Current Date

Search
Close this search box.
Search
Close this search box.

ഇതൊന്നുമല്ല ദാമ്പത്യജീവിതം വിജയകരമാക്കിയതെങ്കിൽ, പിന്നെയെന്താണാ രഹസ്യം?

ഭര്‍ത്താവിനൊപ്പം വിജയകരമായ അന്‍പതു വര്‍ഷത്തെ ദാമ്പത്യജീവിതം നയിച്ച ഒരു വൃദ്ധയുമായി ഒരു ടെലിവിഷന്‍ സംഭാഷണം നടക്കുന്നുണ്ട്. അതില്‍ ജീവിതവിജയത്തിന്റെ രഹസ്യത്തെക്കുറിച്ചാണ് വൃദ്ധയോട് അവതാരക ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിലുള്ള പ്രാവീണ്യമാണോ, ഭംഗിയാണോ അല്ല സന്താനോല്‍പാദനമാണോ എന്നൊക്കെയായിരുന്നു ചോദ്യം. എല്ലാം കേട്ടശേഷം അവര്‍ പറഞ്ഞു: ദാമ്പത്യജീവിതത്തിലെ വിജയമെന്നാല്‍ അല്ലാഹുവിന്റെ തൗഫീഖ് ഒന്നിനു ശേഷം ഭാര്യയുടെ കൈകളിലാണ്. തന്റെ വീടകം സ്വര്‍ഗവും നരകവും ആക്കാനുള്ള ശേഷി അവള്‍ക്കുണ്ട്.

സമ്പത്താണ് ദാമ്പത്യജീവിതത്തിലെ ശക്തിയെന്നു കരുതരുത്. കാരണം, സമ്പന്നരായ ഒത്തിരി വനിതകളാണ് ജീവിതം മടുത്ത് ഭര്‍ത്താവിന്റെ അടുക്കല്‍ നിന്ന് ഓടിരക്ഷപ്പെടുന്നത്! സൗന്ദര്യമാണ് ശക്തിയെന്നും നിങ്ങള്‍ പറയരുത്. കാരണം, സൗന്ദര്യമുള്ള എത്രയോ സ്ത്രീകള്‍ നിരന്തരമായി മൊഴിചൊല്ലപ്പെടുന്നു. ഭക്ഷണം തയ്യാറാക്കുന്നതിലുള്ള പ്രാവീണ്യമാണെന്നും കരുതരുത്. കാരണം, എത്രയോ വിദഗ്ധരായ പാചകക്കാരാണ് ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോവാനാകാതെ കിടക്കുന്നത്. സന്താനങ്ങളാണ് ശക്തിയെന്നും കരുതരുത്. കാരണം, എത്രയോ സന്താനങ്ങളുണ്ടായ ശേഷവും വഴിയാധാരമായി കിടക്കുന്ന ഭാര്യമാര്‍ ഒട്ടനവധിയാണ്.

ഇതെല്ലാം കേട്ട് അമ്പരപ്പോടെ അവതാരക ചോദിച്ചു: പിന്നെയെന്താണാ രഹസ്യം? അവര്‍ ശാന്തമായി പറഞ്ഞുതുടങ്ങി: എന്റെ ഭര്‍ത്താവ് കോപംകൊണ്ട് തിളച്ചുമറിയുമ്പോള്‍ ഞാന്‍ സര്‍വബഹുമാനങ്ങളോടും കൂടെ, തലതാഴ്ത്തിയിരുന്ന് സുദീര്‍ഘമായ മൗനം അവലംബിക്കുമായിരുന്നു. പരിഹാസത്തോടെ നോക്കിക്കൊണ്ടുള്ള മൗനമാവരുതത്, പുരുഷന്‍ അതിബുദ്ധിമാനും അത് മനസ്സിലാക്കുന്നവനുമാണ്. അവതാരക തുടര്‍ന്നു: നിങ്ങളപ്പോള്‍ എന്തുകൊണ്ടാണ് മുറിയില്‍ നിന്ന് പുറത്തുകടക്കാത്തത്? വൃദ്ധ മറുപടി തുടര്‍ന്നു: ഒരിക്കലുമരുത്! ചിലപ്പോള്‍ അദ്ദേഹത്തിന്റെ വര്‍ത്തമാനം കേള്‍ക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലെന്നയാള്‍ കരുതും. അതുകൊണ്ട് മൗനം അവലംബിക്കുകയും അദ്ദേഹം ശാന്തമാകുംവരെ പറയുന്ന കാര്യങ്ങളെല്ലാം അംഗീകരിക്കുകയും മാത്രം ചെയ്യുക. ശേഷം ഞാന്‍ ശാന്തമായി അദ്ദേഹത്തോട് ചോദിക്കും: നിങ്ങള്‍ പറഞ്ഞു കഴിഞ്ഞോ? ശേഷം ഞാന്‍ മെല്ലെ മുറിയില്‍ നിന്നു പുറത്തിറങ്ങും. കാരണം, ഈ അട്ടഹാസത്തിനൊക്കെ ശേഷം അദ്ദേഹത്തിന് തീര്‍ച്ചയായും വിശ്രമം ആവശ്യമാവും. തുടര്‍ന്ന് ഞാന്‍ ശാന്തമായി വീട്ടുജോലികളൊക്കെ തീര്‍ക്കും.

അവതാരക തുടര്‍ന്നു: ശേഷം നിങ്ങളെന്താണു ചെയ്യുക. ഒരാഴ്ചയോ അതിലധികമോ അദ്ദേഹത്തോട് മിണ്ടാതിരിക്കുമോ? ഉടനടി വൃദ്ധ പറഞ്ഞു: ഒരിക്കലുമരുത്! ഈ സമീപനം ഇരുവശവും മൂര്‍ച്ചയുള്ളൊരു വാളുപോലെയാണ്. നിങ്ങളുമായുള്ള സംസാരം ഭര്‍ത്താവ് ആഗ്രഹിക്കുന്ന സമയത്ത് നിങ്ങള്‍ സംസാരിക്കാതിരിക്കുമ്പോള്‍ അയാള്‍ക്കതൊരു ശീലമായി മാറുകയും പിന്നീട് ശത്രുതാ മനോഭാവം വളരുകയും ആവശ്യങ്ങള്‍ പലതും ഉന്നയിക്കുകയും ചെയ്യും. ആയതിനാല്‍, അല്‍പനേരം കഴിഞ്ഞ് അദ്ദേഹത്തിനായി അല്‍പം ജ്യൂസോ കോഫിയോ ഉണ്ടാക്കി കുടിക്കാനായി ക്ഷണിക്കും. അപ്പോളദ്ദേഹം ശാന്തനായി ചോദിക്കും: നീ ദേഷ്യത്തിലാണോ? ഇല്ലെന്നു ഞാന്‍ മറുപടി പറയുന്നതോടെ മാപ്പപേക്ഷിക്കുകയും സുന്ദരമായ വര്‍ത്തമാനങ്ങള്‍ പറഞ്ഞുതുടങ്ങുകയും ചെയ്യും. നിങ്ങളദ്ദേഹത്തെ വിശ്വസിക്കുമോ എന്ന് അവതാരക ചോദിച്ചപ്പോള്‍ വൃദ്ധ പറഞ്ഞു: അദ്ദേഹം ദേഷ്യപ്പെടുമ്പോള്‍ വിശ്വസിക്കുമെങ്കില്‍ ശാന്തമാകുമ്പോള്‍ എന്തിനു ഞാന്‍ വിശ്വസിക്കാതിരിക്കണം? എന്റെ അന്തസ്സ് ഭര്‍ത്താവിന്റെ തൃപ്തിയിലും വീടിന്റെ പരിപാലനത്തിലുമാണ്.

ഗുണപാഠം 1
ജീവിതത്തിന്റെ കലയെന്തെന്നാല്‍ ജീവിതം എങ്ങനെ ജീവിക്കുമെന്ന കാര്യം ആദ്യം നമ്മള്‍ മനസ്സിലാക്കുകയെന്നതാണ്. വിജയത്തിന്റെ കാരണങ്ങള്‍ നമ്മുടെ പക്കലുണ്ടാവുകയെന്നത് അതിപ്രധാനമായൊരു കാര്യമാണ്. എങ്കില്‍, അതിലേറെ മനോഹരമാണ് വിജയിക്കാനുള്ള ഉദ്ദേശ്യം നമുക്കുണ്ടാവുകയെന്നത്! ഒരാളുടെ ചിന്തമുഴുവന്‍ തന്റെ സുഹൃത്തിന്റെ കുറ്റങ്ങള്‍ കണ്ടെത്തലാണെങ്കില്‍ അയാളുടെ നന്മകള്‍ കാണാന്‍ അയാള്‍ക്ക് നേരമുണ്ടാവില്ല. ഇനി നേരെ തിരിച്ചാണെങ്കില്‍ അയാളുടെ കുറ്റങ്ങള്‍ കാണാനും നേരമുണ്ടാവില്ല. നമ്മള്‍ കാര്യങ്ങളെ നോക്കിക്കാണുന്ന രീതിയനുസരിച്ചാണ് അതു വ്യത്യാസപ്പെടുന്നത്.

ജനങ്ങള്‍ രണ്ടുവിധമുണ്ട്; തേനീച്ചയും ഈച്ചയും! തേനീച്ച പൂന്തേനില്‍ മാത്രമേ ചെന്നിരിക്കൂ. ഈച്ചയാണെങ്കില്‍ മാലിന്യങ്ങളിലും. ‘തേനീച്ച’ സ്വഭാവമുള്ള ആള്‍ക്കാര്‍ മറ്റുള്ളവരുടെ കൂടെ ചേര്‍ന്നുനില്‍ക്കാനുള്ള കാരണങ്ങളാണ് അവരില്‍ തിരയുന്നത്. ‘ഈച്ച’ സ്വഭാവമുള്ള ആള്‍ക്കാര്‍ മറ്റുള്ളവരുമായി തര്‍ക്കിക്കാനും തെറ്റിപ്പിരിയാനുമുള്ള കാരണങ്ങളാണ് അവരില്‍ തിരയുന്നത്. തേനീച്ചയുടെ മനസ്സോടെയുള്ള ജീവിതം അതിസുന്ദരമാണ്. ഈച്ചയുടെ മനസ്സോടെയുള്ള ജീവിതം ദുസ്സഹവും. രണ്ടുനുമിടയിലുള്ള വ്യത്യാസം പൂന്തോപ്പിലും മാലിന്യക്കൂമ്പാരത്തിലും വസിക്കുന്നതു പോലുള്ള വ്യത്യാസമാണ്.

ഗുണപാഠം 2
ഒരു തത്വജ്ഞാനി പറയുന്നു: ചൂടുള്ള ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് എളുപ്പമാവാനായി അല്‍പനേരം തണുക്കാനായി വെക്കുമല്ലോ. പ്രശ്‌നങ്ങളെയും അപ്രകാരം തണുക്കാന്‍ വിട്ടുനോക്കൂ. പരിഹരിക്കല്‍ എളുപ്പമാകും! അനുയോജ്യമായ സമയം തെരഞ്ഞെടുക്കുകയെന്നതു തന്നെ പരിഹാരത്തിന്റെ ഒരു ഭാഗമാണ്. ദേഷ്യത്തോടെയുള്ള അവസ്ഥയില്‍ തര്‍ക്കം സാധ്യമല്ല തന്നെ. എന്നിട്ടല്ലേ അദ്ദേഹത്തിന്റെ ഭാഗത്തുള്ള തെറ്റു പറഞ്ഞുമനസ്സിലാക്കുക!

അയാളെ ശാന്തമാവാന്‍ വിടുക. ചിലപ്പോള്‍ അയാളുടെ തെറ്റു പറഞ്ഞു മനസ്സിലാക്കാന്‍ നിങ്ങളുടെ ആവശ്യം തന്നെയുണ്ടാവില്ല. ചിലര്‍ ശാന്തമായി നല്ല നിലയിലേക്കു മടങ്ങിവരുന്നതോടെ സ്വന്തമായിത്തന്നെ തെറ്റുസമ്മതിക്കാനും തിരുത്താനും തയ്യാറാകും. ചിലര്‍ അപ്പോഴും ദുര്‍വാശിക്കാര്‍ തന്നെയാവും. ശാന്തമായി വന്നാലും തങ്ങളുടെ തെറ്റില്‍ തന്നെ ഉറച്ചുനില്‍ക്കും. അത്തരക്കാരോട് പ്രശ്‌നങ്ങള്‍ക്കിടയില്‍ വീണ്ടും തര്‍ക്കിക്കുന്നത് പ്രശ്‌നത്തെ കൂടുതല്‍ വഷളാക്കാനോ പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനോ മാത്രമേ സഹായിക്കൂ.

ഗുണപാഠം 3
പുരുഷനെന്നാല്‍ വലിയൊരു കുട്ടിയാണ്. കുട്ടികളോട് അവരെ പിണക്കുന്ന രീതിയിലുള്ള പെരുമാറ്റം നല്ലതല്ലല്ലോ. കാര്യം സാധിക്കണമെങ്കില്‍ അവരുടെ മനസ്സു ജയിക്കേണ്ടതുണ്ട്. അവരോട് ഏറ്റുമുട്ടല്‍ സ്വഭാവത്തിലേക്കു കടക്കരുത്. നിന്റെ കുട്ടിയുടെ മനസ്സുജയിക്കുന്ന പോലെ ഭര്‍ത്താവിന്റെയും മനസ്സുജയിക്കണം. കൃത്യമായിപ്പറഞ്ഞാല്‍ ‘ഭര്‍ത്താവിന്റെ ചിന്തക്കനുസൃതമായി അദ്ദേഹത്തോട് പെരുമാറുക’. ഭര്‍ത്താവിന്റെ അറിവോ സംസ്‌കാരമോ മതബോധമോ കണ്ട് നിങ്ങള്‍ വഞ്ചിതരാവരുത്. ഈ ഘടകങ്ങളൊക്കെ നിങ്ങളെ ശാന്തമായൊരു ജീവിതം നയിക്കാന്‍ സഹായിക്കുന്നതാണ്. പക്ഷെ, പ്രകൃത്യാ പുരുഷന്മാരൊക്കെയും ഒരു കാര്യത്തില്‍ തുല്യരാണ്. ദുര്‍വാശിക്കാരിയായ പെണ്ണിനെ വെറുക്കുകയും സ്വന്തം അവകാശങ്ങള്‍ വേണ്ടെന്നു വെക്കുന്ന ശാന്തയായ പെണ്ണിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ആയതിനാല്‍, നിന്റെ സ്ത്രീത്വം നഷ്ടപ്പെടുത്താനും അതിന്റെ പേരില്‍ നീ വെറുക്കപ്പെടാനും നീ ഇടവരുത്തരുത്. കാരണം, പുരുഷന്റെ സ്വഭാവത്തിലുള്ള സ്ത്രീയെ പുരുഷന്‍ ഒരിക്കലും സഹിക്കില്ല. തന്റെ ഭാര്യക്ക് ഏതു ഗുണങ്ങള്‍ ഇല്ലാതിരുന്നാലും പുരുഷന്‍ അതു മനസ്സിലാക്കുകയും കൂടെജീവിക്കുകയും ചെയ്യും. പക്ഷെ, സ്ത്രീത്വം നഷ്ടപ്പെട്ട സ്ത്രീയെ അവനൊരിക്കലും സഹിക്കില്ല. ആയതിനാല്‍, നിന്റെ സ്ത്രീത്വമാണ് നിന്റെ സൗന്ദര്യത്തിന്റെ ആത്മസത്ത. അവസാനശ്വാസം വരെ അതു ചേര്‍ത്തുനിറുത്തുക!

ഗുണപാഠം 4
വീടകം സുന്ദരമാക്കുകയെന്നത് ഭാര്യയുടെ മാത്രം ദൗത്യമല്ല, രണ്ടുപേരും ചേര്‍ന്ന് സാധ്യമാക്കേണ്ടൊരു കാര്യമാണത്. നന്മക്കു വേണ്ടി അല്‍പമൊക്കെ അഹങ്കാരവും അഭിമാനവുമൊക്കെ മാറ്റിവെച്ചുനോക്കൂ. എപ്പോഴും പ്രശ്‌നപരിഹാരത്തിനു മുന്‍കയ്യെടുക്കുന്ന സ്‌നേഹനിധിയായ ഭര്‍ത്താവ്, ഭാര്യയെ തന്റെ വലയത്തിലാക്കാന്‍ കെല്‍പുള്ളവനാണ്. സ്‌നേഹനിധിയായ ഭര്‍ത്താവിനോളം ഭാര്യയെ കീഴടക്കാന്‍ സ്വാധീനമുള്ള വേറൊരു ശക്തിയുമില്ലതന്നെ! സ്ത്രീ, അവളെത്ര തന്നെ സംസ്‌കാരസമ്പന്നയും വിദ്യാസമ്പന്നയും മതബോധമുള്ളവളുമാണെങ്കിലും പ്രകൃത്യാ സ്ത്രീ തന്നെയായിരിക്കും. എത്ര വലിയ സമ്പന്നയാണെങ്കിലും ചെറിയൊരു ഉപഹാരം അവളെ സന്തുഷ്ടയാക്കും. മനോഹരമായി കവിതയെഴുതുന്നവളാണെങ്കിലും മധുരതരമായൊരു വാക്ക് അവളുടെ ഹൃദയം കീഴടക്കും.

ജീവിതമെന്നാല്‍ ഒരു കൂട്ടിടപാടാണ്. അതില്‍ രണ്ടുപേരും ദേഷ്യപ്പെടുകയും രണ്ടുപേരും പ്രശ്‌നംപരിഹരിക്കുകയും ചെയ്യണം. പുരുഷന്റെ ജോലി ദേഷ്യപ്പെടലും സ്ത്രീയുടേത് പ്രശ്‌നം പരിഹരിക്കലും എന്നല്ല. സ്ത്രീയെന്നാല്‍ വികാരങ്ങളുടെ വലിയൊരു ലോകമാണെന്ന കാര്യം മറന്നുപോകരുത്. പക്ഷെ, ഏതൊരു മനുഷ്യനും ക്ഷമിക്കാനുള്ളൊരു കഴിവും പരിധിയുമുണ്ട്. എല്ലാ വികാരങ്ങളും പുറത്തെടുക്കാനായി അവളെ പ്രകോപിപ്പിക്കരുത്, ശേഷം അതിന്റെ പേരില്‍ അവളെ വിചാരണ ചെയ്യാനും ഇടവരുത്തരുത്.

എപ്പോഴും ഓര്‍മയിലുണ്ടായിരിക്കുക, പനിനീര്‍ ദളങ്ങള്‍ അതിമൃദുലമാണെങ്കിലും അതില്‍ മുള്ളുകള്‍ കാണും. മുള്ളുകളില്‍ തട്ടാതെ എങ്ങനെ പനിനീരിന്റെ സുഗന്ധം ആസ്വദിക്കുകയെന്നു മനസ്സിലാക്കുകയാണു പ്രധാനം!

ഗുണപാഠം 5
ഏതു ദമ്പതിമാര്‍ക്കിടയിലും സ്വാഭാവികമായി ഉണ്ടാകാവുന്നതു മാത്രമാണ് തര്‍ക്കങ്ങളും പിണക്കങ്ങളുമെന്നത്. നിത്യജീവിതത്തിന്റെ ടെന്‍ഷനുകള്‍ക്കും ശാരീരികവും ഭൗതികവുമായ അതിന്റെ സമ്മര്‍ദങ്ങള്‍ക്കുമിടയില്‍ ഇത്തരം ഭിന്നതകള്‍ സ്വാഭാവികംമാത്രം. ഒഴുക്കന്‍ മട്ടിലുള്ള ജീവിതത്തിന്റെ ഒഴുക്ക് തിരിച്ചുവിടുന്നതുകൊണ്ടുതന്നെ ചിലപ്പോള്‍ ഇവ ഉപകാരപ്രദവുമായി മാറാം. ഭക്ഷണത്തിലെ ഉപ്പുപോലെയാണ് ഈ തര്‍ക്കങ്ങള്‍. കുറഞ്ഞയളവിലുള്ളത് ഉപകാരപ്രദവും കൂടുതലാവുന്നത് നശിപ്പിക്കുന്നതുമാണ്.

തര്‍ക്കം സംഭവിച്ചാല്‍ അതിനെ ദാമ്പത്യജീവിതത്തെ അതിന്റെ ശരിയായ മാര്‍ഗത്തിലേക്കു കൊണ്ടുവരാനുള്ള ഒരവസരമായി കാണുക. ഇത്രകാലമായിട്ടും നാം പറഞ്ഞിട്ടില്ലാത്ത മധുരമായ വര്‍ത്തമാനങ്ങള്‍ ഇനിയുമുണ്ട്, ഇതതിന്റെ സമയമാണ്! ഇത്രകാലമായിട്ടും നാം വാങ്ങിയിട്ടില്ലാത്ത പനിനീര്‍പ്പൂക്കളുണ്ട്, ഇതതിന്റെ സമയമാണ്! ഇത്രകാലമായിട്ടും നാം പുറത്തുകാണിക്കാത്ത സ്‌നേഹത്തിന്റെ വലിയൊരു ലോകമുണ്ട്, ഇതതിന്റെ സമയമാണ്!

കടല്‍ പ്രക്ഷുബ്ധമാവുമ്പോള്‍ ചവറുകളും ചത്തൊടുങ്ങിയ മത്സ്യങ്ങളെയും തീരത്തുകൊണ്ടിടുന്നതു കണ്ടിട്ടില്ലേ. പിന്നീട് ശാന്തമായി ആദ്യത്തിലേറെ സുന്ദരമാവുകയും ചെയ്യും! നിങ്ങള്‍ ഭാര്യഭര്‍തൃ തര്‍ക്കങ്ങളില്‍ കടലുപോലെയാവുക. പങ്കാളി കോപത്തിലാവുന്ന സമയത്ത് പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുക. കാരണം, ദേഷ്യപ്പെടുമ്പോള്‍ നാം വ്യക്തതയുടെ ഉച്ചകോടിയിലായിരിക്കും. അത് പുതിയൊരു മുറിവിനല്ലാതെ, മുറിവുണക്കാനുള്ള അവസരവുമാവട്ടെ.

ഗുണപാഠം 6
ചിലപ്പോള്‍ പലതും കണ്ടില്ലെന്നു നടിക്കേണ്ടിതന്നെ വരും. അറബികള്‍ പണ്ടുതന്നെ പറഞ്ഞിട്ടുള്ളതാണ്: ഖൗമിന്റെ നേതാവെന്നാല്‍ പലതും കണ്ടില്ലെന്നുനടിക്കുന്നവനാണ്! ഓരോ വാക്കുകളും നാം പരിഗണിക്കണമെന്നു നിര്‍ബന്ധം പിടിക്കരുത്. ഓരോ നടപടികളും നാം ശ്രദ്ധിച്ചിരിക്കണമെന്നും നിര്‍ബന്ധമരുത്. ചിലപ്പോള്‍ ചില കാര്യങ്ങള്‍ അവഗണിക്കുന്നതാണ് അതില്‍ ഇടപെടുന്നതിലേറെ നല്ലത്. ബുദ്ധിമാന്‍ എപ്പോഴും വിജയം തിരഞ്ഞുനടക്കുന്നവനല്ല. ചില പോരാട്ടങ്ങളില്‍ പരാജയവും വിജയവും തുല്യമാവും. പരാജയമാണ് നമ്മുടെ വീടകം സന്തോഷമാക്കുന്നതെങ്കില്‍ ചിലപ്പോള്‍ പരാജയമാവും അത്തരം വേളകളില്‍ അതിസുന്ദരം!

വീടൊരു യുദ്ധക്കളമല്ലെന്ന് എപ്പോഴും ഓര്‍മയുണ്ടായിരിക്കുക. വിവാഹം പരാജയമാവുമ്പോള്‍ വിജയിയെയും പരാജിതനെയും കുറിച്ചുള്ള സംസാരം അസാധ്യമാണ്. ഭാര്യഭര്‍ത്താക്കന്മാര്‍ ഒരുമിച്ചു വിജയിക്കുക, അല്ലെങ്കില്‍ ഒരുമിച്ചു പരാജയപ്പെടുക എന്ന രണ്ടു സാധ്യതകള്‍ മാത്രമേ അവിടെയുള്ളൂ!

ചാട്ടവാറുകൊണ്ട് പ്രശ്‌നം തീര്‍ക്കാവുന്നിടത്ത് വാളുപയോഗിക്കരുത്. നാക്കുകൊണ്ട് പ്രശ്‌നം തീര്‍ക്കാവുന്നിടത്ത് ചാട്ടവാറും ഉപയോഗിക്കരുത്. ഇതിന്റെ ആന്തരിക അര്‍ഥം മാത്രമെടുക്കുക. അടിക്കപ്പെടുന്നിലേറെ പെണ്ണിനെ വേദനിപ്പിക്കുന്ന വേറൊന്നുമില്ല. സ്ത്രീയൊരു മൃഗവും നീയൊരു ഇടയനുമല്ല. നീ ഭര്‍ത്താവും കാര്യങ്ങള്‍ നോക്കിനടത്തുന്നവനുമാണ്. കൈകൊണ്ടും വടികൊണ്ടുമല്ല, ഹൃദയം കൊണ്ടും സ്‌നേഹംകൊണ്ടും നോക്കിനടത്തുന്നവന്‍. നീ അവളുടെ അടിമയാവുക, അവള്‍ നിനക്കും അങ്ങനെയാവും.

ഗുണപാഠം 7
ജനങ്ങള്‍ പലസ്വഭാവക്കാരാണ്. അതിനാല്‍ ഇണയുടെ സ്വഭാവം മനസ്സിലാക്കുകയും അതോടു പൊരുത്തപ്പെട്ടുപോവാന്‍ ശ്രമിക്കുകയും ചെയ്യുക. വിജയകരമായ വീടകങ്ങളൊന്നും അങ്ങനെയായത് ഭാര്യഭര്‍ത്താക്കന്മാര്‍ തുല്യസ്വഭാവക്കാരായതു കൊണ്ടല്ല. മറിച്ച്, പരസ്പര തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ്. ക്ഷിപ്രകോപക്കാരന്‍ നിങ്ങളെത്ര ശ്രമിച്ചാലും അങ്ങനെതന്നെ തുടരും. പിണക്കക്കാരനും നിങ്ങളെത്ര ശ്രമിച്ചാലും അങ്ങനെതന്നെ തുടരും. പിശുക്കന്‍ എന്നും പിശുക്കനും മാന്യന്‍ എന്നും മാന്യനും തന്നെയാവും. എന്തെങ്കിലുമൊന്ന് ഇഷ്ടപ്പെട്ടില്ലെങ്കില്‍ അഴിച്ചുകളയാനുള്ള വസ്ത്രങ്ങളല്ല ഇണകളെന്നത്, മറിച്ച് ജീവിതകാലം മുഴുക്കെയുള്ള വസ്ത്രങ്ങളാണത്. അതുമറച്ചുകൊണ്ടുതന്നെയിരിക്കാനുള്ള പരിശ്രമങ്ങളാവണം നമ്മുടേത്!

( തുടരും )

വിവ. മുഹമ്മദ് ശാക്കിർ മണിയറ

സന്ധ്യാ വർത്തമാനം -1

സന്ധ്യാ വർത്തമാനം -2

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles