Current Date

Search
Close this search box.
Search
Close this search box.

നീ കടലാവുക! അവര്‍ പറഞ്ഞതൊക്കെയും ഒരു വേലിയേറ്റംകൊണ്ട് നീ മായ്ച്ചുകളയുക!

ഒരു കുട്ടിയുടെ ചെരുപ്പ് കടലു കൊണ്ടുപോവുന്നു. ആ കുട്ടി കടല്‍ത്തീരത്ത് എഴുതിവച്ചു:’ഈ കടല്‍ കള്ളനാണ്!’. ആ കുട്ടിക്ക് അധികം ദൂരത്തല്ലാതെ ഒരു മുക്കുവന് ധാരാളം മീനുകള്‍ ലഭിക്കുന്നു. അയാള്‍ ആ തീരത്ത് എഴുതിവച്ചു:’ഈ കടല്‍ ധര്‍മിഷ്ടനാണ്!’. അതേദിവസം തന്നെ ഒരു യുവാവ് ആ കടലില്‍ മുങ്ങിമരിക്കുന്നു. വിഷണ്ണയായ ആ മാതാവ് ആ കടല്‍ത്തീരത്ത് എഴുതിവച്ചു:’ഈ കടല്‍ കൊലയാളിയാണ്!’. എല്ലാംകഴിഞ്ഞ് വേലിയേറ്റത്തിന്റെ സമയമായപ്പോള്‍, ഒരു തിരവന്ന് എല്ലാ എഴുത്തുകളും മായ്ച്ചുകളഞ്ഞു!
ഗുണപാഠം 1
ചിലര്‍, നീയെത്ര പണിയെടുത്താലും നല്ലവാക്കു പറയുന്നവരാവില്ല. നിന്റെ പത്തു വിരലുകളിലും നീ മെഴുകുതിരി തെളിച്ചുവച്ചാലും ‘എന്തേ വെളിച്ചമിത്ര മങ്ങിയിരിക്കുന്നു’ എന്നേ അവര്‍ ചോദിക്കൂ. മലമുകളില്‍ സൂചികൊണ്ട് നീ അവര്‍ക്കായി തുരങ്കമുണ്ടാക്കിക്കൊടുത്താലും ‘എന്തേ ഇത്ര വൈകിയത്’ എന്നേ അവര്‍ ചോദിക്കൂ. അവരുടെ വഴികള്‍ നിന്റെ കണ്‍പീലികള്‍ കൊണ്ട് തൂത്തുവൃത്തിയാക്കിക്കൊടുത്താലും ‘ഒന്നുകൂടെ നന്നായി ചെയ്യാമായിരുന്നു’ എന്നേ അവര്‍ പറയൂ. ജനങ്ങള്‍ ഇങ്ങനെയാണ്. നിന്റെ മുമ്പും അവരങ്ങനെയായിരുന്നു. നിന്റെ കാലശേഷവും അങ്ങനെയേ ഉണ്ടാവൂ. അതുകൊണ്ട് എല്ലാവരെയും പ്രീതിപ്പെടുത്താന്‍ പാടുപെട്ട് സ്വന്തത്തെ നശിപ്പിക്കേണ്ടതില്ല. പ്രവാചകന്മാര്‍ക്കു പോലും സാധിക്കാതിരുന്നൊരു കാര്യമാണത്. ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കൂ. ജനങ്ങളില്‍ അധികപേരും അല്ലാഹുവിനെക്കുറിച്ചു പോലും തൃപ്തരല്ല. പിന്നെയെങ്ങനെ ബാക്കി ജനങ്ങളോട് തൃപ്തിയുള്ളവരാവാനാണ്?!
ഗുണപാഠം 2
മറ്റുള്ളവരെ നിന്റെ നേര്‍പ്പകര്‍പ്പാക്കുകയെന്നത് തീര്‍ത്തും അസാധ്യമായൊരു കാര്യമാണ്. അതുകൊണ്ട്, വ്യത്യസ്തതകളെ സ്വീകരിക്കാന്‍ സ്വന്തത്തെ ശീലിപ്പിക്കുക. ജീവിതത്തെക്കുറിച്ചൊന്ന് ആലോചിച്ചുനോക്കൂ. അതിന്റെ സൗന്ദര്യം മുഴുവന്‍ കിടക്കുന്നത് അതിന്റെ വ്യത്യസ്തതയിലും ബഹുസ്വരതയിലുമല്ലേ. എതിര്‍രൂപങ്ങളില്ലായിരുന്നെങ്കില്‍ വസ്തുക്കളുടെ മൂല്യം എങ്ങനെ അറിയാനാണ്!
ഒന്നാലോചിച്ചു നോക്കിയാല്‍, സത്യത്തെ മനോഹരമാക്കുന്നത് അസത്യത്തിന്റെ ദൂഷ്യവും നീതിയെ സുന്ദരമാക്കുന്നത് അക്രമത്തിന്റെ വൈരൂപ്യവും സമാധാനത്തെ സര്‍വസ്വീകാര്യമാക്കുന്നത് യുദ്ധത്തിന്റെ തീപ്പൊരിയുമാണല്ലോ. ഈ ദുനിയാവെന്നാല്‍ വ്യത്യസ്തങ്ങളായ ചിന്തകളും അഭിപ്രായങ്ങളും നിലപാടുകളുമാണ്. നിന്റെ ചിന്ത ശാന്തതയോടെ പറഞ്ഞുവെക്കുക. നിന്റെ അഭിപ്രായം കൃത്യതയോടെ രേഖപ്പെടുത്തുക. നിനക്കുവേണ്ട കാര്യങ്ങള്‍ സുരക്ഷിതമാക്കിവെക്കുക. അതിനിടയില്‍ എതിര്‍പക്ഷക്കാരെ പാടേ കയ്യൊഴിയാതിരിക്കാന്‍ ശ്രമിക്കുക. ചില എതിര്‍പ്പുകളും മൂല്യമുള്ളതാണ്! ചിലപ്പോള്‍ നമ്മുടെ സമാനചിന്താഗതിക്കാരിലേറെ നമുക്കാവശ്യം നമ്മോട് ഭിന്നാഭിപ്രായം വെച്ചുപുലര്‍ത്തുന്നവരാവും.
ഇമാം ദഹബി തന്റെ ‘സിയറു അഅ്‌ലാമിന്നുബലാഇ’ല്‍ ഇമാം ശാഫിയുടെ ജീവിതം പറയുന്നിടത്ത് രേഖപ്പെടുത്തുന്നു: ‘യൂനുസുസ്സ്വദഫി പറഞ്ഞു: ഇമാം ശാഫിയെപ്പോലെ ബുദ്ധിയുള്ളൊരു മനുഷ്യനെയും ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. ഒരുദിവസം ഞാനും അദ്ദേഹവും ഒരു മസ്അലയുടെ വിഷയത്തില്‍ തര്‍ക്കമുണ്ടായി. അന്നു പിരിഞ്ഞുപോയ ശേഷം പിന്നീടൊരു വട്ടം കണ്ടപ്പോള്‍ സലാം പറഞ്ഞുകൊണ്ടദ്ദേഹം പറഞ്ഞു: ഓ അബൂമൂസാ, ഒരു മസ്അലയില്‍ എതിരഭിപ്രായമുണ്ടെന്നു കരുതി നമ്മള്‍ സഹോദരന്മാര്‍ ആകാതാവുന്നില്ലല്ലോ!’
ഗുണപാഠം 3
തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍ ശക്തമായ മറുപടിയെക്കുറിച്ച് ആലോചിക്കരുത്, മറിച്ച് നല്ല മറുപടിയെക്കുറിച്ചാലോചിക്കുക! ജനങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കലാണ് തര്‍ക്കങ്ങളില്‍ വിജയിക്കുന്നതിനെക്കാള്‍ പ്രധാനം. ഖാലിദ് ബിന്‍ വലീദി(റ)നെ ഒരു മനുഷ്യന്‍ ചീത്ത പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു:’അത് നിന്റെ ഏടുകളാണ്. അതില്‍ വേണ്ടതു നിറച്ചോളൂ!’. അദ്ദേഹത്തില്‍ നമുക്ക് ചെറുതല്ലാത്ത മാതൃകയുണ്ട്.
ത്വാഇഫില്‍ വച്ച് ചോര പൊടിയുംവരെ കല്ലേറു കിട്ടി നബി തങ്ങള്‍ വിശ്രമിക്കാനിരുന്ന സന്ദര്‍ഭം. ജിബ്‌രീലും പര്‍വതങ്ങളുടെ മാലാഖയും നബിയുടെ അടുത്തേക്കു വരുന്നു. വേണമെങ്കില്‍ രണ്ടു പര്‍വതങ്ങള്‍ക്കിടയില്‍ ആ ജനപഥത്തെ നശിപ്പിച്ചുകളയാമെന്നു പറയുന്നു. പൊടിയുന്ന രക്തവും മുറിവും കാര്യമാക്കാതെ നബി തങ്ങള്‍ പറഞ്ഞത് ‘അവരുടെ പിന്‍മുറക്കാരിലെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്ന ഒരാള്‍ കടന്നുവരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’ എന്നായിരുന്നു. മറ്റൊരവസരം, ത്വുഫൈല്‍ ബിന്‍ അംറ്(റ) വന്ന് അല്‍പം വേദനയോടെ നബിയോടു പറഞ്ഞു: ‘ദൗസ് ഗോത്രക്കാര്‍ നശിച്ചുപോകട്ടെ. അവര്‍ നമ്മുടെ ദീനിനെ ധിക്കരിച്ചുകളഞ്ഞവരാണ്. അവര്‍ക്കെതിരായി പ്രാര്‍ഥിക്കൂ നബിയേ!’. കാരുണ്യക്കടലായ നബിയുടെ പ്രാര്‍ഥന ഇതായിരുന്നു: ‘അല്ലാഹുവേ, ദൗസുകാരെ നീ നല്ല മാര്‍ഗത്തിലേക്കു നയിക്കണേ. അവരെക്കൊണ്ട് മറ്റുള്ളവരെയും സന്മാര്‍ഗത്തിലേക്കു നയിക്കണേ!’
ഗുണപാഠം 4
നീ കടലാവുക! അവര്‍ പറഞ്ഞതൊക്കെയും ഒരു വേലിയേറ്റംകൊണ്ട് നീ മായ്ച്ചുകളയുക! നിന്നെക്കുറിച്ച് പറയപ്പെട്ടിട്ടുള്ള എല്ലാ വാക്കുകളെക്കുറിച്ചും നീ വ്യഥ പൂണ്ടാല്‍ ഒരടി പോലും നിനക്കു മുന്നോട്ടു പോകാനാവില്ല. ജനങ്ങളുടെ സംസാരം റോഡിലെ ചെറിയ കുഴികള്‍ പോലെയാണ്. റോഡിലെ ഓരോ കുഴികളിലുമിറങ്ങി നോക്കിയല്ലല്ലോ, അതിനെ അവഗണിച്ചല്ലേ എല്ലാവരും മുന്നോട്ടു പോകാറ്?! ലക്ഷ്യത്തില്‍ നിന്ന് നിന്നെ തെന്നിമാറ്റിക്കാന്‍ ആ കുഴികളെ അനുവദിക്കുകയുമരുത്. മാത്രമല്ല, കുഴിയില്‍ ഇറങ്ങിയവര്‍ തന്നെയും വൃത്തിയോടെയാവില്ല തിരിച്ചുകയറുക. ചിലരോട് തര്‍ക്കിക്കാന്‍ പോയാലും അതുതന്നെയാവും അവസ്ഥ. സ്വന്തത്തോടുതന്നെ ചെയ്യുന്ന വലിയ ദ്രോഹമായി മാറുമത്. അതുകൊണ്ട് തലയുയര്‍ത്തി നില്‍ക്കുക!
വിവ: മുഹമ്മദ് ശാക്കിർ മണിയറ
കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles