Current Date

Search
Close this search box.
Search
Close this search box.

നിന്റെ ജോലി കുറ്റമറ്റതാണെന്നു പറയാന്‍ മറ്റുള്ളവര്‍ക്കൊരു അവസരം കൊടുത്തേക്കൂ

പന്ത്രണ്ടു വയസ്സുള്ള ആ കുട്ടി ഒരു പലചരക്കു കടയില്‍ കയറി ഫോണെടുത്ത് ഒരു നമ്പറിലേക്ക് ഡയല്‍ ചെയ്തു സംസാരം തുടങ്ങി. കടക്കാരന്‍ കുട്ടിയുടെ സംസാരം ശ്രദ്ധാപൂര്‍വം കട്ടുകേട്ടു. യജമാനത്തീ, നിങ്ങളുടെ തോട്ടം പരിപാലിക്കുന്ന ജോലി എനിക്കു നല്‍കാമോ എന്നും ഞാനതില്‍ വിദഗ്ധനാണെന്നുമായിരുന്നു കുട്ടിയുടെ അപേക്ഷ. നിലവില്‍ ഒരു ജോലിക്കാരനുണ്ടെന്ന് മറുപടി വന്നപ്പോള്‍ ഞാനതിലും നന്നായി ചെയ്യുമെന്നും അയാള്‍ ചെയ്യുന്നതിന്റെ പകുതി വിലക്കു പോലും ചെയ്തു തരുമെന്നും കുട്ടി വീണ്ടും നിര്‍ബന്ധിച്ചു. എത്ര നിര്‍ബന്ധിച്ചിട്ടും നിലവിലെ ജോലിക്കാരനെ മാറ്റാന്‍ യജമാനത്തി ഒരുക്കമല്ലെന്നു മനസ്സിലാക്കിയതോടെ ചെറു പുഞ്ചിരിയുമായി ഫോണ്‍ കട്ട് ചെയ്ത കുട്ടിയോട് ‘നിന്റെ ആത്മധൈര്യം എന്നെ അത്ഭുതപ്പെടുത്തിയെന്നും എന്റെ കൂടെ വീടുകളിലേക്ക് സാധനങ്ങളെത്തിക്കുന്ന ജോലി ചെയ്യാന്‍ നിനക്ക് താത്പര്യമുണ്ടോയെന്നും നീ യജമാനത്തിയോട് ചോദിച്ച അതേ വേതനം തരാമെന്നും’ പറഞ്ഞ കടക്കാരനോട് പുഞ്ചിരിച്ച് അവന്‍ പറഞ്ഞു:’താങ്കളുടെ നിര്‍ദേശത്തിന് നന്ദി. ഞാനെന്റെ ജോലിയുടെ കൃത്യത ഉറപ്പുവരുത്തുക മാത്രമായിരുന്നു. ഞാന്‍ സംസാരിച്ചുകൊണ്ടിരുന്ന സ്ത്രീയുടെ തോട്ടത്തിലെ ജോലിക്കാരന്‍ ഞാന്‍ തന്നെയാണ്!’

ഗുണപാഠം 1

‘നിങ്ങളില്‍ വല്ലവനും വല്ല കര്‍മവും ചെയ്യുമ്പോള്‍ അത് കൃത്യതയോടെ ചെയ്യുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു’ എന്നത് തിരുവചനമാണ്. ഇവിടെ കര്‍മം എന്നതിനെ കുറിക്കുന്ന ‘അമല്‍’ എന്ന അറബി പദം അറബി വ്യാകരണശാസ്ത്രപ്രകാരം അറിയപ്പെടാത്ത നാമ(നകിറ)മായാണ് ഉപയോഗിച്ചിട്ടുള്ളത്. അഥവാ, അതില്‍ ചെറുതും വലുതുമായ എല്ലാ തരം കര്‍മങ്ങളും ജോലികളും പെടുമെന്നര്‍ഥം. ജോലിക്കാരും തൊഴിലാളികളും ധാരാളമുണ്ടിന്ന്. എന്നാല്‍ ഒരാളെ മറ്റൊരാളില്‍ നിന്ന് വ്യതിരിക്തമാക്കുന്നത് എത്രത്തോളം തന്റെ ജോലി കുറ്റമറ്റ രീതിയില്‍, കൃത്യമായി ചെയ്യുന്നു എന്നിടത്താണ് കാര്യം കിടക്കുന്നത്.

നഗരത്തിന്റെ അങ്ങേയറ്റത്തു നിന്നു പോലും ആള്‍ക്കാര്‍ തേടിയെത്തുന്നൊരു ബാര്‍ബറും അതിവിദൂരത്തു നിന്നുപോലും അന്വേഷിച്ചുവരുന്നൊരു തയ്യല്‍ക്കാരനും കൃത്യതയുടെയും സമ്പൂര്‍ണതയുടെയും മാത്രം ഫലങ്ങളാണ്! പേരു പറഞ്ഞാലറിയുന്നൊരു ഡോക്ടറും ദൂരെനിന്നുപോലും തിരക്കിവരുന്നൊരു എഞ്ചിനീയറും കൃത്യതയുടെ തന്നെ ഫലങ്ങളാണ്! താഴ്ന്ന ജോലിയെന്ന ഒന്ന് ഇല്ലതന്നെ. ജോലി എത്ര വലുതോ ചെറുതോ ആയാലും എല്ലാം ജനങ്ങള്‍ക്ക് ആവശ്യം തന്നെയാണ്. സമൂഹം ഒരു ചങ്ങല പോലെയാണ്. അതിലെ ഓരോ കണ്ണികളും അനിവാര്യവും. ഏതെങ്കിലുമൊന്ന് വീണുപോവുന്ന പക്ഷം അത് കെട്ടുവിടുന്നു. ആയതിനാല്‍, തൊഴിലെന്തുതന്നെയായാലും അത് കൃത്യതയോടെ, കുറ്റമറ്റതാക്കിത്തീര്‍ക്കുക.

ഗുണപാഠം 2

നിന്റെ തൊഴില്‍ എന്തുതന്നെയായാലും അതില്‍ അല്‍പം പോലും നിനക്കു ലജ്ജ തോന്നേണ്ടതില്ല. ‘സ്വന്തം അധ്വാനത്തിലൂടെ കഴിക്കുന്നതിലും മഹത്തായ ഭക്ഷണം ഇല്ലതന്നെ’ എന്നാണ് മറ്റൊരു നബിവചനം. സാധാരണക്കാരാണ് ഈ ലോകത്തെ അതിമനോഹരമാക്കുന്നത്. ട്രാഫിക് പോലീസ് സമ്പൂര്‍ണമായൊരു റോഡ് ഒരുക്കിയുണ്ടാക്കുന്നു. തോട്ടക്കാരന്‍ നഗരത്തിന്റെ തന്റ പൂമുഖം മനോഹരമാക്കുന്നു. വൃത്തിയാക്കുന്നവന്‍ ചുറ്റുവട്ടം വൃത്തിയാക്കാന്‍ വേണ്ടി സ്വയം മരിക്കുന്നു.

നമ്മെ സുന്ദരമാക്കാന്‍ വേണ്ടി ബാര്‍ബര്‍ സ്വയമുരുകുന്നു. സാധാരണ കര്‍ഷകന്‍ ആയിരങ്ങള്‍ അന്നം നല്‍കുന്നു. മീന്‍പിടുത്തക്കാരന്‍ ജനങ്ങള്‍ക്കുള്ള ഭക്ഷണത്തിനായി വെള്ളത്തില്‍ ജീവിതം ഹോമിക്കുന്നു. അടുപ്പില്‍ ജോലി ചെയ്യുന്നവന്‍ ഒത്തിരി പേരുടെ വിശപ്പകറ്റുന്നു. നിന്റെ ജോലിയെ നിന്ദ്യതയോടെ നോക്കിക്കാണരുത്. അത് ജനങ്ങളില്‍ വരുത്തുന്ന സ്വാധീനത്തെക്കുറിച്ചാലോചിക്കുക. രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍ ഒരിക്കലും വെള്ളപ്പൊക്കമുണ്ടാവുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന കൂലിപ്പണിക്കാരനു പകരമാവില്ല. അംബരചുംബികള്‍ നിര്‍മിക്കുന്ന എഞ്ചിനീയര്‍ക്ക് തന്റെ കെട്ടിടങ്ങള്‍ നിര്‍മിക്കാനും ആവശ്യമുള്ളത് സാധാരണക്കാരായ തൊഴിലാളികളെയാണ്. അതിവിദഗ്ധനായ സര്‍ജന്‍, ഒരു തുടിപ്പു ജീവനും കൊണ്ട് പറക്കുംവേഗതയില്‍ സഞ്ചരിച്ച ആംബുലന്‍സ് ഡ്രൈവറോടും കടപ്പെട്ടിരിക്കുന്നു. നിന്റെ മുന്തിയ ജോലി നിന്റെ കണ്ണ് മഞ്ഞളിപ്പിക്കുന്നുവെങ്കില്‍ നിന്റെ ഭക്ഷണം നീ തന്നെ പാചകം ചെയ്യാന്‍ ശീലിക്കുക! വസ്ത്രം തുന്നുന്ന ജോലിയും മുടി വെട്ടുമെല്ലാം സ്വന്തമായി ചെയ്തു നോക്കുക! ഇറച്ചിവെട്ടും പഴം പച്ചക്കറിവെട്ടും സ്വന്തമായി ചെയ്തു നോക്കുക! എന്തു പറഞ്ഞാലും നാം സാധാരണക്കാരോട് അത്യധികം കടപ്പെട്ടിരിക്കുന്നു. സത്യത്തില്‍ അവരെത്ര മഹത്തുക്കളാണ്!

ഗുണപാഠം 3

നിന്റെ ജോലിയെ നീ തന്നെ വിലയിരുത്തരുത്. അതെത്ര കുറ്റമറ്റതാണെന്നു പറയാന്‍ മറ്റുള്ളവര്‍ക്കൊരു അവസരം കൊടുത്തേക്കൂ. പ്രമുഖ റസ്റ്റോറന്റുകളെല്ലാം തങ്ങളുടെ സേവനത്തിന്റെ മികവ് ഉറപ്പുവരുത്താനായി സന്ദര്‍ശകര്‍ക്കായി ഒരു ഫോം തയ്യാര്‍ ചെയ്യാറുണ്ട്. വലിയ കമ്പനികള്‍ തങ്ങളുടെ പ്രൊഡക്ടുകളുടെ ക്വാളിറ്റി അറിയാനായി ഉപഭോക്താക്കളുടെ അഭിപ്രായം കേള്‍ക്കാറുണ്ട്. അധ്യാപകന്‍ തന്നെക്കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായം ആരായുന്നത് ഒരിക്കലും കുറവല്ല. മാനേജര്‍ തന്റെ ജോലിക്കാരുടെ കണ്ണിലൂടെ സ്വന്തത്തെ നോക്കിക്കാണുന്നതും ഒരു കുറവല്ല.

തന്നെക്കുറിച്ചുള്ള മക്കളുടെ അഭിപ്രായം അറിയാന്‍ പിതാവ് വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും ന്യൂനതയല്ല. ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം അഭിപ്രായങ്ങളറിയാന്‍ ശ്രമിക്കുന്നതും ഒരു കുറവല്ല. മറിച്ച് ഇവയൊന്നും ചെയ്യാതിരിക്കലാണ് കുറവ്! നിന്റെ ദന്തഗോപുരത്തില്‍ നിന്ന് അല്‍പനേരത്തെക്കൊന്ന് താഴെയിറങ്ങുക. ക്വാളിറ്റി ചെക്കിംഗ് ആവശ്യമില്ലാത്ത ഒരു ജോലിയും ഇല്ലതന്നെ. ഉമര്‍(റ) വേഷപ്രച്ഛന്നനായി ജനങ്ങള്‍ക്കിടയിലൂടെ നടന്നത് എന്തിനായിരുന്നുവെന്നറിയോ? അദ്ദേഹം തന്റെ ഭരണത്തിന്റെ ക്വാളിറ്റി പരിശോധിക്കുകയായിരുന്നു! തന്നെ അറിയാത്തവരെന്ന് ഉറപ്പുള്ളവരോടൊക്കെ അദ്ദേഹം ചോദിച്ചു:’ഉമറിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?’. സ്വന്തമായിത്തന്നെ തന്നെക്കുറിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു അദ്ദേഹം.

ഗുണപാഠം 4

പെര്‍ഫെക്ഷന്‍, കൃത്യത, മികവ് എന്നൊക്കെയുള്ളത് പ്രവാചകന്മാരുടെ വിശേഷണമാണ്! തൊള്ളായിരത്തി അമ്പതിലേറെ വര്‍ഷം നൂഹ് നബി രാപകല്‍ ഭേദമന്യേ തന്റെ സമൂഹത്തെ പ്രബോധനം ചെയ്തു. ഇസ്‌ലാം സ്വീകരിച്ചവരെ സ്‌നേഹപൂര്‍വം സ്വീകരിക്കുകയും അകന്നുപോവരുടെ പിറകേ ചെല്ലുകയും ചെയ്തു. ഏല്‍പിക്കപ്പെട്ട ദൗത്യത്തോടുള്ള സമ്പൂര്‍ണ വിധേയത്വം! ഇബ്‌റാഹിം നബി തീയിലിടപ്പെടുന്നു. തന്റെ ദൗത്യപൂര്‍ത്തീകരണത്തിനായി അതില്‍ നിന്ന് പുറത്തുകടക്കുന്നു. മകനെ അറുക്കാനുള്ള കല്‍പന ലഭിക്കുകയും മകനെ നിലത്തു കിടത്തി തന്റെ വാള്‍ ഊരിയെടുക്കുകയും ചെയ്യുന്നു. വിശുദ്ധ ഗേഹം നിര്‍മിക്കാനുള്ള ആജ്ഞ ലഭിക്കുകയും അത് ശിരസ്സാവഹിക്കുകയും ചെയ്യുന്നു.

ഏല്‍പിക്കപ്പെട്ട ദൗത്യത്തോടുള്ള സമ്പൂര്‍ണ വിധേയത്വം! ഫറോവയുടെ അക്രമത്തില്‍ നിന്ന് മൂസ നബി ഓടി രക്ഷപ്പെടുന്നു. തിരിച്ച് അവിടേക്കു തന്നെ ചെല്ലാനുള്ള കല്‍പന വന്നതോടെ വീണ്ടും ചെല്ലുന്നു. ഏല്‍പിക്കപ്പെട്ട ദൗത്യത്തോടുള്ള സമ്പൂര്‍ണ വിധേയത്വം! ഒരു പ്രവാചകനു നേരെ ജനങ്ങള്‍ കല്ലെറിയുന്നു. മുഖത്തുകൂടെ രക്തം പ്രവഹിക്കുന്നു. എന്നിട്ടും ‘എന്റെ സമുദായത്തിന് നീ മാപ്പു നല്‍കണേ. അവര്‍ അറിവില്ലാത്തവരാണെന്ന്്’ മാത്രം ദുആ ചെയ്യുന്നു. ഏല്‍പിക്കപ്പെട്ട ദൗത്യത്തോടുള്ള സമ്പൂര്‍ണ വിധേയത്വം! മുഹമ്മദ് നബിക്ക് ‘നിങ്ങളുടെ കുടുംബക്കാര്‍ക്ക് കൃത്യമായ താക്കീത് നല്‍കുക’ എന്ന അല്ലാഹുവിന്റെ കല്‍പന ലഭിക്കുന്നു. സ്വഫാ പര്‍വത്തിനടുത്തായി നബി തങ്ങള്‍ അവരെയെല്ലാം ഒരുമിച്ചു കൂട്ടുന്നു. പലായനത്തിനുള്ള കല്‍പന ലഭിച്ചപ്പോള്‍ മക്ക വിട്ടു പോവുന്നു. യുദ്ധത്തിനുള്ള ആജ്ഞ വന്നപ്പോള്‍ വാള്‍ ഊരിയെടുക്കുന്നു. സന്ധിക്കുള്ള നിര്‍ദേശം വന്നപ്പോള്‍ ഹുദൈബിയ്യ സംഭവിക്കുന്നു. രാത്രി ആരാധനക്കുള്ള അരുള്‍ വന്നപ്പോള്‍ നിന്ന് കാല്‍ രണ്ടും നീര് കെട്ടുംവരെ നിന്നു നിസ്‌കരിക്കുന്നു. ഏല്‍പിക്കപ്പെട്ട ദൗത്യത്തോടുള്ള സമ്പൂര്‍ണ വിധേയത്വം!

വിവ: മുഹമ്മദ് ശാക്കിർ മണിയറ
കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles