Current Date

Search
Close this search box.
Search
Close this search box.

മണ്ണിൻ്റെ പേരിലെ മരണക്കളി എന്തിന്?

ചോര വീണ മണ്ണിലൂടെ നാം പലപ്പോഴും നടന്നിട്ടുണ്ട്. ചോര പുരണ്ട ചരിത്രം നമൊരുപാട് വായിച്ചിട്ടുണ്ട്. ചോരയിൽ കുതിർന്ന ജീവിതങ്ങൾ നാമൊത്തിരി കണ്ടിട്ടുണ്ട്. മതം, സമുദായം, ജാതി. വംശം, ദേശം, വർണ്ണം. അധികാരം, സമ്പത്ത്, സ്ഥാനം. ഇവയെല്ലാം ഭ്രാന്തായപ്പോഴാണ് മനുഷ്യ രക്തം പുഴയായി ഒഴുകിയത്. അനേകായിരം മനുഷ്യർ പിടഞ്ഞു വീണ് മരിച്ചത്. ഇവയിലേറ്റവും അപകടകാരിയാണ് ദേശഭ്രാന്ത്!

ദൈവം അതിരുകളില്ലാതെ സൃഷ്ടിച്ച പ്രപഞ്ചം. അതിൽ കരയും കടലും ചേർന്ന ഭൂമി. അതിലെ മണ്ണ് ഓഹരി വെച്ചെടുത്ത മനുഷ്യർ, മതിൽക്കെട്ടി അതിരുകളിട്ടു. അതിനെ ദേശമെന്ന് വിളിച്ചു. ദേശത്തെ സ്നേഹിച്ചു, വളർത്തി, സംരക്ഷിച്ചു. അത്രയും ശരിയായിരുന്നു. അതിനപ്പുറത്തേക്ക് വളർന്നപ്പോൾ ദേശം തെറ്റായിത്തീർന്നതിന് മനുഷ്യ ചരിത്രം സാക്ഷി. ചിലർക്ക് ദേശം ഭ്രാന്തായി മാറി. ആ ഭ്രാന്ത് ചങ്ങല പൊട്ടിച്ച് ദേശത്തിനകത്ത് അപരൻമാരെ സൃഷ്ടിച്ച്, സംഹരിച്ചു. ദേശത്തിനു പുറത്തേക്ക് ആർത്ഥിയോടെ ആയുധം നീട്ടി, ചോര വീഴ്ത്തിക്കൊണ്ടിരുന്നു. മണ്ണിൻ്റെ പേരിലുള്ള ഈ മരണക്കളിയുടെ അർത്ഥശൂന്യത മനുഷ്യനെ ബോധപ്പെടുത്താതെ സത്യവേദത്തിന് മുന്നോട്ട് പോകാനാകില്ലായിരുന്നു.

“മൂഢജനം തീര്‍ച്ചയായും പറയും: ‘അവർ തിരിഞ്ഞു നിന്ന ദിശയില്‍നിന്ന് അവരെ പെട്ടെന്നു തെറ്റിച്ചുകളഞ്ഞതെന്ത്?’ അവരോടു പറയുക: ‘കിഴക്കും പടിഞ്ഞാറുമെല്ലാം ദൈവത്തിന്റേതാകുന്നു. ദൈവം ഇഷ്ടപ്പെടുന്നവരെ നേർവഴിയിലൂടെ നയിക്കുന്നു.” രണ്ടാം അധ്യായം നൂറ്റി നാൽപ്പത്തിരണ്ടാം വചനം. സങ്കുചിത ദേശീതകളെ തകർത്തെറിഞ്ഞ സാർവദേശീയതയുടെ ഉജ്ജ്വലമായ പ്രഖ്യാപനം; ‘കിഴക്കും പടിഞ്ഞാറുമെല്ലാം ദൈവത്തിന്റേത്’! അതെ, എല്ലാദേശങ്ങളും ദൈവത്തിൻ്റേത്. എല്ലാ മനുഷ്യരും ദൈവത്തിൻ്റേത്. എന്നിട്ടും ദേശം പറഞ്ഞും വംശം തിരിഞ്ഞും തമ്മിലടിക്കുന്നവരേ, നിങ്ങളെന്തൊരു മൂഢരാണ്! ‘മനുഷ്യരേ’ എന്ന വിളിയിൽ ഏക മാനവികത ഉൽഘോഷിച്ച സത്യവേദത്തിൻ്റെ മറ്റൊരു പ്രഖ്യാപനം. ‘ജനങ്ങളുടെ നാഥനും ലോകരുടെ രക്ഷിതാവുമായ’ ദൈവത്തിൻ്റെ ദർശനം സർവ്വ ലോകത്തെയും ഒന്നായി കാണുന്നുവെന്നർത്ഥം. ഭാഗത്തിൻ്റെയും ദേശത്തിൻ്റെയും തടവിൽക്കഴിയുന്ന സങ്കുചിത മനസ്കതയെ സത്യവേദം തള്ളിക്കളയുന്നു. മണ്ണിൻ്റെയും രക്തത്തിൻ്റെയും അടിമത്തത്തിൽ നിന്നും അന്ധമായ പക്ഷപാതിത്വത്തിൽ നിന്നും സ്വതന്ത്രരാകാൻ സത്യവേദം ആഹ്വാനം ചെയ്യുന്നു. ഇതാണ് ദിശാ മാറ്റത്തിൻ്റെ രണ്ടാമത്തെ പൊരുൾ.

Also read: കേള്‍വിയും അനുസരണവുമാണ് ബദര്‍

അന്ന് അറബികൾ ദേശീയവും വംശീയവുമായ അഹങ്കാരത്തിൽ ഉന്മത്തരായിരുന്നു. മക്കയിലെ പവിത്രഗേഹം വിട്ട്, ഫലസ്ഥീനിലെ വിശുദ്ധമന്ദിരത്തെ ദിശയാക്കിയത് അറബ് ദേശീയ അഹന്തക്കുള്ള പ്രഹരമായിരുന്നു. ആ സ്ഥിതി വർഷങ്ങൾ തുടർന്നു. ദേശപൂജയും വേദദർശനവും ഒരു വഴിക്ക് പോകില്ലെന്ന് അവരെ തെര്യപ്പെടുത്തി. പിന്നീട് ദിശ മാറ്റി, ഇസ്രയേലീ വംശ പക്ഷപാതത്തെയും പ്രഹരിച്ചു. ഏകത്വത്തിൽ ഊന്നിയ ദൈവ വിശ്വാസത്തിൻ്റെയും ലോകവീക്ഷണത്തിൻ്റെയും നേർരേഖ വരച്ചു.
ദേശ-വംശ സംഘർഷങ്ങളൊഴിഞ്ഞ, ലോകസമാധാനത്തിൻ്റെ അസ്ഥിവാരമാണ് സത്യവേദം ഇതിലൂടെ പണിതത്! എന്നിട്ടും വെട്ടിമുറിക്കപ്പെട്ട ദേശങ്ങളും ആട്ടിയോടിക്കപ്പെട്ട മനുഷ്യരും കണ്ണീർ കാഴ്ച്ചകളായി ലോകം നിറയുന്നു!

മരിച്ചു പോകുമ്പോൾ വെട്ടിപ്പിടിച്ച മണ്ണൊന്നും കൈയിൽ കരുതാത്ത മനുഷ്യാ, നിൻ്റെ മൃതദേഹത്തിനുമേൽ ഇട്ടു മൂടുന്ന ഇത്തിരി മണ്ണിനു വേണ്ടി, നീ എന്തിനാണീ മണ്ണിൽ മരണക്കളി കളിക്കുന്നത്!?

Related Articles