Current Date

Search
Close this search box.
Search
Close this search box.

ആ തീയും പുകയും ഒരു സൂചനയായിരുന്നു

പറഞ്ഞുകേട്ടിട്ടുള്ളൊരു കഥയാണ്. ഒരു കപ്പല്‍ നടുക്കടലിലൂടെ സഞ്ചരിക്കവെയായിരുന്നു വലിയൊരു കൊടുങ്കാറ്റ് അതിനെ തകര്‍ത്തുകളഞ്ഞത്. യാത്രക്കാരില്‍ ഒരാളല്ലാത്ത മറ്റെല്ലാവരും മരണത്തിനു കീഴടങ്ങി. തിരകള്‍ അയാളെ ഏകാന്തമായൊരു ദ്വീപിലെത്തിച്ചു. അവിടെ കിട്ടാവുന്ന പഴങ്ങളും മത്സ്യങ്ങളും മറ്റു മൃഗങ്ങളുടെ മാംസവും കഴിച്ച്, അരുവിയിലെ വെള്ളം കുടിച്ച് അയാള്‍ ജീവിതം കഴിച്ചുകൂട്ടി. രാപ്പാര്‍ക്കാനായി ചെറിയൊരു കൂരയും അയാള്‍ നിര്‍മിച്ചിരുന്നു. അങ്ങനെയൊരു ദിവസം, ഭക്ഷണം പാകം ചെയ്യാന്‍ വെച്ച് ചുറ്റുവട്ടം ഒന്ന് അയാള്‍ നടക്കാനിറങ്ങിയപ്പോഴാണ് കൂരക്ക് തീപിടിച്ചത്. നടത്തം കഴിഞ്ഞ് തിരിച്ചെത്തിയ അയാള്‍ കണ്ടത് വെറും ചാരം മാത്രമായിരുന്നു. അയാള്‍ അട്ടഹസിച്ചു: “എന്തിനാണു റബ്ബേ എന്നോടു തന്നെ ഇതെല്ലാം!? ഞാനുണ്ടാക്കിയ കൂര പോലും എന്നില്‍ നിന്നു പിടിച്ചെടുത്തല്ലോ നീ!”. ദേഷ്യവും സങ്കടവും വിശപ്പും സഹിച്ച് അയാളന്നു രാത്രി തള്ളിനീക്കി. എന്നാല്‍ രാവിലെ ഉണര്‍ന്നപ്പോഴതാ അദ്ദേഹത്തെ രക്ഷിക്കാനുള്ള വഞ്ചിയുമായി ഒരു സംഘം വന്നിരിക്കുന്നു! അയാള്‍ അത്ഭുതത്തോടെ ചോദിച്ചു: എങ്ങനെയാണ് നിങ്ങളെന്റെ സ്ഥലം മനസ്സിലാക്കിയത്?! അവര്‍ പറഞ്ഞു: “ദൂരെ നിന്ന് ഞങ്ങളൊരു തീ കണ്ടിരുന്നു. ആരോ രക്ഷപ്പെടുത്താനുള്ള സൂചന നല്‍കുന്നതാണെന്നു ഞങ്ങള്‍ മനസ്സിലാക്കി. അങ്ങനെയാണ് ഞങ്ങള്‍ ഇവിടെയെത്തിയത്”!

ഗുണപാഠം 1
മനുഷ്യന്‍ പലപ്പോഴും പ്രയാസങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന സന്തോഷങ്ങളെ കാണാറില്ല. നമുക്ക് സംഭവിച്ച, നമ്മള്‍ പ്രയാസങ്ങളെന്നു കരുതിയ പലതും നന്മയായിരുന്നെന്നും നമ്മള്‍ സുഖമെന്നു കരുതിയ പലതും പ്രയാസമായിരുന്നെന്നും പലപ്പോഴും കാലങ്ങള്‍ക്കു ശേഷമാണ് നമുക്ക് മനസ്സിലാവുക. മനുഷ്യന്റെ പ്രഥമദൃഷ്ടി എത്രമാത്രം പരിമിതമാണെന്ന് മൂസാ നബിയുടെയും ഖിദ്‌റിന്റെയും സംഭവം നമ്മോടു പറയുന്നുണ്ട്. പാവപ്പെട്ട മുക്കുവന്മാരുടെ കപ്പലില്‍ മൂസ നബിയും ഖിദ്‌റും കയറിയപ്പോള്‍ ഖിദ്‌റ് (അ) കപ്പലിന് ദ്വാരം ഉണ്ടാക്കുന്നു. മനുഷ്യന്റെ ദൃഷ്ടിയില്‍, പാവപ്പെട്ട മുക്കുവന്റെ ഉപജീവനമാര്‍ഗമായ കപ്പലിന്, അതും കടലില്‍വച്ച് ദ്വാരം വീഴുന്നതിലും മോശമായ മറ്റൊന്നുമില്ലല്ലോ. പക്ഷെ, അല്ലാഹുവിന്റെ കാരുണ്യമില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ കപ്പലിന് ദ്വാരം വീഴുന്നതിലും അതിഭീകരമായേനെ. അവരുടെ പിറകെ കപ്പല്‍ മോഷ്ടിക്കുന്നൊരു രാജാവു ണ്ടായിരുന്നു. ഇവരുടെ കപ്പലിന് ദ്വാരം കണ്ടതിനാല്‍ അതുവേണ്ടെന്നു വെക്കുകയും മുക്കുവന്മാര്‍ യാത്ര തുടരുകയും അടുത്ത കരയില്‍ വച്ച് അറ്റകുറ്റപ്പണി നടത്തി യാത്ര തുടരുകയും ചെയ്തു. ഇതിലേതാണ് പ്രയാസകരം? അല്‍പനേരത്തെ പ്രയാസത്തിനു ശേഷം കാര്യങ്ങളൊക്കെ പഴയ മുറക്കാവുന്നതോ അല്ല കൊള്ളക്കാരനായ രാജാവ് കപ്പല്‍ മോഷ്ടിച്ച് യാത്രക്കാരെ നടുക്കടലില്‍ ഉപേക്ഷിച്ചു പോവുന്നതോ?! വലിയ പ്രയാസങ്ങളില്‍ നിന്നു രക്ഷിക്കാന്‍ അല്ലാഹു ചെറുതു കൊണ്ട് പരീക്ഷിക്കും! അവനെത്ര ഉന്നതന്‍! അവന്റെ പരീക്ഷണങ്ങളും അനുഗ്രഹമാണ്!
തുടര്‍ന്നുള്ള യാത്രയില്‍ ഖിദ്‌റ് (അ) ചെറിയ കുട്ടിയ കൊന്നത്, മനുഷ്യദൃഷ്ടിയില്‍ തെമ്മാടിത്തത്തിന്റെയും ക്രൂരതയുടെയും പാരമ്യമാണ്. മനുഷ്യന് തന്റെ കരളിന്റെ കഷ്ണമായ മകന്‍ നഷ്ടപ്പെടുന്നതും അവനെ സ്വന്തം കൈകൊണ്ട് മറവു ചെയ്യേണ്ടി വരുന്നതും എന്തുവലിയ പ്രയാസമാണ്! പക്ഷെ, അല്ലാഹു കാരുണ്യവാനാണ്, പരലോകത്തു ശമനവും സുഖവും നല്‍കാനായി ഇഹലോകത്തു വേദന നല്‍കുന്നവന്‍. ആ കുട്ടി വളര്‍ന്നു വലുതായാല്‍ തന്റെ മാതാപിതാക്കളെ സത്യദീനില്‍ നിന്ന് പുറത്തുചാടിക്കുമെന്നത് അല്ലാഹുവിന്റെ മുന്‍ തീരുമാനമായിരുന്നു. ഇതിലേതു കാര്യമാണ് പ്രയാസകരം? ഒരു മകനെ നഷ്ടപ്പെട്ടതിന്റെ വേദന സഹിച്ച് പരലോകത്ത് സ്വര്‍ഗം പുല്‍കുന്നതോ അല്ല ഇരുവര്‍ക്കും ഇഹലോകവും പരലോകവും നഷ്ടമാവുന്നതോ?! പ്രയാസകരമായ കാര്യങ്ങള്‍ എപ്പോഴും കൂടുതല്‍ പ്രയാസകരമാവാം. പക്ഷെ, കാരുണ്യവാനായ റബ്ബ് ഒരു വേദനയുള്ള തീരുമാനത്തിലും അവന്റെ കാരുണ്യം ഒളിപ്പിച്ചുകാണും!

ഗുണപാഠം 2
പ്രയാസങ്ങളുടെ കയ്പ്പുനീരറിയാത്ത ആരാണ് ദുനിയാവിലുള്ളത്. ഈ ലോകമെന്നാല്‍ പ്രയാസങ്ങളുടെയും സഹനങ്ങളുടെയും ലോകം തന്നെയാണ്. സീറയുടെ ഗ്രന്ഥങ്ങളില്‍ കാണാം; ദുല്‍ഖര്‍നൈന്‍ (റ) ബാബിലില്‍ എത്തിയപ്പോള്‍ ശക്തമായ രോഗം ബാധിക്കുകയുണ്ടായി. തന്റെ അവസാന നിമിഷങ്ങളാണ് അതെന്ന് അദ്ദേഹം മനസ്സിലാക്കി. മാതാവിന്റെ ഏക മകനായിരുന്നു അദ്ദേഹം. മാതാവിന് വലിയൊരു ആടിനെ കൊടുത്തയച്ച് അദ്ദേഹമെഴുതി: “പ്രിയപ്പെട്ട ഉമ്മാ, ഈ ആടിനെ നിങ്ങളുടെ അടുക്കല്‍ സൂക്ഷിച്ചുവെക്കുക. ഞാന്‍ മരിച്ചാല്‍ അതിനെ അറുത്ത് പാകം ചെയ്യുക. ശേഷം ജനങ്ങളോടായി വിളിച്ചുപറയുക: ഒരു പ്രയാസവും ഇതുവരെ അനുഭവിക്കാത്തവര്‍ നമ്മുടെ ഭക്ഷണം കഴിക്കട്ടെ. വല്ല പ്രയാസവും അനുഭവിച്ചവര്‍ നമ്മുടെ ഭക്ഷണത്തളികയിലേക്ക് അടുക്കരുത്”. ശേഷം അദ്ദേഹത്തിന്റെ മരണവിവരം മാതാവറിഞ്ഞപ്പോള്‍ ദുആ ഇരക്കുകയും മകന്റെ വസ്വിയ്യത്ത് പൂര്‍ത്തീകരണം നടത്താന്‍ തയ്യാറാവുകയും ചെയ്തു. കല്‍പിക്കപ്പെട്ട പ്രകാരം ഭക്ഷണം പാകം ചെയ്ത് ജനങ്ങള്‍ക്കിടയില്‍ പ്രഖ്യാപനം നടത്തുകയും ചെയ്തു. ഭക്ഷണം കഴിക്കാന്‍ ഒരാള്‍ പോലും വന്നില്ലെന്നു കണ്ടപ്പോള്‍ തന്റെ മകന്‍ തനിക്കു നല്‍കാനുദ്ദേശിച്ച സന്ദേശം ആ മാതാവ് മനസ്സിലാക്കി. കരയാത്ത കണ്ണുകളോ വേദനിക്കാത്ത മനുഷ്യരോ ഇല്ലെന്ന കാര്യം. ആ മാതാവു പറഞ്ഞു: “എത്ര അനുഗ്രഹം ചെയ്ത മകനാണു നീ! ജീവിതകാലത്തും മരണത്തിലും നീയെനിക്ക് ഉപദേശം നല്‍കി!”

ഗുണപാഠം 3
ഓരോ വീടുകളും രഹസ്യങ്ങളുടെ കലവറയാണ്. വലിയ കൊട്ടാരത്തില്‍ ചെറിയ കുടിലിനെക്കാള്‍ കുറവേ പ്രയാസങ്ങള്‍ ഉണ്ടാകാവൂ എന്നില്ല. പക്ഷെ, ജനങ്ങള്‍ പ്രയാസങ്ങളെക്കുറിച്ചു സംസാരിക്കുന്നില്ല എങ്കില്‍ അവര്‍ക്ക് പ്രയാസങ്ങളില്ല എന്നര്‍ഥമില്ല. ഒരു സ്ത്രീ ശൈഖിന്റെ അടുക്കല്‍ ചെന്ന് ത്വലാഖ് വേണമെന്നു പറഞ്ഞു. എന്തിനാണെന്നു ചോദിച്ചപ്പോള്‍ എന്റെ ഭര്‍ത്താവിനെ സഹിക്കാനാവുന്നില്ലെന്നു പറഞ്ഞു. അയാള്‍ പറഞ്ഞു: “ശരി, ത്വലാഖ് വാങ്ങിത്തരാന്‍ ഞാന്‍ നിങ്ങളെ സഹായിക്കാം. പക്ഷെ, ഒരു നിബന്ധനയുണ്ട്. എനിക്ക് നിങ്ങളൊരു ഭക്ഷണം പാകംചെയ്തു തരണം. അതിന്റെ ഓരോ കൂട്ടുകളും വ്യത്യസ്ത വീടുകളില്‍ നിന്നായി സംഘടിപ്പിക്കുകയും വേണം”! ആ സ്ത്രീ നിബന്ധന സ്വീകരിക്കുകയും പെട്ടെന്നു തന്നെ നടപ്പിലാക്കാനുള്ള പണികള്‍ ആരംഭിക്കുകയും ചെയ്തു. ആദ്യത്തെ അയല്‍വീട്ടില്‍ ചെന്ന് പാചകം ചെയ്യാനുള്ള പാത്രം വാങ്ങി. രണ്ടാമത്തെ വീട്ടില്‍ നിന്ന് അരിയും മൂന്നാമത്തെ വീട്ടില്‍ നിന്ന് എണ്ണയും നാലാമത്തെ വീട്ടില്‍ നിന്ന് വിറകുകളും വാങ്ങി. ഒരുപാട് വീടുകളില്‍ കയറിയിറങ്ങിയ ശേഷം പാചകത്തിനുള്ള ചേരുവകളെല്ലാം അവള്‍ ഒരുമിച്ചുകൂട്ടി. വീടുകളിലെ കറക്കത്തിനിടെ പല സ്ത്രീകളോടുമായി എന്തിനാണ് ഇങ്ങനെയൊരു വിചിത്ര ചെയ്തിയെന്ന കാര്യം അവള്‍ വിവരിക്കുന്നുണ്ടായിരുന്നു. അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ ചെയ്തികള്‍ അവള്‍ക്കും പറഞ്ഞുകൊടുത്തു. ഭര്‍ത്താക്കന്മാരുടെ സ്വഭാവത്തെക്കുറിച്ച് അവര്‍ പലരും മത്സരിച്ചു സംസാരിച്ചു. വൈകാതെ തന്നെ ‘വീട്ടില്‍ പ്രയാസമുള്ള ഏക സ്ത്രീ നീ മാത്രമല്ല! എല്ലാ വീടുകളിലും പ്രയാസങ്ങളുണ്ട്’ എന്നാണ് ശൈഖ് തന്നോട് പറയാന്‍ ഉദ്ദേശിച്ചത് എന്നും അവര്‍ മനസ്സിലാക്കി. ഈ ജീവിതം ഒരിക്കലും പരിപൂര്‍ണമല്ലെന്നും  മറ്റുള്ളവരുടെ പ്രയാസം നോക്കുമ്പോള്‍ തന്റെ പ്രയാസങ്ങള്‍ നിസാരമായി മാറുമെന്നും മനസ്സിലാക്കുകയും ഭര്‍ത്താവിനോടൊപ്പം ജീവിതം തുടരാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്തു!

ഗുണപാഠം 4
ചിലപ്പോള്‍ പരീക്ഷണങ്ങളില്‍ ഐഹികമായ യാതൊരു ഉപകാരവും ഇല്ലായിരിക്കാം. ചിലപ്പോള്‍ അത് വെറുമൊരു പരീക്ഷണം മാത്രമാവാം. എല്ലാ പ്രയാസങ്ങളും വെറും പരീക്ഷണങ്ങള്‍ മാത്രമാവാം. നമ്മളെന്താണു ചെയ്യുകയെന്ന് അവന്‍ പരീക്ഷിക്കുകയാണ്. ക്ഷമാലുക്കള്‍ക്ക് പ്രതിഫലം നല്‍കാനും ദേഷ്യപ്പെടുന്നവര്‍ക്ക് ശിക്ഷ നല്‍കാനും. അത്തരം ജീവിതസാഹചര്യങ്ങളെല്ലാം വെറും പരീക്ഷണം മാത്രമാവാം. ആയതിനാല്‍, അതില്‍ പരാജയപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക!

( തുടരും )

വിവ: മുഹമ്മദ് ശാക്കിർ മണിയറ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles