Current Date

Search
Close this search box.
Search
Close this search box.

ധൃതി കാണിക്കരുത് മകനേ, ഘട്ടംഘട്ടമായി ചെയ്യുക

യുക്തിയുടെ പേരില്‍ അറിയപ്പെട്ടവരായിരുന്നു ഉമര്‍ ബ്ന്‍ അബ്ദുല്‍ അസീസ്(റ). ഒരുദിവസം അദ്ദേഹത്തിന്റെ മക്കളിലൊരാള്‍ അദ്ദേഹത്തെ സമീപിച്ച് പറഞ്ഞു:’ഉപ്പാ, നിങ്ങളെന്തിനാണ് ചില കാര്യങ്ങളില്‍ അമാന്തത കാണിക്കുന്നത്. ഞാനാണ് നിങ്ങളുടെ സ്ഥാനത്തെങ്കില്‍ സത്യത്തിന്റെ വിഷയത്തില്‍ ഒരാളെയും ഞാന്‍ ഭയക്കുമായിരുന്നില്ല’. ഖലീഫ മകനോട് സ്‌നേഹപൂര്‍വം പറഞ്ഞു:’ധൃതി കാണിക്കരുത് മകനേ. കാരണം, അല്ലാഹു ഖുര്‍ആനില്‍ മദ്യത്തെ രണ്ടുവട്ടം ആക്ഷേപിച്ചു പറഞ്ഞശേഷം മൂന്നാമത്തെ തവണ മാത്രമാണ് അത് നിഷിദ്ധമാക്കിയത്. ജനങ്ങളെയെല്ലാം ഒറ്റയടിക്ക് സത്യത്തിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയും അവരത് നിരസിക്കുകയും തുടര്‍ന്ന് കുഴപ്പങ്ങളുണ്ടാവുകയും ചെയ്യുന്നത് ഞാന്‍ ഭയക്കുന്നു’. പിതാവിന്റെ യുക്തി തൃപ്തികരമായ മകന്‍ സന്തുഷ്ടനായി തിരിച്ചുപോവുകയും ചെയ്തു.

ഗുണപാഠം 1
ഖുലഫാഉ റാശിദുകള്‍ക്ക് ശേഷം ഏറ്റവും നീതിമാനായ ഭരണാധികാരിയായി അറിയപ്പെട്ടവരാണ് ഉമര്‍ ബ്ന്‍ അബ്ദുല്‍ അസീസ്(റ). അഞ്ചാം ഖലീഫയെന്ന പേരില്‍ അദ്ദേഹം അറിയപ്പെട്ടു. കാരണം എല്ലാം കൊണ്ടും ആ നാലു മഹത്തുക്കളുടെയും കാലത്തോട് സാദൃശ്യമുണ്ടായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലത്തിന്. വല്ലിപ്പ ഉമര്‍ ബ്ന്‍ ഖത്താബി(റ)നോടായിരുന്നു കൂട്ടത്തില്‍ കൂടുതല്‍ സാദൃശ്യം. അദ്ദേഹമാണെങ്കില്‍ ഉമര്‍ ബ്ന്‍ അബ്ദുല്‍ അസീസി(റ)ന്റെ മാതാവിന്റെ വല്ലിപ്പയുമാണ്! ഈ ബന്ധത്തിന്റെ കഥയാരംഭിക്കുന്നത് ഉമറുല്‍ ഫാറൂഖി(റ)ന്റെ കാലത്താണ്. തന്റെ ഭരണകാലത്ത് പ്രജാക്ഷേമമറിയാന്‍ രാത്രി ഇറങ്ങിനടക്കുമായിരുന്നു അദ്ദേഹം. അന്നേരം ഒരു സ്ത്രീ തന്റെ മകളോട് പാലില്‍ വെള്ളം ചേര്‍ക്കാന്‍ പറയുന്നത് ഖലീഫ കേള്‍ക്കുന്നു. ഉമര്‍ ബ്ന്‍ ഖത്താബ് പാലില്‍ വെള്ളം ചേര്‍ക്കുന്നത് വിലക്കിയിട്ടുണ്ടെന്ന് മകള്‍ മറുപടി പറയുന്നു. പക്ഷേ ഉമര്‍ ബ്ന്‍ ഖത്താബ് നമ്മെ ഇപ്പോള്‍ കാണുന്നില്ലല്ലോയെന്ന് മാതാവ് പറയുമ്പോള്‍ ഉമര്‍ കാണുന്നില്ലെങ്കിലും ഉമറിന്റെ നാഥന്‍ നമ്മെ കാണുന്നുണ്ടെന്ന് മകൾ ധീരപൂര്‍വം മറുപടി പറയുന്നു! ആ കുട്ടിയുടെ വിശ്വാസദാര്‍ഢ്യം ഉമറി(റ)നെ അത്ഭുതപ്പെടുത്തുന്നു. തന്റെ മക്കളില്‍ വല്ലവരോടും ആ കുട്ടിയെ വിവാഹം ചെയ്യാന്‍ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ മകന്‍ ആസിം(റ) അവരെ വിവാഹം ചെയ്യുന്നു. ആ പാല്‍ക്കാരിയായ സ്ത്രീയുടെ മകള്‍ മറ്റൊരു മകള്‍ക്ക് ജന്മംനല്‍കി. അവര്‍ വളര്‍ന്നു വലുതായപ്പോള്‍ അബ്ദുല്‍ അസീസ് ബ്ന്‍ മര്‍വാന്‍ ബ്ന്‍ ഹകമിനെ വിവാഹം ചെയ്യുന്നു. അവരിലൂടെ ഉമര്‍ ബ്ന്‍ അബ്ദുല്‍ അസീസ് പിറക്കുന്നു.

പിതാവ് ഈജിപ്ത് ഗവര്‍ണറായി അധികാരമേറ്റതോടെ അദ്ദേഹത്തെയും മാതാവിനെയും മദീനയില്‍ തന്നെ നിര്‍ത്തുന്നു. ഉമര്‍ ബ്ന്‍ അബ്ദുല്‍ അസീസി(റ) ന് ഏറെ ഇഷ്ടമായിരുന്നു അബ്ദുല്ലാഹി ബ്ന്‍ ഉമറി(റ)നോട്. വലുതായാല്‍ ഞാനദ്ദേഹത്തെപ്പോലെ ആകുമെന്ന് മാതാവിനോട് കുട്ടിയായിരിക്കെത്തന്നെ അദ്ദേഹം ഇടക്കിടെ പറയുകയും ചെയ്തു. മാതാവു കൂടെ ഈജിപ്തില്‍ പിതാവിന്റെ അടുക്കലേക്ക് പോയതോടെ ഖത്താബ് കുടുംബത്തിന്റെ കൂടെ താമസമാക്കിയ അദ്ദേഹം ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കി. തര്‍ബിയത്ത് കൊണ്ടും കുടുംബം കൊണ്ടും എല്ലാനിലക്കും ഖത്താബ് കുടുംബക്കാരനായി അദ്ദേഹം. ഉമര്‍ ബ്ന്‍ ഖത്താബാ(റ)ണെങ്കില്‍ ഒന്നിലധികം തവണ തന്റെ പേരക്കുട്ടികളിലൊരാള്‍ ഭൂമിയൊന്നാകെ നീതി പരത്തുമെന്നും ആ കുട്ടിയുടെ നെറ്റിയില്‍ ചെറിയൊരു മുറിപ്പാടുണ്ടെന്നും സ്വപ്‌നത്തിലൂടെ കണ്ടിരുന്നു. ജനങ്ങളോടത് പറയുകയും ചെയ്തിരുന്നു. ഉമര്‍ ബ്ന്‍ അബ്ദുല്‍ അസീസാ(റ)ണെങ്കില്‍ ചെറുപ്പത്തില്‍ കുതിരാലയത്തിലായിരിക്കെ നെറ്റിയിലൊരു മുറിവുണ്ടാവുകയും ചെയ്തു. ‘ബനൂ ഉമയ്യയിലെ നെറ്റിയില്‍ മുറിവുള്ളയാളാണ് നീയെങ്കില്‍ നീ ഭാഗ്യവാനാണെ’ന്ന് പിതാവദ്ദേഹത്തോട് പറയുകയും ചെയ്തു. അത് അക്ഷരാര്‍ഥത്തില്‍ അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു.

വലീദ് ബ്ന്‍ അബ്ദുല്‍ മലികിന്റെ കാലത്ത് മദീനയുടെ ഗവര്‍ണറായി. അദ്ദേഹത്തിനു ശേഷം ശാമിന്റെയും ഗവര്‍ണറായി. സുലൈമാന്‍ ബ്ന്‍ അബ്ദുല്‍ മലിക് ഭരണാധികാരിയായപ്പോള്‍ അദ്ദേഹത്തെ രാജകുമാരനാക്കുകയും ശേഷം ഭരണാധികാരമേറ്റെടുക്കുകയും ചെയ്തു. അധികാരമേറ്റശേഷം അദ്ദേഹം ആദ്യം ചെയ്തത് ഉമയ്യാ കുടുംബത്തിന്റെ സ്വത്തുമുഴുവന്‍ പൊതുഖജനാവിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ‘ഈ സ്വത്തെല്ലാം എനിക്കെന്റെ പിതാവ് തന്നതാണെന്ന്’ പറഞ്ഞപ്പോള്‍ ‘നിനക്കു തരാനായി അതിന് നിന്റെ പിതാവിന് ഒന്നുമുണ്ടായിരുന്നില്ല!’ എന്നായിരുന്നു അവരുടെ മറുപടി. സ്വര്‍ണമെല്ലാം ഖജനാവിലേക്ക് തിരിച്ചുകൊടുത്ത് അദ്ദേഹത്തിന്റെ കൂടെ തന്നെ നില്‍ക്കുക, അല്ലെങ്കില്‍ പിരിഞ്ഞുപോവുക എന്നീ രണ്ട് അവസരങ്ങളായിരുന്നു അവര്‍ക്കദ്ദേഹം നല്‍കിയത്. അവര്‍ അദ്ദേഹത്തെ തന്നെ തെരഞ്ഞെടുക്കുകയും സ്വര്‍ണം ഖജനാവിലേക്ക് തിരിച്ചുകൊടുക്കുകയും ചെയ്തു. അപഹരിക്കപ്പെട്ട ഓരോ വസ്തുക്കളും ഭൂമികളും അദ്ദേഹം അര്‍ഹരായവിലേക്കെത്തിച്ചു. യഥാര്‍ഥത്തില്‍ ഖുലഫാഉ റാശിദുകളുടെ കാലത്തെത്തന്നെ ഓര്‍മിപ്പിച്ചു അദ്ദേഹത്തിന്റെ ഭരണകാലം. അക്രമം നിറഞ്ഞുനിന്നിരുന്നൊരു ലോകത്ത് നീതിയും ധര്‍മവും അദ്ദേഹം വ്യാപിപ്പിച്ചു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഒരു ചെന്നായ ഒരു ആടിനെപ്പോലും അക്രമിച്ചിട്ടുണ്ടാവില്ലെന്ന് രസകരമായി പറയപ്പെടാറുണ്ട്! ആയിടെ, ഒരാള്‍ തന്റെ ആട്ടിന്‍ കൂട്ടങ്ങളെ മേച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നൊരു ചെന്നായ കൂട്ടത്തിലൊരു ആടിനെ അക്രമിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. തെല്ല് വെപ്രാളത്തോടെ അയാള്‍ പറഞ്ഞു:’ലാ ഹൗല വലാ… ഉമര്‍ ബ്ന്‍ അബ്ദുല്‍ അസീസ് മരണപ്പെട്ടിരിക്കുന്നു’! പട്ടണത്തിലേക്കദ്ദേഹം തിരിച്ചെത്തിയപ്പോള്‍ ഖലീഫ മരണപ്പെട്ടിരുന്നു! ജനങ്ങള്‍ക്ക് തുല്യനീതിയുറപ്പാക്കുന്ന അദ്ദേഹത്തിന്റെ ഭരണം ഇഷ്ടപ്പെടാത്ത ചില ബന്ധുജനങ്ങള്‍ തന്നെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.

സാങ്കല്‍പികമെന്നുപോലും തോന്നും വിധത്തിലുള്ള ഒത്തിരി സംഭവങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തിലുള്ളത്. നീതിയുടെ വിഷയത്തില്‍ വല്ലിപ്പ ഉമറി(റ)നെ ഓര്‍മിപ്പിച്ചു അദ്ദേഹം. നീതിയും പ്രജാവിഷയങ്ങളിലെ കരുതലും കാരുണ്യവും എമ്പാടുമുണ്ടായി ആ ജീവിതത്തില്‍. ഒരിക്കല്‍ പൊതുഖജനാവിലെ സമ്പത്ത് മുഴുവനായും ജനങ്ങള്‍ക്ക് കൊടുത്തുവീട്ടിയ ശേഷം അവിടം കഴുകി ശുദ്ധീകരിച്ച് സുഗന്ധംപൂശി അവകാശങ്ങള്‍ കൊടുത്തുവീട്ടാന്‍ തന്നെ സഹായിച്ച് നാഥന് നന്ദി പ്രകാശിപ്പിച്ച് അവിടെവച്ച് രണ്ട് റക്അത്ത് നിസ്‌കാരം നിര്‍വഹിക്കുകയുണ്ടായി അദ്ദേഹം.
ഇറാഖിലെ ഗവര്‍ണര്‍ അദ്ദേഹത്തെ കാണന്‍ വന്ന സന്ദര്‍ഭം. പ്രജകളുടെ അവസ്ഥകളെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതികളെക്കുറിച്ചും ഖലീഫ ചോദിച്ചറിഞ്ഞു. എല്ലാം കഴിഞ്ഞപ്പോള്‍ ‘അങ്ങ് എങ്ങനെയിരിക്കുന്നു’ വെന്ന് ഖലീഫയോട് ഗവര്‍ണര്‍ ചോദിച്ചു. ‘കാത്തിരിക്കൂ’ എന്ന് മറുപടി പറഞ്ഞ ശേഷം വിളക്കണച്ച് മറ്റൊരു ചെറു മെഴുകുതിരി തെളിച്ചശേഷം അദ്ദേഹം പറഞ്ഞു ‘അല്‍ഹംദുലില്ലാഹ്, ഞാന്‍ സുഖമായിരിക്കുന്നു’.ഈ വിചിത്ര പ്രവൃത്തി കണ്ട് വിശദീകരണം തേടിയ ഗവര്‍ണറോടായി അദ്ദേഹം പറഞ്ഞു:’വിളക്കിലുള്ളത് പൊതുഖജനാവിലെ എണ്ണയാണ്. ജനങ്ങളുടെ വിശേഷം ചോദിച്ചറിയുമ്പോള്‍ ആ വിളക്ക് തെളിച്ചത് അതിനാണ്. അതുകഴിഞ്ഞ് എന്റെ സ്വകാര്യ വിശേഷത്തിലേക്ക് വന്നപ്പോള്‍ ആ വിളക്ക് കെടുത്തുകയും എന്റെ സ്വന്തം മെഴുകുതിരി തെളിക്കുകയും ചെയ്തുവെന്നു മാത്രം!’

മറ്റൊരവസരം, അദ്ദേഹം പള്ളിയിലായിരിക്കുന്ന സന്ദര്‍ഭം. ചുറ്റുമെങ്ങും ഇരുട്ടായിരുന്നു. അല്‍പം പോലും വെളിച്ചമില്ല. ഇരുട്ടില്‍ അങ്ങനെ നടക്കുന്നതിനിടെ അദ്ദേഹം അറിയാതെ ഒരാളുടെ കാലില്‍ തടഞ്ഞുപോയി. കുപിതനായ അയാള്‍ ‘അന്ധനാണോ നിങ്ങളെ’ന്ന് ആക്രോശിച്ചു. സൗമ്യനായി അദ്ദേഹം അല്ലെന്ന് മറുപടി പറയുകയും ചെയ്തു. അദ്ദേഹത്തിനു ചുറ്റുമുണ്ടായവരൊക്കെയും ആ മനുഷ്യനു നേരെ പാഞ്ഞടുക്കുകയും ചെയ്തു. ഉമര്‍(റ) പ്രതിവചിച്ചു:’ആ മനുഷ്യനെ വെറുതെ വിട്ടേക്കൂ. അദ്ദേഹം ചോദിച്ചു. ഞാന്‍ ഉത്തരം പറഞ്ഞു. അത്രമാത്രം!’
മറ്റൊരു സന്ദര്‍ഭം. ക്രിസ്ത്യാനിയായ ഒരു മനുഷ്യന്‍ അദ്ദേഹത്തിന്റെയടുക്കല്‍ പരാതി ബോധിപ്പിക്കാനായി വന്നു. അദ്ദേഹത്തിന്റെ ശാമിലെ ഗവര്‍ണര്‍ക്കെതിരായിരുന്നു പരാതി. അദ്ദേഹത്തിന്റെ ഭൂമിയില്‍ ഗവര്‍ണര്‍ പള്ളി നിര്‍മിക്കാനുദ്ദേശിക്കുകയും ഭൂമി നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ നിര്‍ബന്ധപൂര്‍വം അവിടെ പള്ളി നിര്‍മിക്കുകയുമായിരുന്നു. പള്ളി പൊളിക്കാനും ഭൂമി അയാള്‍ക്കു തന്നെ തിരിച്ചുകൊടുക്കാനുമായിരുന്നു അദ്ദേഹത്തിന്റെ കല്‍പന!

ഗുണപാഠം 2
ദയയുണ്ടാവുകയെന്നത് ഒരിക്കലും ബലഹീനതയല്ല. സത്യത്തില്‍, ശക്തന്മാര്‍ക്കു മാത്രമേ ദയയുള്ളവരാവാന്‍ കഴിയൂ. ഹൃദയകാഠിന്യമുള്ളവരാണ് അക്ഷരാര്‍ഥത്തില്‍ ദുര്‍ബലര്‍! ദയയും നീതിയും അതിഭാരമുള്ള രണ്ട് കാര്യങ്ങളാണ്. ശക്തരായവര്‍ക്കു മാത്രം താങ്ങുന്നത്. നബി തങ്ങളായിരുന്നു ഏറ്റവും ദയയുണ്ടായിരുന്നൊരു മനുഷ്യന്‍. വ്യഭിചാരം ചെയ്യാന്‍ സമ്മതം തരണമെന്നാവശ്യപ്പെട്ട് ഒരു യുവാവ് നബി തങ്ങളെ ചെന്നുകാണുന്നു. ചുറ്റുമുള്ള സ്വഹാബികള്‍ ഒന്നടങ്കം കുപിതരാവുന്നു. പക്ഷേ കാരുണ്യപ്രഘര്‍ഷമായ തിരുനബി സ്‌നേഹപൂര്‍വം ചോദിക്കുന്നു:’നിന്റെ മാതാവിനെയോ സഹോദരിയെയോ മകളെയോ നീ അങ്ങനെ ചെയ്യാന്‍ നീ ഇഷ്ടപ്പെടുമോ’. ഓരോ തവണയും ഇല്ലെന്ന് യുവാവ് മറുപടി പറയുന്നു. ശേഷം സ്‌നേഹപൂര്‍വം അവന്റെ നെഞ്ചില്‍ തടവി അവനുവേണ്ടി പ്രാര്‍ഥിക്കുന്നു!

ഗ്രാമവാസിയായൊരു മനുഷ്യന്‍ ഒരവസരം പള്ളിയില്‍ മൂത്രമൊഴിക്കുന്നു. ജനങ്ങളൊക്കെ ദേഷ്യത്തോടെ അയാള്‍ക്കു നേരെ ഓടിയടുക്കുന്നു. തിരുനബി വന്ന് ജനങ്ങളോട് ശാന്തരാവാനാവശ്യപ്പെടുന്നു. മൂത്രമൊഴിച്ച ഭാഗത്ത് വെള്ളമൊഴിക്കാന്‍ നിര്‍ദേശിക്കുന്നു. ആ മനുഷ്യനെ ഒന്നും ചെയ്യാതെ വിടുന്നു!

മറ്റൊരവസരം. ഭാര്യ ബീവി ആഇശ(റ)യുടെ ഊഴമായിരുന്നു ആ ദിവസം. അന്നുതന്നെ മറ്റൊരു ഭാര്യ നബി തങ്ങള്‍ക്ക് എന്തോ ഭക്ഷണം കൊടുത്തയക്കുകയും ചെയ്തു. ആഇശാ ബീവി അതെടുത്ത് എറിയുകയും പാത്രം വീണു പൊട്ടുകയും ചെയ്തു. നബി തങ്ങള്‍ പുഞ്ചിരിച്ച് ചുറ്റുമുള്ളവരോടായി പറഞ്ഞു:’നിങ്ങളുടെ ഉമ്മയിന്ന് അല്‍പം ദേഷ്യത്തിലാണ്’ ശേഷം ബീവിയുടെ നേരെ തിരിഞ്ഞ് പറഞ്ഞു:’അവര്‍ക്ക് നിങ്ങളുടെ പാത്രം കൊടുത്തേക്കൂ!’.

മറ്റൊരു സന്ദര്‍ഭം, ഒരു കിളിവന്ന് തന്റെ കുഞ്ഞിക്കിളികളെ കാണാനില്ലെന്ന പരാതി ബോധിപ്പിച്ചപ്പോള്‍ സ്വഹാബികളോട് അതിന്റെ കുട്ടികളെ തിരികെക്കൊടുക്കാന്‍ ആവശ്യപ്പടുന്നു! മക്കാ വിജയത്തിന്റെ സന്ദര്‍ഭമൊന്ന് ഓര്‍ത്തു നോക്കൂക! തന്നെ ദ്രോഹിക്കുകയും ഭ്രാന്തനെന്നും മാരണവിദ്യക്കാരമെന്നും കള്ളനെന്നും വിളിക്കുകയും ചെയ്ത മക്കക്കാര്‍ നബി തങ്ങള്‍ക്കു മുന്നില്‍ പരാജിതരായി നില്‍ക്കുന്ന സന്ദര്‍ഭം. കഅ്ബക്ക് മുമ്പില്‍ സാഷ്ടാംഗം നമിക്കുന്ന വേളയില്‍ ഒട്ടകത്തിന്റെ കുടല്‍മാല ദേഹത്ത് കൊണ്ടിട്ട നാട്ടുകാര്‍ അദ്ദേഹത്തിനു മുമ്പില്‍ കീഴടങ്ങിയ സമയം. പാലായനത്തിനായി പുറപ്പെട്ടപ്പോള്‍ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും രക്തം മാത്രമുദ്ദേശിച്ച് ഗുഹുമാഖം വരെ പിന്തുടരുകയും ചെയ്ത മക്കക്കാര്‍ മുന്നില്‍ എന്തും ഏറ്റുവാങ്ങാനൊരുങ്ങി നില്‍ക്കുന്ന സാഹചര്യം. എന്നിട്ടും അദ്ദേഹമെന്തായിരുന്നു ചെയ്തത്?! ‘നിങ്ങള്‍ പോയ്‌ക്കോളൂ, നിങ്ങള്‍ സ്വതന്ത്രരാണ്’ എന്ന് പ്രഖ്യാപിക്കുക മാത്രമായിരുന്നു! അതാണ് വലിയ മനുഷ്യരുടെ സ്വഭാവം. അവര്‍ അധികാരം ലഭിക്കുന്തോറും കൂടുതല്‍ ദയയുള്ളവരായിത്തീരും!

ഗുണപാഠം 3
ശരീഅത്തിലെ ആരാധനാകര്‍മങ്ങള്‍ മനസ്സിലാക്കുന്നതിലും പ്രധാനമായൊരു കാര്യമുണ്ട്. ശരീഅത്തിന്റെ അടിസ്ഥാനലക്ഷ്യങ്ങള്‍(മഖാസിദ്) മനസ്സിലാക്കുക എന്നതാണത്. അതാണ് ഉമര്‍(റ) ശക്തമായ വരള്‍ച്ച ബാധിച്ച കാലത്ത് ചെയ്തതും. കളവിന് അതുവരെ നടപ്പിലുണ്ടായിരുന്ന ശിക്ഷ അദ്ദേഹം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. ജനങ്ങള്‍ വിശന്നിരിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹം ആരുടെയും കൈവെട്ടാന്‍ പോയില്ല. ഇസ്‌ലാം വന്നത് ആരുടെയും കൈവെട്ടാനല്ലെന്നും കൈവെട്ട് നിയമം ഉണ്ടായിട്ടുള്ളത് ജനങ്ങളുടെ അവകാശം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിനു പുറത്താണെന്നും പക്ഷേ ജനങ്ങള്‍ ഒന്നാകെ വിശന്നിരിക്കുന്ന സാഹചര്യത്തില്‍ ചിലരെങ്കിലും തന്റെ മക്കളുടെയോ മറ്റോ ജീവന്‍ ഭയന്ന് മോഷ്ടിക്കുകയും ചെയ്യുമെന്നും ഭക്ഷണത്തിനുള്ള വകയുണ്ടെങ്കില്‍ അവരത് ചെയ്യില്ലെന്നും അദ്ദേഹം മനസ്സിലാക്കി എന്നതാണ് വസ്തുത. ശിക്ഷാമുറകള്‍ നടപ്പിലാക്കുന്നതിനു മുമ്പ് കുറ്റകൃത്യങ്ങള്‍ നടക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കലാണ് പ്രധാനമാണെന്നദ്ദേഹം തിരിച്ചറിഞ്ഞു. ആയതിനാല്‍, മദ്യം ഇല്ലാതാക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തിയ ശേഷം മാത്രമേ ഇസ്‌ലാം മദ്യപിച്ചവനുള്ള ശിക്ഷ നടപ്പിലാക്കൂ. അല്ലെങ്കില്‍ എങ്ങനെയാണ് ഇസ്‌ലാമിനു തന്നെ തുടച്ചുമാറ്റാന്‍ കഴിയാത്തൊരു കാര്യം ജനങ്ങളോട് ചെയ്യരുതെന്നു വിലക്കുന്നത്! ഇനിയത് ഉന്മൂലനം ചെയ്യുകയും അതിനെതിരെ പോരാടുകയും ചെയ്യുന്ന പക്ഷം ആ നിയമം നടപ്പിലാക്കുന്നതില്‍ ഇസ്‌ലാമിന് തെല്ലും ആലോചിക്കാനുമില്ല. കാഠിന്യമുള്ളതായി പ്രത്യക്ഷത്തില്‍ തോന്നുന്ന ഇസ്‌ലാമിന്റെ ശിക്ഷാനടപടികളുടെ പ്രാവര്‍ത്തിക ഘട്ടങ്ങളില്‍ പോലും പലയിടത്തും കാരുണ്യത്തിന്റെ ചിത്രങ്ങള്‍ ഒരുപാട് കാണാം. അതുകൊണ്ട് ഇസ്‌ലാമിനെ അടിച്ചേല്‍പിക്കുന്നതിനു മുമ്പ് ഇസ്‌ലാം കൊണ്ടുവന്ന ഉദ്ദേശലക്ഷ്യം മനസ്സിലാക്കുക പ്രധാനമാണ്. ഇസ്‌ലാം വന്നിട്ടുള്ളത് സ്വത്തുകള്‍ക്ക് സംരക്ഷണമേകാനാണ്, കൈകള്‍ വെട്ടാനല്ല! ബുദ്ധി സംരക്ഷിക്കാനാണ്, ചാട്ടവാറടികള്‍ നടത്താനല്ല! അഭിമാനം കാത്തുരക്ഷിക്കാനാണ്, ആരെയും കല്ലെറിഞ്ഞു കൊല്ലാനല്ല!

വിവ: മുഹമ്മദ് ശാക്കിർ മണിയറ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles