Current Date

Search
Close this search box.
Search
Close this search box.

‘എനിക്കറിയില്ല, ഞാനിത് പഠിച്ചത് എന്റെ മാതാവില്‍ നിന്നാണ്’

പറഞ്ഞുകേട്ടിട്ടുള്ളൊരു കഥയാണ്. ഒരു സ്ത്രീ തന്റെയൊരു സുഹൃത്തിനെ സന്ദര്‍ശിക്കുന്നു. മത്സ്യം നന്നായി പാചകം ചെയ്യുന്ന ആ സുഹൃത്തില്‍ നിന്ന് ആ പാചക രഹസ്യം പഠിച്ചെടുക്കുകയെന്നതായിരുന്നു ചെന്നതിന്റെ ഉദ്ദേശ്യം. സുഹൃത്തിനെ സാകൂതം ശ്രദ്ധിക്കുന്നതിനിടയിലാണ് മീന്‍ എണ്ണയിലിടും മുമ്പേ അതിന്റെ തലയും വാലും മുറിച്ചുകളയുന്നത് അതിഥി സ്ത്രീയുടെ ശ്രദ്ധയില്‍പെട്ടത്. ഇങ്ങനെ ചെയ്യുന്നതെക്കുറിച്ചു ചോദിച്ചപ്പോള്‍ ‘എനിക്കറിയില്ല, ഞാനിത് പഠിച്ചത് എന്റെ മാതാവില്‍ നിന്നാണ്’ എന്നായിരുന്നു അവളുടെ മറുപടി. ആ സ്ത്രീയുടെ മാതാവിനെച്ചെന്നു കണ്ട് കാര്യമന്വേഷിച്ചപ്പോള്‍ ഞാനും എന്റെ മാതാവില്‍ നിന്നാണ് പഠിച്ചതെന്നായിരുന്നു അവരുടെയും മറുപടി. അവരും തന്റെ വൃദ്ധയായ മാതാവിനെച്ചെന്നു കണ്ട് കാര്യമന്വേഷിച്ചു. വൃദ്ധയായ ആ മാതാവിന്റെ മറുപടിയിതായിരുന്നു:’ഞാന്‍ മത്സ്യം പാകം ചെയ്തിരുന്ന പാത്രം വളരെ ചെറുതായിരുന്നു. മത്സ്യം മുഴുവനായി അതില്‍ കൊള്ളാതെ വന്നപ്പോള്‍ ഞാന്‍ മുറിച്ചുമാറ്റിയതായിരുന്നു തലയും വാലും!’

മനുഷ്യന്‍ മുന്നും പിന്നുമാലോചിക്കാതെ പതിവുകളെ പിന്തുടരുന്നുണ്ടെന്ന് പറഞ്ഞുതരുന്നുണ്ടീ കഥ. അതുകൊണ്ടാണ് ബുദ്ധിയെയും യുക്തിയെക്കാളുമധികം പാരമ്പര്യം പതിവുകളെ സാധൂകരിക്കുന്നത്. ഈ രീതികള്‍ നിരന്തരമായി കണ്ടുകൊണ്ടിരിക്കുമ്പോള്‍ താരതമ്യേനെ അത് നമ്മുടെ ദൃഷ്ടിയില്‍ സ്വീകര്യമായി മാറുന്നു. അതേസമയം, മറ്റു ജനവിഭാഗങ്ങളുടെ രീതികളും പതിവുകളും ആചാരങ്ങളും നമുക്ക് അതി വിചിത്രമായിത്തോന്നാം. അതുമായി പരിചയിക്കുന്ന പക്ഷം അവരുടേതിന് തുല്യമായ വീക്ഷണമായി നമ്മുടേതും മാറും. നമ്മുടെ ആചാരങ്ങള്‍ പോലെ ആ വിചിത്രാചാരങ്ങളും നമുക്ക് സുപരിചിതമായി മാറും. നമ്മള്‍ മറ്റുള്ളവരുടെ ആചാരങ്ങളെ വിചിത്രമായി കാണുംപോലെ അവര്‍ നമ്മെയും കാണുന്നുണ്ടെന്നതാണ് വസ്തുത. വിശുദ്ധ ഖുര്‍ആനില്‍ തന്നെ ബിംബാരാധകര്‍ തങ്ങളുടെ പ്രവൃത്തിക്ക് ന്യായമായി പറഞ്ഞിട്ടുള്ളത് നമ്മുടെ പ്രപിതാക്കളെ ബിംബങ്ങളെ ആരാധിക്കുന്നതായി ഞങ്ങള്‍ കണ്ടിട്ടുണ്ടെന്നായിരുന്നു.

സൗത്തിന്ത്യയിലെ ‘തോഡ’ എന്നൊരു ഗോത്രത്തിലെ വിവാഹവേളകളില്‍ വധു കൈകളും കാല്‍മുട്ടും നിലത്തിട്ടിഴഞ്ഞ് ഭര്‍ത്താവിന്റെ അടുത്തുചെല്ലുകയും ഭര്‍ത്താവ് തന്റെ കാലുകള്‍ അവളുടെ തലമേല്‍വെക്കുകയും ചെയ്യുന്നൊരു പതിവുണ്ട്. അവളവന്റെ കല്‍പനകളെല്ലാം അനുസരിക്കാനും അവന്‍ വീടുഭരിക്കാന്‍ തയ്യാറാണെന്നുള്ള സൂചനയാണീ ആചാരം. പ്രത്യക്ഷത്തില്‍ നാം വളരെ വിചിത്രവും ക്രൂരവുമായിക്കാണുന്ന ഈ ആചാരം അതൊരു ആചാരമാണെന്ന നിലക്ക് അവിടുത്തെ സ്ത്രീകള്‍ സമ്പൂര്‍ണ മനസ്സോടെ ചെയ്യുന്നു.

ആഫ്രിക്കയിലെ മോബാസാ എന്നൊരു ദ്വീപില്‍ സ്ത്രീയുടെ വിവാഹവേളയില്‍ രണ്ടു പുരുഷന്മാര്‍ മുമ്പോട്ടുവരികയും രണ്ടുപേരും മല്ലയുദ്ധം ചെയ്യുകയും വിജയിക്കുന്നവന്‍ ആ സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും ചെയ്യുന്നൊരു രീതിയുണ്ട്. ഇതേരീതി മൃഗങ്ങള്‍ക്കിടയിലുമുണ്ട്. പക്ഷേ, ആ ദ്വീപിലെ മനുഷ്യര്‍ ഒരു ആചാരമെന്ന നിലക്ക് അത് പുലര്‍ത്തിപ്പോരുന്നു.

ആഫ്രിക്കയിലെ തന്നെ ‘ജോബീസ്’ എന്നൊരു ഗോത്രത്തിലെ വിവാഹവേളയില്‍ സ്ത്രീയുടെ നാവിന് തുളയിടുകയും അതിലൂടെ ഒരു നൂല്‍ കെട്ടിയിടുകയും ചെയ്യുന്നൊരു രീതിയുണ്ട്. ആ നൂലിന്റെ അറ്റത്തായൊരു മോതിരം തൂങ്ങിക്കിടക്കുകയും ചെയ്യും. സംസാരിക്കുന്ന വേളയില്‍ ഭാര്യയെ മിണ്ടാതാക്കാന്‍ തോന്നുന്നപക്ഷം ഭര്‍ത്താവിന് പിടിച്ചുവലിക്കാനുള്ളതാണാ നൂല്‍. ആചാരമെന്ന നിലക്ക് സ്ത്രീ തന്റെ നാവിന് ദ്വാരമുണ്ടാക്കാന്‍ സമ്മതിക്കുകയും പുരുഷന്‍ ആവശ്യമാവുമ്പോള്‍ അതുപിടിച്ചു വലിക്കുകയും ചെയ്യുന്നു!

ചുരുക്കത്തില്‍, ആചാരങ്ങള്‍ യുക്തിപരമായിരിക്കണമെന്നില്ല. മറിച്ച് അവ ആചാരങ്ങളാണെന്നതു കൊണ്ടുമാത്രം പിന്തുടര്‍ന്നു പോരുന്നതാണ്. അതുകൊണ്ട്, മറ്റുള്ളവരുടെ ആചാരങ്ങളെ ബഹുമാനിക്കുക, ചുരുങ്ങിയത്, മനസ്സിലാക്കുകയെങ്കിലും ചെയ്യുക. എത്ര സംസ്‌കാരസമ്പന്നമായ സമൂഹത്തിലും വിചിത്രമായ ആചാരങ്ങള്‍ കാണാം.

ഒരു കഥ പറയാം. ഫ്രഞ്ചുകാരനായ ഒരു മനുഷ്യന്റെ ചാരത്തായാണ് ഇന്ത്യക്കാരനായ ആ മനുഷ്യനും മറവുചെയ്യപ്പെട്ടത്. ഫ്രഞ്ചുകാരന്‍ കൃസ്ത്യനും ഇന്ത്യക്കാരന്‍ ബുദ്ധനുമായിരുന്നു. ഇരുവരുടെയും ബന്ധുജനങ്ങളിലൊരാള്‍ എല്ലാ ഞായറാഴ്ചയും അവിടെ സന്ദര്‍ശനത്തിന് വരികയും ഫ്രഞ്ചുകാരന്‍ തന്റെ ബന്ധുവിന്റെ കുടീരത്തിനടുത്തായി പനിനീര്‍പൂക്കളും ഇന്ത്യക്കാരന്‍ ചോറിന്റെ ഒരു പാത്രവും വെക്കുകയും ചെയ്യും. കാലക്രമേണ അവരിരുവരും സുഹൃത്തുക്കളായി. ഒരു ദിവസം ഫ്രഞ്ചുകാരന്‍ ഇന്ത്യക്കാരനോട് തമാശപൂര്‍വം ചോദിച്ചു:’എന്നാണ് നിന്റെ ചോറു തിന്നാന്‍ നിന്റെ കുടുംബക്കാരന്‍ എഴുന്നേറ്റു വരിക?’ അധികമാലോചിക്കാതെ ഇന്ത്യക്കാരന്‍ പറഞ്ഞു:’നിന്റെ കുടുംബക്കാരന്‍ നിന്റെ പനിനീര്‍ പൂ മണക്കാന്‍ വരുമ്പോള്‍!’

ഇതുതന്നെയാണ് ആചാരങ്ങളുടെ രീതിയും യുക്തിയും. നമുക്ക് പരിചിതമായത് മറ്റൊരാള്‍ക്ക് അതിവിചിത്രമാവാം, നേരെ തിരിച്ചും. മരിച്ചുകിടക്കുന്നയാള്‍ക്ക് ഒരു പാത്രം ചോറും പനിനീര്‍പ്പൂവുമെല്ലാം തുല്യം തന്നെ. ആ ഇന്ത്യക്കാരന്‍ ഫ്രഞ്ചുകാരനായി ജീവിച്ചിരുന്നെങ്കില്‍ അയാളും പനിനീര്‍ പൂവു തന്നെ കൊണ്ടുവരികയും ചെയ്‌തേനെ! ഫ്രഞ്ചുകാരന്‍ ഇന്ത്യക്കാരനായി ജീവിച്ചിരുന്നെങ്കില്‍ അയാള്‍ ഒരു പാത്രം ചോറും കൊണ്ടുവന്നേനെ. ആചാരങ്ങളെ നിര്‍ണയിക്കുന്നത് പാരമ്പര്യമാണ്, യുക്തിയല്ല. നീ അനുഭവിക്കാത്ത സമൂഹങ്ങളുടെ ആചാരങ്ങളെ അതിനാല്‍ പരിഹസിക്കുകയുമരുത്.

വിവ: മുഹമ്മദ് ശാക്കിർ മണിയറ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles