Current Date

Search
Close this search box.
Search
Close this search box.

തുണീഷ്യയിലെ ‘അട്ടിമറി’

അറബ് നാടുകളിൽ ജനാധിപത്യത്തിന്റെ കാറ്റ് വീശിത്തുടങ്ങിയത് 2011ലെ തുണീഷ്യൻ വിപ്ലവത്തോടെയാണ്. ജനങ്ങളെ കട്ടുമുടിച്ചു ഭരിച്ച ഏകാധിപതിയായ സൈനുൽ ആബിദീൻ ബിൻ അലിയെ കടപുഴക്കിയെറിഞ്ഞ മുല്ലപ്പൂ വിപ്ലവം തുണീഷ്യക്ക് സമ്മാനിച്ച ജനാധിപത്യം ഈജിപ്തിലേക്കും ലിബിയയിലേക്കുമൊക്കെ വ്യാപിച്ചത് ശുഭസൂചനയായാണ് കരുതപ്പെട്ടത്.

ഹുസ്‌നി മുബാറക്കിന്റെ ഏകാധിപത്യത്തെ പിഴുതുമാറ്റിയ ഈജിപത് വീണ്ടും അൽ സീസിയുടെ സ്വേഛാധിപത്യത്തിലേക്ക് അമരാൻ അധികകാലം വേണ്ടിവന്നില്ല. ഈജിപ്തിന്റെ ചരിത്രത്തിൽ ആദ്യമായി ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുന്നതിന് കൂട്ടുനിന്നത് മേഖലയിലെ തന്നെ ചില രാജ്യങ്ങളായിരുന്നു. ലിബിയ കേണൽ ഖദ്ദാഫിയുടെ ഏകാധിപത്യത്തിൽനിന്ന് പുറത്തുവന്നെങ്കിലും താമസിയാതെ ഖലീഫ ഹഫ്തർ എന്ന യുദ്ധപ്രഭു നേതൃത്വം നൽകിയ മിലീഷ്യ അവിടത്തെ ജനാധിപത്യത്തെ തല്ലിക്കെടുത്തി. അയാളെയും പിന്തുണക്കാൻ ചില ജനാധിപത്യ വിരുദ്ധ ശക്തികൾ അവിടെ ഉണ്ടായിരുന്നു.

ബാലാരിഷ്ടതകൾക്കിടയിലും തുണീഷ്യൻ ജനാധിപത്യം തപ്പിയും തടഞ്ഞും മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ അവിടെനിന്നും വന്നിരിക്കുന്നു അട്ടിമറിയുടെ വാർത്ത. പലയിടത്തും സംഭവിക്കുന്നതുപോലെ വില്ലൻ പക്ഷേ, സൈന്യമല്ല, സാക്ഷാൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടാണ്. അദ്ദേഹം പിരിച്ചുവിട്ടിരിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെയും. പ്രധാനമന്ത്രി ഹിഷാം മശീശിയെ പുറത്താക്കിയ പ്രസിഡന്റ് കൈസ് സഈദ്, പാർലമെന്റിനെ മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു.

2014ലെ ഭരണഘടന പ്രസിഡന്റിന്റെയും പ്രധാനന്ത്രിയുടെയും പാർലമെന്റിന്റെയും അധികാരങ്ങൾ പ്രത്യേകമായി തന്നെ അടയാളപ്പെടുത്തിയതാണ്. അതിന് വിഘാതമായ നടപടികളാണ് പ്രസിഡന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. അതിനാൽ ഈ നടപടിയെ ‘ അട്ടിമറി’ എന്നാണ് രാഷ്ട്രീയ പാർട്ടികൾ വിശേഷിപ്പിക്കുന്നത്. പൊതുവെ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും രൂക്ഷമായ തുണീഷ്യയിൽ കോവിഡ് കാലത്തെ സ്ഥിതി അതീവ രൂക്ഷമായതിനെ തുടർന്ന് ജനം തെരുവിലിറങ്ങിയിരുന്നു. അതിനു പിന്നാലെയാണ് പ്രസിഡണ്ടിന്റെ നടപടി.
പ്രസിഡന്റ് കൈസ് തികഞ്ഞ ഏകാധിപതിയെപ്പോലെയാണ് പെരുമാറിയിരിക്കുന്നതെന്ന് പാർലമെന്റ് സ്പീക്കർ റാശിദ് ഗനൂഷി തുറന്നടിച്ചിട്ടുണ്ട്. ഗനൂശിയുടെ ഇസ്ലാമിസ്റ്റ് പാർട്ടിയായ അന്നഹ്ദയാണ് പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. 2019ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൈസ് മുന്നോട്ടുവെച്ച അഴിമതിക്കെതിരായ പദ്ധതികളെ ഇസ്ലാമിസ്റ്റുകളും ഇടതുപക്ഷവും ഒരു പോലെ പിന്തുണച്ചിരുന്നു.

അക്രമവുമായി ആരെങ്കിലും തെരുവിൽ ഇറങ്ങിയാൽ ബുള്ളറ്റുകളിലൂടെയാണ് അവരെ നേരിടുകയെന്ന കൈസിന്റെ മുന്നറിയിപ്പ് രാജ്യം വലിയൊരു കലാപത്തിലേക്ക് നീങ്ങാനുള്ള സാധ്യതകളെ ബലപ്പെടുത്തിയിരിക്കുകയാണ്.

ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലാത്ത സർവ്വകലാശാല അധ്യാപകനായ കൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചത് വലിയ പ്രതീക്ഷകൾ സമ്മാനിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അരാഷ്ട്രീയ നിലപാടുകൾ തുണീഷ്യ അറബ് ലോകത്തിനു നൽകിയ ആത്മവിശ്വാസത്തിനു മാത്രമല്ല, വിപ്ലവ മൂല്യങ്ങൾക്കും തിരിച്ചടിയാവുകയാണ്. ജനാധിപത്യത്തിനു മുന്നിൽ ചോദ്യ ചിഹ്നമായി ലെബനാനും ഇറാഖും നിൽക്കുമ്പോഴാണ് തുനീഷ്യയും ആ വഴിയേ പോകുന്നത് എന്നതാണ് ഏറെ സങ്കടകരം.

Related Articles