Columns

കേള്‍വിയും അനുസരണവുമാണ് ബദര്‍

ഹിജ് റ മാസ പ്രകാരം ഇന്നാണ് ബദര്‍ നടന്നത്. മക്കയിലെ പൂര്‍ണ സജ്ജരായ ശത്രുക്കളെ നേരിടാന്‍ വിശ്വാസം മാത്രം കയ്യിലിരിപ്പുള്ള ഒരു ചെറു സംഘം അണിനിരന്ന ദിവസമാണിന്ന്. മക്കയില്‍ നിന്നും ജീവിക്കാന്‍ കഴിയാത്ത അവസരത്തിലാണ് മുസ്ലിംകള്‍ക്ക് മറ്റൊരു ഇടം തേടിപ്പോകേണ്ടി വന്നത്. മുസ്ലിംകള്‍ മക്ക കാലിയാക്കുന്നു എന്നത് അവരെ സംബന്ധിച്ചിടത്തോളം ആഹ്ലാദത്തിന്റെ കൂടി സന്ദര്ഭമായിരുന്നു. അതിന്റെ കൂടെ മുഹമ്മദിനെ ഇല്ലാതാക്കുക എന്നത് കൂടി അവര്‍ തീരുമാനിച്ചു. അതോടെ എല്ലാം തീരുമെന്നവര്‍ കണക്കുകൂട്ടി. എല്ലാ കണക്കുകള്‍ക്കും അപ്പുറം അല്ലാഹുവിന്റെ വലിയ കണക്കു അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവരുടെ ശക്തമായ വലയം ഭേദിച്ച് പ്രവാചകനും മക്കയില്‍ നിന്നും പുറത്തു കടന്നു.

ഒരു അഭയാര്‍ത്ഥി എന്ന നിലയില്‍ എവിടെ പോയാലും അതൊരു പ്രശ്നമല്ല എന്നതായിരുന്നു മക്കക്കാരുടെ നിലപാട്. പുറത്തു നിന്നും വരുന്ന ഒരാളെ അങ്ങിനെ മാത്രമേ ആരും കണക്കാക്കൂ. അവിടെയാണ് മക്കക്കാരുടെ കണക്കു കൂട്ടലുകള്‍ പിഴച്ചത്. മദീനയില്‍ മുഹമ്മദ്‌ ഒരു നേതാവും രാജാവുമായി മാറുകയായിരുന്നു. മക്കയില്‍ പാത്തും പതുങ്ങിയും ജീവിച്ചിരുന്ന ഇസ്ലാം മദീനയില്‍ ഒരു സമൂഹവും രാഷ്ട്രവുമായി മാറിയിരിക്കുന്നു. അതവര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്.

Also read: വധശിക്ഷവിധിച്ച് ഹജ്ജാജ് ; ചിരിതൂകി സഈദുബ്നു ജുബൈര്‍

മക്കക്കാര്‍ പ്രഗല്‍ഭരായ കച്ചവടക്കാരായിരുന്നു. അവരുടെ കച്ചവട വഴിയില്‍ മദീനക്ക് സുപ്രധാനമായ സ്ഥാനമുണ്ട്. മദീനയില്‍ മുഹമ്മദ്‌ അധികാരത്തില്‍ തുടരുന്നത് അവര്‍ക്ക് വലിയ പ്രയാസമായി തോന്നുക സ്വാഭാവികം മാത്രം. ഒരിക്കല്‍ മക്കയില്‍ നിന്നും തുടച്ചു നീക്കിയത് പോലെ എങ്ങിനെ മദീനയില്‍ നിന്നും മുഹമ്മദിനെയും സംഘത്തെയും തുടച്ചു നീക്കാം എന്നതായി അവരുടെ ചിന്ത.
എന്ത് കൊണ്ട് ബദര്‍ എന്ന ചോദ്യത്തിന് നല്കാന്‍ കഴിയുന്ന ഒന്നാമത്തെ ഉത്തരം നേര്‍ക്ക്‌ നേരെയുള്ള സംഘട്ടനത്തിന്റെ ആദ്യ രൂപമാണ്‌ ബദര്‍ എന്നത് തന്നെ. എന്ത് കൊണ്ട് യുദ്ധത്തിനു അനുമതി ലഭികുന്നില്ല എന്നതായിരുന്നു മുസ്ലികളില്‍ വലിയ വിഭാഗത്തിന്റെ പരാതി. വ്യവസ്ഥാപിതമായ ഒരിടത്തു മാത്രമേ സായുധ സംഘട്ടനത്തിനു പ്രസക്തിയുള്ളൂ. അല്ലെങ്കില്‍ അത് കൈവിട്ട കളിയാകും. ബദര്‍ യുദ്ധം പെട്ടെന്ന് ഒരു ദിവസം സംഭവിച്ചതാണ് എന്ന് പറയാന്‍ കഴിയില്ല. ഒരു യുദ്ധത്തിന്റെ കാര്‍മേഘം മുമ്പേ തങ്ങി നിന്നിരുന്നു. അതെപ്പോള്‍ എവിടെ വെച്ച് എന്നത് മാത്രമായിരുന്നു ചോദ്യം. യുദ്ധാനുമതി നല്‍കി കൊണ്ട് അതിനു മുമ്പേ ഖുര്‍ആന്‍ വചനങ്ങള്‍ അവതരിച്ചിരുന്നു. പക്ഷെ ഒരു സൈനിക ഒരുക്കം നടത്താന്‍ മുസ്ലിം പക്ഷത്തിനു കഴിയുമായിരുന്നില്ല.

അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള കച്ചവട സംഘം വഴിമാറി പോയി എന്നതിനേക്കാള്‍ പ്രസക്തമായ കാര്യം മക്കക്കാര്‍ മദീനക്ക് നേരെ സര്‍വ്വായുധ സജ്ജരായി വരുന്നു എന്നതായിരുന്നു. ഒരു പ്രതിരോധം ഇപ്പോള്‍ അനിവാര്യതയായി തീരുന്നു. തങ്ങളുടെ കയ്യില്‍ ഒരു ഭൗതിക വിഭവങ്ങലുമില്ല എന്നറിഞ്ഞിട്ടും നേതാവിന്റെ കല്‍പ്പന പൂര്‍ണമായി അംഗീകരിക്കാന്‍ മുസ്ലിംകള്‍ തയ്യാറായി എന്നതാണ് ബദരിന്റെ വിജയം. അത് തന്നെയാണു ബദര്‍ പോരാളികളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാക്കുന്നതും. ആ ചോദ്യം എന്നും പ്രസക്തമാകുന്നതും. സന്നിഘ്ദ്ധത ഘട്ടങ്ങളില്‍ ഇസ്ലാമിനെ സഹായിക്കാന്‍ ആരുണ്ട്‌ എന്ന ചോദ്യം ഇസ്ലാം എന്നും ചോദിച്ചു കൊണ്ടിരിക്കും. അതിനു മറുപടി നല്‍കി എന്നതാണ് ഗുവാ വാസികളും ഈസാ നബിയുടെ അനുയായികളും ചെയ്ത മഹത്വരമായ കാര്യം. അത് കൊണ്ട് തന്നെയാണ് ആദ്യകാല മുഹാജിറുകളും അന്‍സാറുകളും എന്നും ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നതും.

Also read: നന്മമരത്തോട് ഉപമിക്കപ്പെട്ട മതം

ഇസ്ലാമും ജാഹിലിയ്യത്തും തമ്മിലുള്ള സംഘട്ടനത്തിനു ഭൂമിയില്‍ മനുഷ്യനോളം പഴക്കമുണ്ട്. ഒരിക്കല്‍ ഇസ്ലാമിക സംഘത്തിനു നേതൃത്വം നല്‍കിയത് പ്രവാചകന്മാരായിരുന്നു. പ്രവാചകന്മാരുടെ കാലം കഴിഞ്ഞു . പക്ഷെ ജാഹിലിയ്യത്തിന് കാലമില്ല. അവര്‍ ഇസ്ലാമിനെതിരെ ആക്രമണം തുടര്‍ന്ന് കൊണ്ടിരിക്കും. ഇസ്ലാം ഇല്ലാതാകുക എന്നതില്‍ കുറഞ്ഞ ഒന്നുകൊണ്ടും അവര്‍ തൃപ്തരാവില്ല. വിശ്വാസവും അനുസരണവും കൊണ്ട് ഒന്നിക്കാനുള്ള ആഹ്വാനമാണ് എന്നും ബദര്‍ നല്‍കുന്ന പാഠം. അല്ലാഹുവിനെയും പ്രവാചകനെയും അനുസരിക്കുന്നു എന്നത് കൊണ്ട് വിവക്ഷ ഇസ്ലാമിന്റെ കല്‍പ്പനകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക എന്നത് കൂടിയാണ്. കേള്‍വിക്ക് ശേഷം മാത്രമാണ് അനുസരണം കടന്നു വരുന്നത്. ബദര്‍ പോരാളികള്‍ പ്രവാചകനെ നന്നായി കേട്ടു. ശേഷം തങ്ങളുടെ അനുസരണം കൃത്യമായി രേഖപ്പെടുത്തി. അത് തന്നെയാണ് ബദര്‍ അനുസ്മരണം നടത്തുമ്പോള്‍ നമുക്കും ചെയ്യാന്‍ കഴിയുക.

ബദരിനെ കുറിച്ച് പറയവേ ഖുര്‍ആന്‍ ഇങ്ങിനെ കൂടി പറഞ്ഞു “ ……….. ദൈവ ദൂതന്‍ നിങ്ങളെ സജീവരാക്കുന്നതിലേക്ക് വിളിക്കുമ്പോള്‍ മനുഷ്യനും അവന്റെ മനസ്സിനുമിടയില്‍ അള്ളാഹു ഉണ്ടെന്നു അറിഞ്ഞിരിക്കുവിന്‍ . നിങ്ങള്‍ അവങ്കലേക്ക്‌ ഒരിമിച്ചു കൂട്ടപ്പെടുമെന്നും അറിഞ്ഞിരിക്കുവിന്‍……….” ഇസ്ലാമിന്റെ കല്പ്പനകളോട് കാപട്യമില്ലാതെ പ്രതികരിക്കുക എന്നതാണ് അതിന്റെ നേര്‍ക്ക്‌ നേരെയുള്ള ഉദ്ദേശ്യം. കാപട്യത്തിന്റെ ഒരു കണിക പോലും അവരുടെ മനസ്സില്‍ ഉണ്ടായില്ല എന്നതാണ് ബദരീങ്ങളുടെ വിജയ രഹസ്യവും.

ശേഷം ഖുര്‍ആന്‍ തുടര്‍ന്നു “ നിങ്ങളില്‍ അക്രമികളെ മാത്രമായിട്ടല്ലാതെ സമൂഹത്തെ മൊത്തം ബാധിക്കുന്ന ആപത്തുകളെ നിങ്ങള്‍ ഭയപ്പെടുവില്‍” മൂല്യങ്ങളുടെ നിരാസമാണ് ജാഹിലിയ്യത് ആഗ്രഹിക്കുന്നത്. അതിന്റെ സംസ്ഥാപനമാണ് ഇസ്ലാം ആഗ്രഹിക്കുന്നതും. ഇസ്ലാം മുന്നോട്ട് വെക്കുന്ന മൂല്യ സങ്കല്‍പ്പങ്ങളെയാണ് മക്കയിലെ ജാഹിലിയ സമൂഹം ഭയപ്പെട്ടത്. ആ ഭയമാണ് ഇന്നും ലോകത്തിനു ഇസ്ലാമിനെ കുറിച്ച് നിലനില്‍ക്കുന്നത്. അവിടെയാണ് അവര്‍ ഇസ്ലാമോഫോബിയ എന്ന പുതിയ അടവുമായി രംഗത്ത് വന്നത്. ഇസ്ലാമിനോടുള്ള പൂര്‍ണ അനുസരവും കാപട്യ രഹിതമായ മനസ്സും എന്നതാണു വിശ്വാസികള്‍ക്ക് ബദര്‍ നല്‍കുന്ന എക്കാലത്തെയും പാഠം. അത് മനസ്സിലാക്കാന്‍ കഴിയുന്നിടത്ത് മാത്രമാണ് ബദര്‍ അനുസ്മരണം പ്രയോജനപ്പെടുന്നത് .

Facebook Comments
Related Articles
Close
Close