Current Date

Search
Close this search box.
Search
Close this search box.

തുനീഷ്യ ഉസ്താദ് ഗനൂശി കൂടി അറസ്റ്റ് ചെയ്യപ്പെടുമ്പോൾ

ഉസ്താദ് റാശിദുൽ ഗനൂശി കൂടി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഖൈസ് സഈദിന്റെ ഏകാധിപത്യ നടപടികളുടെ തുടർച്ചയാണിത്. വിമതത്വം പ്രഖ്യാപിക്കുന്നവരുടെ അക്കൗണ്ടുകൾ ഫ്രീസ് ചെയ്തും ജീവിതം ദുസ്സഹമാക്കിയും ഭരണകൂടം മുന്നോട്ട് പോവുകയാണ്. ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ നേതാക്കളിൽ ഒരേ സമയം ബുദ്ധിജീവിയും ആക്ടിവിസ്റ്റുമായി ശ്രദ്ധേയ സാന്നിധ്യമാണ് ഉസ്താദ് ഗനൂശി. ഇസ്‌ലാമിസം എന്ന് വിളിക്കപ്പെടുന്ന ഒരു വ്യവഹാര മണ്ഡലത്തിലേക്ക് കാലെടുത്ത് വെക്കുന്നതിന് മുമ്പ് ഇടതുപക്ഷക്കാരനായും ദേശീയവാദിയായും തബ്‌ലീഗ്കാരനായും സലഫിസത്തോട് ആഭിമുഖ്യം പുലർത്തിയവനായുമൊക്കെ ഇസ്‌ലാമിനകത്തും പുറത്തുമുളള വ്യത്യസ്ത കൂട്ടായ്മകളുടെ ഭാഗമായിരുന്ന ഒരു ബൗദ്ധിക സഞ്ചാര ചരിത്രം ഉസ്താദ് ഗനൂശിക്കുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ്, അന്നഹ്ദ പാർട്ടിയുടെ മുതിർന്ന നേതാവ് സൈദ് ഫർജാനിയെ ഭരണകൂടം തടങ്കലിലാക്കിയത്, തുനീഷ്യയുടെ മുൻ പ്രധാനമന്ത്രി അലി ലറായെദാവട്ടെ 2022 ഡിസംബർ മുതൽ തടങ്കലിലാണ്. ദേശീയ സുരക്ഷയ്‌ക്കെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ മുപ്പതോളം രാഷ്ട്രീയ പ്രവർത്തകർ, ജഡ്ജിമാർ, അഭിഭാഷകർ, ഒരു റേഡിയോ സ്‌റ്റേഷൻ മേധാവി എന്നിവരെ ഭരണകൂടം അറസ്റ്റ് ചെയ്യുകയുണ്ടായി. “രാഷ്ട്രീയ പ്രേരിത വേട്ട” എന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ ഈ അടിച്ചമർത്തലിനെ വിശേഷിപ്പിച്ചത്.

അറബ് വസന്താനന്തരം ഇസ്‌ലാമിക മുന്നേറ്റങ്ങൾക്കേറ്റ വലിയ തിരിച്ചടികളുടെ ഭാഗം തന്നെയാണിതും. ഇത് ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങൾക്ക് കൂടുതൽ ആസൂത്രണങ്ങൾ നടത്തേണ്ടതിനെക്കുറിച്ചും പുന:രാലോചനകൾ നടത്തേണ്ടതിനെക്കുറിച്ചുമുള്ള പാഠങ്ങൾ പകർന്ന് നൽകുന്നുണ്ട്. ഇസ്‌ലാമിക രാഷ്ട്രീയം എന്ന വ്യവഹാരത്തിന്റെ സമകാലിക ആവിഷ്ക്കാരങ്ങളെ പ്രതി അത്തരത്തിൽ ശക്തമായ ചിന്തകളും പ്രയോഗങ്ങളും പകർന്ന ജീവിതം കൂടിയാണ് ഉസ്താദ് ഗനൂശിയുടേത്. ഈജിപ്ത് പോലെ ഇസ്‌ലാമിസ്റ്റുകൾക്ക് ഭൗമ രാഷ്ട്രീയത്തിൽ ശക്തമായ ഇടപെടൽ നടത്താൻ കഴിയുന്ന ഇടമല്ലാതിരുന്നിട്ടും തുനീഷ്യയിൽ അധികാരം നഷ്ടപ്പെട്ടു എന്നതോടൊപ്പം ഉസ്താദ് ഗനൂശിയെ പോലുള്ളവർ അറസ്റ്റിലാക്കപ്പെടുന്ന സാഹചര്യം കൂടിയാണല്ലോ സംജാതമായിരിക്കുന്നത്. കഴിഞ്ഞ വർഷമായിരുന്നു അദ്ദേഹത്തിന് യാത്ര ചെയ്യുന്നത് നിരോധിക്കുന്ന ഉത്തരവ് വന്നത്. സമരോത്സുകമായ ആ ജീവിതം ജയിലറകളിൽ കൂടുതൽ കരുത്താർജിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. പ്രതീക്ഷ കൈവിടാതിരിക്കാം.

പട്ടിണിയുടെയും പരിവട്ടത്തിന്റെയും കാലത്ത് അഹ്സാബിൽ വയറൊട്ടി നിൽക്കെ കിടങ്ങ് കുഴിക്കേണ്ടി വന്ന ഒരു സന്ദർഭമുണ്ടല്ലോ പ്രവാചകൻ (സ) യുടെ ചരിത്രത്തിൽ ! പാറവെട്ടുമ്പോൾ ഓരോ വെട്ടിനും അവിടുന്ന് തന്റെ അനുചരർക്ക് നൽകിയൊരു ഇമാജിനേഷനുണ്ട്. കിസ്റയും കൈസറും യമനും കീഴടങ്ങുമെന്നൊരു പ്രഖ്യാപനം.

പറയുന്നവർക്ക് സ്വർഗമുണ്ടെന്ന സാൽവേഷന്റെ വാഗ്ദാനമായി മാത്രമല്ലല്ലോ വിശ്വാസികൾ ‘ ലാ ഇലാഹ ഇല്ലല്ലാഹ് ‘ വാചകത്തെ തിരിച്ചറിയുന്നത്. അത് അറബികളെയും അനറബികളെയും കീഴ്പെടുത്താൻ ശേഷിയുള്ളൊരു ലിബറേഷന്റെ വാചകം കൂടിയാണെന്നാണ് അവിടുന്ന് നമ്മെ പഠിപ്പിക്കുന്നത്. പ്രതിസന്ധിക്കാലം തന്നെയാണല്ലോ നമ്മുടെ പ്രതീക്ഷകൾക്ക് അർത്ഥം നൽകുന്നത്. ആർഭാടങ്ങളുടെ കാലത്ത് നാമെന്തിൽ പ്രതീക്ഷ കാണാനാണ്.

കാര്യകാരണ ബന്ധങ്ങൾക്കപ്പുറം ആകാശത്ത് നിന്ന് അല്ലാഹുവിന്റെ സഹായമുണ്ടാവും എന്നത് തന്നെയാണ് പോരാട്ടങ്ങളുടെ ചരിതങ്ങളുള്ള റമദാൻ നമ്മെ ഓർമിപ്പിക്കുന്നത്. അതിന് കർമ മണ്ഡലങ്ങളിൽ സമ്പൂർണ സമർപ്പിതരായി നമ്മളുണ്ടാവണമെന്ന് മാത്രം. അല്ലെങ്കിലും ദുനിയാവിൽ വിജയിച്ചോ എന്നതല്ലല്ലോ, കർമ ഭൂമിയിൽ നീതിക്ക് സാക്ഷ്യം വഹിച്ചവനായി നീയുണ്ടായിരുന്നോ എന്നായിരിക്കും അല്ലാഹു നമ്മോട് ചോദിക്കുക. അതല്ലെങ്കിൽ കൊല്ലപ്പെട്ട പ്രവാചകന്മാരും സുമയ്യ (റ) യുമൊക്കെ പരാജയപ്പെട്ടവരാണെന്ന് നമുക്ക് പറയേണ്ടി വരും.

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles