം അസ്വസ്ഥരായിരുന്നു.
രാജാവ് മന്ത്രിയോട് ചോദിച്ചു: എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ജാമ്യമെന്ന തീരുമാനമെടുത്തത് ?
മന്ത്രി മറുപടി പറഞ്ഞു: നമ്മുടെ രാജ്യത്ത് വിശ്വസ്തതയും ധീരതയും നഷ്ടപ്പെട്ടുവെന്ന കിംവദന്തികൾ പുറം ലോകത്ത് പരക്കുന്നത് എനിക്ക് പ്രയാസകരമായിരുന്നു.
ഉടനെ രാജാവ് ഹന്ദലയുടെ നേരെ തിരിഞ്ഞ് ചോദിച്ചു: നിങ്ങളെ ഇവിടേക്ക് തിരികെ വരാൻ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു ?
ഹന്ദല മറുപടി പറഞ്ഞു: അറബ് ധാർമ്മികത വഞ്ചനയെ പൂർണമായും നിരാകരിക്കുന്നു. വിശ്വസ്തത മരണത്തേക്കാൾ ശക്തമാണ്.
എന്റെ ഇൻശാ അല്ലാഹ് വിശ്വസിച്ച് ജാമ്യം നിന്ന മന്ത്രിയെ വഞ്ചിക്കാൻ മനസാക്ഷി മരവിച്ചവനല്ല ഞാൻ.

അപ്പോൾ രാജാവ് പറഞ്ഞു: ജനങ്ങളേ… നമ്മുടെ മന്ത്രിയായ ശുറൈക് ധീരതയുടെ മാതൃകയായതുപോലെ ഗ്രാമീണനായ ഈ ഹന്ദല വിശ്വസ്തതയുടെ മാതൃക കാട്ടി.അവരോട് ക്ഷമിക്കാൻ ഞാൻ സന്നദ്ധനാണ്. അറബ് സദാചാരങ്ങളോട് പിശുക്ക് കാണിക്കുന്നവനല്ല ഞാനും . ഞാൻ ഹന്ദലയോട് ക്ഷമിച്ചിരിക്കുന്നു. താങ്കളാഗ്രഹിക്കുന്ന സമ്മാനങ്ങളുമായാണ് ഹന്ദലാ താങ്കൾ കുടുംബത്തിലേക്ക് തിരികെ പോവുക .
ശുറൈകിനെ പോലെയുള്ള ഒരു മന്ത്രിയെ കിട്ടിയതിൽ ഈ നാട്ടുകാരേക്കാൾ ഞാനാണ് കൂടുതൽ സന്തോഷിക്കുന്നത്. അൽഹംദുലില്ലാഹ് …

അന്ന് പതിവ് പോലെ സൂര്യൻ അസ്തമിച്ചു. അതോടൊപ്പം രാജാവിന്റെ ദുഃഖ ദിന സങ്കല്പവും എന്നെന്നേക്കുമായി അസ്തമിച്ചു …
ക്രിസ്തു മത പ്രചാരകനായി തന്റെ പുതിയ മഠം പണിത് പ്രാർഥനവും കവിതയുമായി തനി വൈരാഗിയായിട്ടായിരുന്നു ഹന്ദലയുടെ തുടർ ജീവിതമെന്ന് ചരിത്ര ഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. “ഇൻശാ അല്ലാഹ് ” കാപട്യത്തിന്റെ പരിചയാകില്ല എന്ന അത്യുത്തമ ബോധ്യത്തിന്റെ രൂപകമായി ശുറൈകും വാഗ്ദാനത്തിന് ജീവനെക്കാൾ വിലയുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന പ്രതീകമായി ഹന്ദലയും ചരിത്ര ഗ്രന്ഥങ്ങളിലിന്നും അവശേഷിക്കുന്നു.

അവലംബം : كتاب الأغاني لأبي الفرج الأصفهاني

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles