Current Date

Search
Close this search box.
Search
Close this search box.

​ഈ പ്രായമായിട്ടും ഒരു സുഹൃത്തും മറ്റൊരു അര്‍ധസുഹൃത്തും മാത്രമേ എനിക്കുള്ളൂ!

പട്ടണത്തില്‍ പ്രജകള്‍ക്കിടയിലൂടെയുള്ള തന്റെ നടത്തത്തിനിടയിലാണ് ‘നിനക്കെത്ര സുഹൃത്തുണ്ടെന്ന്’ ഒരു കച്ചവടക്കാരന്‍ മകനോടു ചോദിക്കുന്നതു കേട്ടത്. ‘നാല്‍പതു സുഹൃത്തുക്കളെ’ന്നു മകന്‍ പ്രതിവചിച്ചു. സങ്കടപൂര്‍വം അയാള്‍ പറഞ്ഞു: ‘ ഈ പ്രായമായിട്ടും ഒരു സുഹൃത്തും മറ്റൊരു അര്‍ധസുഹൃത്തും മാത്രമേ എനിക്കുള്ളൂ!’. അര്‍ധസുഹൃത്ത് എന്താണെന്നു മനസ്സിലാകാത്ത അമീര്‍ ചുറ്റുമുള്ളവരോടായി ചോദിച്ചു. ആര്‍ക്കുമറിയില്ല. ശേഷം ആരാണീ അര്‍ധസുഹൃത്തും എന്താണതെന്നുമറിയാന്‍ അയാളെ നേരിട്ടുതന്നെ വിളിപ്പിച്ചു. എന്താണു താങ്കള്‍ അര്‍ധസുഹൃത്തെന്നതു കൊണ്ട് ഉദ്ദ്യേശിച്ചതെന്നു അമീര്‍ ചോദിച്ചു. വിനയപൂര്‍വം അയാള്‍ പറഞ്ഞു: ഞാന്‍ മുഴുസമയവും അങ്ങയുടെ സേവനത്തിലാണ് സുല്‍ത്താന്‍. പക്ഷെ, അക്കാര്യം വിവരിച്ചുതരാന്‍ എനിക്കു പ്രയാസമുണ്ട്. ഞാനതു താങ്കള്‍ക്കു കാണിച്ചുതരാം! എങ്ങനെയെന്നു ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: വരുന്ന വെള്ളിയാഴ്ച്ച എന്റെ വധശിക്ഷ വിധിച്ചതായി അറിയിച്ചുകൊണ്ട് അങ്ങാടിയിലൂടെ വിളിച്ചുപറയുക! അത്ഭുതംകൂറിയ അമീറിനോട്, അതിലൂടെ താങ്കള്‍ക്ക് സുഹൃത്തിനെയും അര്‍ധസുഹൃത്തിനെയും കാണിച്ചുതരാമെന്ന് അയാള്‍ ഉറപ്പുകൊടുത്തു.

വെള്ളിയാഴ്ച ദിവസമായപ്പോള്‍ രാജാവിന്റെ വിളംബരം വരികയും ചെയ്തു. വലിയൊരു കുറ്റകൃത്യം ചെയ്തതിന്റെ പേരില്‍ കച്ചവടക്കാരനെ വധശിക്ഷയ്ക്കു വിധിച്ചിരിക്കുന്നുവെന്നാണ് വിളംബരം! ജനങ്ങളെല്ലാം ഒരുമിച്ചുകൂടി. അമീറും അവര്‍ക്കിടയിലായുണ്ട്. കച്ചവടക്കാരന്‍ വിധി നടപ്പിലാക്കുന്നതു കാത്തിരിക്കുന്നു. പെട്ടെന്നാണ് ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ അമീറിന്റെ മുന്നില്‍ വന്നുപറഞ്ഞുത്: രാജാവേ, കച്ചവടക്കാരനെ മോചിപ്പിക്കുന്നതിനു പകരമായി എന്തുവിലയും നല്‍കാന്‍ ഞാന്‍ തയ്യാറാണ്! അമീര്‍ ശക്തമായി പ്രതികരിച്ചു: ഒരിക്കലുമില്ല, അയാളുടെ കുറ്റം വളരെ വലുതാണ്! അയാള്‍ പറഞ്ഞു: എന്റെ സമ്പത്തിന്റെ പകുതിഭാഗവും ഞാന്‍ വിട്ടുതരാം. നിങ്ങളുടെ മുഴുവന്‍ സമ്പാദ്യവും മതിയാവില്ലെന്ന് അമീര്‍ പ്രതികരിച്ചു.

ശേഷം കച്ചവടക്കാരനിലേക്ക് തിരിഞ്ഞ് അയാള്‍ പറഞ്ഞു: നിങ്ങള്‍ കേട്ടില്ലേ സഹോദരാ. നിങ്ങള്‍ക്കു വേണ്ടി ഞാനെന്റെ സ്വത്തു മുഴുവന്‍ വിട്ടുകൊടുക്കാന്‍ തയ്യാറാണ്. പക്ഷെ, ഈ അമീര്‍ നിഷേധിക്കുകയാണ്. ഞാന്‍ നിനക്കുള്ള വാദ്ഗത്തപൂര്‍ത്തീകരണം നടത്തിയില്ലേ സുഹൃത്തേ?! കച്ചവടക്കാരന്‍ പ്രതികരിച്ചു: എത്ര മനോഹരമായ വാഗ്ദത്തപൂര്‍ത്തീകരണം. ശേഷം ആ മനുഷ്യന്‍ തിരിച്ചുപോയി.

അല്‍പം കഴിഞ്ഞപ്പോള്‍ കച്ചവടക്കാരന്റെ വധശിക്ഷയുടെ സമയം അടുത്തതായി വീണ്ടും അറിയിപ്പുവന്നു. പെട്ടെന്നുതന്നെ ഒരാള്‍ ഓടിവന്ന് അമീറിന്റെ മുന്നില്‍നിന്നു പറഞ്ഞു: നിങ്ങള്‍ കച്ചവടക്കാരനെ വധിക്കാന്‍ പോവുകയാണോ? അയാള്‍ നിരപരാധിയാണ്. ഞാനാണു കുറ്റക്കാരന്‍! ശേഷം ജനങ്ങള്‍ക്കഭിമുഖമായി നിന്ന് അയാള്‍ വിളിച്ചുപറഞ്ഞു: ജനങ്ങളെ, കച്ചവടക്കാരന്‍ നിരപരാധിയാണ്. ഞാനാണാ കുറ്റകൃത്യം ചെയ്തത്. എന്നെയാണു വധിക്കേണ്ടത്! എങ്കില്‍ കച്ചവടക്കാരനു പകരമായി നിങ്ങളെ വധിക്കുമെന്നു പറഞ്ഞപ്പോള്‍ അയാള്‍ വീണ്ടും ഉറച്ചുതന്നെ പറഞ്ഞു: അതെ, ഞാനാണു കുറ്റക്കാരന്‍. എന്നെ വധിച്ചേക്കുക!

കാവല്‍ക്കാര്‍ അയാളെ പിടിച്ച് ശിക്ഷാപീഠത്തിലേക്കു നയിക്കുകയും കയറുകൊണ്ട് ബന്ധിക്കുകയും ചെയ്തു. അമീര്‍ ചോദിച്ചു: നിങ്ങളുടേത് അവസാന വാക്കാണോ? അയാള്‍ നിസ്സംശയം പറഞ്ഞു: അതെ, പ്രിയസുഹൃത്തെ. താങ്കള്‍ സന്തോഷപൂര്‍വം കുടുംബത്തിലേക്കു തിരിച്ചുപോവുക. കച്ചവടക്കാരന്‍ പുഞ്ചിരിയോടെ അമീറിനെ നോക്കിപ്പറഞ്ഞു: സുഹൃത്തും അര്‍ധസുഹൃത്തും തമ്മിലുള്ള വ്യത്യാസം താങ്കള്‍ കണ്ടില്ലേ. സ്വന്തത്തെത്തന്നെ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നവനാണ് സുഹൃത്ത്. പണംകൊണ്ട് മാത്രം താങ്കളുടെ കൂടെ നില്‍ക്കുന്നവനാണ് അര്‍ധസുഹൃത്ത്!

ഗുണപാഠം 1
ഈ കഥയില്‍ അല്‍പം അതിശയോക്തിയുണ്ടെന്നതു ശരിതന്നെ. പക്ഷെ, നിങ്ങള്‍ സമ്പത്തിനെക്കാള്‍ മൂല്യമുള്ളതാണെന്നു കരുതുന്നവനാണ് നല്ലസുഹൃത്ത്. അവനെ നഷ്ടപ്പെടുത്താതിരിക്കുക! ഇത്തരക്കാരെ നിനക്ക് എല്ലാ ദിവസവും കണ്ടുകിട്ടണമെന്നില്ല. ഇത്തരക്കാരുടെ കൂടുതല്‍ പതിപ്പ് ഉണ്ടാവുകയുമില്ല. നമ്മുടെ സങ്കല്‍പത്തിലെ സുഹൃത്ത് സ്വന്തത്തെത്തന്നെ മുഴുവനായി നമുക്ക് വേണ്ടി സമര്‍പ്പിക്കുന്ന ആളാണെങ്കില്‍, നല്ലത് സുഹൃത്തിനെ തിരയാതിരിക്കലാണ്. കാരണം, ഈയര്‍ഥത്തില്‍ നമ്മളും ആരുടെയും സുഹൃത്തല്ലല്ലോ!

ഗുണപാഠം 2
സൗഹൃത്തിനു പൂര്‍ണത കൈവരുന്നത് സുഹൃത്ത് അക്ഷരാര്‍ഥത്തില്‍ നമുക്ക് വേണ്ടി മരിക്കുമ്പോഴാണെന്നു പറയുമ്പോള്‍ നാം സത്യത്തില്‍ പോരാളികളാണ്, സുഹൃത്തുക്കളല്ല. എന്തിനു നമ്മുടെ ജീവിതം മറ്റുള്ളവരുടെ ജീവിതത്തെക്കാള്‍ മൂല്യമുള്ളതാവണം?! ത്യാഗം ചെയ്യുകയെന്നത് മഹത്തായൊരു ചിന്തയാണ്. പക്ഷെ, നമ്മള്‍ ജീവിക്കാന്‍ വേണ്ടി മറ്റുള്ളവരുടെ ജീവിതം ബലിയാവാന്‍ നമ്മള്‍ സമ്മതിക്കാതിരിക്കുകയെന്നതും നല്ലൊരു ചിന്തയാണ്. നിന്റെ സന്തോഷത്തില്‍ സന്തോഷിക്കുന്നവനും നിന്റെ ദുഃഖത്തില്‍ ദുഃഖിക്കുന്നവനും നിനക്കു സഹായത്തിന്റെ കരംനീട്ടുന്നവനും നിന്റെ സുഹൃത്താണ്. ആയതിനാല്‍ ആവശ്യത്തിലധികം നീ ആവശ്യപ്പെടരുത്. കാരണം, ജനങ്ങളൊന്നുംതന്നെ നിന്റെ സൈനികരല്ല! ജീവിതം ഒരു ചതുരംഗവും നീയതിലെ രാജാവും ജനങ്ങളെല്ലാം നിനക്കുവേണ്ടി മരിക്കുന്നവരും അല്ല! നിനക്കു ചൂടുപകരാന്‍വേണ്ടി സ്വയം കത്തേണ്ട വിറകുകളായി സുഹൃത്തുക്കളെ കാണരുത്!

ഗുണപാഠം 3
ഈ അണ്ഡകടാഹത്തില്‍ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ സൗഹൃദം നബി(സ)യുടേതും അബൂബക്‌റി(റ)ന്റേതുമായിരുന്നു. സ്വന്തത്തെത്തന്നെ നശിപ്പിക്കുംവിധം അദ്ദേഹം നബി(സ)യെ ഭ്രാന്തമായി വിശ്വസിച്ചു! സ്വന്തത്തെത്തന്നെ അപ്രസക്തമാക്കുംവിധം നബിയെ അദ്ദേഹം പരിഗണിക്കുകയും ചെയ്തു!

രാത്രിയുടെ പകുതിനേരംകൊണ്ട് ബൈത്തുല്‍ മുഖദ്ദസിലേക്ക് നിങ്ങളുടെ സുഹൃത്ത് രാപ്രയാണം നടത്തിയെന്നു അവകാശപ്പെടുന്നുവെന്ന് അബൂബക്‌റി(റ)നെ ഖുറൈശികള്‍ അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്: അതെസമയത്തിനുള്ളില്‍ അദ്ദേഹം ആകാശത്തേക്ക് ഒരു യാത്രനടത്തിയെന്നു പറഞ്ഞാലും ഞാന്‍ വിശ്വസിക്കും! എനിക്കുവേണ്ടി മരിക്കാത്തതുകാരണം സിദ്ദീഖ്(റ) എന്റെ സുഹൃത്തല്ലെന്നു നബി (സ)പറഞ്ഞതുമില്ല! ആ നിമിഷം മുതല്‍ അദ്ദേഹത്തെ സിദ്ദീഖ്(സത്യസന്ധന്‍) എന്നു നബി പേരിട്ടുവിളിച്ചു!

നബി (സ)ക്ക് കുടിക്കാന്‍ വേണ്ടി പാല്‍പാത്രം നീട്ടുന്ന അബൂബക്‌റ്(റ). നബി (സ) പാല്‍ കുടിക്കുന്നു. ആ മനോഹരനിമിഷത്തെക്കുറിച്ച് അദ്ദേഹം പിന്നീട് ഓര്‍ക്കുന്നു: ‘അങ്ങനെ നബി (സ)പാല്‍ കുടിക്കുകയും എന്റെ ദാഹം ശമിക്കുകയും ചെയ്തു!’. അതെസമയം, നബി (സ) പേടിച്ചിരുന്ന അബൂബക്‌റി(റ)നെ ആശ്വസിപ്പിക്കുന്നു: നാം രണ്ടുപേര്‍ മാത്രമാണെന്നു നീ കരുതുന്നുവോ? നമ്മില്‍ മൂന്നാമനായി അല്ലാഹുവുണ്ടല്ലോ!. ഇതാണ് സൗഹൃദം, കൊടുക്കല്‍വാങ്ങലുകള്‍. അതുകൊണ്ടുതന്നെ നബിതങ്ങള്‍ക്ക് ആവശ്യമുള്ളപ്പോഴൊക്കെ അബൂബക്‌റും(റ) അബൂബക്‌റി(റ)ന് ആവശ്യമുള്ളപ്പോഴൊക്കെ നബിയും പരസ്പര സഹായത്തിനായ് സദാ ജാഗരൂഗരായിരുന്നു.

ഒരിക്കല്‍ അബൂബക്‌റും(റ) ഉമറും(റ) തര്‍ക്കത്തിലാവുന്നു. നബി(സ) പള്ളിയിലാണ്. തര്‍ക്കം കണ്ട നബി (സ): ‘ജനങ്ങളൊക്കെയും എന്റെ അവിശ്വസിച്ചപ്പോള്‍ വിശ്വസിച്ചു കൂടെ നിന്നത് അബൂബക്‌റ് ആണ്. എന്റെ സുഹൃത്തിനെ ഞാനുമായി എതിരിടീക്കുകയാണോ നിങ്ങള്‍?!’

ഗുണപാഠം 4
നമ്മളാരും നമ്മുടെ സുഹൃത്തുക്കളുടെ ജീവന്‍ ആവശ്യപ്പെടരുത്. കാരണം, അത് നമുക്ക് തന്നെ വേണ്ടപ്പെട്ടതാണ്. ധീരമായ ഒരു നിലപാടു മതി! മധുരതരമായ ഒരു വാക്കുമതി! സത്യസന്ധമായ ഒരഭിപ്രായം മതി! ഹൃദയത്തില്‍ നിന്നുള്ള ഒരുപദേശം മതി! വീഴുമ്പോള്‍ പിടിക്കുന്നൊരു കൈമതി! തകര്‍ന്നിരിക്കുന്നൊരു നിമിഷം ചുമലില്‍ ഒരു തലോടല്‍ മതി! എത്ര ചെറുതായാലും ഓരോ നിലപാടുകളെയും അംഗീകരിക്കുക, പരിഗണിക്കുക. ജീവിതം ചില നിലപാടുകളാണ്. സുഹൃത്തുക്കളില്‍ നിന്ന് അത് അധികമൊന്നും ആവശ്യപ്പെടരുത്!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles