Current Date

Search
Close this search box.
Search
Close this search box.

ചെങ്കടലും വഴിമാറും തീകുണ്ഡം തണുപ്പാവും

സമൂഹത്തിൽ വർഗീയമായും വംശീയമായും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ എല്ലാ കാലത്തും ഉണ്ടായിരുന്നിട്ടുണ്ട് . ഇന്നും അത്തരക്കാരുണ്ട് . സാധാരണക്കാരിലും , നേതാക്കളിലും,അധികാരികളിലും അത്തരം ചിന്താഗതി വെച്ച് പുലർത്തുന്നവരുണ്ട് . സാധാരണക്കാരനായ ഒരു വ്യക്തി വർഗീയമായും വംശീയമായും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിനേക്കാൾ അതീവ ഗുരുതരമാണ് അധികാരികൾ അങ്ങിനെ ചെയ്യുന്നത് . രാജ്യത്തിന്റെ പൊതുസമ്പത്ത് കൈകാര്യം ചെയ്യുന്ന ഭരണകൂടം ഇത്തരത്തിൽ മനുഷ്യവിരുദ്ധമായി, മാനവികതക്കെതിരായി പ്രവർത്തിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ് . എന്നാൽ എത്ര കലുഷിതമാണ് സമൂഹമെങ്കിലും വിശ്വാസികൾ നന്മയുടെ പക്ഷത്ത് നിൽക്കണം . ഇതാണ് പ്രവാചക പാഠം .നന്മയുടെ പക്ഷം വർഗീയ വിരുദ്ധമാണ് , വംശീയ വിരുദ്ധമാണ് , മാനവിക പക്ഷമാണ് . കലാപവും അക്രമവും ഭൂമിയിൽ തിന്മ മാത്രമേ വളർത്തുകയുള്ളൂ . തിന്മ വിപാടനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർ അതെ തിന്മ തന്നെ ഉപകരണമായി സ്വീകരിക്കാവതല്ല എന്നതാണ് വേദസാരം . മറു പക്ഷം കലാപം കൂട്ടുന്നു എന്നത് പ്രത്യാക്രമണത്തിനുള്ള ന്യായമല്ല . തിന്മയെ നന്മ കൊണ്ട് ചെറുക്കണമെന്നു ഖുർആൻ പറയുന്നു . തിന്മയെ നന്മ കൊണ്ട് ചെറുക്കുക എന്നത് , ആക്രമണങ്ങളെ സഹനത്തോടെ നേരിടുക എന്നത് കോപത്തിന് പകരം സ്നേഹം നൽകുക എന്നത് ഭീരുത്വമല്ല . ദൈവിക സഹായവും പിന്തുണയുമുള്ള പ്രവാചകരുടെ മാതൃകയാണ് . കല്ലെറിഞ്ഞ് ഓടിച്ചവർക്ക് വേണ്ടി പ്രാർത്ഥിച്ച പ്രവാചകരുടെ പാരമ്പര്യം .

എന്നാൽ എന്താണിന്നു സമൂഹത്തിൽ നാം കാണുന്നത് ? സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി മുദ്രാവാക്യം വിളിക്കുകയും പോരാടുകയും ചെയ്യുന്നവർ തന്നെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു . അഴിമതിക്കെതിരെ പ്രസംഗിക്കുന്നവർ തന്നെ രാഷ്ട്രീയമായാൽ അല്പം കണ്ണടക്കണമെന്ന് ലളിതവൽക്കരിക്കുന്നു . ദൈവം സ്നേഹമാണ് എന്ന് പറയുന്നവർ തന്നെ ചിലപ്പോൾ പിശാചിന്റെ സ്വഭാവം സ്വീകരിക്കുന്നു . ലോകത്തിനു മുഴുവൻ സുഖമുണ്ടാവട്ടെയെന്നു മന്ത്രം ചൊല്ലി നാട്ടിൽ അസ്വസ്ഥതകൾ വിതക്കുന്നു . ഇന്ന് മതം എന്നും ദൈവമെന്നുമൊക്കെ കേൾക്കുമ്പോൾ വർഗീയതയുടെയും ഭീകര പ്രവർത്തനങ്ങളുടെയും മറ്റുള്ളവരെ അടിച്ചമർത്തുന്നതിന്റെയുമൊക്കെ ചുരുക്കപ്പേരായി തെറ്റിദ്ധരിക്കപ്പെടുന്നു. അതുകൊണ്ടാണ് മതചിന്ത വെടിഞ്ഞ് നമുക്ക് ഒന്നാകണംഎന്ന് നല്ല മനുഷ്യർ പോലും പറയുന്നത് . അത് കൊണ്ടാണ് “അവൻ വിശ്വാസിയാണെങ്കിലും നല്ലവനാണെന്നു പറയുന്നത്” വിശ്വാസിയാണെങ്കിലും അവൻ എല്ലാവരെയും സ്നേഹിക്കുന്നവനാണ് എന്ന പ്രസ്താവന അത്യന്തം ഗുരുതരമാണ് . വിശ്വാസിയാണെങ്കിലും അവൻ മറ്റുള്ളവരെ സ്നേഹിക്കുന്നവനാണെന്ന പ്രസ്താവനയുടെ പൊരുൾ സാധാരണ നിലയിൽ വിശ്വാസികൾ ആരെയും സ്നേഹിക്കാത്തവരാണെന്നാണല്ലോ. നമ്മളിൽ നിന്ന് മറ്റുള്ളവർക്ക് വിദ്വേഷത്തിന്റെയും വൈരത്തിന്റെയും സംഘർഷത്തിന്റെയും സംഘട്ടനത്തിന്റെയും അനുഭവങ്ങളാണ് ലഭിക്കുന്നതെങ്കിൽ പിന്നെ, ദൈവം സ്നേഹമാണെന്നു , ലോകത്തിനു മുഴുവൻ സുഖം ലഭിക്കണമെന്ന് , ദൈവം സമാധാനമാണെന്നു , ലോകത്തിനു മുഴുവൻ രക്ഷയും സമാധാനവും ലഭിക്കണമെന്ന് നാം പറയുന്നതിനെന്തർത്ഥമാണുള്ളത് . തീർച്ചയായും നമ്മുടെ മാർഗം സമാധാനത്തിന്റെ മാർഗമാണ് . നമ്മുടെ മാർഗം സമാധാനത്തിന്റെ മാർഗമാവുന്നത് നമ്മുടെ ചുറ്റുപാടുള്ളവരുടെ മാർഗം മുഴുവൻ സമാധാനത്തിന്റേതാണെന്നത് കൊണ്ടല്ല . തിന്മയുടെ ശക്തികളും പിശാചിന്റെ കൂട്ടുകാരും എക്കാലത്തും ഉണ്ടായിരുന്നിട്ടുണ്ട് .

പിശാചിന്റെ കൂട്ടുകാരായിത്തീർന്ന ആളുകൾ അന്ധകാരത്തിന്റെ പടു കുഴിയിൽ വീണു പോയവരാണ്, വഞ്ചിതരായവരാണ് . ഈ ഭൗതിക ലോകത്തിനപ്പുറത്ത് മറ്റൊന്നും കാണാൻ കഴിഞ്ഞിട്ടില്ലാത്തവരാണ് . ജീവിതമെന്നത് ഈ ലോകത്തെ നൈമിഷിക സുഖം മാത്രമാണെന്ന് തെറ്റിദ്ധരിച്ചവരാണ് . ഇവിടുത്തെ അധികാരവും വിജയവും നേട്ടങ്ങളും ഭൗതിക സൗകര്യങ്ങളും മാത്രമാണ് ജീവിതമെന്നു കരുതുന്നവർ അതിനെ പരമാവധി വാരിപ്പുണരാൻ ശ്രമിക്കുകയാണ് . ആ സുഖ സൗകര്യങ്ങൾ ലഭിക്കാൻ എന്തെല്ലാം ചെയ്യണമോ അതെല്ലാം അവർ ചെയ്യുകയാണ് .  എന്നാൽ വിശ്വാസികൾ മറ്റൊരു ലോകത്തെയാണ് പ്രതീക്ഷിക്കുന്നത്. വിജയമെന്നത് അവിടുത്തെ വിജയമാണ് . ആ ലോകമാണ് അറ്റമില്ലാത്ത ലോകം. ഇവിടെ നാം പോലും അറിയാത്ത ആയുസ്സാണ് നമുക്കുള്ളത് . എത്ര കാലം ഇവിടെ ജീവിക്കാൻ സാധിക്കുമെന്ന് നമുക്ക് പോലും അറിയില്ല . ലോകത്തൊരാൾക്കും നമ്മുടെ ആയുസ്സിനെ നിർണയിക്കാനോ മുൻകൂട്ടി അറിയാനോ സാധിക്കില്ല . നശ്വരമായ ഈ ലോകത്തെ ജീവിതമല്ല , അതിനപ്പുറം ശാശ്വതമായ ഒരു ലോക ജീവിതം പ്രതീക്ഷിക്കുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോളം മനുഷ്യൻ ഒന്നാണെന്ന് , പരസ്പരം സ്നേഹ ബഹുമാനങ്ങളിലൂടെ ആർജിച്ചെടുക്കുന്ന പുണ്യമാണ് പരലോകത്തു ഗുണം ചെയ്യുക എന്ന ബോധം അവരെ നന്മയിലേക്ക് നയിക്കും .

എന്നോട് നന്നായി പെരുമാറിയാൽ ഞാനും നന്നായി പെരുമാറും , എന്നോട് മോശമായാൽ ഞാൻ വളരെ മോശമാകും എന്നത് ദൈവികമായ വിശ്വാസവും പ്രവാചകന്റെ അനുയായിയാണെന്ന അവകാശ വാദവും ഉള്ള ഒരാൾക്ക് ഭൂഷണമല്ല . അവൻ നിന്നോടെങ്ങിനെ പെരുമാറിയാലും നീ തിരിച്ചു നന്മയിൽ മാത്രം പെരുമാറണം . നല്ല പഴുത്ത മാമ്പഴത്തിന് ഒരു കുട്ടി മൂർച്ചയേറിയ കല്ലെടുത്തെറിയുകയാണെങ്കിൽ ആ കല്ല് മൂർച്ഛയേറിയതാണ് , അത് കൊണ്ട് മാമ്പഴം കൊടുക്കില്ലെന്ന് ഒരു മാവ് പറയുകയില്ല . നാട്ടു നനച്ചു വളർത്തിയവനും വളം നൽകി സംരക്ഷിച്ചവനും നൽകുന്ന അതേ മാമ്പഴം തന്നെ മൂർച്ചയേറിയ കല്ലെടുത്തെറിയുന്നവർക്കും നൽകുന്ന മരം , ഈ മരം പോലെയാണ് വിശ്വാസികൾ എന്ന് ഖുർആൻ പറയുന്നു . അതിനാൽ തിന്മക്കെതിരിലുള്ള പോരാട്ടം സത്യ സന്ധമാകുന്നത് എല്ലാ തിന്മകളിൽ നിന്നും പൂർണമായി വിട്ടു നിൽക്കുമ്പോൾ മാത്രമാണ് . വർഗീയതയും വംശീയതയും ആക്രമണങ്ങളും മർദ്ദനങ്ങളും തിന്മകളാണെന്നു നാം തിരിച്ചറിയണം . അസ്വസ്ഥതകൾ വിതക്കുന്ന പ്രവർത്തനമല്ല, ശാന്തിയും സമാധാനവും പരത്തുന്ന പ്രവർത്തനങ്ങളിൽ നമുക്ക് മുഴുകാൻ കഴിയണം . നമ്മുടെ പോരാട്ടം സത്യസന്ധമാകുന്നത് നമ്മുടെ മനസ്സും പ്രവർത്തനങ്ങളും നിലപാടുകളും എല്ലാം സത്യസന്ധമാകുമ്പോഴാണ് . സത്യസന്ധമായ മനസ്സും പ്രവർത്തനങ്ങളും നിലപാടുകളും ഉണ്ടാകുമ്പോൾ അത് ദൈവിക പ്രവർത്തനങ്ങളാവും . ദൈവം സംവിധാനിച്ചിട്ടുള്ള ഈ പ്രകൃതി തന്നെ സത്യത്തോടൊപ്പം നില കൊള്ളുകയും ചെയ്യും . നിലക്കാത്ത പ്രവാഹമായ ചെങ്കടൽ, പ്രവാചകൻ മൂസയുടെ മുമ്പിൽ രാജ പാതയൊരുക്കി പിളർന്നു മാറി നിന്നതും , തിരുദൂതരായ ഇബ്‌റാഹീമിന് തീകുണ്ഡം തണുപ്പായതും ഈ സത്യസന്ധതയോടൊപ്പം പ്രകൃതി നിലകൊണ്ടതിന്റെയും പിന്തുണ നല്കിയതിന്റെയും മഹത്തായ ഉദാഹരണങ്ങളാണ് .

Related Articles