Current Date

Search
Close this search box.
Search
Close this search box.

‘നിനക്കുള്ള സമ്മാനം നീ തന്നെ തെരഞ്ഞെടുക്കണമെന്നായിരുന്നു എന്റെയാഗ്രഹം!’

ഒരാള്‍ തന്റെ ഭാര്യയുമായി സമ്മാനങ്ങള്‍ വില്‍ക്കുന്നൊരു സ്ഥലത്തു പോയി പറഞ്ഞു:’എന്റെ മാതാവിനു വേണ്ടി ഒരു സമ്മാനം നീ തെരഞ്ഞെടുക്കണം’. തനിക്കൊന്നുമില്ലേ എന്ന ചിന്തയില്‍ അസൂയാലുവായ അവള്‍ ഏറ്റവും വിലകുറഞ്ഞ സമ്മാനം തെരഞ്ഞെടുക്കുകയും അയാളതിന്റെ പണംകൊടുക്കുകയും ചെയ്തു. വൈകുന്നേരമായപ്പോള്‍ അതേ സമ്മാനം അവള്‍ക്കുതന്നെ കൊടുത്തശേഷം ഭര്‍ത്താവ് പറഞ്ഞു:’നിനക്കുള്ള സമ്മാനം നീ തന്നെ തെരഞ്ഞെടുക്കണമെന്നായിരുന്നു എന്റെയാഗ്രഹം!’

അവയവങ്ങള്‍ക്ക് യാതൊരു റോളുമില്ലാത്ത, ഹൃദയംകൊണ്ടു മാത്രം ചെയ്യേണ്ട ഒരുപാട് ആരാധനകളുണ്ട്. സംശുദ്ധമായൊരു ഹൃദയമുണ്ടാവുകയെന്നത് ഹൃദയംകൊണ്ടുള്ളൊരു ആരാധനയാണ്. അതു സാധ്യമായാല്‍ അയാള്‍ അത്യുന്നതങ്ങളിലെത്തുകയും അല്ലാത്തപക്ഷം അധോഗതിയിലാവുകയും ചെയ്യുന്നു.

നബി (സ) സ്വഹാബികള്‍ക്കൊപ്പമുള്ള പതിവ് ഇരുത്തത്തിലായിരുന്നു. ‘സ്വര്‍ഗാവകാശിയായ ഒരാള്‍ ഇപ്പോള്‍ കടന്നുവരുമെന്ന്’ നബി തങ്ങള്‍ അവരോടായി പറഞ്ഞു. ആകാംക്ഷാപൂര്‍വം സ്വഹാബികള്‍ കാത്തിരുന്നപ്പോള്‍ സാധാരക്കാരനായ ഒരു മനുഷ്യനായിരുന്നു വന്നത്! രണ്ടാമത്തെ ദിവസവും നബി തങ്ങള്‍ അതുതന്നെ പറയുകയും അതേ മനുഷ്യന്‍ തന്നെ കടന്നുവരികയും ചെയ്തു. മൂന്നാമത്തെ ദിവസവും അതുതന്നെ ആവര്‍ത്തിച്ചു. ആ മനുഷ്യനില്‍ അതിനുമാത്രം എന്താണുള്ളതെന്ന് അറിയാന്‍ തന്നെ സ്വഹാബികള്‍ തീരുമാനിക്കുകയും പിതാവുമായി ഞാന്‍ ചെറിയ തര്‍ക്കത്തിലാണെന്നും ബുദ്ധിമുട്ടില്ലെങ്കില്‍ താങ്കളുടെ വീട്ടില്‍ തങ്ങാനനുവദിക്കണമെന്നും പറഞ്ഞ് അബ്ദുല്ലാഹി ബ്ന്‍ അംറുബ്‌നില്‍ ആസ്(റ) അദ്ദേഹത്തെ സമീപിക്കുകയും ചെയ്തു. സന്തോഷപൂര്‍വം അയാളദ്ദേത്തെ സ്വീകരിച്ചു. അബ്ദുല്ലാ(റ) അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും സാകൂതം വീക്ഷിച്ചു. പക്ഷേ, അത്ഭുതകരമായി പ്രത്യേകിച്ചൊന്നും അയാളില്‍ കണ്ടതുമില്ല. രാത്രിയുള്ള നിസ്‌കാരങ്ങളോ പകല്‍ നോമ്പോ ഒന്നുമില്ല. ഏതാണ്ടൊക്കെ എല്ലാ സ്വഹാബിമാരുടെയും പോലെത്തന്നെയുള്ള നമസ്‌കാരവും നോമ്പുമൊക്കെ തന്നെ. മൂന്നു രാത്രികള്‍ കഴിഞ്ഞിട്ടും കാര്യമായൊന്നും കാണാതെ വന്നപ്പോള്‍ അബ്ദുല്ലാ(റ) അദ്ദേഹത്തോട് കാര്യം തുറന്നു പറയാന്‍ തന്നെ തീരുമാനിച്ചു. അയാള്‍ പുഞ്ചിരിച്ചു മറുപടി പറഞ്ഞു:’നിങ്ങള്‍ കാണുന്നതൊക്കെ തന്നെയേ ഞാന്‍ ചെയ്യുന്നുള്ളൂ. പക്ഷേ, ഞാനെന്റെ വിരിപ്പിലേക്ക് ചായുന്നതിനു മുമ്പായി സമ്പൂര്‍ണ ഹൃദയശുദ്ധി വരുത്താറുണ്ട്. ഒരാളോടുമുള്ള വെറുപ്പോ വിദ്വേഷമോ എന്റെ മനസ്സിലുണ്ടാവില്ല. എന്നെ ദ്രോഹിച്ചവര്‍ക്ക് ഞാന്‍ മാപ്പുനല്‍കുകയും എല്ലാവര്‍ക്കും നന്മയാഗ്രഹിക്കുകയും ചെയ്യും.’ ഇതുകേട്ട അബ്ദുല്ലാ(റ) പ്രതവചിച്ചു:’ഇതുതന്നെയാണ് നിങ്ങളെ സ്വര്‍ഗാവകാശിയാക്കിയ കാര്യം!’.

‘തീ വിറകു തിന്നുംപോലെ അസൂയ നന്മകളെ തിന്നുകളയുമെന്ന’ പ്രവാചക വചനവും നമുക്കു മുമ്പിലുണ്ട്. ആകാശലോകത്ത് ആദ്യമായി ചെയ്യപ്പെട്ട ദോഷവും അസൂയ തന്നെയായിരുന്നുവല്ലോ. ഇബ്‌ലീസിന് ആദമി(അ)നോട് അസൂയ തോന്നുകയും തദ്ഫലമായി അദ്ദേഹത്തിന് സാഷ്ടാംഗം നമിക്കാനുള്ള അല്ലാഹുവിന്റെ കല്‍പന ലംഘിക്കുകയും ശാശ്വതമായി സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. ഭൂമിയിലും ആദ്യമായി ഉണ്ടായ ദോഷവും അസൂയതന്നെ! ആദം നബിയുടെ രണ്ടു മക്കള്‍ ഹാബീലും ഖാബീലും വിവാഹപ്രായമായപ്പോള്‍ അല്ലാഹുവിന്റെ തീരുമാനം ആദം നബി മക്കളെ അറിയിച്ചു. ഹാബീല്‍ ഖാബീലിന്റെയും ഖാബീല്‍ ഹാബീലിന്റെയും സഹോദരിയെ വിവാഹം ചെയ്യുകയെന്നതായിരുന്നു തീരുമാനം. പക്ഷേ, തന്റെ സഹോദരി കൂടുതല്‍ സുന്ദരിയായതിനാല്‍ അവളെ വിട്ട് ഹാബീലിന്റെ സഹോദരിയെ വിവാഹം ചെയ്യാന്‍ ഖാബീല്‍ തയ്യാറായില്ല. വീണ്ടും തീരുമാനം തനിക്കനുകൂലമല്ലെന്നു കണ്ടപ്പോള്‍ ഹാബീലിനോട് അസൂയ മൂത്ത് അവസാനം അത് ഹാബീലിന്റെ വധത്തില്‍ കലാശിക്കുകയും ചെയ്തു. മനുഷ്യകുലം കണ്ട ആദ്യ കുറ്റകൃത്യം അസൂയ വരുത്തിവച്ചതായിരുന്നു!

ഒരുനിലക്കും ന്യായീകരിക്കാന്‍ പറ്റാത്തൊരു കാര്യമാണ് അസൂയ. പക്ഷേ, ചില സന്ദര്‍ഭങ്ങളില്‍ അതിനെ മനസ്സിലാക്കാം. ചിലര്‍ മറ്റുള്ളവരോട് അസൂയപ്പെടുന്നത് തനിക്കെടുക്കാന്‍ പറ്റുന്ന വല്ലതും അവരെടുക്കുമ്പോഴാണ്. ഖാബീലിന്റെ സംഭവത്തിലുള്ളതുപോലെ. മറ്റൊരുദാഹരണം പറഞ്ഞാല്‍, രണ്ടുപേര്‍ ഒരേ ജോലിക്ക് അപേക്ഷിച്ചിരിക്കുമ്പോഴുണ്ടാകുന്ന അസൂയ. പക്ഷേ, ചിലര്‍ യാതൊരര്‍ഹതയുമില്ലാതെ അസൂയ വെക്കുന്നവരാണ്. തനിക്ക് യോഗ്യതയില്ലാത്ത കാര്യത്തിലും മറ്റുള്ളവര്‍ക്കത് കിട്ടരുതെന്ന് ആഗ്രഹിക്കുന്നവര്‍. ജനങ്ങള്‍ക്ക് നന്മയുണ്ടാവരുതെന്ന ആഗ്രഹം മാത്രമാവും അതിനു പിന്നില്‍. ആദ്യം പറഞ്ഞ കഥയില്‍ തന്റെ അമ്മായമ്മക്ക് നല്ലൊരു സമ്മാനം കിട്ടിയാല്‍തന്നെയും അതില്‍ ഭാര്യക്ക് നഷ്ടപ്പെടാനെന്താണുള്ളത്? ഭര്‍ത്താവിന്റെ തന്നെ മറ്റൊരു ഭാര്യക്കുള്ള സമ്മാനമാണ് അവളോട് തെരഞ്ഞെടുക്കാന്‍ പറഞ്ഞതെങ്കില്‍ ആ ഒരസൂയ അല്‍പം കാര്യത്തിലായിരുന്നു. പക്ഷേ, ഒരര്‍ഥത്തിലും തന്നെ ബാധിക്കാത്തൊരു കാര്യത്തിലുള്ള അസൂസയാണ് മനസ്സിലാക്കാനും ന്യായീകരിക്കാനും പറ്റാത്തത്.

ഹൃദയവിശുദ്ധിയെന്നാല്‍ അല്ലാഹു ഇഷ്ടപ്പെടുകയും പ്രതിഫലം തരികയും ചെയ്യുന്നൊരു സദ്കര്‍മമാണ്. നബി തങ്ങള്‍ ദാനധര്‍മം ചെയ്യാന്‍ ആഹ്വാനം ചെയ്ത ദിവസം സ്വഹാബികളെല്ലാം തങ്ങള്‍ക്കാവുംവിധം പലതും കൊണ്ടുവന്നു. കൂട്ടത്തില്‍ അലബ ബിന്‍ സൈദ്(റ) എന്നു പേരുള്ളൊരു സ്വഹാബിയുണ്ടായിരുന്നു. പാവപ്പെട്ടൊരു മനുഷ്യന്‍. ‘എന്റെ കയ്യില്‍ ഞാന്‍ വെള്ളം കുടിക്കാനുപയോഗിക്കുന്ന ബക്കറ്റും ചകിരിനിറച്ച തലയണയും മാത്രമല്ലേയുള്ളൂ റബ്ബേ!’ എന്നദ്ദേഹം ആത്മഗതം ചെയ്തു. ശേഷം പറഞ്ഞു:’അല്ലാഹുവേ, ഞാനെന്റെ അഭിമാനം ദാനമായി നല്‍കുന്നു!’. ‘അഭിമാനം ദാനം ചെയ്തയാളെവിടെ?!’യെന്ന് സ്വഹാബികളിലൊരാള്‍ വിളിച്ചുചോദിക്കുകയും അദ്ദേഹം മുന്നോട്ടു വരികയും ചെയ്തു. നബി തങ്ങള്‍ അദ്ദേഹത്തോടായി പറഞ്ഞു:’അല്ലാഹു നിങ്ങളുടെ ദാനം സ്വീകരിച്ചിരിക്കുന്നു!’

 

വിവ: മുഹമ്മദ് ശാക്കിർ മണിയറ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles