Current Date

Search
Close this search box.
Search
Close this search box.

അന്നയാൾ ശുഭരാത്രി പറയാൻ എത്തിയില്ല ! 

ഒരു മീറ്റ് ഫ്രീസിംഗ് ഫാക്ടറിയില്‍ ജവാന്‍ എന്നു പേരുള്ളൊരു ചെറുപ്പക്കാരന്‍ ജോലി ചെയ്തിരുന്നു. ഒരു ദിവസം ആളുകളൊക്കെ പിരിഞ്ഞുപോയശേഷം മെഷീനുകള്‍ കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ടോ എന്നു നോക്കാനായി ജവാന്‍ ഫ്രീസറിന്റെ അകത്തേക്കു കടക്കുന്നു. അപ്രതീക്ഷിതമായി പുറത്തു നിന്ന് വാതിലടയുന്നു! എല്ലാവരും ഫാക്ടറി വിട്ടുപോയെന്നും എത്ര ഒച്ചവച്ചാലും തന്നെ ആരും കേള്‍ക്കില്ലെന്നുമറിഞ്ഞിട്ടും അയാള്‍ നിര്‍ത്താതെ ഒച്ചവച്ചുകൊണ്ടിരുന്നു. അഞ്ചു മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ഫാക്ടറി കാവല്‍ക്കാരന്‍ കടന്നുവന്ന് അവസാനനിമിഷങ്ങളിലായിരുന്ന ജവാനെ ഫ്രീസ് റൂമിന്റെ വാതില്‍ തുറന്ന് രക്ഷപ്പെടുത്തുന്നു. പിന്നീട് കാവല്‍ക്കാരനോട് അവരൊക്കെയും ചോദിച്ചു:’ജവാന്‍ അകത്തുണ്ടെന്ന് നിങ്ങള്‍ക്കെങ്ങനെയാണ് മനസ്സിലായത്?!’ അയാള്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:’ഞാനിവിടെ മുപ്പത്തിയഞ്ചു വര്‍ഷമായി ജോലി ചെയ്യുന്നുണ്ട്. അകത്തും പുറത്തുമുള്ള ജോലിക്കാര്‍ക്ക് ആര്‍ക്കും ഞാനൊരു വിഷയമേ ആയിരുന്നില്ല. ജവാന്‍ എന്ന മനുഷ്യന്‍ മാത്രമായിരുന്നു എന്നും എന്നോട് പ്രഭാതത്തില്‍ ശുഭദിനം ആശംസിക്കുകയും എന്നും ജോലി കഴിഞ്ഞു തിരിച്ചുപോവുമ്പോള്‍ പുഞ്ചിരിച്ച് ശുഭരാത്രി പറയുകയും ചെയ്തിരുന്നത്. അന്നേ ദിവസം അവനെ കാണാതെ വന്നപ്പോള്‍ അത്യാഹിതം വല്ലതും സംഭവിച്ചുകാണുമെന്ന് എനിക്കുതന്നെ തോന്നിയിരുന്നു. അങ്ങനെ അന്വേഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് അവിടെ അവനെ കാണാനും രക്ഷിക്കാനുമായത്.’
ഗുണപാഠം 1
നീ വല്ലവര്‍ക്കും നന്മ ചെയ്തു കൊടുത്താല്‍ അതിനെ ഓര്‍ത്തിരിക്കരുത്. വല്ലവരും നിനക്കു നന്മ ചെയ്തുതന്നാല്‍ അതിനെ മറക്കുകയുമരുത്! ചിലപ്പോള്‍ നന്മ ചെയ്തയാള്‍ നിന്നില്‍ നിന്ന് ഒന്നും പ്രതീക്ഷിച്ചില്ലെന്നിരിക്കാം. പക്ഷേ, നീ മറക്കുകയെന്നത് മോശംകാര്യമാണ്. ആയതിനാല്‍, ജനങ്ങള്‍ക്ക് നീ ചെയ്ത ഉപകാരങ്ങളെ മണലില്‍ എഴുതിവെക്കുക, കാലത്തിന്റെ കാറ്റുവന്ന് അതിനെ മായ്ച്ചുകളയട്ടെ. ജനങ്ങള്‍ നിനക്കു ചെയ്ത ഉപകാരങ്ങളെ പാറക്കല്ലില്‍ കൊത്തിവക്കുക, അതെന്നും നിനക്ക് ഓര്‍മയുണ്ടാകട്ടെ!
ഗുണപാഠം 2
നന്മക്കു പകരമായി നന്ദികേടു മാത്രം തിരിച്ചുനല്‍കുന്നതിലും നിന്ദ്യതയായി മറ്റൊരു കാര്യവുമില്ലത്രെ! നിനക്കുവേണ്ടി ഉറക്കമിളച്ച കണ്ണുകളെ കരയിക്കലും നിന്നെ വളര്‍ത്താനായി ഉഴിഞ്ഞുവച്ച കൈകളെ തിരിച്ചുകൊത്തലും നീ കുടിച്ച കിണര്‍ മണ്ണിട്ടുമൂടലും നിനക്ക് ഭക്ഷണം നല്‍കിയ മരം വെട്ടിമുറിക്കലും അതിക്രമമല്ലാതെ മറ്റെന്താണ്! ‘നിന്റെ നായയെ നന്നായി ഭക്ഷിപ്പിച്ച് അവസാനമത് നിന്നെത്തന്നെ തിന്നുകളയുന്ന അവസ്ഥയുണ്ടാകരുതെന്ന’ അറബി പഴമൊഴി ഇവിടെ ചേര്‍ത്തുവക്കട്ടെ.
ഗുണപാഠം 3
‘നിയമം പാവങ്ങളെ സംരക്ഷിക്കുന്നില്ല’ എന്നൊരു സംഗതി തന്നെയില്ല. ഈ നിയമം മനുഷ്യര്‍ക്കു ചേര്‍ന്നതുമല്ല. അവരുടെ ലാളിത്യവും സാഹചര്യവും മുതലെടുത്ത് പച്ചയായി അവരുടെ ഇറച്ചി തിന്നാന്‍ ഈ പാവങ്ങളായ മനുഷ്യര്‍ അത്ര നിസ്സാരരായ ഇരകളോ വെറും മനുഷ്യരോ അല്ല! ഈ വെറും നിയമത്തെക്കാള്‍ മനോഹരം ഇസ്‌ലാമിന്റെ നിയമമാണ്. ‘നിങ്ങളിലെ പാവങ്ങള്‍ കാരണമായിട്ടല്ല നിങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നതെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ’ എന്നു ചോദിക്കുന്ന ഹദീസ്! മറ്റൊരു ഹദീസില്‍ ഇങ്ങനെയും കാണാം:’അല്ലാഹുവിനു വേണ്ടി സദാസമയം റുകൂഇലായിരിക്കുന്ന വൃദ്ധന്മാരും മുലകുടിക്കുന്ന കുട്ടികളും മേഞ്ഞുനടക്കുന്ന കാലികളുമൊന്നും ഇവിടെയില്ലെങ്കില്‍ എന്നോ നിങ്ങളുടെ മേല്‍ ശിക്ഷ വര്‍ഷിച്ചേനെ!’
നിയമം പാവങ്ങളെ സംരക്ഷിക്കുന്നില്ലെങ്കില്‍ പിന്നെയാരാണ് സംരക്ഷിക്കുക!? നിയമം പോലും തങ്ങളുടെ കൈക്കലാക്കാന്‍ ശക്തരായ മനുഷ്യര്‍ക്ക് എന്തിന്റെ കുറവാണുള്ളത്?! നിലവിലുള്ള അധികാരവും ശക്തിയും പ്രശസ്തിയും ബുദ്ധിയുമൊന്നും പോരാഞ്ഞിട്ടാണോ നിയമത്തിന്റെ അവിടവിടങ്ങളില്‍ നിന്നായി പലതും കട്ടെടുക്കാനുള്ള നിയമപരിരക്ഷ കൂടി അവര്‍ക്കു നല്‍കുന്നത്?! ശക്തിയുള്ളവന്റെ കൂടെ നില്‍ക്കുന്ന നിയമം, പാവപ്പെട്ടവനെ അടിച്ചൊടുതുക്കാനുള്ള അവന്റെ ആയുധമാണ്, അല്ലാതെ നീതിയുടെ അളവുകോലല്ല. പാവങ്ങളെയും ശക്തനെയും വേര്‍തിരിച്ചു മനസ്സിലാകാത്ത നിയമം അക്രമപരം തന്നെയാണ്. എല്ലാ കാര്യത്തിലും തുല്യതയെന്നത് ഒരര്‍ഥത്തില്‍ അക്രമത്തിന്റെ മറ്റൊരു രൂപം തന്നെയാണ്!
ഗുണപാഠം 4
വിനയാന്വിതനാവുക! പാവപ്പെട്ട ഒരു മനുഷ്യനെ കണ്ടാല്‍ അഭിവാദ്യം ചെയ്യുന്നത് ഒരിക്കലും നിന്റെ ‘പ്രസ്റ്റീജി’നെ ബാധിക്കാന്‍ പോകുന്നില്ല. ഒരു സാധാരണ മനുഷ്യന്റെ മുഖത്തുനോക്കി പുഞ്ചിരിക്കുന്നത് നിന്റെ മഹത്വം ഒട്ടും കുറക്കുന്നുമില്ല! സുലൈമാന്‍ നബി(അ) പുഞ്ചിരിച്ചത് ഒരുറുമ്പിനോടായിരുന്നു! ഏഴാകാശവും കടന്നുവന്ന മുഹമ്മദ് നബി കഴിഞ്ഞത് സ്വന്തം ചെരുപ്പ് വൃത്തിയാക്കിയും സ്വന്തം വസ്ത്രം തുന്നിയും ആടിന്റെ പാല്‍ചുരത്തിയും ഒരു ഗ്രാമവാസിയായ സ്ത്രീക്കുവേണ്ടി സ്വന്തം തലയില്‍ വിറകു ചുമന്നും ചെറിയ കുട്ടികളെ കളിപ്പിച്ചും ‘സ്വര്‍ഗത്തില്‍ വൃദ്ധകള്‍ കടക്കില്ലെന്നു’ പറഞ്ഞപ്പോള്‍ വിഷമിച്ച വൃദ്ധയോട് ‘യുവതിയുടെ രൂപത്തിലാണ് നിങ്ങള്‍ കടക്കുകയെന്നു’ തമാശ പറഞ്ഞുമായിരുന്നു! അബൂബക്‌റ്(റ) വഴിയിലൂടെ നടന്നുപോവുമ്പോള്‍ കുട്ടികള്‍ വസ്ത്രത്തില്‍ പിടിച്ചുവലിച്ച് ‘ഉപ്പാ, ഉപ്പാ’ എന്നു വിളിക്കുമായിരുന്നു. വിധവയായ സ്ത്രീക്കും മക്കള്‍ക്കും സ്ഥിരമായി ഭക്ഷണമെത്തിച്ചുകൊടുത്തും സ്വന്തം താടിയില്‍ നിന്ന് പുകവരുംവരെ അടുപ്പിലൂതിയും ഭക്ഷണമുണ്ടാക്കിക്കൊടുത്തും കരയുന്ന കുട്ടികളെ ചിരിപ്പിക്കുന്നതുവരെ അവിടംവിട്ടു പോകാതെയും കഴിഞ്ഞവരായിരുന്നു ഉമര്‍(റ). വലിയ മനുഷ്യര്‍ വിനയത്തിന്റെ ആള്‍രൂപങ്ങളാവുന്നു. ചെറിയ കുട്ടികള്‍ വലിയ മനുഷ്യരാവുന്നു. ആയതിനാല്‍ വിനയമുള്ളവരാവുക, വലുതാവാം. താഴെ നില്‍ക്കാന്‍ പഠിക്കുക, ഉയരാം. ലാളിത്യം സ്വീകരിക്കുക, നന്മ പലതും കൊയ്യാം!
വിവ: മുഹമ്മദ് ശാക്കിർ മണിയറ
കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles