Current Date

Search
Close this search box.
Search
Close this search box.

ഹജ്ജാജിന്റെ ചോദ്യങ്ങളും ഗള്ബാൻ ബ്ൻ ഖബഅ്‌സരിയുടെ ഉത്തരങ്ങളും

ഹജ്ജാജ് ബ്ൻ യൂസുഫ് ഒരിക്കൽ ഗള്ബാൻ ബ്ൻ ഖബഅ്‌സരിയോട് പരീക്ഷണാർഥം ചില ചോദ്യങ്ങൾ ചോദിച്ചു. ചോദിച്ച കൂട്ടത്തിൽ ‘ജനങ്ങളിൽ ഏറ്റവും മാന്യൻ ആരാണെ’ന്നും അദ്ദേഹം ചോദിക്കുകയുണ്ടായി. മറുപടി ഇതായിരുന്നു:’ദീനിൽ ഏറ്റവും പരിജ്ഞാനമുള്ളവരും സത്യം ചെയ്താൽ പാലിക്കുന്നവരും ഏറ്റവുമധികം ദാനധർമം നിർവഹിക്കുന്നവരും അശരണരോട് മാന്യമായി പെരുമാറുന്നവരും പാവങ്ങൾക്ക് അന്നമൂട്ടുന്നവരുമാണ്.’

ഗുണപാഠം 1

ആബിദിനെക്കാൾ അല്ലാഹുവിനിഷ്ടം ആലിമിനെയാണ്. രണ്ടുപേരിലും നന്മയുണ്ട്. പക്ഷേ, അല്ലാഹു ഈ ദീനിനെ സംരക്ഷിക്കുന്നത് ആലിമിലൂടെയാണ്, ആബിദുകളിലൂടെയല്ല. ആബിദിനെക്കാൾ സമൂഹത്തിന് ഉപകാരം ആലിമിലൂടെയാണ്. കാരണം, ആബിദിന്റെ നന്മകൾ അവന് സ്വന്തമായി മാത്രമുള്ളതാണെങ്കിൽ ആലിമിന്റേത് സ്വന്തത്തിനും മറ്റുള്ളവർക്കും വേണ്ടിയുള്ളതാണ്. സമുദായത്തിൽ പ്രതിസന്ധികൾ ഉണ്ടായപ്പോഴൊക്കെയും സമുദായം ആശ്രയിച്ചിരുന്നത് പണ്ഡിതരെയായിരുന്നു.

ഇബ്‌നു അബ്ബാസി(റ)നെ നോക്കൂ. ഖവാരിജുകളെ അദ്ദേഹം കടിഞ്ഞാണിട്ടത് തന്റെ ആരാധനകൾ കൊണ്ടായിരുന്നില്ല, പരന്നൊഴുകിയ അറിവു കൊണ്ടായിരുന്നു. ഉമ്മത്തിന്റെ പണ്ഡിതപ്രഭുവും തർജുമാനുൽ ഖുർആനുമായിരുന്നു അദ്ദേഹം. നബി തങ്ങൾ ദുആ ചെയ്ത് ജനങ്ങളിൽ ഏറ്റവും അറിവുള്ളവരായി അദ്ദേഹം മാറി. കുട്ടിയായിരിക്കെതന്നെ ഉമർ(റ) അദ്ദേഹത്തെ ചേർത്തുനിർത്തി. ഇതിന്റെ പേരിൽ വൃദ്ധരായ പലരും ഉമറി(റ)നെ ആക്ഷേപിച്ചപ്പോൾ അദ്ദേഹം അവരൊക്കെയുള്ള സദസ്സിൽ ഇബ്‌നു അബ്ബാസി(റ)നെ വിളിപ്പിച്ചു. എല്ലാവരോടുമായി അദ്ദേഹം ചോദിച്ചു:’അല്ലാഹുവിന്റെ സഹായവും മക്കാവിജയവും വന്നാൽ’ എന്നു തുടങ്ങുന്ന സൂറത്തുന്നസ്‌റിന്റെ ഉദ്ദേശ്യം എന്താണെന്ന് നിങ്ങൾക്കു പറയാമോ. പലരും പല ഉത്തരങ്ങളും പറഞ്ഞു. ആ സൂക്തത്തിൽ സൂചിപ്പിച്ചിട്ടുള്ളത് ഇസ്ലാമിന്റെ ഔന്നത്യമാണെന്ന് ചിലരും ഉത്തരമറിയില്ലെന്ന് മറ്റു ചിലരും പറഞ്ഞു. അവസാനം ഇബ്‌നു അബ്ബാസി(റ)നോട് നിങ്ങളെന്തു പറയുന്നുവെന്ന് ഉമർ(റ) ചോദിച്ചു. നബി തങ്ങളുടെ ആയുസ്സാണ് അതിലൂടെ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഉമർ(റ) അതു ശരിവക്കുകയും ഈ വിഷയത്തിൽ അറിവുള്ളവർ നിങ്ങൾ മാത്രമാണെന്ന് പ്രശംസിക്കുകയും ചെയ്തു.

ഖവാരിജുകൾ അലി(റ)ക്കെതിരെ രംഗത്തിറങ്ങുകയും അദ്ദേഹത്തെ വധിക്കാനായി ഒത്തുകൂടുകയും ചെയ്ത സമയത്ത് തന്റെ അറിവ് ഉപയോഗിക്കാനുള്ള സമയമാണിതെന്നദ്ദേഹം തിരിച്ചറിഞ്ഞു. മുന്തിയ വസ്ത്രം ധരിച്ച് മുന്തിയ സുഗന്ധംപൂശി അവർക്കിടയിലേക്ക് ചെന്നു. എന്താണിതെന്ന് അവരൊന്നടങ്കം അത്ഭുതം കൂറിയപ്പോൾ ‘നബിയേ, ചോദിക്കുക; തന്റെ അടിമകൾക്കായി അല്ലാഹു ഉൽപാദിപ്പിച്ച അലങ്കാര വസ്തുക്കളും ഉത്തമാഹാരങ്ങളും ആരാണു നിഷിദ്ധമാക്കിയത്?’ എന്ന സൂക്തം പാരായണം ചെയ്യുകയും അവരെല്ലാം മൗനികളായിയിരിക്കുകയും ചെയ്തു. ശേഷം ഏതൊക്കെ വിഷയങ്ങളിലാണ് നിങ്ങൾക്ക് അലി(റ)യോട് പ്രതികാരമെന്ന് ചോദിച്ചപ്പോൾ മൂന്ന് കാര്യങ്ങളിലാണെന്നവർ പ്രതിവചിച്ചു. അവയോരോന്നായി അദ്ദേഹം വിസ്തരിച്ചു.

ആദ്യത്തെ പ്രശ്‌നമായി അവർ പറഞ്ഞത് അല്ലാഹുവിന്റെ കാര്യത്തിൽ അദ്ദേഹം മധ്യസ്ഥത പറയാനുള്ള അധികാരം പുരുഷന്മാരെ ഏൽപിച്ചു എന്നതാണ്. ‘അധികാരം അല്ലാഹുവിന് മാത്രമാണെന്ന്’ അല്ലാഹു തന്നെ പറഞ്ഞിരിക്കെ പുരുഷന്മാരും മധ്യസ്ഥതയും തമ്മിലുള്ള ബന്ധം എന്താണെന്നതായിരുന്നു അവരുടെ പ്രശ്‌നം. രണ്ടാമത്തെ പ്രശ്‌നമായി അവർ പറഞ്ഞത്, അദ്ദേഹം യുദ്ധം ചെയ്തിട്ടും ഗനീമത്ത് എടുക്കുകയോ ബന്ധികളാക്കുകയോ ചെയ്തില്ല എന്നതാണ്. യുദ്ധം ചെയ്തത് അവിശ്വാസികളോടാണെങ്കിൽ അടിമകളാക്കേണ്ടതാണ്. ഇനിയവർ വിശ്വാസികൾ തന്നെയാണെങ്കിൽ അവരെ അടിമകളാക്കാനോ, എന്തിനേറെ അവരോട് യുദ്ധം തന്നെയോ പാടുള്ളതുമല്ല. മൂന്നാമത്തെ പ്രശ്‌നമായി അവർ പറഞ്ഞത്, സ്വന്തത്തെ അദ്ദേഹം അമീറുൽ മുഅ്മിനീൻ എന്ന് വിശേഷിപ്പിക്കുന്നില്ല എന്നതാണ്. അദ്ദേഹം അമീറുൽ മുഅ്മിനീൻ അല്ലെങ്കിൽ അമീറുൽ കാഫിരീൽ അല്ലേ എന്നായിരുന്നു അവരുടെ പ്രശ്‌നം.

എല്ലാം ക്ഷമാപൂർവം കേട്ടുനിന്ന ശേഷം ഇതല്ലാത്ത വേറെ വല്ല പ്രശ്‌നവും നിങ്ങൾക്കുണ്ടെയെന്നദ്ദേഹം ചോദിച്ചു. ഇല്ലെന്നു മറുപടി. അതോടെ അദ്ദേഹം കാര്യങ്ങൾ ഒന്നൊന്നായി വിശദീകരിച്ചു തുടങ്ങി:’പുരുഷന്മാരെ അദ്ദേഹം മധ്യസ്ഥത പറയാനേൽപിച്ചുവെന്നതാണല്ലോ ആദ്യത്തെ നിങ്ങളുടെ പരാതി. സത്യവിശ്വാസികളെ, ഹജ്ജ്-ഉംറയുടെ ഇഹ്‌റാമിലായിരിക്കെ നിങ്ങൾ വേട്ടമൃഗങ്ങളെ കൊല്ലരുത്. ബോധപൂർവം ഒരാൾ അതിനെ വധിച്ചാൽ, തത്തുല്യമെന്ന് നിങ്ങളിലെ രണ്ടു നീതിനിഷ്ഠർ വിധികൽപിക്കുന്ന കാലിയെ നൽകണം എന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. ഇവിടെ ഇഹ്‌റാമിലായിരിക്കുന്നൊരു മനുഷ്യൻ ഒരു മുയലിനെ വരെ കൊന്നാൽ അതിൽ പുരുഷന്മാരുടെ സാക്ഷിയാണ് സ്വീകരിക്കുമെന്ന് അല്ലാഹു പറഞ്ഞിട്ടുള്ളത്. പിന്നെയങ്ങനെയാണ് മുസ്‌ലിംകളുടെ രക്തത്തിന്റെ വിഷയത്തിൽ അല്ലാഹുവത് സ്വീകരിക്കാതിരിക്കുക!’ അവരെല്ലാവരും ശരിയെന്ന് സമ്മതിക്കുകയും ചെയ്തു. അദ്ദേഹം തുടർന്നു:’അല്ലാഹു സ്ത്രീയുടെയും ഭർത്താവിന്റെയും വിഷയത്തിൽ പറയുന്നു: ഇനി ദമ്പതിമാർക്കിടയിൽ ഛിദ്രതയുണ്ടാകുമെന്നു ഭയമുണ്ടെങ്കിൽ അവന്റെയും അവളുടെയും ബന്ധുക്കളിൽ നിന്ന് ഓരോ മധ്യസ്ഥനെ നിങ്ങൾ നിയോഗിക്കുക. ഭാര്യഭർത്താക്കന്മാർക്കിടയിലുള്ള പ്രശ്‌നത്തിൽ രമ്യതക്ക് വേണ്ടി പുരുഷന്മാരെ നിയോഗിക്കാൻ അല്ലാഹു തൃപ്തിപ്പെടുന്നുവെങ്കിൽ മുസ്‌ലിംകൾക്കിടയിൽ രമ്യതയുണ്ടാക്കാൻ അല്ലാഹു അത് ഇഷ്ടപ്പെടില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ?’ അതിനും അവർ ഇല്ലെന്ന് സമ്മതിച്ചു. ഈയൊരു വാദഗതി നിങ്ങൾ പിൻവലിച്ചോയെന്നതിനും അവർ അതെയെന്നു മറുപടി പറഞ്ഞു.

അദ്ദേഹം തുടർന്നു:’ഇനി നിങ്ങളുടെ രണ്ടാമത്തെ പ്രശ്‌നം. നിങ്ങൾ നിങ്ങളുടെ ഉമ്മ ബീവി ആഇശ(റ)യെ അടിമയാക്കുമോ?! ഉമ്മയായിരിക്കെ നിങ്ങൾ മറ്റുള്ളവരിൽ നിന്ന് അനുഭവിക്കുന്നതൊക്കെ അവരിൽ നിന്ന് അനുഭവിക്കുമോ?! ഇനി നിങ്ങൾ അങ്ങനെ അനുഭവിക്കും എന്നാണ് മറുപടിയെങ്കിൽ നിങ്ങൾ അവിശ്വാസികളായിരിക്കുന്നു. ഇനി മഹതി ഞങ്ങളുടെ ഉമ്മയല്ലെന്നാണ് നിങ്ങളുടെ മറുപടിയെങ്കിൽ അപ്പോഴും നിങ്ങൾ അവിശ്വാസികളായിരിക്കുന്നു. ‘സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്വന്തത്തെക്കാൾ സമീപസ്ഥരാണ് നബി തിരുമേനി; പ്രവാചക പത്‌നിമാർ അവരുടെ ഉമ്മമാരുമത്രേ’ എന്നാണ് ഖുർആൻ പറഞ്ഞിട്ടുള്ളത്. നിങ്ങൾ രണ്ട് വഴികേടിനിടയിലാണ് ഇപ്പോഴുള്ളത്. ഇതിൽ നിങ്ങളെ രക്ഷിക്കുന്ന വല്ല കാര്യവും നിങ്ങൾക്ക് പറയാനുണ്ടോ?!’ അവർ പരസ്പരം നോക്കുക മാത്രം ചെയ്തു. ആ വാദത്തിൽ നിന്നും പിന്മാറിയതായി അവർ സമ്മതിച്ചു.

അദ്ദേഹം തുടർന്നു:’ഇനി അദ്ദേഹം അമീറുൽ മുഅ്മിനീൻ എന്ന പേര് ഉപയോഗിക്കുന്നില്ല എന്ന നിങ്ങളുടെ മൂന്നാമത്തെ പ്രശ്‌നം. ഹുദൈബിയ്യാ സന്ധിയുടെ ദിവസം നബി തങ്ങൾ അലി(റ)യോടായി പറഞ്ഞു: അലീ, അല്ലാഹുവിന്റെ റസൂൽ മുഹമ്മദ് അംഗീകരിച്ച ഉടമ്പടിയാണിത് എന്നെഴുതൂ. അന്നേരം അവർ പറഞ്ഞു: നിങ്ങൾ അല്ലാഹുവിന്റെ റസൂലാണെന്ന് അറിയാമെങ്കിൽ നിങ്ങളോട് യുദ്ധം ചെയ്യില്ലായിരുന്നു. അപ്പോൾ നബി തങ്ങൾ പറഞ്ഞു: അലീ, അത് മായ്‌ച്ചേക്കൂ. അല്ലാഹുവേ ഞാൻ നിന്റെ റസൂലാണെന്ന് നീയും അറിയുന്ന കാര്യമാണ്. അലിയേ, അത് മായ്ച്ച് അബ്ദുല്ലായുടെ മകൻ മുഹമ്മദ് അംഗീകരിച്ച ഉടമ്പടിയാണിത് എന്നെഴുതൂ’. അല്ലാഹുവാണ, അലി(റ)യെക്കാൾ എന്തുകൊണ്ടും ഉന്നതൻ നബി തങ്ങളാണല്ലോ. താൻ റസൂലാണെന്നത് മായ്ച്ചു കളഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ ഇല്ലായ്മ ചെയ്യാത്ത കാര്യം എങ്ങനെയാണ് അലി(റ)യുടെ അമീറുൽ മുഅ്മിനീൻ സ്ഥാനത്തെയും ഇല്ലായ്മ ചെയ്യുകയെന്ന് ഇബ്‌നു അബ്ബാസ്(റ) ചോദിക്കുകയും ആ വാദത്തിൽ നിന്നും അവർ പിന്മാറുകയും ചെയ്തു. അതോടെ അവിടെ തടിച്ചുകൂടിയ മൂവായിരം പേർ തിരിച്ചുപോവുകയും ബാക്കിയുള്ളവർ സ്വീഫീൻ യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു.

ഈ വിജ്ഞാനമാണ് ഒത്തിരി പടവാളുകളെ യുദ്ധക്കളത്തിൽ നിന്ന് അകറ്റി നിർത്തിയത്. ഖുർആന്റെ സൃഷ്ടിവാദവുമായി മുഅ്തസിലികൾ രംഗപ്രവേശം ചെയ്തപ്പോൾ അവരുടെ മുന്നിൽ ധീരമായി അടിയുറപ്പിച്ചു നിന്നതും പണ്ഡിതരായിരുന്നു. അഹ്‌മദ് ബ്ൻ ഹമ്പൽ(റ) തന്റെ വാദത്തിൽ പാറപോലെ ഉറച്ചുനിന്നു. അദ്ദേഹം ബന്ധിയാവുകയും ചാട്ടവാറടിക്ക് വിധേയനാവുകയും ചെയ്തു. എന്നിട്ടും അദ്ദേഹം തന്റെ വാദത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. സമുദായം അദ്ദേഹത്തെ ഓർക്കുകയും ചെയ്യുന്നു. ‘സകാത്ത് നിഷേധികളോട് പൊരുതിയ അബൂബക്‌റും(റ) ഖുർആന്റെ സൃഷ്ടിവാദ സമയത്ത് പൊരുതിയ അഹ്‌മദ് ബ്ൻ ഹമ്പലും(റ)’ എന്ന് ഒരുമിച്ചു ചേർത്ത് സമുദായം അവരെ ഓർത്തു.

നൂറു മനുഷ്യരെ കൊന്ന ഒരു മനുഷ്യന്റെ പ്രസിദ്ധമായൊരു കഥയുണ്ടല്ലോ. തൊണ്ണൂറ്റി ഒൻപത് പേരെ കൊന്ന അയാൾ എനിക്കിനി തൗബയുണ്ടോ എന്ന് ചോദിച്ചായിരുന്നു ഒരു ആബിദിന്റെ അടുക്കൽ ചെന്നത്. ഇല്ലെന്ന് മറുപടി ലഭിച്ചപ്പോൾ അയാളെ കൂടെ വധിച്ച് നൂറു തികച്ചു. പിന്നീട് ഒരു ആലിമിനെ ചെന്നുകണ്ട് എനിക്കിനി തൗബയുണ്ടോയെന്ന് ചോദിച്ചപ്പോഴായിരുന്നു ‘സുബ്ഹാനല്ലാ, തൗബയിൽ നിന്നെ വിലക്കാൻ ആരാണുള്ളതെന്നു!’ ചോദിച്ചതും പക്ഷേ നിങ്ങിളിപ്പോഴുള്ളത് നല്ലൊരു മണ്ണിലല്ലെന്നും ഇന്ന നാട്ടിൽ പോയാൽ അവിടെ നല്ലവരായ ഒരുപാട് മനുഷ്യരുണ്ടാവുമെന്നും അവർക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കുമെന്ന് പറഞ്ഞതും. ആ നാട്ടിലേക്കുള്ള വഴിയിൽ ആ മനുഷ്യൻ മരണപ്പെടുന്നു. ബാക്കി കഥ ചിന്തിക്കാവുന്നതേയുള്ളൂ! ആരാധനകൾ മാത്രം കൊണ്ട് ഒരാളെ അവലംബിക്കാൻ പാടില്ലെന്ന്. അതേസമയം അറിവും ആരാധനയും ഒത്തുകൂടിയവരാണ് ജനങ്ങളിൽ ഏറ്റവും ഉത്തമർ! ശേഷം ഹജ്ജാജ്, ഗള്ബാൻ ബ്ൻ ഖബഅ്‌സരിയോടായി ചോദിച്ചു:’ഇനി ജനങ്ങളിൽ ഏറ്റവും ആക്ഷേപിക്കപ്പെടേണ്ടവർ ആരാണ്?’ മറുപടി ഇതായിരുന്നു:’പരിഹസിക്കാൻ വേണ്ടി സഹായം ചെയ്യുന്നവരും സഹോദരന്മാരെ നിന്ദിക്കുന്നവരും പല മുഖങ്ങളുള്ളവരുമാണ്.’

ഗുണപാഠം 2

ഒന്നിലേറെ മുഖങ്ങളുള്ള ഒരുപാട് മനുഷ്യരെ കാണാം. സാഹചര്യത്തിനനുസരിച്ചവർ ഒരു മുഖം അഴിച്ചുവെക്കുകയും അടുത്തത് എടുത്തണിയുകയും ചെയ്യും, വസ്ത്രമഴിച്ചു മാറ്റുംപോലെ. ദീനുള്ളവർക്കിടയിലിരുന്നാൽ അവനാവും ഏറ്റവും വലിയ ദീനി ഭക്തൻ. അതേസമയം, തെമ്മാടികൾക്കിടയിലിരുന്നാൽ അവനാവും വലിയ തെമ്മാടിയും. അധികാരികളെ കണ്ടാൽ ഏറ്റവും വിധേയത്വമുള്ളവനും ശത്രുക്കളെ കണ്ടാൽ ഏറ്റവും വലിയ വിരോധമുള്ളവനും അവൻ തന്നെയാവും. ഒരു മുഖവും സ്ഥായിയായി നിങ്ങൾക്കു കാണാൻ സാധിക്കില്ല. നിറം മാറുന്ന ഓന്തുപോലെ നിൽക്കുന്നയിടത്തെ നിറമത് സ്വീകരിക്കും. മരത്തൊലിയിൽ ചാരനിറവും മരച്ചില്ലയിൽ പച്ചയും ഉണങ്ങിയ പുല്ലിന്മേൽ മഞ്ഞയും അത് സ്വീകരിക്കും. നിനക്കോ അതിനു തന്നെയോ അതിന്റെ കൃത്യമായ നിറമറിയില്ല! പക്ഷേ, ഒരർഥത്തിൽ ഇത്തരക്കാരെക്കാൾ എത്രയോ ഭേതമാണ് ഓന്ത്. ഓന്ത് നിറം മാറുന്നത് ശത്രുക്കളിൽ നിന്നും മറ്റും രക്ഷതേടിയാണ്.

മൂല്യങ്ങളോ പ്രമാണങ്ങളോ ഇല്ലാത്ത ജന്തുലോകത്ത് ഇരതേടുകയും കൂടുതൽ കാലം ജീവിക്കുകയും മാത്രം ലക്ഷ്യമുള്ളൊരു ജീവിയാണത്. അതിന്റെ നിറംമാറ്റത്തിൽ അതിനെ ആക്ഷേപിക്കുക സുഖകരമല്ല. അതേസമയം, ഈ മനുഷ്യർ എന്തിനാണ് നിറംമാറുന്നതെന്നാണ് വ്യക്തമാവാത്തത്! അവർക്ക് സ്വന്തത്തോട് എന്തു ബഹുമാനമാണുള്ളതെന്നും നിനക്കോ അവർക്കോ അറിയാത്തതു പോലെ! മൂല്യങ്ങളോ സ്വഭാവമഹിമയോ ഇല്ലാത്ത വലിയൊരു ഓന്തുമാത്രം! ഈ നിറം മാറ്റം കാപട്ത്തിന്റെ മറ്റൊരു ഭാഷ്യമാണ്. തനി അവിശ്വാസിക്ക് അല്ലാഹുവിങ്കൽ കപടനായ മുനാഫിഖിനെക്കാൾ കുറവ് ശിക്ഷയാണെന്നാണല്ലോ.

സ്വതന്ത്രനായ മനുഷ്യന് ഒരിക്കലും കപടനാവാൻ കഴിയില്ലത്രെ. അതുകൊണ്ടാണ് യഥാർഥ അറബികൾ, അവർക്കിടയിലെ അവിശ്വാസികൾ പോലും മൂല്യങ്ങളുള്ളവരായത്! അക്കാലത്ത് ഖുറൈശികളിൽ തങ്ങളുടെ അവിശ്വാസമോ വിശ്വാസമോ പരസ്യപ്പെടുത്തിയ അവിശ്വാസികളും വിശ്വാസികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ അവിശ്വാസം വ്യക്തമാക്കാൻ ഭയക്കാത്ത അവിശ്വാസിയും എത്ര ത്യാഗങ്ങൾ സഹിച്ചും തങ്ങളുടെ വിശ്വാസം കൈവെടിയാത്ത വിശ്വാസിയുമാണ് അവിടെയുണ്ടായിരുന്നത്. മദീനയിലാണ് പിന്നീടാണ് കാപട്യം(നിഫാഖ്) ഉണ്ടായത്. ഹജ്ജാജ് ഗള്ബാൻ എന്നവരോട് ചോദ്യം തുടർന്നു:’ജനങ്ങളിൽ ഏറ്റവും മോശപ്പെട്ടവർ ആരാണ്?’ അദ്ദേഹം മറുപടി പറഞ്ഞു:’അവരിൽ കൂടുതലായി കുട്ടിത്തമുള്ളവരും പരുഷസ്വഭാവമുള്ളവരും കൂടുതലായി ഒഴിഞ്ഞിരിക്കുന്നവരും അതികഠിനരുമാണ്!’

ഗുണപാഠം 3

പരുഷസ്വഭാവമുള്ളവർ!

തർക്കങ്ങൾ ജനങ്ങൾക്കിടയിൽ സ്വാഭാവികമാണ്. അതൊരു ആരോഗ്യപരമായ ഗുണമല്ലെങ്കിലും ഒരു സ്വാഭാവിക പ്രവർത്തനമാണ്. ജനങ്ങളെന്നാൽ വ്യത്യസ്ത ചിന്തകളും രുചികളും ബുദ്ധികളും മൂല്യങ്ങളും സ്വഭാവങ്ങളുമാണ്. ഇവയെല്ലാം മാറുന്തോറും അതുള്ള ആൾക്കാറും മാറും, സ്വഭാവികം. ആ ബഹുസ്വരതയാണീ ജീവിതത്തെ ഇത്ര സുന്ദരമാക്കുന്നത്. എല്ലാവരും ഒരുപോലെയാണെങ്കിൽ ഈ ഭൂമിയൊരു വരണ്ട ഇടമായേനെ. പക്ഷേ, വലിയ മനുഷ്യരെ തിരിച്ചറിയുന്നത് തർക്കങ്ങളിലാണ്, യോജിപ്പിലല്ല. യോജിപ്പിന്റെ വിഷയത്തിൽ ജനങ്ങളെല്ലാം ഒരുപോലെ തന്നെ. പക്ഷേ ഭിന്നാഭിപ്രായക്കാരവുമ്പോഴാണവർ വേർതിരിയുന്നത്. വലിയ മനുഷ്യന്മാരും ചെറിയ മനുഷ്യന്മാരും അപ്പോഴാണ് വേർതിരിച്ചറിയുക.

യുനുസുസ്സ്വദഫി എന്നവർ പറുന്നു:’ഇമാം ശാഫിഈയെക്കാൾ ബുദ്ധിമാനായൊരു മനുഷ്യനെ ഞാൻ കണ്ടില്ല. ഒരിക്കൽ ഒരു വിഷയത്തിൽ ഞങ്ങളിരുവരും തർക്കിച്ചു പിരിയുകയുണ്ടായി. ഒരുപാട് കാലത്തിനു ശേഷം കണ്ടപ്പോൾ എന്റെ കൈപിടിച്ചദ്ദേഹം പറഞ്ഞു, ഓ അബൂ മൂസാ, ഏതോ ഒരു വിഷയത്തിൽ ഭിന്നാഭിപ്രായക്കാരനാണെന്നുവച്ച് നമ്മൾ സഹോദരന്മാരല്ലാതാവുന്നില്ലല്ലോ!’ ബുദ്ധിയുള്ളവർ ചിന്തകളിൽ പരസ്പരം ഭിന്നാഭിപ്രായങ്ങളുണ്ടാവുമ്പോൾ ചെയ്യുന്നതിതാണ്. മനുഷ്യന്റെ ഏറ്റവും മൂല്യമേറിയ സ്വഭാവങ്ങളിലൊന്നാണത്. പിന്നെയുമെന്തിനാണ് മനുഷ്യൻ വളരെ വിലകുറഞ്ഞ രീതിയിൽ തർക്കിച്ച് ചെറുതാവുന്നത്! തർക്കങ്ങളുണ്ടാവുമ്പോൾ ജനങ്ങൾ മൂന്നു വിധത്തിലാവും.

ഒന്നാം വിഭാഗം പെട്ടെന്ന് കോപിക്കുകയും തണുക്കുകയും ചെയ്യുന്ന പ്രകൃതക്കാരാവും. വളരെ നല്ല മനുഷ്യരും എന്നാൽ വികാരജീവികളുമാവും. സ്വന്തം ഹൃദയമോ ബുദ്ധിയോ അവരുടെ കൈകളിലുമാവില്ല. ആദ്യ അഭിപ്രായ ഭിന്നതയുടെ നിമിഷത്തിൽ തന്നെ അവർ കോപിക്കുന്നതും അതേവേഗത്തിലത് ശക്തമാവുന്നതും കാണാം. ഇതൊരു മോശം സ്വഭാവമാണെങ്കിലും അതിവേഗം തന്നെ അവർ തങ്ങളുടെ പൂർവസ്വഭാവത്തിലേക്ക് മാറുന്നതും കാണാം. അവരെ സമാധാനിപ്പിച്ചാൽ ഉടനടി അവർ തൃപ്തിപ്പെടുകയും ചെയ്യും. രണ്ടാം വിഭാഗം പതിയെ മാത്രം കോപിക്കുകയും പെട്ടെന്ന് തണുക്കുകയും ചെയ്യുന്നവരാണ്. സ്വന്തം കടിഞ്ഞാൺ കയ്യിലുള്ള, അപൂർവമായി മാത്രം കോപിക്കുന്ന, വീഴ്ചകളിൽ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ഇത്തരക്കാർ എന്തുകൊണ്ടും ജനങ്ങളിൽ അത്യുത്തമരാണ്. ഒടുക്കം, അവരും മനുഷ്യരാണല്ലോ.

കോപിക്കുകയും ചെയ്യും. പിന്നെ കുട്ടികളെ പോലെയാണ്, വേഗത്തിൽ മറന്നുകളയുകയും വിട്ടുകളയുകയും ചെയ്യും. മൂന്നാമത്തെ വിഭാഗം, വേഗത്തിൽ കോപിക്കുകയും മെല്ലെ മാത്രം തണുക്കുകയും ചെയ്യുന്നവരാണ്. ജനങ്ങളിൽ ഏറ്റവും ദുഷിച്ച വിഭാഗം ഇവരാണ്. അവർ കോപിക്കാതിരിക്കാനും എപ്പോഴും തൃപ്തരായിരിക്കാനും നീ താഴ്ന്നുകൊടുക്കാൻ ശീലമാക്കുക. അത്തരക്കാരെ ജാഗ്രതയോടെ നോക്കിക്കാണുക! ഹജ്ജാജ്, ഗള്ബാൻ എന്നവരോട് തുടർന്നും ചോദിച്ചു:’ജനങ്ങളിൽ ഏറ്റവും ധീരനാരാണ്?’ അദ്ദേഹം മറുപടി പറഞ്ഞു:’വാളുകൊണ്ട് ഏറ്റവും ശക്തമായി വെട്ടുന്നവനും അതിഥിയെ ഏറ്റവും മനോഹരമായി സൽക്കരിക്കുന്നവനും അക്രമം ഉപേക്ഷിക്കുന്നവനുമാണ്.’

ഗുണപാഠം 4

അതിഥികളെ മനോഹരമായി സൽക്കരിക്കുന്നവൻ!

മാന്യതയൊരു ധീരതയാണോ? അതെ, ധീരതയാണ് എന്നാണുത്തരം! കാരണം, മാന്യതക്ക് സമ്പത്ത് ചെലവഴിക്കുകയെന്ന ഗുണം അനിവാര്യമാണ്. മനുഷ്യനാണെങ്കിൽ പ്രകൃത്യാ സമ്പത്തിൽ അത്യാഗ്രഹമുള്ളവനുമാണ്. അതുകൊണ്ടാണ് അറബികൾ എല്ലാ വിധ ഗുണങ്ങളുണ്ടായാലും ഒരാൾ പിശുക്കനാണെങ്കിൽ അയാളെ ഗോത്രങ്ങളുടെ നേതാവാക്കി നിയോഗിക്കാതിരുന്നത്. മാലാഖമാരോടൊത്തുള്ള ഇബ്‌റാഹിം നബിയുടെ കഥയിൽ ആതിഥ്യമര്യാദയുടെയും ആതിഥ്യകലയുടെയും വലിയ പാഠങ്ങളുണ്ട്.

ഈ മതമെന്നാൽ ആലോചിക്കുന്നവർക്ക് ഒരു ‘ഈറ്റിക്വിറ്റി'(മര്യാദകൾ) യാണ്! അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു:’അങ്ങനെയദ്ദേഹം വേഗം സഹധർമിണിയുടെയടുത്ത് ചെന്നു. എന്നിട്ട് തടിച്ച കാളക്കുട്ടിയെ പാകം ചെയ്ത് കൊണ്ടുവന്ന് അവരുടെയടുത്തേക്ക് വെച്ച് കഴിക്കുകയല്ലേ എന്ന് ചോദിച്ചു’. ഇവിടെ ഭാര്യയുടെ അടുത്ത് ചെന്നു എന്നതിന് അല്ലാഹു ഉപയോഗിച്ച പദം ‘റാഗ’ എന്നാണ്, അഥവാ ശബ്ദങ്ങളുണ്ടാക്കാതെ പതിയെ ഊർന്നു പോവുംപോലെ എന്നർഥം. ആതിഥേയൻ തങ്ങളെക്കൊണ്ട് ബുദ്ധിമുട്ടിയെന്ന് അതിഥികൾക്ക് തോന്നാത്തവിധം വളരെ ലാഘവത്തോടെ കാര്യങ്ങൾ ചെയ്യുന്നതുപോലെ എന്നർഥം. നിങ്ങൾക്ക് സ്വാഗതം, ഞാനിതാ ഭക്ഷണം കൊണ്ടുവരാമെന്നുപോലും അദ്ദേഹം പറഞ്ഞില്ല.

അങ്ങനെ പറയുന്നതൊരു മോശം കാര്യവുമല്ല തന്നെ. പക്ഷേ ഇബ്‌റാഹിം നബി ചെയ്തത് വളരെ ശാന്തമായും രഹസ്യമായും ചെന്ന് തനിക്കേറ്റം ഇഷ്ടപ്പെട്ട തടിച്ച കാളക്കുട്ടിയെ പാകം ചെയ്തു കൊണ്ടുവരികയായിരുന്നു. തങ്ങളുടെ ഭക്ഷണത്തിന്റ ബാക്കിവന്നതോ അല്ലെങ്കിൽ മെലിഞ്ഞതോ അല്ല അദ്ദേഹം സേവിച്ചത്. അദ്ദേഹത്തെ സംബന്ധിച്ച് പരിചയമില്ലാത്തൊരു കൂട്ടരായിട്ടുമാണ് അദ്ദേഹമിതു ചെയ്തത്. പക്ഷേ, ആൾക്കാരുടെ നിലവാരമനുസരിച്ചല്ല, തങ്ങളുടെ നിലവാരമനുസരിച്ചാണ് ആൾക്കാർക്ക് കൊടുക്കേണ്ടതെന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുന്നു. ശേഷം ഭക്ഷണം തയ്യാറാക്കി അവരെ അതിനടുത്തേക്ക് ക്ഷണിക്കാതെ ഭക്ഷണം അവരുടെ അടുത്ത് കൊണ്ടുവെക്കുകയാണദ്ദേഹം ചെയ്യുന്നത്!

 

വിവ: മുഹമ്മദ് ശാക്കിർ മണിയറ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles