Current Date

Search
Close this search box.
Search
Close this search box.

കൂട് തുറന്ന് രക്ഷപ്പെടുത്താമെന്ന് കരുതിയ ആളാണ് ആ പൂമ്പാറ്റയെ കൊന്നുകളഞ്ഞത്

ഒരു പൂമ്പാറ്റ അതിന്റെ കൂടില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നത് നോക്കിയിരിക്കുകയായിരുന്നു ഒരാള്‍. വളരെ ശ്രമകരമായി പുറത്തുകടക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന അത് പെട്ടെന്ന് ക്ഷീണിച്ചവശയായി ഇനി എന്നെക്കൊണ്ടാവില്ലെന്ന പോലെ ശ്രമം നിര്‍ത്തുകയും ചെയ്തു. കണ്ടുനിന്ന അയാള്‍ക്ക് ദയ തോന്നുകയും കൂട് അല്‍പം തുറന്നു കൊടുക്കുകയും സ്വാഭാവികമായും അത് പുറത്ത് കടക്കുകയും ചെയ്തു. പക്ഷേ, ചിറകിന് സമ്പൂര്‍ണ വളര്‍ച്ചയെത്താതെ നിര്‍ബന്ധപൂര്‍വം പുറത്തുകടന്നതിനാല്‍ അതിനു പറക്കാന്‍ സാധിച്ചില്ല.

ഗുണപാഠം 1
സംഘര്‍ഷങ്ങളിലേക്ക് ധൈര്യസമേതം കടന്നുചെല്ലലാണ് നമ്മെ കൂടുതല്‍ കരുത്തരാക്കുക. നമ്മുടെ ജീവിതത്തെക്കുറിച്ചു തന്നെ ആലോചിച്ചാല്‍ നമുക്ക് സംഭവിച്ചിട്ടുള്ള ഏറ്റവും മോശമായ കാര്യങ്ങള്‍ കാരണമാവും നമ്മള്‍ കൂടുതല്‍ കരുത്തരായിട്ടുണ്ടാവുക! കഠിനമായ അനുഭവങ്ങളാണ് നമ്മെ പലപ്പോഴും കടഞ്ഞെടുക്കുക. തീയില്‍ വെന്തില്ലെങ്കില്‍ വാളുകള്‍ മൂര്‍ച്ചയാവില്ലെന്നപോലെ, ഈര്‍ച്ചവാളുകള്‍ക്കിടയില്‍ കിടന്നില്ലെങ്കില്‍ മരക്കഷണങ്ങളില്‍ നിന്ന് മേശകള്‍ രൂപപ്പെടില്ലെന്ന പോലെ, സൂചികളുടെ കുത്തേല്‍ക്കാതെ പരുത്തിയില്‍ നിന്ന് വസ്ത്രങ്ങള്‍ രൂപപ്പെടില്ലെന്ന പോലെ, കലപ്പയുടെ പ്രഹരമില്ലെങ്കില്‍ പാടങ്ങളില്‍ കൃഷി നടക്കില്ല എന്നതാണ് പ്രകൃതിനിയമം. നമ്മളെപ്പോഴും നമുക്കുണ്ടായിട്ടുള്ള പ്രയാസ ഘട്ടങ്ങളോട് കടപ്പെട്ടിരിക്കുന്നു! നമ്മെ വകവരുത്തിക്കളയാത്ത അടികളും മുറിവുകളുമൊക്കെയാണ് നമ്മെ ശക്തരാക്കുക! വീഴ്ചയാണ് നമ്മെ മുന്നോട്ടു നയിക്കുക.

ആഫ്രിക്കന്‍ കാടുകളിലെ കുട്ടികളെ നോക്കൂ. അവരുടെ അടുക്കല്‍ ആശുപത്രികളില്ലെങ്കിലും വളരെ അപൂര്‍വമായി മാത്രമേ അവര്‍ രോഗബാധിതരാവുന്നുള്ളൂ. സാഹചര്യങ്ങളോട് പൊരുതിപ്പഠിച്ച് സ്വയം പ്രതിരോധം സാധ്യമാക്കുകയാണവര്‍. അതേസമയം, നഗരത്തിലെ കുട്ടികളാണെങ്കില്‍ ചെറിയൊരു മഴച്ചാറ്റല്‍ ഏല്‍ക്കുമ്പോള്‍ തന്നെ രോഗബാധിതരാവുകയും കഴുകാതെ ഒരു ഫലം തിന്നാല്‍ വിഷബാധയേല്‍ക്കുകയും ചെയ്യുന്നു. കരുതല്‍ ഏറിയതിന്റെ ഫലമായി അവര്‍ ബലഹീനരായതാണത്!

എന്തിനേറെ, നാമെടുക്കുന്ന വാക്‌സിന്‍ പോലും അല്‍പം ഡോസ് കുറഞ്ഞൊരുതരം രോഗമല്ലേ! വലിയൊരു സൈന്യം വന്നാക്രമിച്ചാല്‍ തയ്യാറായി നില്‍ക്കാനായി ചെറിയൊരു സൈന്യത്തിന് നമ്മുടെ ശരീരത്തിന് വിട്ടുകൊടുക്കുകയാണ് ശരിക്കും വാക്‌സിനിലൂടെ ചെയ്യുന്നത്. ചുരുങ്ങിയത് ആരോടാണ് പോരാടുന്നതെന്നറിഞ്ഞതിന്റെ പേരില്‍ നാശനഷ്ടങ്ങള്‍ അല്‍പം കുറയുകയെങ്കിലും ചെയ്താല്‍ മെച്ചമായി എന്ന ലാഭക്കണ്ണാണ് അതിലുള്ളത്! ആയതിനാല്‍, പരാജയപ്പെട്ട ഓരോ അനുഭവത്തില്‍ നിന്നും വീഴ്ചകളില്‍ നിന്നും പാഠമുള്‍ക്കൊള്ളുക. പരാജയം തന്നെയാണ് നമ്മെ കൂടുതല്‍ ജാഗരൂകരാക്കുന്നത്.

ഗുണപാഠം 2
നിനക്ക് മനസ്സിലാകാത്തൊരു പോരാട്ടത്തില്‍ ഒരിക്കലും തലയിടരുത്. കൂട് തുറന്ന് രക്ഷപ്പെടുത്താമെന്ന് കരുതിയ ആളാണ് ആ പൂമ്പാറ്റയെ കൊന്നുകളഞ്ഞത്. സ്വയം പൊരുതി ജയിച്ചു വേണമായിരുന്നു അതിനു പുറത്തുവരാന്‍. സഹായമാണ് അതിനെ നശിപ്പിച്ചുകളഞ്ഞത്. ആര്‍ക്കും പകരമായി പോരാട്ടത്തിന് നീ പോവേണ്ടതില്ല. ചിലപ്പോള്‍ അവര്‍ സ്വന്തമായി ജയിച്ചുവരേണ്ട പോരാട്ടമാവുമത്. സഹായം തേടുന്നവര്‍ക്ക് മാത്രം സഹായം ചെയ്യുക.

നിന്നെ ബാധിക്കാത്ത പോരാട്ടങ്ങളില്‍-വിശേഷിച്ച് അതിന്റെ സ്വഭാവം നീ മനസ്സിലാക്കിയിട്ടില്ലെങ്കില്‍- നീ കടന്നുചെല്ലരുത്. സാഹചര്യം മനസ്സിലാക്കാന്‍ നീ ധൃതികൂട്ടുകയുമരുത്. ആരെങ്കിലും തന്റെ കണ്ണ് ചൂഴ്‌ന്നെടുത്തെന്ന പരാതിയുമായി വന്നാല്‍ വേഗം അയാളെ സഹായിക്കാന്‍ ചെല്ലരുത്. ചിലപ്പോള്‍ ഒറ്റക്കണ്ണനായ അയാള്‍ മറ്റെയാളെ അന്ധനായിക്കണ്ട് രണ്ട് കണ്ണുകളും ചൂഴ്‌ന്നെടുക്കാന്‍ സാധ്യതയുണ്ട്.

സുഗമമായ ജീവിതവ്യവസ്ഥ നടപ്പിലാവാന്‍ നമ്മുടെ ഇടപെടല്‍ ഇല്ലാതിരിക്കേണ്ട ഇത്തരം ചില പോരാട്ടങ്ങള്‍ നമുക്കു ചുറ്റുമുള്ള പരിസ്ഥിതിയിലുമുണ്ട്. മാന്‍കൂട്ടങ്ങളെയൊക്കെ സിംഹം വേട്ടയാടാന്‍ ചെല്ലുമ്പോള്‍ നാം സംരക്ഷിക്കുകയാണെങ്കില്‍ അസഹനീയമാം വിധം മാനുകള്‍ പെരുകുകയും സിംഹങ്ങള്‍ ചത്തൊടുങ്ങുകയും ചെയ്യുമല്ലോ. ഇക്കാര്യം നമുക്കറിയാവുന്നതു കൊണ്ടുതന്നെ ഇതില്‍ നാമിടപെടുന്നില്ല. ജീവന്‍ കൊണ്ടോടല്‍ മാനുകളുടെയും അതിനെ പിടിക്കാന്‍ വേണ്ടി പുറകെ ഓടല്‍ സിംഹത്തിന്റെയും പ്രകൃതിയാണ്. ഇക്കാര്യം സുവ്യക്തമാണ്.

അതേസമയം, പ്രത്യക്ഷത്തില്‍ നമുക്ക് മനസ്സിലാക്കാനാവാത്ത ചില പോരാട്ടങ്ങളുണ്ടാവും. അത്തരം കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയെന്നതാണ് അടിസ്ഥാനപരമായി നാം ചെയ്യേണ്ടുന്ന കാര്യം. മുന്നിലോടുന്നവന്‍ എന്നും അക്രമിക്കപ്പെട്ടവനും പിന്നിലോടുന്നവന്‍ എന്നും അക്രമിയുമാവണമെന്നില്ല. ‘അറിയുന്നവര്‍ക്കറിയാം, അറിയാത്തവര്‍ പലതും പറയും’ എന്ന് അറബിയിലൊരു ചൊല്ലുണ്ട്.

അതിന്റെ പിന്നിലൊരു കഥയുണ്ട്. അതിങ്ങനെയാണ്. ഒരു മനുഷ്യന്‍ തന്റെ വീട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ ഭാര്യ മറ്റൊരാളുമായി കിടക്ക പങ്കിടുന്നത് കാണാനിടയായി. തന്റെ അരയിലുള്ള കത്തിയുമായി അയാള്‍ക്കു നേരെ ചെന്നതോടെ ജീവനും കൊണ്ടയാളോടി. ഓടുന്നതിനിടെ അയാള്‍ വീട്ടുകാര്‍ വീടിനു പുറത്തായി ഉണക്കാനിട്ടിരുന്ന തുവര അല്‍പം തന്റെ കൈപ്പിടിയിലൊതുക്കി. ഓടിയോടി ആള്‍ക്കൂട്ടത്തിനിടയിലെത്തിയപ്പോള്‍ ജനങ്ങളൊക്കെ കാണുന്നത് കയ്യില്‍ അല്‍പം തുവരയുമായി ഓടുന്ന ആ മനുഷ്യനെയും പിറകില്‍ കത്തിയുമായി വരുന്ന ഭര്‍ത്താവിനെയുമാണ്. കൂടിനിന്ന ജനങ്ങളൊക്കെ ഭര്‍ത്താവിനോടായി പറഞ്ഞു:’ഒരുപിടി തുവരക്ക് വേണ്ടിയാണോ നിങ്ങളൊരു മനുഷ്യനെ കൊല്ലാന്‍ പോവുന്നത്!?’. അപ്പോളയാള്‍ കൊടുത്ത മറുപടിയാണ് പ്രസിദ്ധ പഴമൊഴിയായി മാറിയത്!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles