Current Date

Search
Close this search box.
Search
Close this search box.

അങ്ങനെയെങ്കില്‍ ഇവിടെയുള്ള ജനങ്ങളൊക്കെയും പശുക്കളാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് തെളിയിച്ചു തരാം

ഉമറുല്‍ വര്‍റാഖ് എന്നവര്‍ പറയുന്നു:’കവിയായ കുല്‍സൂം ബ്ന്‍ അംറുല്‍ അതാബി ഒരിക്കല്‍ ശാമിന്റെ കവാടത്തിനടുത്തുള്ള വഴിയിലായി റൊട്ടി തിന്നുന്നത് ഞാനൊരിക്കല്‍ കാണാനിടയായി. ജനങ്ങള്‍ കാണുന്നതോര്‍ത്ത് നിങ്ങള്‍ക്ക് ലജ്ജയിലേയെന്ന് ഞാനദ്ദേഹത്തോട് ചോദിച്ചു. പശുക്കളൊക്കെ ഉള്ള ഒരു സ്ഥലത്തുനിന്ന് നിങ്ങള്‍ വല്ലതും കഴിക്കുമ്പോള്‍ പശുക്കളൊക്കെ കാണുമോ എന്ന് നിങ്ങള്‍ ആലോചിക്കാറുണ്ടോ എന്നയാള്‍ ചോദിച്ചു. ഇല്ലെന്ന് ഞാന്‍ മറുപടിയും പറഞ്ഞു. അങ്ങനെയെങ്കില്‍ ഇവിടെയുള്ള ജനങ്ങളൊക്കെയും പശുക്കളാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് തെളിയിച്ചു തരാമെന്നും അയാള്‍ പറഞ്ഞു. ശേഷം ജനങ്ങള്‍ക്കിടയില്‍ എഴുന്നേറ്റു നിന്നയാള്‍ പ്രസംഗിച്ചു തുടങ്ങി. ജനങ്ങള്‍ വലിയ കൂട്ടമായപ്പോള്‍ അയാള്‍ പറഞ്ഞു:’ആരുടെയെങ്കിലും നാവ് തന്റെ മൂക്കിന്റെ പാലത്തിനു തട്ടുമെങ്കില്‍ അവന്‍ നരകത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ കേട്ടുണ്ട്!’. ഇതു കേട്ടപാതി അവിടെ കൂടിനിന്നതില്‍ ഒരാള്‍ പോലും തന്റെ നാക്ക് പുറത്തിട്ട് മൂക്കിനു തട്ടുമോ എന്ന് പരിശോധിക്കാതിരുന്നിട്ടില്ല!’

ഗുണപാഠം 1

എല്ലാ സമുദായത്തിലും പൊതുവായ ഒരു സംഘം ജനങ്ങളും ചില ഒരു പ്രത്യേക വിഭാഗവും ഉണ്ടാകും. സമുദായത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങളെല്ലാം പൊതുജനം ഈയൊരു പ്രത്യേക വിഭാഗത്തെ ഏല്‍പിക്കുന്ന രീതിയിലാണ് നമ്മുടെ പതിവു നടന്നുവരുന്നത്. വല്ല വിധത്തിലുമുള്ള അധികാരരൂപമില്ലാതെ ഒരു സാമൂഹിക നിലനില്‍പ്പ് സങ്കല്‍പിക്കാനാവില്ല. അധികാരമെന്നാല്‍ എല്ലാ അവകാശങ്ങളും അവര്‍ക്ക് പകുത്തുനല്‍കലാണ്! ഭൂരിപക്ഷം തങ്ങളുടെ കാര്യങ്ങളൊക്കെ നോക്കി നടത്താന്‍ ചില പ്രത്യേകം വ്യക്തികളെയോ തെരഞ്ഞെടുക്കപ്പെടുന്നൊരു സംഘത്തെയോ ഏല്‍പിക്കുന്നു. അവരുടെ തീരുമാനങ്ങളും നിലപാടുകളും അതിനനുസരിച്ച് രൂപപ്പെടുത്തുന്നു.

ആരും ആരില്‍ നിന്നും വേറിട്ടു നില്‍ക്കുന്നില്ല ഇവിടെ. രണ്ടു ഘടകങ്ങളും കാര്യനിര്‍വഹണത്തില്‍ അതിന്റെതായ പങ്കു വഹിക്കുന്നു. സ്വഹാബികളുടെ കാലത്തുപോലും പക്ഷേ ജനങ്ങളെല്ലാം തുല്യരായിരുന്നില്ല. എല്ലാ സമൂഹങ്ങളെയും പോലെ അവരിലും ചില പ്രത്യേക സംഘവും പൊതുസംഘവുമുണ്ടായിരുന്നു. ഹജ്ജത്തുല്‍ വദാഇൊന്റെ ദിവസം നബി തങ്ങള്‍ക്കൊപ്പം ഒരു ലക്ഷത്തി പതിനാലായിരം സ്വഹാബികള്‍ ഹജ്ജു ചെയ്തു. പൊതുവേ മുസ്ലിംകള്‍ക്ക് പേരുകൊണ്ടറിയുന്ന സ്വഹാബികളാണെങ്കില്‍ നൂറിലധികം പോലും വരില്ല. വളരെ ചുരുക്കം ചില പ്രത്യേക ആള്‍ക്കാരെ മാത്രമാണ് നമുക്കറിയുക. ഈയൊരു കുറഞ്ഞ പക്ഷമാണ് ജീവിതത്തില്‍ വ്യത്യാസം സൃഷ്ടിച്ചത്. പക്ഷേ, അറിയപ്പെടാത്തൊരു വലിയ സംഖ്യ അപ്പുറത്തുള്ളതു കൊണ്ടുകൂടിയാണ് ഈയൊരു വിപ്ലവം സാധ്യമായതെന്നത് മറ്റൊരു സത്യം.

ഖാലിദ് ബ്ന്‍ വലീദ്(റ) സഹിച്ച ത്യാഗങ്ങള്‍ നമുക്കറിയാം. പക്ഷേ, അദ്ദേഹത്തിനു പിന്നിലായി അദ്ദേഹത്തിനു വേണ്ട സാഹചര്യങ്ങളെല്ലാമൊരുക്കിക്കൊടുത്ത ആയിരങ്ങളെക്കൂടി നാമറിയണം. ഖാലിദ് ബ്ന്‍ വലീദ്(റ) എത്രയൊക്കെ ധീരനും ശൂരനും സൈനിക തന്ത്രജ്ഞനുമൊക്കെയായാലും അദ്ദേഹത്തിന് തനിച്ച് ഒരു സൈന്യത്തെ പരാജയപ്പെടുത്തുക അസാധ്യമാണ്. ഭൂരിപക്ഷത്തിന് തങ്ങളുടെ കൈപിടിക്കാനും നേതൃത്വം വഹിക്കാനും ശക്തികള്‍ ഏകീകരിക്കാനും ഒരു ഖാലിദ് ബ്ന്‍ വലീദ് വേണമെന്നപോലെ, തന്റെ ധീരതയും പാടവവും പ്രകടിപ്പിക്കാന്‍ ഖാലിദ് ബ്ന്‍ വലീദിന് ആയൊരു ഭൂരിപക്ഷം വരുന്ന ജനങ്ങളും ആവശ്യമാണ്. ഭരണാധികാരി, ഭരണീയര്‍ എന്നതിലപ്പുറമോ നേതാവ്, അണികള്‍ എന്നതിനപ്പുറമോ ഉള്ള ഒരു കൂട്ടുപ്രവര്‍ത്തനം അവിടെ നടക്കുന്നുണ്ട്. ന്യൂനപക്ഷത്തിന്റെ മഹത്വം അടിസ്ഥാനപ്പെടുത്തിയാണ് ഭൂരിപക്ഷത്തെ നാം അംഗീകരിക്കുന്നത്. ആയതിനാല്‍ ഭൂരിക്ഷത്തിന്റെ മഹത്വം സംരക്ഷിക്കല്‍ തെരഞ്ഞെടുക്കപ്പെട്ട ന്യൂനപക്ഷത്തിന്റെ ബാധ്യതയുമാണ്. ഇവ രണ്ടും തമ്മിലുള്ള ബന്ധം വായയുടെ രണ്ടു ഭാഗങ്ങള്‍ പോലെയാണ്. രണ്ടും ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഭക്ഷണം ചവക്കുകയെന്ന പ്രവര്‍ത്തനം സാധ്യമാകൂ. രണ്ടും പരസ്പരപൂരകങ്ങളാണ്. കൈകൊട്ടാന്‍ ഉദ്ദേശിക്കുന്നവന് രണ്ടു കൈകള്‍ ആവശ്യമാണെന്ന പോലെയാണിത്. എത്ര ശ്രമിച്ചാലും ഒരു കൈമാത്രം കൊണ്ട് കൈകൊട്ടുക അസാധ്യം തന്നെ!

ഗുണപാഠം 2

നീയൊരു തെറ്റു ചെയ്യുമ്പോള്‍ നിന്നെത്തന്നെയാണ് നീ ദ്രോഹിക്കുന്നത്, ജനങ്ങളെയല്ല. വളരെ അടിസ്ഥാനപരമായ ഈയൊരു ചിന്തയാണ് ഇന്ന് നമ്മില്‍ പലര്‍ക്കും ഇല്ലാതെ പോവുന്നത്. സ്വതന്ത്രനായ മനുഷ്യന്‍ മോഷ്ടിക്കാതിരിക്കുന്നത് അത് നിയമത്തിനെതിരായതു കൊണ്ടാണ്, ജയിലിലിടപ്പെടുന്നത് ഭയന്നോ ജനങ്ങള്‍ കള്ളനെന്നു വിളിക്കുന്നത് ഭയന്നോ അല്ല. അതേസമയം തന്റെ മൂല്യങ്ങള്‍ക്കും മതത്തിനുമൊക്കെ എതിരാണെന്നു കരുതി സ്വതന്ത്രരായ ജനങ്ങള്‍ മോഷ്ടിക്കാതിരിക്കുന്നില്ല. എല്ലാ കാര്യങ്ങളെയും പ്രതിഫലവുമായോ ശിക്ഷയുമായോ ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുകയെന്നത് അടിമകളുടെ സ്വഭാവവും രീതിയുമാണ്. സ്വതന്ത്രരായ മനുഷ്യരാണെങ്കില്‍ മറ്റൊരു സ്വഭാവക്കാരാണ്. തങ്ങളുടെ മൂല്യങ്ങള്‍ക്കും മതത്തിനുമനുസൃതമായി ജീവിതത്തെ അവര്‍ ചിട്ടപ്പെടുത്തുന്നു.

മറ്റുള്ളവര്‍ തങ്ങളെ ബഹുമാനിക്കുംമുമ്പ് സ്വന്തമായി ബഹുമാനിക്കുകയെന്നതാണ് അവരുടെ ചിന്താരീതി. ശിക്ഷയെ ഭയന്ന് തെറ്റു ചെയ്യാതിരിക്കുകയോ പ്രതിഫലമാഗ്രഹിച്ച് നന്മ ചെയ്യുകയോ ചെയ്യില്ല അവര്‍. മറിച്ച് തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് അവരിതൊക്കെയും ചെയ്യുന്നത്. ഈയൊരു അടിമത്ത ചിന്താഗതിയില്‍ നിന്നാണ് നാം മാറേണ്ടത്. മൂല്യങ്ങളുടെയും മൗലിക തത്വങ്ങളുടെയും ചങ്ങലയിലാണ് മനുഷ്യന്‍ സ്വയം ബന്ധിതനാവേണ്ടത്. മനുഷ്യന് ഈ മൂല്യങ്ങളോ മൗലികതത്വങ്ങളോ ഇല്ലെങ്കില്‍ അവര്‍ വാതിലിന്റെ പിടി പോലെയാണ്, ഓരോരുത്തരും അവരുദ്ദേശിക്കുംപോലെ അതിനെ തിരിച്ചുകൊണ്ടിരിക്കും. മനുഷ്യന്‍ ഒരു കൂലിക്കാരനെപ്പോലെ ജീവിക്കുന്നത് എത്ര മോശമാണ്! ജനങ്ങള്‍ നല്ലതു ചെയ്താല്‍ മാത്രം തിരിച്ച് നന്മ ചെയ്യുകയും ദ്രോഹിച്ചാല്‍ തിരിച്ചു ദ്രോഹിക്കുകയും ചെയ്യുന്ന സ്വഭാവക്കാരന്‍! അടിസ്ഥാനപരമായി, സമുദായങ്ങളെല്ലാം വൈരുധ്യങ്ങളുടെ കലവറയാണെന്നും സത്യത്തിന്റെയും കളവിന്റെയും അടിസ്ഥാനം ജനങ്ങളുടെ പ്രവൃത്തികളല്ല, മറിച്ച് അല്ലാഹുവിന്റെയും റസൂലിന്റെയും തൃപ്തിയാണെന്നുമുള്ള അടിസ്ഥാനം നാം തിരിച്ചറിയണം.

നിയമപരമായി പലിശ അനുവദനീയമാണല്ലോ. ബാങ്കുകള്‍ നമുക്കിടയില്‍ വ്യാപകമാണ്. ആര്‍ക്കും അതില്‍ നിശ്ചിത തുക നിക്ഷേപിച്ച് ഓരോ ഘട്ടത്തിലും പലിശയായി കിട്ടുന്ന തുക സ്വീകരിക്കുകയും അല്ലെങ്കില്‍ കടം സ്വീകരിച്ച് അധികം പലിശയായി വീട്ടുകയും ചെയ്യാം. ഇത് നിയമത്തിന്റെ കണ്ണില്‍ സര്‍വസ്വാഭാവികമാണ്. പക്ഷേ മതത്തിന്റെ ഭാഷയില്‍ ഇത് പലിശയാണ്. നിയമമാണ് നമ്മെ അന്ത്യനാളില്‍ വിചാരണ ചെയ്യുകയെങ്കില്‍ നമുക്ക് ധൈര്യസമേതം പറയാം, നാം നിയമാനുസൃതമായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന്. അതേസമയം, അല്ലാഹുവാണ് അന്ത്യനാളില്‍ നമ്മെ ശിക്ഷിക്കുന്നതെങ്കില്‍ നാം പേടിക്കേണ്ടതുണ്ട്. സമൂഹങ്ങള്‍ക്കെല്ലാം ജനങ്ങളെപ്പോലെ തന്നെ രോഗം ബാധിക്കുന്നതാണ്. സമൂഹത്തിന്റെ ഒഴുക്കിനെതിരെ നീന്തുന്നവര്‍ നിസ്സംശയം ക്ഷീണിതനാവുകയും ചെയ്യും. പക്ഷേ സ്വന്തത്തോടുള്ള ബഹുമാനം അയാള്‍ക്ക് നേടിയെടുക്കാനാവും. ഭൂരിപക്ഷത്തില്‍ ഉരുകിച്ചേര്‍ന്നവരാണെങ്കില്‍ വെറും എണ്ണങ്ങള്‍ മാത്രമായി അവര്‍ മാറും, സമ്പന്നന്റെ കയ്യിലെ വെറും ‘ചെറിയൊരു നോട്ടുകെട്ട്’ പോലെ!

ഗുണപാഠം 3

സ്വഭാവവൈശിഷ്ട്യമില്ലാത്ത അറിവ് അജ്ഞതക്കു തുല്യവും മാന്യതയില്ലാത്ത സമ്പത്ത് ദാരിദ്ര്യത്തിനു തുല്യവും സ്വഭാവമഹിമയില്ലാത്ത വിജയം പരാജയത്തിനു തുല്യവുമാണ്. വല്ല കുറവുകളും ഉള്ളവര്‍ക്കു മാത്രമേ അഹങ്കാരമുണ്ടാവൂ എന്ന കാര്യം എന്നും ഓര്‍മയിലുണ്ടാവുക. ആന്തരികമായി പൂര്‍ണത പ്രാപിച്ചവര്‍ക്ക് അഹങ്കരിക്കേണ്ടതിന്റെ എന്താവശ്യമാണുള്ളത്. അഹങ്കരിക്കുന്നതിലൂടെ കുറവുള്ളവര്‍ തങ്ങളുടെ കുറവുകളെ പരിഹരിക്കാന്‍ ശ്രമിക്കുന്നു. സമ്പത്താണ് നിനക്ക് അഹങ്കരിക്കാനുള്ള വകുപ്പു നല്‍കുന്നതെങ്കില്‍ സുലൈമാന്‍ നബിയെക്കുറിച്ച് ആലോചിക്കുക.

പ്രപഞ്ചം മുഴുവന്‍ ജിന്നും ഇന്‍സുമടക്കം അദ്ദേഹത്തിനു കീഴിലുണ്ടായിരുന്നു. മൃഗങ്ങളും പക്ഷികളുംപോലും അദ്ദേഹത്തിന്റെ ആജ്ഞകള്‍ക്കു വേണ്ടി കാതോര്‍ത്തു. പിന്നീട് ഉറുമ്പുകളുടെ ഒരു കൂട്ടത്തിന്റെയടുക്കല്‍ അദ്ദേഹവും സൈന്യവും എത്തിയപ്പോഴുള്ള സംഭവം പ്രസിദ്ധമാണല്ലോ. ‘ഉറുമ്പുകളേ, സുലൈമാനും സൈന്യവും അറിയാതെ നിങ്ങളെ ചവിട്ടിമെതിക്കാതിരിക്കാന്‍ നിങ്ങളെല്ലാം സ്വന്തം വീടകങ്ങളിലേക്ക് കയറിക്കോളൂ’ എന്ന് ഉറുമ്പുകളുടെ നേതാവ് പറഞ്ഞ സന്ദര്‍ഭം സുലൈമാന്‍ നബി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ലോകാരാജാധികാരിയായിരിക്കെ തന്നെ ഒരു ഉറുമ്പിനു മുന്നില്‍ താഴ്ന്നു നില്‍ക്കുന്ന കാഴ്ച. ചിലരൊക്കെ അല്‍പം സ്ഥാനമുയര്‍ന്നാല്‍ ചുറ്റുമുള്ള മനുഷ്യരെ തന്നെ കാണില്ല. ഇതാണ് വലിയവരും ചെറിയവരും തമ്മിലുള്ള വ്യത്യാസം. വലിയ മനുഷ്യര്‍ക്ക് ഉയരുന്തോറും വിനയം കൂടുകയെ ഉള്ളൂ. ചെറിയ മനുഷ്യര്‍ക്കാണെങ്കില്‍ സ്ഥാനമുയരുന്തോറും അഹങ്കാരം വര്‍ധിക്കുകയും ചെയ്യും.

ഗുണപാഠം 4

മറ്റുള്ളവരെ കാര്യങ്ങള്‍ പഠിപ്പിച്ചെടുക്കുയെന്നതാണ് അവരെ പരിഹസിക്കുന്നതിലും ഉത്തമം. ജനങ്ങളൊക്കെ അജ്ഞരാണെങ്കിലും അകറ്റിനിര്‍ത്തപ്പെടേണ്ടവരല്ല. തെറ്റുകാരാണെങ്കിലും ആക്ഷേപിക്കപ്പെടേണ്ടവരല്ല. പാവപ്പെട്ടവരാണെങ്കിലും നിന്ദിക്കപ്പെടേണ്ടവരല്ല. ഭവനരഹിതരാണെങ്കിലും പരിഹസിക്കപ്പെടേണ്ടവരല്ല. അജ്ഞനായ മനുഷ്യനില്‍ നിന്ന് അകലം പാലിക്കുന്നതിനു പകരം അയാള്‍ക്ക് വല്ലതും പഠിപ്പിച്ചു കൊടുക്കാന്‍ ശ്രമിക്കുക. നിനക്ക് ലഭിച്ചതിന് ദൈവത്തോട് എന്നും നന്ദിയുള്ളവനാവുക. ചിലപ്പോള്‍ അയാളുടെ ജീവിതസാഹചര്യങ്ങളാണ് നിന്റെതുമെങ്കില്‍ നീയും അതുപോലെ ആകുമായിരുന്നു! തെറ്റുകാരനെ നിന്ദിക്കുന്നതിനു പകരം ശരിയായ വഴി അയാള്‍ക്ക് പറഞ്ഞു കൊടുക്കുക. നിനക്ക് ലഭിച്ചതിന് ദൈവത്തോട് എന്നും നന്ദിയുള്ളവനാവുക. ചിലപ്പോള്‍ അയാളുടെ ജീവിതസാഹചര്യങ്ങളാണ് നിന്റെതുമെങ്കില്‍ നീയും അതുപോലെ ആകുമായിരുന്നു! പാവപ്പെട്ടൊരു മനുഷ്യനെ പുച്ഛിക്കുന്നതിനു പകരം അയാളെ സഹായിക്കുക.

നിനക്ക് ലഭിച്ചതിന് ദൈവത്തോട് എന്നും നന്ദിയുള്ളവനാവുക. ചിലപ്പോള്‍ അയാളുടെ ജീവിതസാഹചര്യങ്ങളാണ് നിന്റെതുമെങ്കില്‍ നീയും അതുപോലെ ആകുമായിരുന്നു! സ്വന്തം ശക്തികൊണ്ടു മാത്രം സൗന്ദര്യം നേടിയവരുണ്ടെങ്കില്‍ ചുറ്റുമുള്ളവരെ പുച്ഛിക്കട്ടെ. സ്വന്തം ശക്തികൊണ്ടുമാത്രം സമ്പന്നനായവനും ചുറ്റുമുള്ള പാവപ്പെട്ടവരെ നിന്ദിക്കട്ടെ. സ്വന്തം കഴിവു കൊണ്ടുമാത്രം മക്കളുണ്ടായവന്‍ ചുറ്റുമുള്ള മക്കളില്ലാത്തവരെ നിന്ദിക്കട്ടെ. ഒരാളെയും ഒരിക്കലും പരിഹസിക്കാതിരിക്കുക! പ്രമുഖ സ്വപ്‌നവ്യാഖ്യാതാവായ മുഹമ്മദ് ബ്ന്‍ സീരീന്‍ ജീവിതകാലം മുഴുവന്‍ സമ്പന്നനായി ജീവിച്ചവരായിരുന്നു. അവസാനം അദ്ദേഹം ദരിദ്രനായി മാറിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ഇരുപതു വര്‍ഷമായി ഞാനീ നിമിഷത്തിനു വേണ്ടി കാത്തിരിക്കുന്നു. ഞാനൊരു ദരിദ്രനായ മനുഷ്യനെ ഒരിക്കല്‍ പരിഹസിച്ചിരുന്നു. ആ ദാരിദ്ര്യം കൊണ്ട് അല്ലാഹു എന്നെ പരീക്ഷിക്കുമെന്ന കാര്യം എനിക്കുറപ്പായിരുന്നു’. അബ്ദുല്ലാഹി ബ്ന്‍ ഉമര്‍(റ) പറയുന്നു:’ഗര്‍ഭിണിയായ ഒരു സ്ത്രീയെ ഗര്‍ഭത്തിന്റെ പേരില്‍ ഞാന്‍ പരിഹസിച്ചാല്‍ എനിക്കു തന്നെ ഗര്‍ഭം വരുമോയെന്ന പേടി എനിക്കുണ്ടാവണം! വല്ല ദുരിതത്തിന്റെ പേരിലും ആരെങ്കിലും മറ്റൊരാളെ പരിഹസിച്ചാല്‍ അതയാളെയും പിടികൂടുക തന്നെ ചെയ്യും. പരിഹസിക്കുന്നവന്‍ പരിഹസിക്കപ്പെടുക തന്നെ ചെയ്യും. ദുനിയാവെന്നതൊരു കോപ്പയാണ്, അതില്‍ നാമൊഴിക്കുന്നതു തന്നെയാണ് നാം കുടിക്കേണ്ടി വരിക!’.

വിവ: മുഹമ്മദ് ശാക്കിർ മണിയറ
കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles