Current Date

Search
Close this search box.
Search
Close this search box.

ഒരേ തൂവൽ പക്ഷികൾ ചേർന്ന് നിൽക്കുന്നു

സാമ്രാജ്യത്വം എന്നും എവിടെയും അതിൻറെ ഏറ്റവും വലിയ ശത്രുവായി കണ്ടതും കാണുന്നതും ഇസ്ലാമിനെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയുമാണ്. എല്ലാവിധ അധിനിവേശങ്ങളെയും അതിക്രമങ്ങളെയും ചൂഷണങ്ങളെയും ശക്തമായി എതിർക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാം. അതുകൊണ്ടുതന്നെ യഥാർത്ഥ ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനങ്ങളെ തകർക്കാൻ, അമേരിക്കയുൾപ്പെടെയുള്ള സാമ്രാജ്യ ശക്തികൾ മുസ്ലിം നാടുകളിൽ അവിടങ്ങളിലെ ഏകാധിപതികളും സ്വേഛാധിപതികളുമായ രാജാക്കന്മാരെയും ചക്രവർത്തിമാരെയും സുൽത്താന്മാരെയുമൊക്കെ കൂട്ടു പിടിച്ചു കൊണ്ടേയിരുന്നു. ഇന്നും അതു തന്നെ തുടരുന്നു.

പാശ്ചാത്യരാജ്യങ്ങളിൽ ജനാധിപത്യം നിലനിൽക്കുമ്പോൾ തന്നെ മുസ്ലിം നാടുകളിൽ അത് വരാതിരിക്കാൻ സാമ്രാജ്യ ശക്തികൾ പരമാവധി ശ്രമിക്കുന്നു. വല്ലയിടങ്ങളിലും ജനാധിപത്യം സ്ഥാപിതമായാൽ അതിനെ പെട്ടെന്നുതന്നെ നശിപ്പിക്കാൻ പട്ടാള മേധാവികളെ ഉപയോഗിക്കുന്നു. ഇതിൻറെ ഒടുവിലത്തെ ഉദാഹരണമാണ് ഈജിപ്തിലെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുർസിയുടെ ഭരണകൂടത്തെ അട്ടിമറിക്കാൻ അബ്ദുൽ ഫത്താഹ് സീസിക്ക് സാമ്രാജ്യശക്തികൾ നൽകിയ നിർലോഭമായ പിന്തുണ.സീസി ഭരണകൂടത്തെ ഇപ്പോഴും താങ്ങിനിർത്തുന്നത് അമേരിക്കയും ഇസ്രായേലുമാണെന്ന് അറിയാത്ത ആരുണ്ട്?

അറബ് നാടുകളിലെ വിഭങ്ങൾ ചൂഷണം ചെയ്യാൻ ജനാധിപത്യ ഭരണകൂടങ്ങളെക്കാൾ സൗകര്യം രാജാധിപത്യവും പട്ടാളാധിപത്യവുമൊക്കെയാണല്ലോ.

അതിനാൽ തന്നെ സാമൂഹ്യനീതിയും മനുഷ്യാവകാശങ്ങളും സ്ഥാപിക്കാനായി നിലകൊള്ളുന്ന ഇസ്ലാമിക പ്രസ്ഥാനങ്ങളെ അടിച്ചമർത്താനും തുടച്ചു നീക്കാനും ഇപ്പോഴും രാജാക്കന്മാരയും സുൽത്താന്മാരെയും സാമ്രാജ്യ ശക്തികൾ സഹായിച്ചു കൊണ്ടേയിരിക്കുന്നു.

ഈ വസ്തുത പൂർണമായും മറച്ചുവെച്ച് നട്ടാൽ മുളക്കാത്ത നുണകളാണ് കുഞ്ഞിക്കണ്ണൻ തൻറെ പുസ്തകത്തിൽ എഴുതി വെച്ചിരിക്കുന്നത്. ഇസ്ലാമിക പ്രസ്ഥാനങ്ങൾ മുതലാളിത്ത സാമ്രാജ്യത്വത്തിൻറെ സൃഷ്ടിയും അവയ്ക്കു വേണ്ടി നിലകൊള്ളുന്നവയുമാണെന്നാണത്.

അതിന് അദ്ദേഹം ഉപയോഗിച്ച പദാവലി പോലും സാമ്രാജ്യത്വ ശക്തികളുടേതാണ്. ‘രാഷ്ട്രീയ ഇസ്ലാം’ഉദാഹരണം. ഇസ്ലാമിക രാഷ്ട്രീയത്തെ വിമർശിക്കാൻ അമേരിക്കയിലെയും യൂറോപ്പിലെയും തീവ്ര വലതുപക്ഷ എഴുത്തുകാരും രാഷ്ട്രീയ നേതാക്കളുമാണ് ഈ പ്രയോഗം ബോധപൂർവ്വം രൂപപ്പെടുത്തിയെടുത്തത്. ആ പ്രയോഗത്തോട് തന്നെയാണ് കുഞ്ഞിക്കണ്ണനും പ്രിയം.

പുസ്തകത്തിൻറെ പതിനഞ്ചാം പേജിൽ പ്രവാചകനെ സാമൂഹ്യ പരിഷ്കർത്താവായി പരിചയപ്പെടുത്തുന്ന കുഞ്ഞിക്കണ്ണൻ പതിനെട്ടാം പേജിൽ പ്രവാചകചര്യയെയും ശരീഅത്തിനെയും നിരാകരിക്കുകയും അതിൻറെ പേരിൽ അൽ അസ്ഹർ സർവ്വകലാശാലയിലെ പണ്ഡിത സമിതി മതപരിത്യാഗിയെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അലി അബ്ദുർ റാസിഖിനെയാണ് ഇസ്ലാമിൻറെ പ്രതിനിധിയായി പരിചയപ്പെടുത്തുന്നത്.മറ്റൊരാൾ വഫ്ദ് പാർട്ടിയുടെ സ്ഥാപക നേതാവും ആശയ രംഗത്ത് പാശ്ചാത്യൻ ഭൗതിക സംസ്കാരത്തിൻറെ മെഗഫോണുമായിരുന്ന സഅദ് സഗ് ലൂലിനെയാണ്. പ്രവാചകനെ പുകഴ്ത്തി പ്രവാചക മാതൃകകളെ പരിഹസിക്കുന്ന കുടിലതന്ത്രം തിരിച്ചറിയാൻ കഴിയുന്നവരാണ് കേരള മുസ്‌ലിംകളെന്ന് മനസ്സിലാക്കാനെങ്കിലും കമ്മ്യൂണിസ്റ്റുകൾക്ക് കഴിയേണ്ടിയിരുന്നു.

അറബ് നാടുകളിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളെ പൈശാചി വൽക്കരിക്കാൻ ശ്രമിക്കുകയും തദാവശ്യാർത്ഥം കോടിക്കണക്കിന് ഡോളർ ചെലവഴിക്കുകയും ചെയ്യുന്ന പാശ്ചാത്യൻ സാമ്രാജ്യ ശക്തികളെയാണ് ഫലത്തിൽ കുഞ്ഞിക്കണ്ണനും പിന്തുണക്കുന്നതും സഹായിക്കുന്നതും. സർവ്വാധിപത്യത്തിന് വേണ്ടി നില കൊള്ളുന്ന കമ്മ്യൂണിസ്റ്റുകാർ തങ്ങൾക്ക് ഏറ്റവും കൂടുതൽ പിന്തുണയ്ക്കാൻ പറ്റുന്നവരെയാണല്ലോ കണ്ടെത്തുക. ഒരേ തൂവൽപക്ഷികൾ ചേർന്നുനിൽക്കുക സ്വാഭാവികമാണല്ലോ.

Related Articles