Current Date

Search
Close this search box.
Search
Close this search box.

സി.പി.എമ്മിൻറെ പരാജയപ്പെട്ട ഗീബൽസിയൻ തന്ത്രം

ഒരേ കള്ളം നിരവധി തവണ ആവർത്തിച്ച് പറഞ്ഞാൽ ജനം സത്യമാണെന്ന് വിശ്വസിച്ച് കൊള്ളുമെന്ന ഗീബത്സിൻറെ സിദ്ധാന്തമാണ് കുഞ്ഞിക്കണ്ണൻ തൻറെ പുസ്തകത്തിലുടനീളം സ്വീകരിച്ചത്. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമെന്ന് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകൾക്ക് എന്ത് ചതിയും വഞ്ചനയും കൃത്രിമവും കള്ളത്തരവും കാണിക്കാമല്ലോ.

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രമാണ് ലക്ഷ്യം വെക്കുന്നതെന്ന് പലസ്ഥലങ്ങളിലായി അനേക തവണ ആവർത്തിച്ചിരിക്കുന്നു. അതിനാൽ ഈ ആരോപണം തെളിയിക്കാൻ കുഞ്ഞിക്കണ്ണനെ വെല്ലു വിളിക്കുന്നു.

ഇസ്ലാമിക പ്രത്യയശാസ്ത്രത്തെയാണ് ജമാഅത്തെ ഇസ്ലാമി പ്രതിനിധീകരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ആ പ്രത്യശാസ്ത്രം മത വിദ്വേഷത്തിലധിഷ്ഠിതമാണെന്നാണ് അദ്ദേഹമെഴുതുന്നത്. ഇതും തെളിയിക്കാൻ ആരോപണമുന്നയിച്ചയാൾ ബാധ്യസ്ഥനാണ്.

മത നിഷേധപരവും മതനിരാസപരവും മതവിരുദ്ധമായ മാർക്സിയൻ മതേതരത്വത്തിനും അവരതിന് അവലംബിക്കുന്ന പാശ്ചാത്യൻ മതേതരത്വത്തിനും സയ്യിദ് മൗദൂദിയും ജമാഅത്തെ ഇസ്ലാമിയും എതിരാണ്. എന്നാൽ ഏതെങ്കിലും മതത്തിന് പ്രത്യേക പ്രാധാന്യം കല്പിക്കാത്തതും എല്ലാ മതങ്ങളോടും തുല്യ സമീപനം സ്വീകരിക്കുന്നതുമായ ഇന്ത്യയംഗീകരിച്ച മതനിരപേക്ഷതയെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുക മാത്രമല്ല, അതിവിടെ നിലനിൽക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്യുന്നു. ഇത് ജമാഅത്തെ ഇസ്ലാമി നേരത്തെ മുതലേ വ്യക്തമാക്കിപ്പോന്നതാണ്. എന്നിട്ടും അതെല്ലാം മറച്ചു വെച്ച് ജമാഅത്തെ ഇസ്ലാമി മതനിരപേക്ഷതയ്ക്ക് എതിരാണെന്ന കള്ളം ആവർത്തിച്ചാവർത്തിച്ച് പറയുകയാണ് കുഞ്ഞിക്കണ്ണൻ ചെയ്യുന്നത്.

മതനിരപേക്ഷ ശക്തികളുടെ ഐക്യത്തെ ദുർബലപ്പെടുത്താനാണ് ജമാഅത്ത് എക്കാലവും ശ്രമിച്ചിട്ടുള്ളതെന്നും കുഞ്ഞിക്കണ്ണൻ ആരോപിക്കുന്നു. അപ്പോൾ മുപ്പത് വർഷത്തിലേറെക്കാലമായി സി.പി.എം. ജമാഅത്തെ ഇസ്ലാമിക്കാരുടെ വോട്ട് വാങ്ങിയിരുന്നത് മത നിരപേക്ഷ ശക്തികളുടെ ഐക്യത്തെ ദുർബലപ്പെടുത്താനായിരുന്നോ?

ശരിയും തെറ്റും നന്മയും തിന്മയും സന്മാർഗവും ദുർമാർഗവും തീരുമാനിക്കാനുള്ള പരമാധികാരം ജനങ്ങൾക്കാണെന്ന ദൈവ നി രാസപരമായ ജനാധിപത്യത്തെയാണ് ജമാഅത്തെ ഇസ്ലാമി എതിർത്തിട്ടുള്ളതും എതിർത്ത് പോരുന്നതും. അതോടൊപ്പം ജനാധിപത്യത്തെ പ്രായോഗിക രീതിശാസ്ത്രമെന്ന നിലയിൽ ജമാഅത്തെ ഇസ്ലാമി നേരത്തെ മുതലേ അംഗീകരിച്ചു പോന്നിട്ടുണ്ട്. അതിനാലാണ് ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ സാധിക്കുമാറ് സംഘടന ശക്തിയാർജിച്ചത് മുതൽ കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി ജുമാഅത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ ഉപയോഗിച്ച് പോന്നത്. അതിൻറെ പ്രയോജനം കേരളത്തിൽ ഏറ്റവും കൂടുതൽ അനുഭവിച്ചത് കുഞ്ഞിക്കണ്ണൻറെ പാർട്ടിയാണ്. ഇതെല്ലാം മറച്ചു വെച്ച് ശാസ്ത്രീയമായും പ്രായോഗികമായും ജമാഅത്ത് ജനാധിപത്യ വിരുദ്ധ നിലപാട് സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന ആരോപണം ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്.

“നിങ്ങൾ മുസ്ലിമോ ഹിന്ദുവോ ക്രിസ്ത്യാനിയോ അതുമല്ല അവിശ്വാസിയോ ആരുമാകട്ടെ നിങ്ങൾക്കും ജമാഅത്തെ ഇസ്ലാമിയിൽ ഇടമുണ്ടെന്ന” ജമാഅത്തിൻറെ പ്രഖ്യാപിത നയം സിപിഎമ്മിനെ പ്രകോപിതനാക്കിയതിൽ അത്ഭുതമില്ല. എന്നാൽ മറ്റെല്ലാറ്റിലുമെന്നപോലെ ഇക്കാര്യത്തിലും ജമാഅത്തെ ഇസ്ലാമിയുടെ ആത്മാർത്ഥത ബോധ്യമായ, സുമനസ്സുകളോക്കെയും ജാതി, മത,ഭേദമന്യേ വ്യത്യസ്ത മേഖലകളിൽ ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനങ്ങളോട് സർവാത്മനാ സഹകരിക്കുന്നു. സങ്കുചിത രാഷ്ട്രീയ താൽപര്യവും കോർപ്പറേറ്റുകളോട് വിധേയത്വവും അധികാര മോഹവുമില്ലാത്ത ഇന്ത്യയിലെ ഇടതുപക്ഷ വിഭാഗങ്ങളും സാംസ്കാരിക പ്രവർത്തകരും ആക്ടീവിസ്റ്റുകളും ഹൈന്ദവ, ക്രൈസ്തവ മത നേതാക്കളും അക്കൂട്ടത്തിലുണ്ട്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മുതൽ സ്വാമി അഗ്നിവേഷ്, കുൽദീപ് നയ്യാർ വരെയുള്ള അതികായന്മാർ അവരിൽ പെടുന്നു.ജമാഅത്തെ ഇസ്ലാമിയുടെ പേരിൽ വ്യാജാരോപണങ്ങൾ നടത്തി തെറ്റിദ്ധാരണ സൃഷ്ടിച്ച് അതുമായി സഹകരിക്കുന്നവരെ പിന്തിരിപ്പിക്കാൻ സി.പി.എമ്മും കൂട്ടാളികളും നടത്തിയ ശ്രമങ്ങളൊക്കെയും പരാജയപ്പെടുകയാണല്ലോ ഉണ്ടായത്. അതുകൊണ്ടുതന്നെ, അസൂയക്കും വിദ്വേഷത്തിനും മരുന്ന് കണ്ടെത്താത്തതിനാൽ കുഞ്ഞിക്കണ്ണൻറെയും സംഘത്തിൻറെയും രോഗം വർദ്ധിക്കാനല്ലാതെ കുറയാൻ സാധ്യത കാണുന്നില്ല.

Related Articles