Current Date

Search
Close this search box.
Search
Close this search box.

‘ചുരുങ്ങിയത് ഈയൊരു മത്സ്യത്തിന്റെ വിഷയത്തിലെങ്കിലും ഇപ്പോഴൊരു വ്യത്യാസം വരില്ലേ!’

പ്രായമായൊരു മനുഷ്യൻ കടത്തീരത്തുകൂടെ അങ്ങനെ നടക്കുമ്പോഴാണാ ചെറിയ കുട്ടിയെ കണ്ടത്. തിരയോടൊപ്പം തീരത്തേക്കു വരുന്ന ചെറിയ നക്ഷത്രമത്സ്യങ്ങളെ കടലിലേക്കു തന്നെ തിരിച്ചിടുകയായിരുന്നു അവൻ. രണ്ടും മൂന്നും ദിവസങ്ങളിൽ അതേ സ്ഥലത്ത് അതേ കുട്ടി അതേ പ്രവൃത്തി തുടരുന്നതു കണ്ടപ്പോൾ കൗതുകപൂർവം വൃദ്ധൻ ആ കുട്ടിയോടു ചോദിച്ചു:’മകനേ, ഓരോ ദിവസവും ഇങ്ങനെ നൂറുകണക്കിന് നക്ഷത്രമത്സ്യങ്ങൾ തിരയോടൊപ്പം കരയിലേക്കു വരുമെന്ന് നിനക്കറിയാം. പിന്നെയെന്തിനാണ് നീ അവയെ തിരിച്ച് കടലിലേക്കുതന്നെ നിക്ഷേപിക്കുന്നത്?!’. ‘ഞാനിതു ചെയ്യുന്നതുകൊണ്ട് എന്തേലും വ്യത്യാസമുണ്ടായാലോ’ എന്നായിരുന്നു നിഷ്‌കളങ്കനായുള്ള കുട്ടിയുടെ മറുപടി. അയാൾ തെല്ലത്ഭുത്തോടെ പിന്നെയും ചോദിച്ചു:’ഓരോ മിനിറ്റിലും തിരയോടൊപ്പം ഒത്തിരി നക്ഷത്രമത്സ്യങ്ങളാണ് കരക്കടിയുന്നത്. അതിൽ ഒന്നൊക്കെ വെള്ളത്തിലേക്ക് തിരിച്ചുവിട്ടിട്ട് എന്തു വ്യത്യാസമുണ്ടാവാനാണ്?!’. അപ്പോഴൊന്നും മിണ്ടാതെ അടുത്ത തിരയോടൊപ്പം വന്ന ഒരു നക്ഷത്രമത്സ്യമെടുത്ത് തന്റെ സകല ശക്തിയുമുപയോഗിച്ച് ആവുന്ന ദൂരത്തിൽ അതിനെ കടലിലേക്കെറിഞ്ഞ ശേഷം ദൃഢതയുള്ള ശബ്ദത്തോടെ കുട്ടി പറഞ്ഞു:’ചുരുങ്ങിയത് ഈയൊരു മത്സ്യത്തിന്റെ വിഷയത്തിലെങ്കിലും ഇപ്പോഴൊരു വ്യത്യാസം വരില്ലേ!’

ഗുണപാഠം 1

കുട്ടികളെ ചെറുതായി കാണരുത്! അവരിൽ ചിലർ നിങ്ങൾ കരുതുന്നതിലേറെ ഉന്നതരും ബുദ്ധിമാന്മാരുമാവും. ഉമർ ബ്‌നുൽ ഖത്താബ്(റ) ഒരു വഴിയിലൂടെ നടന്നുപോകുന്ന സന്ദർഭം. അദ്ദേഹത്തിന്റെ ധൈര്യവും ഗാംഭീര്യവും പ്രസിദ്ധമാണല്ലോ. അദ്ദേഹം പ്രവേശിച്ച വഴിയിൽ പിശാച് പോലും പ്രവേശിക്കില്ല എന്നും ആളുകളദ്ദേഹത്തെ നന്നായി പേടിക്കാറുണ്ട് എന്നതും അറിയാമല്ലോ. അങ്ങനെയിരിക്കെയാണ് അദ്ദേഹത്തിന്റെ വരവുകണ്ട്
വഴിയിലുണ്ടായിരുന്ന കുട്ടികളൊക്കെ ഓടിക്കളഞ്ഞത്. ഒരാൾ മാത്രം ഓടിയില്ല. അബ്ദുല്ലാ ബ്ൻ സുബൈർ(റ). കൂട്ടുകാരൊക്കെ ഓടിയതുപോലെ നീയും എന്തേ ഓടിയില്ലെന്ന് ഉമർ(റ) കൗതുകത്തോടെ ചോദിച്ചപ്പോൾ മറുപടി ഇതായിരുന്നു:’നിങ്ങളെ പേടിക്കാൻ ഞാൻ തെറ്റൊന്നും ചെയ്തില്ല. വഴി മാറിത്തരാൻ വഴിയത്ര ചെറുതുമല്ല!’.

തന്റെ ചിന്തകൊണ്ടും മറുപടി കൊണ്ടും നിങ്ങളെ ചിന്തിപ്പിക്കാനും നിശ്ശബ്ദനാക്കാനും ചെറിയൊരു കുട്ടിക്ക് കഴിയും. അതുകൊണ്ട് സത്യം ചെറിയ കുട്ടി പറഞ്ഞാലും അതിന്റെ മൂല്യം കൽപിക്കുക. പറഞ്ഞത് ചെറിയ കുട്ടിയാണെങ്കിലും സത്യം നിന്നെക്കാൾ വലുതാണെന്നും വലിയവർ പറഞ്ഞാലും തെറ്റ് നിസ്സാരം തന്നെയാണെന്നും മനസ്സിലാക്കുക. വയസ്സുനോക്കി സത്യാസത്യ വേർതിരിവു നടത്തരുത്. ഇന്നത്തെ കുട്ടികളെന്നാൽ നാളത്തെ മുതിർന്നവരല്ലേ. അവരോരോ കാര്യവും അതിസൂക്ഷ്മമായി ഓർത്തും രേഖപ്പെടുത്തിയും വെക്കുന്നവരാണ്, സൂക്ഷിക്കുക. നീയത് പിഴുതു കളയുമ്പോൾ അവനിലെ ധീരതയുടെ വിത്താണ് നശിപ്പിക്കുന്നത്. നീയവനെ ചെറുതായിക്കാണുമ്പോൾ അവനിലെ സ്വന്തത്തോടുള്ള വിശ്വാസവും നിന്നോടുള്ള ബഹുമാനവുമാണ് നഷ്ടപ്പെടുന്നത്. ആയതിനാൽ മക്കളെ പേടിപ്പിച്ചു വളർത്തരുത്. ബഹുമാനത്തോടെ വളർത്തുക. പേടിപ്പിച്ചു വളർത്തിയാൽ നിന്റെ സാന്നിധ്യത്തിൽ അവർ നിന്നെയനുസരിക്കും. ബഹുമാനിച്ചു വളർത്തിയാൽ നിന്റെ അസാന്നിധ്യത്തിലും അവർ നിന്നെയനുസരിക്കും.

കുട്ടികളെ ഒരിക്കലും നിസ്സാരവൽക്കരിക്കരുത്. അബ്ബാസി ഖലീഫ മുഅ്തസിം തന്റെ മന്ത്രി ‘ഖാകാൻ’ രോഗബാധിതനായപ്പോൾ സന്ദർശിക്കാൻ ചെന്നതായിരുന്നു. പിൽക്കാലത്ത് അബ്ബാസി ഖിലാഫത്തിന്റെ പ്രസിദ്ധ മന്ത്രിയായി മാറിയ അദ്ദേത്തിന്റെ പുത്രൻ ‘ഫത്ഹ് ബ്ൻ ഖാകാൻ’ അന്ന് ഏഴു വയസ്സു മാത്രമുള്ളൊരു കുട്ടിയായിരുന്നു. അവനോടൽപം തമാശയാവാമെന്നു കരുതി മുഅ്തസിം പല ചോദ്യങ്ങളും ചോദിച്ചു. ‘നിന്റെ പിതാവിന്റെ വീടാണോ അല്ല ഖലീഫയുടെ വീടാണോ ഏതാണ് നിനക്കിഷ്ടം?’ തെല്ലും ചിന്തിക്കാതെ കുട്ടിയുടെ മറുപടി വന്നു:’എന്റെ പിതാവിന്റെ വീടാണ്. കാരണം അവിടെ ഖലീഫയുണ്ട്!’ ഉത്തരം കേട്ട് മുഅ്തസിം അതിസന്തുഷ്ടനായി. കുട്ടിക്കൊരു സമ്മാനം കൊടുക്കാമെന്നു
കരുതി തന്റെ കൈയുയർത്തി മോതിരം കാണിച്ചു ചോദിച്ചു:’ഇതിലും മനോഹരമായൊരു മോതിരം നീ കണ്ടിട്ടുണ്ടോ?!’ ആ മോതരം കുട്ടിക്ക് സമ്മാനമായി നൽകുകയായിരുന്നു ഖലീഫയുടെ ഉദ്ദേശ്യം. കുട്ടി മറുപടി പറഞ്ഞു:’ആ മോതിരത്തിലും മനോഹരമാണ് ആ മോതിരം ധരിച്ചിരിക്കുന്ന കൈകൾ!’.

ഇവിടെ ഫത്ഹ് എന്ന കുട്ടി നല്ലൊരു വളർത്തുഗുണത്തിന്റെ ഫലമാണ്. കുട്ടികൾ മുതിർന്നവരെപ്പോലെ എല്ലാ വിഷയത്തിലും പല നിലവാരത്തിലായിരിക്കുമെന്നതു ശരിതന്നെ. പക്ഷേ, ചുരുക്കത്തിൽ നമ്മുടെ വളർത്തുഗുണത്തിന്റെ ഫലം തന്നെയാവും അവരിൽ ആകെക്കൂടെ കാണുക. അവരിൽ നാം വിതച്ചതല്ലാതെ കൊയ്‌തെടുക്കാമെന്ന് വ്യാമോഹിക്കരുത്. ബാർലി വിതച്ചവൻ ഗോതമ്പോ കള്ളിമുൾച്ചെടി നട്ടവൻ മുന്തിരിയോ വിളവെടുക്കില്ല. ശരിയാണ്, വിളകൾ നശിക്കുന്ന അവസരങ്ങളുണ്ടാവാറുണ്ട്. പക്ഷേ അത് വളരെ അപൂർവമായ സാഹചര്യങ്ങളിലല്ലേ. പൊതുവിലും വിതച്ചത് ശരിയായ രീതിയിൽ തന്നെ കൊയ്യപ്പെടാറുണ്ട്!

ഗുണപാഠം 2

പിന്തിരിപ്പന്മാരെ ഒരിക്കലും കാര്യമാക്കരുത്! ഈ പക്ഷി ഒരിക്കലും പറക്കില്ലെന്ന് പലരും പറഞ്ഞിട്ടും ഇതുവരെ എല്ലാ പക്ഷികളും പറന്നിട്ടുണ്ട്! ഈ കപ്പൽ ഒരിക്കലും നങ്കൂരമിടില്ലെന്ന് പലരും പറഞ്ഞിട്ടും എല്ലാ കപ്പലുകളും നങ്കൂരമിട്ടിട്ടുണ്ട്! ഈ കെട്ടിടം ഒരിക്കലും ഉയരില്ലെന്ന് പലരും പറഞ്ഞിട്ടും എല്ലാ കെട്ടിടങ്ങളും ഉയർന്നിട്ടുണ്ട്! ഈ ഭൂമി ഒന്നും വിളയിക്കില്ലെന്ന് പലരും പറഞ്ഞിട്ടും എല്ലാ കൃഷികളും ഫലങ്ങൾ തന്നിട്ടുണ്ട്! ഈ രോഗത്തിന് മരുന്നില്ലെന്ന് പലരും പറഞ്ഞിട്ടും എല്ലാ രോഗങ്ങൾക്കും മരുന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്! ഈ പ്രശ്‌നം ഒരിക്കലും പരിഹരിക്കപ്പെടില്ലെന്ന് പലരും പറഞ്ഞിട്ടും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടിട്ടുണ്ട്! ഈ അഭിപ്രായാന്തരം ഒരിക്കലും അവസാനിക്കില്ലെന്ന് പലരും പറഞ്ഞിട്ടും എല്ലാ അഭിപ്രായവ്യത്യാസങ്ങളും അവസാനിച്ചിട്ടുണ്ട്! ഈ വിവാഹം പരാജയപ്പെടുമെന്ന് പലരും അച്ചട്ടം പറഞ്ഞിട്ടും എല്ലാ വിവാഹവും വിജയിച്ചിട്ടുണ്ട്! ഈ യുദ്ധം അവസാനിക്കില്ലെന്ന് പലരും പറഞ്ഞിട്ടും എല്ലാ യുദ്ധങ്ങളും അവസാനിച്ചിട്ടുണ്ട്!

ചിലരുടെ ലക്ഷ്യം വിജയമല്ല, മറ്റുള്ളവരുടെ പരാജയത്തിലൂടെ ലഭിക്കുന്ന സുഖമാണ്. അവർ സ്വന്തമായി പരാജിതരായതിനാൽ എല്ലാവരും പരാജയപ്പെടാനാണ് അത്തരാക്കാർ ആഗ്രഹിക്കുന്നത്. വിജയിച്ച ഭർത്താവ് പരാജയപ്പെട്ട ഭർത്താവിനുള്ളൊരു പ്രഹരമാണ്! വിശ്വസ്തനായൊരു ഉദ്യോഗസ്ഥൻ കൈക്കൂലിക്കാരനായൊരു ഉദ്യോഗസ്ഥനുള്ള പ്രഹരമാണ്! നീതിമാനായ ഭരണാധികാരി അക്രമിയായ ഭരണാധികാരിക്കുള്ളൊരു പ്രഹരമാണ്! അബ്ദുല്ലാഹി ബ്ൻ മർവാൻ(റ) പറയാറുണ്ടായിരുന്നത്രെ:’ഉമർ ബ്ൻ ഖത്താബി(റ)ന്റെ ജീവിതം ഭരണാധികാരികൾക്ക് കൈപ്പേറിയതും പ്രജകൾക്ക് പ്രയാസകരവുമായിരുന്നു!’ നിന്റെ പ്രവർത്തനങ്ങളാവട്ടെ ഏറ്റവും നല്ല മറുപടിയും പ്രതികാരവും.

എന്നും വാക്കുകളെക്കാളും ശക്തമാണ് പ്രവർത്തനങ്ങൾ. ഇന്തൊനേഷ്യ ഇസ്‌ലാമിനു കീഴിൽ വന്നത് വാളുകൊണ്ടായിരുന്നില്ല. മുസ്‌ലിം കച്ചവടക്കാർ തങ്ങളുടെ സ്വഭാവത്തിലൂടെയാണ് ആ നാടിനെ കീഴടക്കിയത്. മറ്റുള്ളവരെ ആ കച്ചവടക്കാരെ കണ്ടപ്പോൾ ‘എന്തു മനോഹരമായ മതമാണ് അവർ പിന്തുടരുന്നതെന്ന്’ അത്ഭുതം കൂറുകയായിരുന്നു! നീതിപൂർണമായൊരു നിലപാട് നീതിയെക്കുറിച്ചുള്ള ആയിരം പ്രഭാഷണങ്ങളെക്കാൾ ഫലംചെയ്യുന്നതാണ്.

വിശ്വസ്തപൂർണമായൊരു നിലപാട് വിശ്വസ്തതയെക്കുറിച്ചുള്ള ആയിരം പ്രസംഗങ്ങളെക്കാൾ വിലമതിക്കുന്നതാണ്. നിനക്കെപ്പോഴും നിന്റെ മക്കളോട് വൃത്തിയുടെ കാര്യത്തിൽ ഉപദേശിച്ചു കൊണ്ടേയിരിക്കാം. പക്ഷേ, മാലിന്യങ്ങൾ നീ സ്വന്തമായി ഡസ്റ്റിബിന്നിൽ ഇടുന്നത് അവർ കണ്ടാലേ അവർ നിന്നെ അനുസരിക്കൂ, അനുകരിക്കൂ. കൃത്യസമയം പാലിക്കുന്നതിനെക്കുറിച്ച് നിനക്കെപ്പോഴും നിന്റെ ജോലിക്കാരെ ഉപദേശിക്കാം. പക്ഷേ, അവർക്കും മുമ്പേ നീ എത്തുന്നുവെങ്കിൽ മാത്രമേ അവർ നിന്നെ അനുസരിക്കൂ. മുസ്‌ലിം സൈന്യം വലിയ വലിയ സാമ്രാജ്യങ്ങളെ തകർത്തു മുന്നേറിയൊരു കാലം. ആ മുന്നേറ്റങ്ങളിലെല്ലാം ഖാലിദ് ബ്ൻ വലീദ്(റ) മുന്നിൽ തന്നെയുണ്ടായിരുന്നു. അദ്ദേഹം സൈന്യത്തിന്റെ ഒന്നാം നിരയിലുണ്ടാവുക എന്നതുതന്നെ സാരസമ്പുഷ്ടമായൊരു പ്രഭാഷണം പോലെയായിരുന്നു. നാക്കുകൊണ്ടല്ല, മറിച്ച് തന്റെ വാളുകൊണ്ട്, തന്റെ കുതിരയെന്ന മിമ്പറിനു മുകളിൽ കയറിയുള്ള പ്രഭാഷണം!

ഉമറി(റ)ന്റെ ഗവർണർമാരിൽ ആരുംതന്നെ ജനങ്ങളെ ഉപദ്രവിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല. കാരണം, ഉമർ(റ) ആരെയും ഉപദ്രവിച്ചിരുന്നില്ല. കിസ്‌റയുടെ ഖനികൾ അദ്ദേഹത്തിനു മുമ്പിൽ വെക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു:’വിശ്വസ്തരായൊരു സമൂഹത്തിന് ഇതേൽപിക്കപ്പെട്ടിരിക്കുന്നു’ അലി(റ) അപ്പോൾ പറഞ്ഞു:’ഓ അമീറുൽ മുഅ്മിനീൻ. നിങ്ങളവരെ സംസ്‌കാരം പഠിപ്പിച്ചു. അവർ സംസ്‌കാരസമ്പന്നരായി. നിങ്ങളൊരു കാര്യം കൽപിച്ചാൽ നിങ്ങൾ തന്നെ അതാദ്യം ചെയ്യുകയും വിലക്കിയാലും അപ്പടി ചെയ്യുകയും ചെയ്തു.’

ഗുണപാഠം 3

ചെറുതൊന്നിനെയും നിസ്സാരമായി കാണരുത്. പർവതങ്ങൾ പോലും ചെറിയ ചരൽക്കല്ലുകൾ ചേർന്നതല്ലേ! വലിയ തീക്കൂമ്പാരം ചെറിയൊരു തീപ്പൊരിയിൽ നിന്നുമല്ലേ! ചിലപ്പോൾ നിനക്ക് വലിയൊരു സംഘത്തിന്റെ മുഴുവൻ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞില്ലെന്നു വരാം, പക്ഷേ, കൂട്ടത്തിൽ ഒരു വ്യക്തിയുടെയെങ്കിലും പ്രശ്‌നം നിനക്ക് പരിഹരിക്കാനാകും. അതുകൊണ്ട് പിറകോട്ടടിക്കരുത്. തൊഴിയില്ലായ്മയെന്ന പ്രശ്‌നം മുഴുവനായി നിനക്ക് പരിഹരിക്കാനാകണമെന്നില്ല. പക്ഷേ, തൊഴിലില്ലാത്ത ഒരു മനുഷ്യനെങ്കിലും തൊഴിൽ നേടിക്കൊടുക്കാൻ നിനക്ക് സാധിച്ചേക്കാം! എല്ലാ ഭാര്യഭർതൃ തർക്കങ്ങളും നിനക്ക് പരിഹരിക്കാനാവണമെന്നില്ല.

പക്ഷേ, ഏതെങ്കിലുമൊരു ദമ്പതികൾക്കിടയിലുള്ള പ്രശ്‌നം നിനക്ക് പരിഹരിക്കാനായേക്കും! പട്ടിണി മുഴുവൻ ഇല്ലായ്മ ചെയ്യാൻ നിനക്കു കഴിഞ്ഞെന്നു വരില്ല. എങ്കിലും വിശക്കുന്ന ഒരാൾക്കെങ്കിലും ഭക്ഷണം നൽകാൻ നിനക്കു സാധിക്കും! ദാരിദ്ര്യനിർമാർജനം സമ്പൂർണമായി നടപ്പിലാക്കാൻ നിന്നെക്കൊണ്ടായെന്നു വരില്ല. പക്ഷേ ഏതെങ്കിലുമൊരു പാവപ്പെട്ട മനുഷ്യനെയെങ്കിലും നിനക്ക് സഹായിക്കാനായേക്കാം! തകർന്നടിഞ്ഞ വീടുകളെല്ലാം പുനർനിർമിക്കാനും നിനക്കു സാധിച്ചെന്നു വരില്ല. പക്ഷേ, ഏതെങ്കിലുമൊരു വീട് നിനക്ക് പുനർനിർമിക്കാനായേക്കാം! ദാനധർമം നൽകിയ ആയിരം ദിർഹമിനെക്കാൾ പ്രതിഫലം ലഭിക്കുന്ന എത്ര ഒരു ദിർഹമുകളുണ്ട്! ചിലപ്പോൾ ഒരു ദിർഹം നൽകിയ മനുഷ്യന്റെ പക്കൽ വേറെ ഒന്നും ബാക്കിയുണ്ടാവില്ല. ആയിരം ദിർഹം നൽകിയ മനുഷ്യന്റെ പക്കൽ മില്യൺ കണക്കിന് പണം കാണും.

രണ്ടുപേർക്കം പ്രതിഫലം ലഭിക്കുന്നതുമാണ്. പക്ഷേ, പലപ്പോഴും ദാനധർമത്തിന്റെ പ്രതിഫലം അതിന്റെ തോതനുസരിച്ചല്ല, മൂല്യമനുസരിച്ചാണ്! ആ ഒരു ദിർഹം കൊണ്ട് അയാൾ എന്തുചെയ്യാനാണെന്ന് ഒരിക്കലും ചോദിക്കരുത്. ഒരുരുള ചോറുകൊണ്ട് എന്താവാനാണെന്നും ചോദിക്കരുത്. വലിയൊരു തർക്കത്തിനിടയിൽ ഒരു വാക്കുകൊണ്ട് എന്തുണ്ടാവാണെന്നും ചോദിക്കരുത്. ചിലപ്പോൾ നിനക്കു മുമ്പേ പ്രശ്‌നപരിഹാരത്തിനു വേണ്ടി ശ്രമിക്കുന്നവർ നിന്റെ വാക്കിനുള്ള അന്തരീക്ഷം അവിടെ സൃഷ്ടിച്ചു വച്ചിരിക്കാം. നീയൊരു വാക്ക് പറയുന്നതോടെ കാര്യങ്ങളൊക്കെ പഴയപടി ആയെന്നുവരാം! മുൻഗാമികൾ പറഞ്ഞിട്ടുള്ളത് ‘കുറച്ചെന്നുള്ളത് ഒരു കുറവൊന്നുമല്ല. ഒന്നുമില്ലാതിരിക്കലാണ് അതിലും കുറവ്!’ എന്നാണ്.

ഗുണപാഠം 4

സാധിക്കുമെങ്കിൽ ജനങ്ങളെ അവരുടെ പൂർവസ്ഥാനത്തേക്കുതന്നെ മടക്കിയടക്കുക. സാഹചര്യങ്ങൾ ചിലപ്പോൾ ജനങ്ങളെ നേരെ എതിർസ്വഭാവക്കാരാക്കി മാറ്റാം. ചിലപ്പോൾ എന്നും അതുതന്നെയാവാം അവസ്ഥ. ബുദ്ധിമാനായൊരു കുട്ടി എന്നും പരാജയപ്പെടുന്നതു ചിലപ്പോൾ നിനക്കു കാണാം. അവനെ അവന്റെ ശരിയായ വഴിയിലേക്കു തെളിച്ചാൽ എങ്ങനെയിരിക്കും!? നല്ലവനും സത്യസന്ധനുമായൊരു മനുഷ്യൻ പാപങ്ങളുടെ കെണിയിലകപ്പെട്ടുവെന്നു കരുതു. അവന്റെ പൂർവപാതയിലേക്ക് നയിച്ചാൽ എത്ര മനോഹരമാകും!? സ്‌നേഹപൂർണമായൊരു വാക്കിന് അമാനുഷികതകൾ സൃഷ്ടിക്കാനുള്ള കഴിവുണ്ട്. വിവേകപൂർണമായൊരു നിലപാടിന് സാഹചര്യങ്ങൾ കീഴ്‌മേൽ മറിക്കാനുള്ള
കെൽപുണ്ട്. ചുമലിലേറ്റിയുള്ള തർബിയത്തിന് പുതിയൊരു തുടക്കം സൃഷ്ടിക്കാനുള്ള കഴിവുണ്ട്. ജനങ്ങൾക്ക് പലപ്പോഴും വീഴ്ച സംഭവിക്കും. വീഴ്ചസംഭവിച്ചവനു മേൽ ചാടിവീഴരുത്. സാധിക്കുമെങ്കിൽ അവനെ എഴുന്നേറ്റു നിൽക്കാൻ സഹായിക്കാനാിയ കൈ നീട്ടിക്കൊടുക്കുക.

 

വിവ: മുഹമ്മദ് ശാക്കിർ മണിയറ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles