Current Date

Search
Close this search box.
Search
Close this search box.

‘കാണുന്നില്ലേ, ഞാനൊരു അംബരചുംബി നിര്‍മിക്കുന്ന തിരക്കിലാണ്!’

വലിയൊരു കെട്ടിടനിര്‍മാണപ്രവര്‍ത്തനം നടക്കുന്ന വര്‍ക്ക് സൈറ്റിലൂടെ നടക്കുകയായിരുന്ന കണ്‍സ്ട്രക്ഷന്‍ മാനേജര്‍ മൂന്ന് തൊഴിലാളികള്‍ വലിയ ഉറപ്പുള്ള കല്ലുകള്‍ പൊട്ടിക്കുന്ന കാഴ്ച കാണാനിടയായി. ആദ്യത്തെയാളോട് നിങ്ങളെന്താണ് ചെയ്യുന്നതെന്നു ചോദിച്ചപ്പോള്‍ നിര്‍വികാരനായി ‘മുതലാളി പറഞ്ഞപോലെ കല്ലുകള്‍ പൊട്ടികുകയാണെ’ന്നു മാത്രം മറുപടി പറഞ്ഞു. രണ്ടാമത്തെയാളോട് ചോദിച്ചപ്പോള്‍ അല്‍പം സന്തോഷത്തോടെ ‘മനോഹരമായ രൂപത്തില്‍ കല്ലുകള്‍ വെട്ടിയൊതുക്കുകയാണ് ഞാനെന്നു’ പറഞ്ഞു. മൂന്നാമത്തെയാള്‍ അതിസന്തുഷ്ടനായി പറഞ്ഞു:’കാണുന്നില്ലേ, ഞാനൊരു അംബരചുംബി നിര്‍മിക്കുന്ന തിരക്കിലാണ്!’.

നമ്മുടെ വീക്ഷണങ്ങള്‍ തന്നെയാണ് ജീവിതത്തിലെ നമ്മുടെ വഴിതെളിക്കുന്നത്! നമ്മെ സ്വന്തം അടിമകളാക്കുന്നതും സ്വതന്ത്രരാക്കുന്നതും നമ്മുടെ കൈകളില്‍ വിലങ്ങണിയുന്നതും അത് തകര്‍ത്തു കളയുന്നതും എല്ലാം നമ്മള്‍ തന്നെയാണ്! നീ കുനിഞ്ഞുനില്‍ക്കാത്ത കാലത്തോളം ആരും നിന്റെ ചുമലില്‍ കയറില്ല. ഒരൊറ്റ സന്ദര്‍ഭത്തിലൂടെ മനുഷ്യരെ മനസ്സിലാക്കാം, അവരുടെ ചിന്താരീതി അവരുടെ തനിനിറം പുറത്തുകാട്ടും. റസൂലിന്റെ വഫാത്തിന് ശേഷം അറബികള്‍ സകാത്ത് നല്‍കില്ലെന്നു പറഞ്ഞ സന്ദര്‍ഭം അബൂബകര്‍(റ) സായുധസമരം ചെയ്യുകയെന്ന ശക്തമായ തീരുമാനം കൈക്കൊണ്ടു. അതിധീരനായ ഉമറാ(റ)കട്ടെ അല്‍പം അവധാനതയാവാമെന്നു പറയുകയും ചെയ്തു. രക്തം കണ്ടാല്‍ നില്‍ക്കുകയും യുദ്ധം ചെയ്യാതിരിക്കാന്‍ ആയിരം കാരണങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നവരായിരുന്നു അവര്‍. അപ്പോഴാണ് അബൂബകര്‍(റ) ഉമറി(റ)ന്റെ വസ്ത്രം പിടിച്ച് ചോദിച്ചത്:’ജാഹിലിയ്യത്തില്‍ അതിധീരനായിരുന്ന മനുഷ്യന്‍ ഇസ്‌ലാമില്‍ ഭീരുവാവുകയോ! ഞാന്‍ ജീവിച്ചിരിക്കെ ദീനിന് ലഭിക്കേണ്ടതില്‍ ഒരു കുറവും വരില്ല!’. ചരിത്രത്തില്‍ നിശ്ചയദാര്‍ഢ്യത്തോടെ പറയപ്പെട്ട അതിമഹത്തായ വാക്യമായിരുന്നുവത്. അബൂബകര്‍(റ) സ്വന്തം മുസ്‌ലിമായി മാത്രമല്ല, അതേക്കുറിച്ചുള്ള കാര്യങ്ങള്‍ക്ക് ഉത്തരവാദി കൂടിയായി സ്വന്തത്തെ കണ്ടുവെന്നതാണ് കാര്യം. ഇസ്‌ലാമിനെക്കൊണ്ട് ജനങ്ങള്‍ തമാശ കളിക്കുന്നത് അദ്ദേഹത്തിന് കണ്ടുനില്‍ക്കാന്‍ സാധിച്ചില്ലെന്നതു തന്നെ! മുന്‍പുള്ളവര്‍ ഏല്‍പിച്ച അതേപടി ഇസ്‌ലാമിന്റെ പതാക ശേഷമുള്ളവര്‍ക്ക് ഏല്‍പിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു!

സ്വന്തത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണമാണ് നമ്മുടെ വഴി നിര്‍ണയിക്കുന്നത്. സ്വന്തത്തെ കുറച്ചുകാണുകയും ഒഴുക്കിനൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നതിലും കുറച്ചാണെങ്കിലും സ്വന്തത്തെ നന്നായിത്തന്നെ കാണുകയും നമ്മള്‍ തന്നെ ആ ഒഴുക്ക് ഉണ്ടാക്കുന്നതും തമ്മില്‍ വലിയ അന്തരമാണുള്ളത്. ഒരു സാഹചര്യം നിങ്ങള്‍ക്ക് നന്നായി തോന്നിയില്ലെങ്കില്‍ അത് മാറ്റിക്കളയുക. ഒരു കാഴ്ച നിങ്ങള്‍ക്കിഷ്ടമായില്ലെങ്കില്‍ അതിന് പകരം സൃഷ്ടിക്കുക. ‘ഞാനും എല്ലാവരെയും പോലെ ഒരാള്‍ മാത്രമല്ലേ’ എന്നു പറഞ്ഞ് മാറിനില്‍ക്കരുത്. മനുഷ്യര്‍ ഓരോരുത്തരും തങ്ങളുടെ ദൗത്യം നിര്‍വഹിക്കുകയാണെങ്കില്‍ ജനങ്ങളെന്നോ നന്നായേനെ. പക്ഷേ, ദൗര്‍ഭാഗ്യകരമെന്നോണം മറ്റുള്ളവരുടെ കഴിവുകേട് കൂട്ടുപിടിച്ച് ‘എല്ലാവരെയെും പോലെത്തന്നെയല്ലേ നമ്മള്‍’ എന്ന പരാജിതരുടെ വാക്ക് പറയുകയാണ് നാമെല്ലാം.

രാജാവിന്റെ ഭാര്യ രോഗിയായപ്പോള്‍ എല്ലാ ദിവസവും പാലില്‍ കുളിക്കലാണ് മരുന്നെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. രാത്രി പ്രജകളെല്ലാം വന്ന് ഓരോ ബക്കറ്റ് പാല്‍ കൊട്ടാരത്തിലെ കുളത്തിലൊഴിക്കാന്‍ രാജാവ് ഉത്തരവിട്ടു. എല്ലാവരും പാലൊഴിക്കുന്ന കൂട്ടത്തില്‍ ഞാനൊരു ബക്കറ്റ് വെള്ളമൊഴിച്ചാല്‍ അത് തെളിഞ്ഞുകാണില്ലെന്നും രാജാവിനും വ്യക്തമാവില്ലെന്നും എല്ലാവരും കരുതി. പ്രഭാതത്തില്‍ രാജാവിന്റെ ഭാര്യ കുളിക്കാന്‍ വന്നപ്പോള്‍ കുളത്തില്‍ നിറയെ വെള്ളം തന്നെയായിരുന്നു. ആരും സ്വന്തത്തില്‍ നിന്ന് തുടങ്ങിയില്ലെന്നതു തന്നെ കാര്യം!

സ്വന്തത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണമാണ് നമ്മുടെ വഴി നിര്‍ണയിക്കുന്നത്. ഇബ്‌നു ഉമ്മി മക്തൂം അന്ധനായിരുന്നു. അദ്ദേഹത്തിന്റെ കാര്യത്തിലാണ് നബി തങ്ങള്‍ക്ക് അല്ലാഹു ചെറുശകാരം നല്‍കിയതും. ഒരു യുദ്ധത്തില്‍ എല്ലാവര്‍ക്കുമൊപ്പം അദ്ദേഹവും പുറപ്പെട്ടു. ‘അന്ധനായ നിങ്ങള്‍ യുദ്ധത്തിനു വന്നിട്ടെന്തു ചെയ്യാനാണെന്ന്’ കൂട്ടത്തിലാരോ ചോദിച്ചപ്പോള്‍ ‘ശത്രുക്കളുടെ കണ്ണില്‍ നമ്മുടെ സൈന്യത്തിന്റെ എണ്ണം വര്‍ധിപ്പിക്കാമല്ലോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതിലും വലിയ നിശ്ചയദാര്‍ഢ്യമോ ഉത്തരവാദിത്തബോധമോ ഉണ്ടോ!? യുദ്ധമൊരിക്കലും അദ്ദേഹത്തിന് നിര്‍ബന്ധബാധ്യതയായിരുന്നില്ല. പക്ഷേ, നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ അദ്ദേഹത്തിന് അടങ്ങിയിരിക്കല്‍ സാധ്യമായിരുന്നില്ല.

സ്വന്തത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണമാണ് നമ്മുടെ വഴി നിര്‍ണയിക്കുന്നത്. ‘മുസ്‌ലിം ഭരണപ്രദേശങ്ങളില്‍ ഒരു പക്ഷി പട്ടിണികിടന്നുവെന്ന് ആരും പറയാതിരിക്കാനായി നിങ്ങള്‍ എല്ലാ പര്‍വതങ്ങളുടെ മുകളിലും ഗോതമ്പ് വിതറൂ’ എന്ന് ഒരിക്കല്‍ തന്റെ സഹായികളോട് ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്(റ) പറയുകയുണ്ടായി. ഇവരൊക്കെയാണ് ഇസ്‌ലാമിന്റെ പ്രൗഢി ഉയര്‍ത്തിയത്. ഇവരൊക്കെയാണ് ഒഴുക്കിനൊത്ത് നീന്താതെ സ്വന്തമായി വഴിവെട്ടിത്തെളിച്ച് ഓളമുണ്ടാക്കിയവര്‍. അവരുടെ വ്യത്യസ്ത വീക്ഷണം തന്നെയാണ് ലോകത്തെ മാറ്റിമറിച്ചതും. ആദ്യം പറഞ്ഞ കഥയിലെ മൂന്നു ജോലിക്കാരും കല്ല് വെട്ടുകയെന്ന ഒരേ ജോലി ചെയ്യുന്നവരാണ്. പക്ഷേ, ഓരോരുത്തരുടെയും സ്വന്തത്തെക്കുറിച്ചുള്ള വീക്ഷണമാണ് അതിനെ വേര്‍തിരിക്കുന്നത്. ആദ്യത്തെയാള്‍ സ്വന്തത്തെ വെറുമൊരു തൊഴിലാളി മാത്രമായി കാണുന്നയാളാണ്. വലിയൊരു പദവി തകര്‍ക്കാനുദ്ദേശിക്കുന്നുവെങ്കില്‍ ആ സ്ഥാനത്തൊരു നിന്ദ്യനായ മനുഷ്യനെ വെക്കുക, ചെറിയൊരു പദവിയെ മഹത്തരമാക്കണമെങ്കില്‍ അതിലൊരു വലിയ മനുഷ്യനെ വെക്കുക എന്നൊരു ചൊല്ലുണ്ട്! കല്ലുവെട്ടുകാരിലെ രണ്ടാമത്തെ മനുഷ്യനാണെങ്കില്‍, വെറും ജോലിക്കപ്പുറത്ത് നന്നായിട്ടു തന്നെ അത് ചെയ്യണമെന്ന് നിശ്ചയമുള്ളയാളാണ്. നമ്മുടെ ജോലിയെ വെറുമൊരു ജീവിതോപാധിയായി കാണുന്നതും അതിനെയൊരു സന്ദേശമായി കാണുന്നതും തമ്മില്‍ അന്തരമുണ്ട്. മദ്‌റസയില്‍ നിങ്ങളെന്താണ് ചെയ്യുന്നതെന്നുള്ള ചോദ്യത്തിന് ‘ഞാന്‍ അബൂബക്‌റിനെയും ഉമറിനെയും വളര്‍ത്തുകയാണെ’ന്ന നിശ്ചയദാര്‍ഢ്യത്തിന്റെ മറുപടി പറയുന്ന അധ്യാപകനെക്കുറിച്ച് ആലോചിച്ചു നോക്കൂ! ശസ്ത്രക്രിയ ചെയ്യുന്നൊരു ഡോക്ടറോട് എന്താണു ചെയ്യുന്നതെന്നു ചോദിക്കുമ്പോള്‍ ‘ഒരു കുടുംബത്തെ അതിന്റെ നഷ്ടത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയാണെ’ ന്ന് പറയുന്നൊരു സാഹചര്യം ചിന്തിച്ചുനോക്കൂ! എന്താണു ചെയ്യുന്നതെന്ന ചോദ്യത്തിന് ‘ഒരു സമൂഹത്തെ വിശപ്പില്‍ നിന്ന് കാക്കുകയാണ് ഞാനെന്ന്’ മറുപടി പറയുന്ന കര്‍ഷകനെക്കുറിച്ചൊന്ന് ആലോചിച്ചു നോക്കൂ!

കൂട്ടത്തിലെ മൂന്നാമത്തെ തൊഴിലാളി തന്റെ ജോലിയെ വെറും ജോലിയായി കാണാന്‍ ഒരുക്കമല്ലാത്ത ആളാണ്. താനുംകൂടി ചേര്‍ന്നാല്‍ മാത്രം വിജയകരമാവുന്ന വലിയൊരു ദൗത്യത്തിന്റെ ഭാഗമായി തന്നെ അഭിമാനപൂര്‍വം കാണുന്നൊരാള്‍. ആയതിനാല്‍, നല്ലൊരു മകനെ വളര്‍ത്തുമ്പോള്‍ ‘ഞാന്‍ നല്ലൊരു ഭര്‍ത്താവിനെയാണ് വളര്‍ത്തുന്നതെന്നും’ നല്ലൊരു മകളെ വളര്‍ത്തുമ്പോള്‍ ‘ഞാന്‍ നല്ലൊരു മാതാവിനെയാണ് ഒരുക്കിയെടുക്കുന്നെതന്നും’ അഭിമാനപൂര്‍വം പറയുക!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles