Current Date

Search
Close this search box.
Search
Close this search box.

വാക്കിൻ്റെ പാലാഴി

ഭർത്താവ് ചോദിച്ചു: ഈ പാൽ മുഴുവൻ എവിടുന്നു കിട്ടി?!
ഭാര്യ പറഞ്ഞു: മൂന്ന് ചെറുപ്പക്കാർ ഇവിടെ വന്നിരുന്നു. കൂട്ടത്തിലൊരാൾ വളരെ നല്ല മനുഷ്യൻ. എന്നോട് സംസാരിക്കുന്നതിനിടെ നമ്മുടെ ആടിൻ്റെ അകിടിലൊന്നു തലോടി. അതോടെ നമ്മുടെ ആട് പതിവില്ലാതെ പാൽ ചുരത്തി ; മഴ പോലെ..

പുതിയാപ്ല : ഉമ്മു മഅ്ബദ്, അയാളാരാ? ഒന്നു വിവരിക്കാമോ?
ഉമ്മു മഅ്ബദ് വാചാലയായി: “തെളിഞ്ഞ രൂപവും നല്ല പെരുമാറ്റവും, മിനുസമാർന്ന മുഖവുമുള്ള ഒരു സമ്പൂർണ മനുഷ്യ രൂപം, ചാടിയ വയറോ , മുഖത്തെ സുഷിരങ്ങളോ ഒന്നു പോലും പ്രകടമല്ലാത്ത സുന്ദരനും സുമുഖനും അരോഗ്യ ദൃഢഗാത്രനും..
നീണ്ടു നേർത്ത പുരികമുള്ള, രണ്ടു പുരികങ്ങളും ചേർന്ന കണ്ണിൻ്റെ വെള്ളയുടെ ശുഭ്രതയും കൺമണിയുടെ കരിവർണവും ഒത്തിണങ്ങിയ സുനയനായ, രോമം നിറഞ്ഞ പുരികമുള്ള ഗാംഭീര്യമുള്ള ശബ്ദമുള്ള ഒരു കോമള രൂപം .

ആ കഴുത്തിന് തന്നെ എന്താ ഒരു തിളക്കം!! നല്ല കട്ടിത്താടി !! നിശബ്ദനാവുമ്പോഴും ഗൗരവം വിടാതെ, സംസാരിച്ചാൽ കൊഞ്ചിക്കുഴയാതെ , നല്ല വർത്തമാനം മാത്രം പറയുന്ന, പറഞ്ഞാൽ ഖണ്ഡിതമായി സംസാരിക്കുന്ന അമിത തമാശയോ വിരട്ടലോ ഇല്ലാത്ത, മുത്തു മണികൾ പോലെയുള്ള വാചകങ്ങൾ മാത്രം മൊഴിയുന്ന ചെറുപ്പക്കാരൻ.

ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരമായ മുഖമാണ് അദ്ദേഹത്തിനുള്ളത്. ദൂരെ നിന്ന് നോക്കിയാൽ അവരിൽ ഏറ്റവും സുന്ദരൻ, സമീപത്ത് നിന്ന് പെരുമാറിയാൽ ഏറ്റവും മികച്ച വ്യക്തിത്വം. ഒത്ത പൊക്കം, നീളക്കൂടുതലോ കുറുവോയില്ല. ഒരിക്കൽ കണ്ടാൽ മതി പിന്നെ മറക്കില്ല. വന്ന മൂന്നു പേരിൽ ഏറ്റവും തിളക്കം ആ മുഖത്തിനാണ് എന്നെനിക്ക് തോന്നി. ശരീര ലാവണ്യവും വടിവും തികഞ്ഞൊരാണ്, രണ്ട് ശാഖകൾക്കിടയിലുള്ള ഒരു ശാഖ, അദ്ദേഹം സംസാരിക്കുമ്പോൾ അവർ രണ്ടാളും ശ്രദ്ധാപൂർവ്വം കാതോർക്കുന്നു. എന്തു കല്പിച്ചാലും ചെയ്യാൻ തയ്യാറായ ചങ്കുകൾ ;
എപ്പോഴും എവിടെയും ചങ്ങാതിമാരെ കൊണ്ട് വലയം ചെയ്യപ്പെടുന്ന , പരിചയപ്പെടുന്നവരെല്ലാം ചുറ്റും കൂടുന്ന തരത്തിലുള്ള പ്രകൃതം, നിസ്സാരനോ നിരാകരിക്കപ്പെട്ടവനോ അല്ലാത്ത മനുഷ്യ സ്വരൂപം.”

ഇതെല്ലാം കേട്ട് നിന്ന ആ പുതിയാപ്ല തലകുലുക്കി കൊണ്ട് അവരോട് പറഞ്ഞു: “നിനക്ക് ആൾ ആരാണെന്ന് തിരിഞ്ഞോ പെണ്ണേ?”
ഉമ്മു മഅ്ബദ്: ആരാണയാൾ ? !
പുതിയാപ്ല :അതാണ് മുഹമ്മദ്!!! മക്കയിലെ ഖുറൈശികളുടെ കൂട്ടാളി!
ഉമ്മു മഅ്ബദ്: അതായിരുന്നോ മുഹമ്മദ്!!?
ഒരിക്കൽ പോലും കാണാൻ പറ്റുമെന്ന് കരുതാതിരുന്ന മക്കത്തെ മാണിക്യം. മക്കയിലെ ചെറുപ്പക്കാരുടെ മാതൃകാ പുരുഷൻ.
അവർക്ക് കരച്ചിലടക്കാനായില്ല…
സന്തോഷാശ്രു !! ആനന്ദക്കണ്ണീർ!!
ഉമ്മു മഅ്ബദ് കരഞ്ഞുകൊണ്ട് തുടർന്നു: “എൻ്റെ കൂടാരത്തിൽ വന്നത് ആ മുഹമ്മദ് ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാനാ ആടിനെ അറുത്തു അവരെ തീറ്റിക്കുമായിരുന്നു. ഇനിയെങ്ങാനും കാണാൻ കഴിഞ്ഞാൽ അദ്ദേഹത്തിന്റെ മാർഗത്തിൽ ഞാനും പ്രവേശിക്കും.”

ഉമ്മു മഅ്ബദ് പറഞ്ഞത് പോലെ അവർ തിരുനബിയെ കാണാൻ കുടുംബ സഹിതം ഏറെ കഴിയും മുമ്പ് മദീനത്തേക്ക് പുറപ്പെട്ടു. ഖാലിദ് ഖുസാഇയയുടെ മകൾ ആതിക ബിന്ത് ഖാലിദ് അൽ-ഖുസാഇയ്യ ആയിരുന്നു ഈ സംഭാഷണ പരമ്പരയിലെ ആ ഉമ്മു മഅ്ബദ് (റ). മഅ്ബദ് അവരുടെ ദാമ്പത്യ വല്ലരിയിൽ വിടർന്ന സുന്ദര കുസുമവും. ഖുനൈസ് / ഹുബൈശ് എന്നെല്ലാം അറിയപ്പെടുന്ന അവരുടെ ഉടപ്പിറപ്പ് പ്രമുഖ സ്വഹാബി ഇബ്നു ഖാലിദ് ഖുസാഇ (റ) മക്കാ വിജയവേളയിലാണ് മരിക്കുന്നത്.

ഹിജ്റ വേളയിൽ അബൂബകറും (റ) വഴികാട്ടിയായ അബ്ദുല്ലാഹിബ്നു ഉറൈഖിത്വും വിശ്രമിക്കാൻ നിന്നപ്പോൾ നടന്നതാണീ സംഭവം എന്നാണ് പ്രസിദ്ധ സാഹിത്യകാരനും ചരിത്ര പണ്ഡിതനുമായ ഗുലാം ഷബ്ബിർ എഴുതിയിട്ടുള്ളത്. നടന്നത് എപ്പോഴോ ആയിക്കോട്ടേ, പ്രവാചക പ്രകീർത്തന കാവ്യങ്ങൾ എഴുതിയ അനേകായിരം കവികളുടെ ഭാഷയേക്കാൾ, നബിയെ കുറിച്ച് വാതോരാതെ സംസാരിച്ച സ്വഹാബത്തിൻ്റെ വർണനയേക്കാൾ നബിയെ ഇത്രമാത്രം സുന്ദരമായി ചിത്രീകരിച്ച മറ്റൊരു ഗദ്യ കവിത കാണില്ല;അതു പറഞ്ഞതാവട്ടെ തനി നാടൻ സ്ത്രീ !! .. ഒരു മിണ്ടാപ്രാണിയെ തലോടി പ്രബോധിതൻ്റെ മനസ്സിൽ വാക്കിൻ്റെ പാലാഴി ഒഴുക്കിയ ആ മാതൃകാ പ്രബോധകന് ആയിരം സലാം. اللهم صل وسلم على نبينا محمد وعلى آله وصحبه أجمعين وسلم تسليما كثيرا إلى يوم الدين…

റഫറൻസ് :
1-زاد_المعاد
2-الرحيق_المختوم
3-سيرة_ابن_هشام
4- صفحة_أحمد_صبحى_جلال

Related Articles