Current Date

Search
Close this search box.
Search
Close this search box.

‘സ്‌നേഹം പറയുന്നവനും സ്‌നേഹം ഹൃദയത്തിലേക്ക് ആവാഹിച്ചെടുത്തവനും തമ്മിലുള്ള വ്യത്യാസമെന്താണ്?’ 

ഒരു തത്വജ്ഞാനിയോടൊരാള്‍ ഒരിക്കല്‍ ചോദിച്ചു: ‘സ്‌നേഹം പറയുന്നവനും സ്‌നേഹം ഹൃദയത്തിലേക്ക് ആവാഹിച്ചെടുത്തവനും തമ്മിലുള്ള വ്യത്യാസമെന്താണ്?’ നിങ്ങള്‍ക്കു ഞാന്‍ കാണിച്ചു തരാമെന്ന് പറഞ്ഞ് അയാള്‍ ഒരു സദ്യയിലേക്ക് അവരെ ക്ഷണിച്ചു. ആദ്യമായി സ്‌നേഹം വാക്കുകള്‍ക്കപ്പുറത്തേക്ക് ഹൃദയത്തിലേക്ക് കടക്കാത്തവരെ കാണിച്ചുതരാമെന്ന് പറഞ്ഞ് ഒരു സംഘത്തെ തീന്‍മേശക്ക് ചുറ്റുമിരുത്തി. സൂപ്പ് കൊണ്ടുവന്ന് അവര്‍ക്കെല്ലാവര്‍ക്കും അയാള്‍ തന്നെ ഒഴിച്ചുകൊടുത്തു. ഓരോരുത്തര്‍ക്കും ഒരു മീറ്റര്‍ നീളമുള്ള സ്പൂണ്‍ കൊടുക്കുകയും ആ സ്പൂണുപയോഗിച്ചുതന്നെ സൂപ്പ് കുടിക്കണമെന്ന് നിബന്ധന വക്കുകയും ചെയ്തു! അവര്‍ പലതും പയറ്റിയെങ്കിലും ശ്രമം പരാജയമായിരുന്നു. നിലത്തേക്കു വീഴ്ത്താതെ അല്‍പംപോലും സൂപ്പ് ആര്‍ക്കും വായ്ക്കകത്തേക്ക് എത്തിക്കാന്‍ സാധിച്ചില്ല. അവര്‍ വിശന്നു കഴിയുകയും ചെയ്തു. ആ ശ്രമമുപേക്ഷിക്കാന്‍ പറയുകയും ഇനി സ്‌നേഹം ഹൃദയത്തിലേക്ക് ആവാഹിച്ചെടുത്തവരെ കണ്ടോളൂ എന്നു പറഞ്ഞ് ഒരു സംഘത്തെ അതേ തീന്‍മേശയിലേക്ക് വിളിക്കുകയും ചെയ്തു. അവര്‍ക്കും അതേ സ്പൂണുകള്‍ കൊടുക്കുകയും അവരോരുത്തരും തന്റെ കയ്യിലുള്ള സ്പൂണില്‍ സൂപ്പ് നിറച്ച് തന്റെ സമീപത്തുള്ളവരുടെ വായിലേക്ക് വച്ചുകൊടുക്കുകയും അവരെല്ലാം വയറുനിറക്കുകയും ചെയ്തു. ആ ആള്‍ക്കൂട്ടത്തില്‍വച്ച് അയാള്‍ തന്റെ സന്ദേശം അവര്‍ക്കു പറഞ്ഞുകൊടുത്തു:’ജീവിതത്തിന്റെ തീന്‍മേശയില്‍ സ്വന്തത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നവനായാല്‍ ജീവിതകാലം മുഴുവന്‍ വിശന്നുകഴിയേണ്ടിവരും. തന്റെ സഹോദരനെക്കൂടെ കുറിച്ച് ചിന്തിക്കുന്നവര്‍ക്ക് ഒരുമിച്ച് വയറുനിറക്കുകയും ചെയ്യാം!’

ഗുണപാഠം 1
സ്‌നേഹം വാക്കുകള്‍ കൊണ്ട് അളക്കുക സാധ്യമല്ല, ആഴത്തില്‍ നിന്നാരംഭിച്ച് തുടര്‍ന്ന് സംരക്ഷണവും അടുപ്പവും കരുതലും കൊടുക്കലുമൊക്കെയായിത്തീരുന്ന ഒരുതരം അനുഭവമാണത്. വാക്കുകളെക്കാളേറെ പ്രവര്‍ത്തനങ്ങളിലാണത് പ്രകടമാവുക. സത്യസന്ധനായി സ്‌നേഹിക്കുന്നവന്‍ സ്‌നേഹത്തോടെയാണ് സംസാരിക്കുക, സ്‌നേഹത്തെക്കുറിച്ചല്ല. അദ്ദേഹത്തിന്റെ വികാരങ്ങള്‍ ആ വാക്കുകളില്‍ അടങ്ങിയിരിക്കും, അല്ലാതെ വാക്കുകള്‍ വികാരങ്ങളെ രൂപപ്പെടുത്തുകയല്ല. വാക്കുകളെന്നത് വികാരങ്ങള്‍ക്ക് ആഡംബരമാണ്. എന്നും ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നുവെന്ന് പ്രിയപ്പെട്ടവരോട് പറയലും സ്‌നേഹത്തെക്കുറിച്ച് പറഞ്ഞ് ഓര്‍മകളെ ജീവിപ്പിക്കലും നല്ലതുതന്നെ. എന്നല്ല, ചൂടുള്ള വാക്കുകള്‍തന്നെയാണ് വികാരങ്ങളുടെ ഗന്ധവും ശബ്ദവും. പ്രിയപ്പെട്ടവര്‍ക്ക് ആ ഗന്ധം അനുഭവിപ്പിക്കല്‍ തന്നെയാണ് അത്തറുകുപ്പിയില്‍ നിന്ന് ഒരു തുള്ളി കുടയലും. കുപ്പിയില്‍ നിന്നു പുറത്താവാതെ അത്തറിന്റെ പരിമളം അറിയാനാവില്ലല്ലോ. പക്ഷേ, പ്രവര്‍ത്തനങ്ങളുടെ ഊഴമെത്തുമ്പോള്‍, സംസാരം മറ്റൊരു വശത്തേക്ക് മാറി നില്‍ക്കണം, സംസാരത്തോടൊപ്പം നീ മാറരുത്. മുങ്ങിത്താഴുന്നവനെ ഒരു സുന്ദരകാവ്യം – അതെത്രതന്നെ സുന്ദരമായാലും- കൊണ്ട് നിനക്ക് രക്ഷിക്കാനാവില്ലല്ലോ. അത്തരമൊരു നിമിഷത്തില്‍ അവന്‍ നിന്നില്‍ നിന്ന് ആകെ പ്രതീക്ഷിക്കുക വായയടച്ച് രക്ഷയുടെ കൈകള്‍ നീട്ടുക എന്നതുമാത്രമാവും!

ഗുണപാഠം 2
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു(ഉഹിബ്ബുക് എന്ന് അറബിയില്‍) എന്നത് നാക്കിന്‍തുമ്പത്തുണ്ടാവേണ്ട വെറും നാലക്ഷരങ്ങളല്ല. മറിച്ച്, ഹൃദയത്തെ ആകമാനം ഗ്രസിക്കുന്ന വികാരങ്ങളുടെ സമ്മേളനമാണ്. ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്നാല്‍; ഭൂമി നിനക്ക് ഇടുങ്ങിയതായിത്തോന്നുമ്പോള്‍ ഞാന്‍ നിനക്ക് ചിറകുകളായി മാറും, സങ്കടങ്ങള്‍ നിന്റെ ചുമലില്‍ ഭാരംതീര്‍ക്കുമ്പോള്‍ ഞാന്‍ നിന്റെ ചുമലായി മാറും, നിന്റെ അസ്തിത്വം നഷ്ടപ്പെട്ടാലും നിന്നെ സ്വീകരിക്കുന്ന നിന്റെ ദേശമായി ഞാന്‍ മാറും, ദുഃഖത്തിന്റെ സൂര്യന്‍ നിന്നെ വലയംവെക്കുമ്പോള്‍ നിനക്ക് തണലാവും എന്നൊക്കെയാണര്‍ഥം. ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്നാല്‍ നിന്റെ ഹൃദയത്തിന്റെ ശബ്ദം നീ പറയാതെതന്നെ ഞാനറിയുമെന്നും നീ വീഴുംമുമ്പേ നിന്നെ പിടിക്കാന്‍ എന്റെ കൈകള്‍ എന്നുമുണ്ടാവുമെന്നും ഇനി വീണുപോയാല്‍ തന്നെ പിടിച്ച് എഴുന്നേറ്റു നിര്‍ത്താന്‍ ആദ്യം നീളുന്നത് എന്റെ കൈകളാവും എന്നുമാണ്. ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്നാല്‍ നിന്റെ വിജയമാണ് എന്റെ ലക്ഷ്യമെന്നും നിന്റെ ചിരിയാണ് അതിനുള്ള പ്രതിഫലമെന്നുമാണ്. ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്നാല്‍ നിന്റെ ദുഃഖത്തിലും സന്തോഷത്തിലും ഒരുപോലെ ഞാന്‍ കൂടെയുണ്ടാവുമെന്നും പങ്കുവക്കുമ്പോള്‍ സന്തോഷം വര്‍ധിക്കുകയും ദുഃഖം കുറയുകയും ചെയ്യുന്നു എന്നുമാണ്. ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്നാല്‍ എല്ലാ വസ്തുക്കളും രണ്ടായി വീതിക്കാന്‍ പറ്റുമെന്നുമാണ്. കാരണം, ഞങ്ങള്‍ രണ്ടുപേരെന്നാല്‍ രണ്ടല്ല, ‘ഞങ്ങള്‍’ എന്നു പേരുള്ള ഒന്നാണല്ലോ!

ഗുണപാഠം 3
എല്ലാ പ്രണയിതാവും സ്‌നേഹിക്കുന്നവനാവും, എല്ലാ സ്‌നേഹിക്കുന്നവും പ്രണയിക്കുന്നവനാവണമെന്നില്ല. പ്രണയമെന്നാല്‍ സ്‌നേഹത്തിന്റെ ഒരു ഭാഗമോ ഒരിനമോ ആണ്, മുഴുവന്‍ സ്‌നേഹമല്ല. പ്രണയം രണ്ടു മനുഷ്യരില്‍ ഒതുങ്ങുമ്പോള്‍ സ്‌നേഹം മുഴുവന്‍ ലോകത്തേക്കും പടര്‍ന്നുപിടിക്കുന്നു. മാതൃത്വവും പിതൃത്വവും സാഹോദര്യവും സൗഹൃദവുമെല്ലാം സ്‌നേഹമാണ്. ചെടിക്ക് വെള്ളമൊഴിക്കുന്ന ആളിലും അറിയാത്ത കുട്ടിയെ ലാളിക്കുന്ന ആളിലും റോഡ് മുറിച്ചുകടക്കാന്‍ വൃദ്ധനെ സഹായിക്കുന്ന ആളിലും മനുഷ്യത്വത്തിന്റെ പേരില്‍മാത്രം ഒരു മനുഷ്യനെ രക്ഷിക്കാന്‍ ഓടിവരുന്ന ആളിലും നിങ്ങള്‍ക്ക് സ്‌നേഹത്തിന്റെ അടരുകള്‍ കാണാം. ഏതെങ്കിലുമൊരു വികാരത്തിന് അതിരുനിര്‍ണയിക്കാന്‍ സാധിക്കുന്നതിലും വിശാലമാണ് സ്‌നേഹത്തിന്റെ അര്‍ഥതലം. പലപ്പോഴും ‘സ്‌നേഹമെന്നാല്‍ ഒരു സ്വഭാവമാണ്.’

ഗുണപാഠം 4
‘അവന്‍ അവരെയും അവര്‍ അവനെയും സ്‌നേഹിക്കുന്നു’ എന്നാണ് തന്റെ വിശ്വാസികളായ അടിമകളെക്കുറിച്ച് അല്ലാഹു പറഞ്ഞത്. സ്‌നേഹിക്കുന്നവന്‍ പരിധികളില്ലാതെ കൊടുക്കുകയും മറുചോദ്യങ്ങളില്ലാതെ വഴിപ്പെടുകയും ചെയ്യുന്നു. സ്‌നേഹത്തിന്റെ ഏറ്റവും സമുന്നതമായ തലമാണിത്. ‘ഞാനവനെ സ്‌നേഹിച്ചു കഴിഞ്ഞാല്‍ അവന്‍ കേള്‍ക്കുന്ന കാതും കാണുന്ന കണ്ണും സ്പര്‍ശിക്കുന്ന കൈയും നടക്കുന്ന കാലും എല്ലാം ഞാനാകും. ചോദിക്കുന്നത് ഞാന്‍ നിസ്സംശയം കൊടുക്കുകയും സഹായംതേടിയാല്‍ സഹായം നല്‍കുകയും ചെയ്യും’ എന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. തുല്യതയില്ലാത്ത അല്ലാഹുവിന്റെ സ്‌നേഹമാണിത്. നിരുപാധികം കയ്യയച്ച് കൊടുക്കുകയെന്നതാണ് അതിന്റെ അടിസ്ഥാനം. ആത്മാവുകൊണ്ടും ഹൃദയംകൊണ്ടും അല്ലാഹുവിനോടടുക്കുമ്പോള്‍ അവന്‍ നിരുപാധികമായ സ്‌നേഹംകൊണ്ട് നമ്മെ വലയംചെയ്യും.

വിവ: മുഹമ്മദ് ശാക്കിർ മണിയറ
കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles