Current Date

Search
Close this search box.
Search
Close this search box.

‘ഈ ഓറഞ്ച് സ്വഭാവങ്ങളാണ്, നീ കുപ്പിയും…’

അകത്ത് വലിയ ഓറഞ്ചുള്ളൊരു ചില്ലുകുപ്പി പിതാവ് മകന്റെ കയ്യില്‍ കൊടുത്തു. കുപ്പിയുടെ ഇത്ര ചെറിയ ദ്വാരത്തിലൂടെ ഈ വലിയ ഓറഞ്ച് എങ്ങനെ പിതാവു കടത്തിയെന്ന് കുട്ടി അത്ഭുതപ്പെട്ടു. ചിന്തിച്ചുചിന്തിച്ചങ്ങനെ ദിവസംമുഴുവന്‍ കഴിച്ചിട്ടും കാര്യം യുക്തിപരമല്ലെന്നു തോന്നിയപ്പോഴാണ് ഇതില്‍ വല്ല ചതിയുമുണ്ടോയെന്ന് മകന്‍ പിതാവിനോട് തിരക്കുന്നത്. മറുപടിയായി, പുഞ്ചിരിച്ചുകൊണ്ട് മകന്റെ കൈപിടിച്ച് അയാള്‍ വീട്ടിലെ തോട്ടത്തിലേക്കു കൊണ്ടുപോയി. ഒരു കാലിക്കുപ്പി കൊണ്ടുവരികയും ഫലങ്ങള്‍ പൂവിട്ടുതുടങ്ങിയ ഒരു ഓറഞ്ചുമരത്തിന്റെ കൊമ്പില്‍ അതു കെട്ടി കൂട്ടത്തില്‍ കായ്ച്ചു തുടങ്ങിയ വളരെ ചെറിയൊരു ഓറഞ്ച് കുപ്പിക്കകത്ത് കടത്തുകയും ചെയ്തു. ദിനേന കുപ്പിക്കകത്ത് ആ ഓറഞ്ച് വളരുകയും പുറത്തെടുക്കാന്‍ കഴിയാത്ത വിധം വലുതാവുകയും ചെയ്തു. കുട്ടിക്ക് അതോടെ കാര്യം പിടികിട്ടുകയും ചെയ്തു. തന്റെ മകന് മനോഹരമായൊരു ഗുണപാഠം നല്‍കാനുള്ള സുവര്‍ണാവസരം ഉപയോഗപ്പെടുത്തി പിതാവ് പറഞ്ഞു: ‘ഈ ഓറഞ്ച് സ്വഭാവങ്ങളാണ്, നീ കുപ്പിയും. ചെറുപ്രായത്തില്‍ തന്നെ സദ്‌സ്വഭാവങ്ങള്‍ ശീലമാക്കിയാല്‍ അവ നിനക്കകത്ത് ഈ ഓറഞ്ചുപോലെ വളരുകയും നിന്നില്‍ നിന്ന് പുറത്തെടുക്കല്‍ ശ്രമകരമായിത്തീരുകയും ചെയ്യും!’

ഗുണപാഠം 1

തര്‍ബിയത്തിന്റെ ഏറ്റവും നല്ല മാര്‍ഗം സാഹചര്യങ്ങളിലൂടെ കാര്യങ്ങള്‍ പഠിപ്പിക്കലാണ്. ചിലപ്പോള്‍ അതൊരു നേര്‍ക്കാഴ്ചയോ ചിലപ്പോള്‍ അതൊരു കഥയോ ആവാം. കുട്ടി ചിന്തിക്കുക അവന്റേതായ രീതിയിലാണ്. അവര്‍ക്ക് സ്വതന്ത്ര ചിന്തക്കുള്ള ശേഷിയുമില്ല. പ്രത്യേകിച്ച് വളരെ ചെറിയ പ്രായത്തില്‍.

കുട്ടികള്‍ക്ക് സത്യവും വിശ്വസ്തതയുമെന്നാല്‍ വെറും സങ്കല്‍പങ്ങള്‍ മാത്രമാണ്. അതിനെ നേരിട്ടനുഭവിക്കുമ്പോള്‍ മാത്രമേ അവരതു മനസ്സിലാക്കൂ. അതിനെ ചിന്തയില്‍ നിന്ന് സാഹചര്യമായും ആശയം എന്നതില്‍ നിന്ന് ജീവിതരീതിയും പ്രായോഗികരീതിയും ആക്കി മാറ്റുമ്പോള്‍ മാത്രമേ അവര്‍ കാര്യം ഗ്രഹിക്കൂ. പ്രായമുള്ളവര്‍ പോലും വെറും ചിന്തകളെക്കാള്‍ സാഹചര്യങ്ങളിലൂടെയും കഥകളിലൂടെയും കാര്യങ്ങള്‍ പെട്ടെന്നു ഗ്രഹിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം.

വിശുദ്ധ ഖുര്‍ആനില്‍ തന്നെ കഥകള്‍ അനേകം കാണാമല്ലോ. വിശുദ്ധ മാതൃകകള്‍. യൂസുഫ് നബിയുടെ കഥയിലൂടെ ചാരിത്ര്യവും ആദം നബിയുടെ കഥയിലൂടെ സത്യാസത്യ പോരാട്ടവും നൂഹ് നബിയുടെ കഥയിലൂടെ പ്രബോധനകന്റെ ത്യാഗങ്ങളും ആസിയ ബീവിയുടെയും സാഹിറുകളുടെയും കഥയിലൂടെ മരണത്തിനുമുന്നിലും അടിയറവെക്കാത്ത നിശ്ചയദാര്‍ഢ്യവും അയ്യൂബ് നബിയുടെ കഥയിലൂടെ ക്ഷമയും ത്വാലൂത്തിന്റെ കഥയിലൂടെ സത്യം എത്ര ചെറുതാണെങ്കിലും വിജയിക്കുമെന്നതും ഈസാ നബിയുടെ കഥയിലൂടെ അല്ലാഹുവിന്റെ അപാരമായ ശക്തിയും ഇബ്‌റാഹിം നബിയുടെയും(തീ തണുപ്പായി) മൂസ നബിയുടെയും(വടികൊണ്ട് കടല്‍ പിളര്‍ന്നു) കഥയിലൂടെ പ്രപഞ്ചത്തിന്റെ പതിവുരീതികളെ മറികടക്കുന്നതും അല്ലാഹു നമ്മെ പഠിപ്പിക്കുന്നു!

ഗുണപാഠം 2

വളരെ എളുപ്പത്തില്‍ നാമുദ്ദേശിക്കുന്ന രൂപം നല്‍കാവുന്ന ഫ്രഷ് മാവുപോലെയാണ് കുട്ടികള്‍. ദിവസം കൂടുന്തോറും മാവ് കട്ടിവെക്കുന്നപോലെ കുട്ടികളുടെയും നൈര്‍മല്യം കുറഞ്ഞുവരും. പിന്നീടതിന്റെ പൂര്‍വരൂപം കൊണ്ടുവരിക ശ്രമകരമാവും. ശക്തിപ്രയോഗിച്ച് അതിനു ശ്രമിക്കുമ്പോള്‍ ചിലപ്പോള്‍ പൊട്ടി നാശമായെന്നും വരും! ആയതിനാല്‍, ചെറുപ്രായത്തില്‍തന്നെ മൂല്യങ്ങളും ധര്‍മങ്ങളും കുട്ടികളെ പഠിപ്പിക്കുക. ‘ചെറുപ്പകാലം കളിച്ചുനടക്കാനുള്ളതാണ്’ എന്ന ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കേണ്ടതില്ല. ചെറുപ്രായം തര്‍ബിയത്തിനുള്ളതെന്നതാണ് പ്രവാചകാധ്യാപനം. ചെറിയ കുട്ടികളെ നബി തങ്ങള്‍ മര്യാദയും വിശ്വാസവും പഠിപ്പിക്കുന്നതു നാം ഹദീസുകളില്‍ കാണുന്നു. കുട്ടിയായിരുന്ന ഇബ്‌നു അബ്ബാസി(റ)നോട് നബി തങ്ങള്‍ പറയുന്നതു കാണുക. ‘മകനെ, നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവന്‍ നിന്നെ സംരക്ഷിക്കും. അല്ലാഹുവിനെ സൂക്ഷിക്കുക, അവന്‍ നിന്റെ മുന്നിലുണ്ടാകും’. അല്ലാഹുവിന്റെ കല്‍പനപ്രകാരം അടിമ നിന്നാല്‍ അവന്റെ ആവശ്യങ്ങള്‍ക്ക് അല്ലാഹു ഉണ്ടാകുമെന്ന് ചെറുപ്രായത്തില്‍ തന്നെ പഠിപ്പിക്കുകയാണ് തിരു നബി. മറ്റൊരിടത്ത് ‘മകനെ, ബിസ്മി ചൊല്ലി വലതുകൈകൊണ്ട് അടുത്തുനിന്ന് ഭക്ഷിക്കുക’ എന്ന് ഭക്ഷണത്തിന്റെ മര്യാദയും നബി തങ്ങള്‍ പഠിപ്പിക്കുന്നു. മറ്റൊരു സ്ഥലത്ത്, ‘നീ ചോദിക്കുമ്പോള്‍ അല്ലാഹുവിനോടു ചോദിക്കുക, സഹായം തേടുമ്പോള്‍ അവനോടു തേടുക’യെന്ന വിശ്വാസത്തിന്റെ സൂക്ഷ്മ അടരുകളും നബി തങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നു. കണ്ണിനുംമുമ്പേ ഹൃദയത്തെ അല്ലാഹുവല്ലാത്തതില്‍ നിന്ന് തിരിച്ചുകളയാനാണ് നബി തങ്ങള്‍ ശ്രമിക്കുന്നത്. നബി തങ്ങള്‍ തുടരുന്നു: ‘ജനങ്ങളെല്ലാവരും ചേര്‍ന്ന് നിനക്കൊരുപകാരം ചെയ്യാന്‍ കരുതിയാലും അല്ലാഹു എഴുതിയതു മാത്രമേ നടക്കൂ. അവരെല്ലാം ചേര്‍ന്ന് നിന്നെ ദ്രോഹിക്കാന്‍ കരുതിയാലും അല്ലാഹു നിശ്ചയിച്ചതു മാത്രമേ നടക്കൂ’. ചെറുപ്രായത്തില്‍ അചഞ്ചലമായ തൗഹീദാണ് നബി തങ്ങളിവിടെ പഠിപ്പിക്കുന്നത്! ജനങ്ങളെല്ലാം വെറും കാരണങ്ങള്‍ മാത്രമാണെന്നും അല്ലാഹുവാണ് കാര്യങ്ങള്‍ നിശ്ചയിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നതെന്നും അവന്റെ വിധിക്കനുസരിച്ചു മാത്രമേ ഇവിടെ എന്തും നടക്കൂ എന്നും പഠിപ്പിക്കുന്നു. ആ ഹദീസ് മര്‍മപ്രധാനമായ, എന്നാല്‍ ഹൃദയഹാരിയായ ഒരു വാക്യം കൊണ്ടാണ് നബി തങ്ങള്‍ അവസാനിപ്പിക്കുന്നത്. ‘പേനകള്‍ ഉയര്‍ത്തപ്പെടുകയും ഏടുകള്‍ വരണ്ടിരിക്കുകയും ചെയ്യുന്നു’. നടന്നതൊക്കെയും അവന്‍ വിധിച്ചെഴുതിയിട്ടുള്ളതാണെന്നും എഴുതപ്പെടാത്തതൊന്നും നടക്കുകയില്ലെന്നും സൃഷ്ടികളുടെ കര്‍മപുസ്തകം ലൗഹുല്‍ മഹ്ഫൂളിലാണെന്നും അതിലുള്ളത് അക്ഷരംപ്രതി ചെയ്യുക മാത്രമാണ് മനുഷ്യന്‍ ചെയ്യുന്നതെന്നും ഇളംപ്രായത്തിലെ കുട്ടിയെ നബി തങ്ങള്‍ പഠിപ്പിക്കുന്നു!

ഗുണപാഠം 3

വരാനുള്ളതൊക്കെയും അല്ലാഹു തീരുമാനിച്ചിട്ടുണ്ടെങ്കില്‍ പിന്നെ എങ്ങനെയാണ് നമ്മെ വിചാരണ ചെയ്യുകയെന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. സ്വാഭാവികമായ ചോദ്യമാണിത്. അല്ലാഹുവിന്റെ ഇല്‍മ് ഉപാധികളില്ലാത്തതാണ്(മുത്വ്‌ലഖുല്‍ ഇല്‍മ്) എന്നതാണ് അതിനുത്തരം. നന്മക്കും തിന്മക്കുമിടയില്‍ നമുക്ക് തെരഞ്ഞെടുപ്പാവകാശം നല്‍കുമ്പോഴും എന്താണ് നാം ചെയ്യുകയെന്നും ചെയ്യാതിരിക്കുകയെന്നും കാലേക്കൂട്ടി അല്ലാഹുവിന് അറിയാം എന്നര്‍ഥം. ഇന്നയാള്‍ ഒരാളെ വധിക്കുമെന്നും ഇന്നയാള്‍ സ്വദഖ ചെയ്യുമെന്നും അവനറിയാം. എന്നാല്‍ കൊല്ലാനോ സ്വദഖ ചെയ്യാനോ അവന്‍ നിര്‍ബന്ധിക്കുന്നില്ല. ഉദാഹരണത്തിന്, നിനക്കൊരു മകനുണ്ടെന്നും അവന്റെ കഴിവുകളും ചിന്തകളും നിനക്കറിയാമെന്നും അതനുസരിച്ച് ഭാവിയില്‍ അവനെന്തായിത്തീരുമെന്നും നീ പ്രവചിച്ചുവെന്നു കരുതുക. ഭാവിയില്‍ നീ പ്രവചിച്ച പ്രകാരം സംഭവിച്ചുവെങ്കില്‍ നീ അവനെ നിര്‍ബന്ധിപ്പിച്ചുവെന്നു പറയാനൊക്കുമോ?! ഒരുക്കലുമില്ല! ഇതാണെങ്കില്‍ ശരിയാവാനും തെറ്റാവാനും സാധ്യതയുള്ള നിന്റെ പരിമിതമായ അറിവിന്റെ കാര്യമാണ്. പക്ഷെ, അല്ലാഹുവിന്റെ കാര്യം അപ്രകാരമല്ലല്ലോ. ഒരിക്കലും തെറ്റാത്ത ഉപാധികളില്ലാത്ത അറിവിന്റെയുടമയാണവന്‍. അവന്റെ വിധിക്കപ്പുറത്ത് ഒരു മനുഷ്യനും കടക്കുക അസാധ്യവുമാണ്!

 

വിവ: മുഹമ്മദ് ശാക്കിർ മണിയറ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles