Current Date

Search
Close this search box.
Search
Close this search box.

‘നമ്മളിപ്പോൾ വസന്തകാലത്തിലാണ്, പക്ഷേ, എനിക്കതിന്റെ സൗന്ദര്യം കാണാൻ സാധിക്കുന്നില്ല’

അന്ധനായൊരു മനുഷ്യൻ റോഡരികിലായി യാചനക്കിരിക്കുകയാണ്. തന്റെ തൊപ്പി മുന്നിൽ വച്ചിട്ടുണ്ട്. സമീപത്തായി ‘ഞാൻ അന്ധനാണ്. ദയവുചെയ്ത് സഹായിക്കുക’ എന്നെഴുതിയിരിക്കുന്നൊരു ബോർഡുമുണ്ട്. പരസ്യക്കമ്പനിയിൽ ജോലി ചെയ്യുന്നൊരു മനുഷ്യൻ ആ അന്ധന്റെ അടുത്തുകൂടെ നടന്നുപോയി. അയാളുടെ തൊപ്പി നോക്കിയപ്പോൾ അതിൽ കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. അയാളുടെ സമ്മതമില്ലാതെ സമീപത്തു കിടന്നിരുന്ന ആ ബോർഡ് അയാൾ കയ്യിലെടുത്ത് അതിലുള്ള വാചകം മാറ്റി മറ്റെന്തോ എഴുതിവച്ച് നടത്തം തുടരുകയും ചെയ്തു. അധികം വൈകാതെ തന്നെ തന്റെ മുന്നിലുള്ള തൊപ്പി നിറയുന്നത് ആ അന്ധനായ മനുഷ്യൻ മനസ്സിലാക്കി. കാര്യമായെന്തോ സംഭവിച്ചിട്ടുണ്ടെന്നയാൾക്കു തോന്നി. തന്റെ സമീപത്തുള്ള ബോർഡിലെ എഴുത്തിൽ വന്ന മാറ്റം തന്നെയാണ് അതിനു കാരണമെന്നും അയാൾ തിരിച്ചറിഞ്ഞു. നടന്നുപോകുന്ന ഒരാളോട് ആ മനുഷ്യൻ അത് വായിപ്പിച്ചു. അതിൽ ഇപ്രകാരമായിരുന്നു:’നമ്മളിപ്പോൾ വസന്തകാലത്തിലാണ്. പക്ഷേ എനിക്കതിന്റെ സൗന്ദര്യം കാണാൻ സാധിക്കുന്നില്ല’.

ഗുണപാഠം 1

പരസ്യവാചകങ്ങൾ ശക്തമായൊരു ആയുധമാണ്. അതിനു പിറകിൽ പ്രവർത്തിക്കുന്നത് മനഃശാസ്ത്രജ്ഞരും പരിചയസമ്പന്നരുമായ ഒരു പറ്റവും. നിനക്ക് ആവശ്യം പോലുമല്ലാത്തൊരു വസ്തു നിന്നെക്കൊണ്ട് വാങ്ങിപ്പിക്കുകയെന്ന പണിയാണ് പരസ്യം ചെയ്യുന്നത്. നിന്റെ ചിന്തയെ ഇളക്കിമറിക്കുന്ന വിധം, നിനക്കത് അത്യാവശ്യമാണെന്ന് തോന്നിക്കുംവിധം അവരാ പ്രൊഡക്ടിനെ നിനക്കു മുന്നിൽ ഷോ ചെയ്യും. രാഷ്ട്രീയപരമോ വാണിജ്യപരമോ ആയ എല്ലാ പരസ്യങ്ങൾക്കുമുള്ളൊരു പൊതു രീതിയുണ്ട്. നമ്മുടെ അകങ്ങൾ ഓരോ ദിവസവും പുതിയ പുതിയ പരസ്യങ്ങൾ കൊണ്ടു നിറയുന്നു.

അവരുദ്ദേശിക്കുന്ന വഴിയെ നാം സഞ്ചരിക്കുന്നു. ഇത്തരക്കാർ പരസ്യം ചെയ്യുന്ന ഓരോ ഉൽപന്നങ്ങളും വരുന്നതിനു മുമ്പും ഈ ലോകം സുഖകരമായി മുന്നോട്ടു പോയിരുന്നല്ലോ. ശരിയാണ്, ചില ഉൽപന്നങ്ങൾ നമ്മുടെ ജീവിതത്തെ അത്യധികം സുഖകരവും എളുപ്പവുമാക്കുന്നതു തന്നെ. പക്ഷേ, ഇവയൊന്നുമില്ലാതെ ജീവിതം അസാധ്യം തന്നെയെന്നു തോന്നിപ്പിക്കുംവിധം അവരുടെ ദൗത്യം പർവതീകരിച്ചു കാട്ടപ്പെടുന്നു. അതിനായവർ പ്രമുഖരെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. ഒരു നടി ഷാംപുവിന്റെ പരസ്യത്തിൽ അഭിനയിക്കുന്നതോടെ സ്ത്രീകളൊക്കെ അതിനു പിറകെ ഓടുന്നു. ഒരു ഫുട്‌ബോൾ പ്ലെയർ ഷെയിവിംഗ് സെറ്റിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നതോടെ പുരുഷന്മാരൊക്കെ അതിനു പിറകെ ചെല്ലുന്നു.

പരസ്യങ്ങൾക്കിന്ന് അനിഷേധ്യമായൊരു സ്വാധീനമുണ്ട്. അതിനെ കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കുകയാണാവശ്യം. നിനക്കു നേരെ ഉയർത്തപ്പെട്ട വാൾ നിന്റെ വാളാക്കി മാറ്റുകയെന്നർഥം. വികസനത്തോട് പോരടിക്കുന്നതിലും ബുദ്ധിപരവും എളുപ്പവുമുള്ള കാര്യം അതെങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താമെന്ന ചിന്തയാണ്. കാര്യങ്ങളെല്ലാം അങ്ങനെയാണ്, അടിസ്ഥാനപരമായവ നിരുത്സാഹപ്പെടുത്തേണ്ടതാവില്ല, മറിച്ചതിനെ ഉപയോഗിക്കുന്ന രീതിയനുസസരിച്ചാവും. ഉപകാരപ്രദമായ പലതും കാണിച്ചുതരുന്ന ടി.വി തന്നെ ഉപദ്രവകരമായതും കാണിക്കുന്നതു പോലെ. അപ്പോൾ പ്രശ്‌നം ടി.വിയുടേതല്ല. അതിൽ എന്തു കാണണമെന്നു തീരുമാനിക്കുന്ന നമ്മുടെ ചിന്തയുടേതാണെന്നു സാരം. ഇതുപോലെയാണ് മറ്റു കാര്യങ്ങളെല്ലാം. മനുഷ്യൻ ഇതുവരെ സാധിച്ചതെല്ലാം പുതിയ കണ്ടുപിടിത്തങ്ങൾ കൊണ്ടൊക്കെയാണ്. അപ്പോൾ പ്രശ്‌നം ആ കണ്ടുപിടിത്തത്തിലല്ല, അതിനെ ഉപയോഗിക്കുന്ന രീതിയിലാണെന്നർഥം. ആരെങ്കിലും വധശ്രമത്തിനായി കത്തികൾ ഉപയോഗിക്കുന്നുവെന്നു കണ്ട് അവ നിരോധിക്കുക സാധ്യമല്ലല്ലോ എന്നതുപോലെ.

ഗുണപാഠം 2

നിന്റെ സംസാരരീതിയിൽ മാറ്റം വരുത്തുക. അതേ ആശയം തന്നെ ചിലപ്പോൾ അതിലും ലളിതമായി നിനക്കു പറയാൻ സാധിച്ചേക്കും. അതേ ഫലവും, ചിലപ്പോൾ അതിലും മികച്ച ഫലവും അത് നൽകുകയും ചെയ്‌തേക്കും. അതാണെങ്കിൽ ആ ഹൃദയത്തിൽ മനോഹരമായൊരു ഇടം ബാക്കിവക്കുകയും ചെയ്യും. ‘ഭക്ഷണം വളരെ നന്നായിരിക്കുന്നു. അൽപം ഉപ്പുകൂടെ കുറഞ്ഞിരുന്നെങ്കിൽ അതിലും നന്നാവുമായിരുന്നു’ വെന്ന് ഭാര്യയോട് പറയുന്നത് ‘ഭക്ഷണത്തിലെന്താണിത്ര ഉപ്പ്!’ എന്നു പറയുന്നിതിനെക്കാൾ ഫലം ചെയ്യുന്നതാണ്.

അടുക്കളയിലെ മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തെ വെറുമൊരു വാക്കുകൊണ്ട് അപ്രസക്തമാക്കുന്നതിന്റെ അപകടമൊന്നാലോചിച്ചു നോക്കൂ. ജനങ്ങളുടെ പോസിറ്റീവ് വശങ്ങൾ വച്ച് അവരെ പ്രീതിപ്പെടുത്തിയാലേ അവരത് തുടരൂ എന്നതാണ് യാഥാർഥ്യം. നിനക്കെന്നും ഉപകാരം ചെയ്യുന്നൊരാൾ നിന്റെ പക്കൽ നിന്ന് നന്ദിവാക്കുകളും മറ്റൊന്നും കാണാത്തപക്ഷം പൊടുന്നനെ ഒരു ദിവസം എല്ലാം നിർത്തിവച്ചേക്കാം. ഭർത്താവിനോട് ‘നിങ്ങൾ തീരെ അടുക്കും ചിട്ടയുമില്ലാത്ത മനുഷ്യനാണ്’ എന്ന് പറയുമ്പോഴുണ്ടാവുന്ന കോളിളക്കം ആലോചിക്കുക. അതേസമയം ‘നിങ്ങൾ നല്ലൊരു മനുഷ്യനാണ്. അൽപംകൂടെ ചിട്ടയുള്ളവനായാൽ വളരെ നന്നാവും’ എന്ന വാക്ക് വരുത്തുന്ന മാറ്റവും മനസ്സിലാക്കുക. ഒരേ ആശയംതന്നെ വ്യത്യസ്ത രീതിയിൽ അവതരിപ്പിക്കുക സാധ്യമാണല്ലോ.

അതേ വാചകം അൽപംകൂടെ നന്നാക്കിയും അവതരിപ്പിക്കാം. വാക്ക് മൺപാത്രക്കാരന്റെ കയ്യിലെ മണ്ണുപോലെയാണ്. ചിലർ ദ്വാരമുള്ള പാത്രങ്ങളും ചിലർ സാധാരണ പാത്രങ്ങളും നിർമിക്കുന്നു. ചിലർ കലാപരമായ ഉപഹാരങ്ങളാണ് അതിലൂടെ നിർമിക്കുക. അപ്രകാരം തന്നെയാണ് വാക്കുകളും. പക്ഷേ എല്ലാവർക്കും അത് നന്നായി ഉപയോഗിക്കാനറിയില്ലെന്നതാണ് സത്യം. ചിലരുടെ സംസാരം തുളയുള്ള പാത്രം പോലെയാണ്. ഉപകാരമോ ഉപദ്രവമോ ഇല്ലാത്തത്. അതിൽ നാം നിക്ഷേപിക്കുന്ന കാര്യങ്ങളൊക്കെ താനേ ഊർന്നിറങ്ങും. ചിലരുടേത് സാധാരണ പാത്രങ്ങൾ പോലെയും. സാധാരണ ജീവിതോപാധിക്കുപയോഗിക്കുന്നവ. ചിലരുടേത് സമ്മാനമായി നൽകാവുന്ന മനോഹര പാത്രങ്ങൾ പോലെയാണ്. ഒരേസമയം പാത്രമെന്ന നിലക്ക് അതിന്റെ ദൗത്യം നിർവഹിക്കുകയും അതേസമയം കാഴ്ചക്ക് കുളിരു നൽകുകയും ചെയ്യുന്നു. മധുരതരമായ സംസാരവും അപ്രകാരമാണ്. ഹൃദയങ്ങൾ കീഴടക്കുകയും ജനങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവ!

ഗുണപാഠം 3

മറ്റുള്ളവരിലെ ഏറ്റവും നല്ല ഗുണങ്ങളും ഏറ്റവും മോശം ഗുണങ്ങളും നാം പുറത്തെടുത്തു കാണിക്കുന്നു. ചിലരുടെ സ്വഭാവം ചിലപ്പോൾ നാം ചെയ്തതിന്റെ പ്രതിഫലം തന്നെയാവാം. മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധം കൃത്യമായി പരിശോധിച്ചാൽ നമ്മൾ തന്നെയാണ് അവരെ ആ അവസ്ഥയിൽ എത്തിച്ചതെന്ന് നമുക്ക് ബോധ്യമാവും. ഇക്കാലത്തെ ഏറ്റവും വലിയൊരു ദുരവസ്ഥ, ജനങ്ങളൊക്കെയും പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനു പകരം അതു മൂലമുണ്ടാവുന്ന അനിഷ്ടങ്ങളെമാത്രം വിചാരണ ചെയ്യുന്നുവെന്നതാണ്.

ആരെങ്കിലും നിങ്ങളെ പുറത്തുനിന്ന് കുത്തിയെന്നു കരുതുക. അവനെ നോക്കി നിങ്ങൾ അട്ടഹസിക്കുന്നതോടെ ശബ്ദമുയർത്തിയെന്ന പേരിൽ നിങ്ങളെയാവും അവർ ക്രൂശിക്കുക. കത്തി കൊണ്ട് കുത്തിയത് അവരുടെ വിഷയമാവില്ല. മുഖത്തടി കിട്ടിയാൽ മുഖത്തിന്റെ മറുവശവും കാണിച്ചുകൊടുക്കലാണ് അവരുടെ ആവശ്യം. അങ്ങനെ ചെയ്യാതിരിക്കാൻ ശീലിക്കുക. പക്ഷേ ഒരാൾ പോലും അയാളുടെ അടിയെക്കുറിച്ചു മിണ്ടില്ല. എന്നിട്ട് നീ കുപിതനാവുമ്പോൾ ‘നോക്കൂ, ഇതാണ് നിന്റെ സ്വഭാവമെന്ന്’ പറയുകയും ചെയ്യും! ‘സഹോദരാ, ഇത് ഞാനല്ല. പക്ഷേ, ഇത്തരത്തിലുള്ള ഞാനാണല്ലോ നിനക്കാവശ്യം’!.

വിവ: മുഹമ്മദ് ശാക്കിർ മണിയറ
കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles