Current Date

Search
Close this search box.
Search
Close this search box.

നിങ്ങള്‍ക്കു മാംസം തരാന്‍ എനിക്കു പണം തന്നത് ആ ചിത്രകാരനായിരുന്നു!

ഒരു ഗ്രാമത്തില്‍ ഒരു ചിത്രപ്പണിക്കാരന്‍ ജീവിച്ചിരുന്നു. താന്‍ വരക്കുന്ന മനോഹരമായ ചിത്രങ്ങള്‍ വിറ്റായിരുന്നു അദ്ദേഹം ഉപജീവനം നടത്തിയത്. ഒരുദിവസം ഒരു പാവപ്പെട്ട മനുഷ്യന്‍ അദ്ദേഹത്തിന്റെയടുത്ത് ചെന്നു പറഞ്ഞു: നിങ്ങളുടെ ചിത്രങ്ങള്‍ വിറ്റ് നല്ല തുക നിങ്ങള്‍ സമ്പാദിക്കുന്നുണ്ടല്ലോ. എന്തുകൊണ്ടാണ് നിങ്ങള്‍ ഗ്രാമത്തിലെ പാവങ്ങളെ സഹായിക്കാത്തത്!? നമ്മുടെ നാട്ടിലെ അറവുകാരനെ നോക്കൂ. വലിയ സമ്പന്നന്‍ അല്ലാഞ്ഞിട്ടും എല്ലാ ദിവസവും സൗജന്യമായി നാട്ടിലെ പാവങ്ങള്‍ക്ക് അദ്ദേഹം മാംസം വിതരണം ചെയ്യുന്നു! ചിത്രപ്പണിക്കാരന്‍ മറുത്തൊന്നും പറയാതെ ഒരു പുഞ്ചിരി മാത്രം അയാള്‍ക്കു സമ്മാനിച്ചു. അയാള്‍ ചിത്രകാരന്റെ അടുക്കല്‍ നിന്ന് പുച്ഛത്തോടെ ഇറങ്ങിവരികയും നാട്ടുകാര്‍ക്കിടയില്‍ ചിത്രകാരന്‍ പണക്കാരനും പിശുക്കനുമാണെന്നും മറ്റും പറഞ്ഞുപരത്തുകയും ചെയ്തു. നാട്ടുകാരെല്ലാം അദ്ദേഹത്തെ വെറുപ്പോടെ നോക്കിക്കണ്ടു. അല്‍പകാലശേഷം വൃദ്ധനായ ചിത്രകാരന്‍ രോഗാതുരനായി. നാട്ടുകാര്‍ ആരും തന്നെ തിരിഞ്ഞുനോക്കാതെ അയാള്‍ തനിച്ച് ലോകത്തോട് വിടപറഞ്ഞു.

ചിത്രകാരന്റെ മരണത്തിനു ശേഷം ദിവസങ്ങളേറെ കഴിഞ്ഞപ്പോഴാണ് ഇപ്പോള്‍ ഇറച്ചിവെട്ടുകാരന്‍ മാംസം തരുന്നില്ലല്ലോ എന്ന കാര്യം നാട്ടുകാര്‍ ശ്രദ്ധിച്ചത്. കാര്യം തിരക്കിയപ്പോള്‍ അയാള്‍ പറഞ്ഞു: നിങ്ങള്‍ക്കു മാംസം തരാന്‍ വേണ്ടി എനിക്കു പണം തന്നത് ആ ചിത്രകാരനായിരുന്നു! അദ്ദേഹം മരണപ്പെട്ടതോടെ പണവും മാംസവും മുടങ്ങി!

ഗുണപാഠം 1
ബാഹ്യമായ കാഴ്ചകള്‍ മാത്രം കണ്ട് വിധിപറയുന്നവനാവരുത്. ചിലര്‍ കാര്യങ്ങള്‍ മറച്ചുവെക്കുന്നതില്‍ വിദഗ്ധരാവും. അതിലും അതിവിദഗ്ധര്‍ മറ്റുള്ളവര്‍ തങ്ങളുടെ വൈദഗ്ധ്യം അറിയുന്നത് എന്തുവിലകൊടുത്തും തടയും.

സുബ്ഹ് നിസ്‌കാരം കഴിഞ്ഞ് എന്നും മദീനയുടെ ഭാഗത്തേക്ക് പോയിരുന്നു അബൂബ്കര്‍(റ). സ്ഥിരമായി ഇതു കണ്ടിരുന്ന ഉമറുബ്‌നുല്‍ ഖത്താബ്(റ)ന് കാര്യമെന്തെന്നറിയാന്‍ ആകാംക്ഷയുണ്ടായി. പിറകെച്ചെന്നപ്പോള്‍ കണ്ടത് ഒരു വീട്ടില്‍ കയറി അല്‍പനേരം നില്‍ക്കുന്നതും പിന്നീട് ഇറങ്ങിവരുന്നതുമായിരുന്നു. ഇതുതന്നെ പല ദിവസങ്ങളിലും ആവര്‍ത്തിച്ചപ്പോള്‍ കാര്യമെന്തെന്നാണെന്നറിയാന്‍ ഉമറി(റ)ന് തിടുക്കമായി. ഒരു ദിവസം അബൂബകര്‍(റ) ചെന്നിരുന്ന വീട്ടിലേക്ക് അദ്ദേഹം കയറിച്ചെന്ന് വാതില്‍ മുട്ടിയപ്പോള്‍ അന്ധനും വൃദ്ധനുമായ ഒരു മനുഷ്യന്‍ പുറത്തേക്കു വന്നു. എന്നും രാവിലെ നിങ്ങളുടെയടുക്കല്‍ വരുന്ന ആള്‍ ഇവിടെ വന്ന് എന്താണ് ചെയ്യാറുള്ളതെന്നു ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: മകനേ, എനിക്കയാളെ അറിയില്ല. എന്നാലും എന്നും അയാള്‍ വന്ന് വീട് വൃത്തിയാക്കുകയും ഭക്ഷണം പാകം ചെയ്യുകയും വസ്ത്രങ്ങള്‍ അലക്കുകയും എന്നോട് ഒന്നും മിണ്ടുകയും പോലും ചെയ്യാതെ ഇറങ്ങിപ്പോവുകയും ചെയ്യും! അപ്പോഴാണ് ഉമര്‍(റ) അദ്ദേഹത്തിന്റെ പ്രസിദ്ധമായ ആ വാചകം പറഞ്ഞത്: ഓ അബൂബക്ര്‍, നിങ്ങളുടെ ശേഷക്കാരെ നിങ്ങള്‍ അങ്കലാപ്പിലാക്കിയിരിക്കുന്നു!

ഗുണപാഠം 2
ജനങ്ങള്‍ എന്തുപറഞ്ഞാലും നിനക്കെന്താണ്?! നിന്നെ നീ തന്നെ മനസ്സിലാക്കിയാല്‍ മതി. എന്നുമുതലാണ് ജനങ്ങളുടെ വിധിപറച്ചിലുകള്‍ നീതിയുക്തമായത്? ജനങ്ങള്‍ ഒരു മനുഷ്യനെ ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ അയാളുടെ ന്യൂനതകള്‍ പോലും സവിശേഷതകളായി മാറും. ഇനിയൊരു മനുഷ്യനെ വെറുത്തുകഴിഞ്ഞാല്‍ അയാളുടെ നന്മകളും ന്യൂനതകളായി മാറും.

ലൂത്വ് നബിയുടെ കുടുംബത്തെ നാട്ടുകാര്‍ ആട്ടിയോടിക്കാന്‍ കരുതിയ നേരത്ത് കാര്യമായ കുറ്റങ്ങളൊന്നും തന്നെ ലഭിക്കാതെ വന്നപ്പോള്‍ അവസാനമവര്‍ ആരോപിച്ചത് പരിശുദ്ധി കൊണ്ടായിരുന്നു! വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞല്ലോ: ‘അദ്ദേഹത്തിന്റെ സമുദായത്തിന്റെ മറുപടി ഇതുമാത്രമായിരുന്നു: ലൂത്വിന്റെ ആളുകളെ നിങ്ങളുടെ നാട്ടില്‍ നിന്ന് ആട്ടിയോടിക്കുക. നിശ്ചയം അവര്‍ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന ആളുകളാണ്.’ സ്വന്തം നാട്ടില്‍ നിന്ന് ആട്ടിയോടിക്കപ്പെടാന്‍ മാത്രമുള്ളൊരു പാതകമായിരുന്നോ വിശുദ്ധി കാത്തുസൂക്ഷിക്കുക എന്നുള്ളത്?!
പരിശുദ്ധനായ യൂസുഫ് നബിക്കിതിരില്‍ വ്യഭിചാരാരോപണം നടത്തിയത് ജനങ്ങളായിരുന്നു. സത്യവിശ്വാസിയായ ഇബ്‌റാഹിം നബിക്കെതിരെ ദൈവനിഷേധം ആരോപിച്ചതും ജനങ്ങളായിരുന്നു. സത്യസന്ധനും വിശ്വസ്തനുമായ നമ്മുടെ നബിക്കെതിരെ കളവും മാരണവും ആരോപിച്ചതും ജനങ്ങളായിരുന്നു.

സഹ് ല് ബിന്‍ സഅ്ദുസ്സാഇദി നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ഫഖീറായ ഒരു മനുഷ്യന്‍ നബി തങ്ങളുടെ സമീപത്തുകൂടെ നടന്നുപോയപ്പോള്‍ നബി തങ്ങള്‍ കൂടെയുള്ളവരോടായി ചോദിച്ചു: ഇദ്ദേഹത്തെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം? അവരൊന്നടങ്കം പറഞ്ഞു: മുസ്ലിംകള്‍ക്കിടയിലെ പാവപ്പെട്ട ഒരു മനുഷ്യന്‍ മാത്രം. അല്ലാഹുവാണെ, വിവാഹാന്വേഷണം നടത്തിയാല്‍ ആരും കല്യാണം കഴിക്കാന്‍ തയ്യാറാവാന്‍ സാധ്യതയില്ലാത്ത, ശിപാര്‍ശ സ്വീകരിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരാളാണ്. ശേഷം ഉന്നതകുലനായ ഒരാള്‍ നടന്നുപോയപ്പോളും നബി തങ്ങള്‍ സമാനമായ ചോദ്യം ചോദിച്ചു. അവരൊന്നടങ്കം പറയുകയും ചെയ്തു: ഉന്നതജാതനായ ആളാണദ്ദേഹം. വിവാഹാന്വേഷണവും ശിപാര്‍ശയും സ്വീകരിക്കപ്പെടാന്‍ സാധ്യതയുള്ള ആളാണിത്. ശേഷം നബി തങ്ങള്‍ ആദ്യത്തെ പാവപ്പെട്ട മനുഷ്യനുനേരെ കൈകാണിച്ചു പറഞ്ഞു: അല്ലാഹുവാണെ, ഭൂമി നിറയെ പണക്കാരനായ ഇയാളുണ്ടാവുന്നതിലേറെ ഭേദമാണ് പാവപ്പെട്ട ഈ ഒരൊറ്റ മനുഷ്യന്‍!

ഗുണപാഠം 3
അറബികളുടെ പ്രസിദ്ധമായൊരു വാക്യമാണ് ‘ജനങ്ങളെ തൃപ്തിപ്പെടുത്തുകയെന്നത് അസാധ്യമായൊരു ലക്ഷ്യമാണ്.’ ഏറെ ചിന്തനീയമാണിത്. നിങ്ങളെത്ര പ്രിയപ്പെട്ടവനായാലും നിങ്ങളെ വെറുക്കുന്നുവരുണ്ടാകും. നിങ്ങളെത്ര വലിയ വിജയിയായാലും നിങ്ങളുടെ വിലകുറച്ചു കാണുന്നവരുണ്ടാകും. നിങ്ങളെത്ര വലിയ ഭക്തനായാലും നിങ്ങളുടെ ഭക്തിയില്‍ സംശയം പ്രകടിപ്പിക്കുന്നവരുണ്ടാവും.

നിന്റെ ഭാര്യക്ക് നീ ഉപകാരം ചെയ്താല്‍ ജനങ്ങള്‍ പറയും: നീയൊരു ആടാണ്! മാതാപിതാക്കള്‍ക്ക് ഉപകാരം ചെയ്താല്‍ ജനങ്ങള്‍ പറയും: നീയൊരു മുയലാണ്! നിനക്കുള്ള വല്ല അവകാശങ്ങളും നീ മാപ്പുചെയ്തുകൊടുത്താല്‍ അവര്‍ പറയും: നീയൊരു ഭീരുവാണ്! നിന്റെ അവകാശങ്ങള്‍ ചോദിച്ചുവാങ്ങിയാല്‍ അവര്‍ പറയും: നീ ശത്രുമനോഭാവമുള്ളവനാണ്! നീ മതനിഷ്ഠയുള്ളവനായാല്‍ അവര്‍ പറയും: നീ മതഭ്രാന്തനാണ്! ഇനി സ്ത്രീ ഹിജാബ് പതിവാക്കുന്നവളായാല്‍ ജനങ്ങള്‍ പറയും: പുതിയ ട്രെന്റ് അറിയാത്തവള്‍! അവള്‍ ഭര്‍ത്താവിനെ വഴിപ്പെടുന്നവളായാല്‍ അവര്‍ പറയും: ദുര്‍ബല വ്യക്തിത്വമുള്ളവള്‍! നിന്റെ സുഹൃത്തിന്റെ നീ സന്ദര്‍ശിച്ചാല്‍ അവര്‍ പറയും: എന്തോ കാര്യം സാധിക്കാനുണ്ട് അവന്! പാവപ്പെട്ടവനെ നീ സഹായിച്ചാല്‍ അവര്‍ പറയും: ആളുകളെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവന്‍! ഒരാളെ പ്രതിരോധിച്ചാല്‍ അവര്‍ പറയും: എന്തിനോ വേണ്ടി വിധേയപ്പെടുന്നവന്‍! നീ കൈക്കൂലി സ്വീകരിച്ചില്ലെങ്കില്‍ അവര്‍ പറയും: നടുക്കണ്ടം എങ്ങനെ കഴിക്കണമെന്ന് അറിയാത്തവന്‍!

ഗുണപാഠം 4
മനോഹരമായ കാര്യങ്ങള്‍ രഹസ്യമായി ചെയ്യുമ്പോള്‍ അതിന്റെ സൗന്ദര്യം ഇരട്ടിക്കുന്നു. ജനസമക്ഷമുള്ള ഉപദേശവും വഅ്‌ളും മുറിവും പരിഹാസവുമാണ്. പരസ്യമായിട്ടുള്ള സ്വദഖ ചിലപ്പോള്‍ മാന്യതക്ക് പോറലേല്‍പിക്കുന്നതാണ്. പക്ഷെ, രഹസ്യസ്വഭാവമുള്ള സ്വദഖയാണെങ്കില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. രഹസ്യമായി ചെയ്യാന്‍ കഴിയുന്ന ഒരുപകാരം ജനസമക്ഷം ചെയ്യരുത്.
ഫലത്തില്‍ നിന്നുള്ള നിന്റെ വിഹിതത്തെക്കുറിച്ച് നീ ആശങ്കാകുലനാവേണ്ടതില്ല. പനിനീര്‍ പുഷ്പം, അത് കരുതിയില്ലെങ്കില്‍ പോലും അതിന്റെ സുഗന്ധം പരത്തുകതന്നെ ചെയ്യും. അന്തരീക്ഷം മേഖമുഖരിതമാണെങ്കിലും സൂര്യന്റെ വെളിച്ചം ദൃശ്യമാകുകയും ചെയ്യും. എല്ലാ വ്യക്തികളിലേക്കും എത്തിയില്ലെങ്കിലും മഴയുടെ ബാക്കിപത്രങ്ങള്‍ പ്രകടമാവും. ശാന്തമായി ഒഴുകുന്ന പുഴക്കും ആള്‍ക്കാര്‍ നന്ദിയര്‍പ്പിക്കും! കണക്കില്ലാതെ ഫലങ്ങള്‍ പറിക്കപ്പെടുന്ന മരത്തിനും ആള്‍ക്കാര്‍ സ്തുതികളര്‍പ്പിക്കും!

( തുടരും )

വിവ. മുഹമ്മദ് ശാക്കിർ മണിയറ

സന്ധ്യാ വർത്തമാനം -1

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles