Current Date

Search
Close this search box.
Search
Close this search box.

ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം

കല്യാണ സദസ്സില്‍ വെച്ചാണ്‌ അബുവിനെ പഴയ സുഹൃത്ത്‌ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടത് . എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് “ മാഷ്‌” എന്ന മറുപടിയാണ് അബു നല്‍കിയത്.
“ പ്രൈവറ്റ് ആണല്ലേ” അടുത്ത ചോദ്യം
“ അല്ല സര്‍ക്കാര്‍ തന്നെ”
“ എല്‍ പി യിലാണല്ലേ ?” ചോദ്യം തുടര്‍ന്നു .
“ അല്ല ഹൈസ്ക്കൂള്‍ ക്ലാസ്സില്‍”
“ അറബി ടീച്ചറാണല്ലേ” ചോദ്യം തുടര്‍ന്നു.
“ അല്ല ഇംഗ്ലീഷ് “

പിന്നെ കൂടുതലൊന്നും അയാള്‍ക്ക്‌ ചോദിയ്ക്കാന്‍ ഉണ്ടായിരുന്നില്ല.
വിലപ്പെട്ട ഇരുപതു ജവാന്മാരുടെ ജീവനാണ് ചൈന ഇല്ലാതാക്കിയത്. ഒരു നൂറ്റാണ്ട് പഴക്കമുണ്ട് ഇന്ത്യക്കും ചൈനക്കും ഇടയിലുള്ള അതിര്‍ത്തി രേഖക്ക്. രണ്ടു രാജ്യങ്ങളും സ്വാതന്ത്രമായത്തിനു ശേഷം പിന്നീടൊരിക്കല്‍ കൂടി നാം ആ വര ഉറപ്പിച്ചു. എന്നിട്ടും പലപ്പോഴായി ചൈന നമ്മെ അലോസരപ്പെടുത്തുന്നു . ഇപ്രാവശ്യം അത് കുറച്ചു കൂടുതലായി. കാരണമായി നമ്മുടെ ജവാന്മാരുടെ വിലപ്പെട്ട ജീവന്‍ നമുക്ക് നല്‍കേണ്ടി വന്നു.
പറഞ്ഞു വരുന്നത് എന്ത് കൊണ്ടോ ഇന്ത്യക്കാരന്റെ രക്തം വേണ്ടത്ര തിളച്ചില്ല. നമ്മുടെ ചുറ്റും നമുക്കിപ്പോള്‍ ശത്രുക്കളാണ് കൂടുതല്‍. നേപ്പാള്‍ പാകിസ്ഥാന്‍ ചൈന എല്ലാവരും നമ്മുടെ ശത്രു പട്ടികയിലാണ്. എല്ലാവരും ചോദ്യം ചെയ്യുന്നത് ഇന്ത്യയുടെ അഖണ്ടതയും അഭിമാനവുമാണ് . പക്ഷെ അത് ചൈനയും നേപ്പാളുമായപ്പോള്‍ പലര്‍ക്കും അത്ര ഹരം പോര. ചിലരെ കുറിച്ച് മറ്റു ചിലര്‍ ഒരു പൊതു ബോധം നിര്‍മ്മിച്ച്‌ വെച്ചിരിക്കുന്നു. അബു മാഷിനു അറബി മാഷില്‍ കൂടുതല്‍ പാടില്ല എന്നത് പോലെ. അതൊരു ദേശീയ അന്തര്‍ദേശീയ നിലപാടാണ്.

മുഖ പുസ്തകം പുതിയ സംഭവത്തെ മറന്ന മട്ടാണ്. ആര്‍ക്കും അധികമായി ദേശ സ്നേഹം പുറത്തേക്കു വരുന്നില്ല. പ്രധാനമന്ത്രിയുടെ ശബ്ദത്തില്‍ പോലും ഒരു സംയമനം കാണുന്നു. നമ്മുടെ പ്രദേശത്തേക്ക് കടന്നു കയറി നമ്മെ ആക്രമിച്ച ചൈനയെ ആ രീതിയില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാറല്ല. പട്ടാളക്കാരുടെ ചോര വേരുതെയാകില്ല എന്ന് പറയുമ്പോഴും അതെങ്ങിനെ എന്ന കാര്യത്തില്‍ ഒരു നിര്‍ണയവും നമ്മുടെ സര്‍ക്കാരിനില്ല.
അപ്പോള്‍ പല വികാരങ്ങളും നാം ഉണ്ടാക്കി വെച്ച പൊതു ബോധത്തിന്റെ ഭാഗമാണ് . ക്രിയയോടല്ല കര്‍ത്താവിനെ നോക്കിയാണു നാം നിലപാട് സ്വീകരിക്കുന്നത്. പ്രതി പാകിസ്താന്‍ എന്നാകുമ്പോള്‍ തിളയ്ക്കുന്ന അത്ര ഉച്ചത്തില്‍ ചൈന നേപ്പാള്‍ എന്ന് കേട്ടാല്‍ നമുക്ക് തിളക്കില്ല. അബുവിന് അറബി മാഷില്‍ കൂടുതല്‍ പാടില്ല എന്നതിന്റെ മറ്റൊരു രൂപം എന്ന് പറയാം.

Also read: നസാറകളും മസീഹുകളും തമ്മിലെന്താണ് വ്യത്യാസം?

ചൈനയോട് എന്നല്ല ആരോടും സായുധമായി നേരിടുക എന്നത് ഇക്കാലത്ത് നല്ല നടപടിയല്ല. കൂടുതല്‍ നഷ്ടങ്ങള്‍ എന്നല്ലാതെ മറ്റൊന്നും അതു കൊണ്ട് നേടാന്‍ കഴിയില്ല. അതെ സമയം ഒരു വ്യാപാര ബന്ദിലൂടെ ചൈനയെ തളക്കാനും നമുക്ക് കഴിയില്ല. പല കാര്യങ്ങളിലും ചൈനക്ക് ഇന്ത്യയെ വേണം എന്നതിനേക്കാള്‍ ഇന്ത്യക്ക് ചൈനയെ ആവശ്യമുണ്ട് എന്നതാണ് സത്യം. അത് കൊണ്ട് തന്നെ ഇപ്പോഴത്തെ അവസ്ഥ മറന്നു മുന്നോട്ടു പോകാനാണ് നാം ശ്രമിക്കുക.

ചൈനയുടെ ക്രൂരത അത് കൊണ്ട് തന്നെ പലരും കണ്ടതായി ഭാവിക്കുന്നില്ല . ദേശ സ്നേഹം ദേശീയത എന്നതിനേക്കാള്‍ വംശീയത വര്‍ഗീയത എന്നതാണ് ഈ നിലപാടുകള്‍ക്ക് പിന്നില്‍. അയല്‍രാജ്യം എന്ന നിലയില്‍ നമുക്ക് എല്ലാവരും തുല്യരാണ്. ഉറിയില്‍ പാകിസ്താന്‍ ചെയ്തു എന്ന് പറയുന്നതും ലഡാക്കില്‍ ചൈന ചെയ്തതും ഒന്ന് തന്നെ. രണ്ടിടത്തും ജീവന്‍ നഷ്ടമായത് നമ്മുടെ പട്ടാളക്കാര്‍ക്ക്. പക്ഷെ രണ്ടിടത്തും നമ്മുടെ സര്‍ക്കാരിന്റെയും ജനങ്ങളുടെയും നിലപാട് വിരുദ്ധമായിരുന്നു. ചൈനയുടെ പേര്‍ പറയാതെയാണത്രേ നമ്മുടെ പ്രതിരോധ മന്ത്രി കൊല്ലപ്പെട്ട പട്ടാളക്കാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.

മറ്റൊരു ഭാഷയില്‍ പലര്‍ക്കും പട്ടാളക്കാര്‍ കൊല്ലപ്പെട്ടു എന്നതിനേക്കാള്‍ വലുത് “ കൊല്ലപ്പെട്ടു” എന്ന് പറഞ്ഞതാണ്‌. അതും മറ്റൊരു അജണ്ടയുടെ ഭാഗം. ഇന്ത്യയെ നയിക്കുന്നത് കപട ദേശീയത എന്ന് പറഞ്ഞാല്‍ അത് അധികമാവില്ല. ഒരു വിഭാഗത്തിനെ ഒരു നിലപാടില്‍ അവര്‍ നിര്‍ത്തിയിട്ടുണ്ട്. അബു മാഷിനു അറബി മാഷില്‍ കൂടുതല്‍ പാടില്ല എന്നത് പോലെ.

Related Articles