Current Date

Search
Close this search box.
Search
Close this search box.

ഇസ്ലാമിന്റെ വാതിലുകള്‍ എന്നും തുറന്നു കിടക്കും

ഒരാളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം അയാളുടെ അനുഭവവും അറിവും നിലപാടുമാണ്. ഒരാള്‍ വിശ്വാസിയായി എല്ലാക്കാലവും നിലനില്‍ക്കും എന്ന് ഇസ്ലാം ഉറപ്പ് പറയുന്നില്ല. അത് കൊണ്ട് തന്നെ മരണം വരെ വിശ്വാസി സന്മാര്‍ഗം ലഭിക്കാന്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നു. പ്രവാചക നിയോഗത്തിന് ശേഷം മുസ്ലിം ലോകം അനുഭവിച്ച വലിയ ദുരന്തമായിരുന്നു മതപരിത്യാഗികള്‍. മതത്തിലേക്ക് വരിക പുറത്തു പോകുക എന്നത് ഒരു സാധാരണ സംഭവം മാത്രം. ജനത്തെ നാല് രീതിയില്‍ വിശേഷിപ്പിക്കാം. മുസ്ലിമായി ജീവിച്ചു മുസ്ലിമായി മരിക്കുന്നവര്‍, മുസ്ലിമായി ജീവിച്ചു നിഷേധിയായി മരിക്കുന്നവര്‍, നിഷേധിയായി ജീവിച്ചു മുസ്ലിമായി മരിക്കുന്നവര്‍, നിഷേധിയായി ജീവിച്ചു അങ്ങിനെ തന്നെ മരിച്ചു പോകുന്നവര്‍.

ഒരു പഴയ മത പ്രഭാഷകന്‍ ഇസ്ലാം ഉപേക്ഷിച്ച ചര്‍ച്ചയാണ് മുഖ പുസ്തകത്തില്‍ നടക്കുന്നത്. മുസ്ലിം പ്രഭാഷകരും മൌലവിമാരും ദീന്‍ വിടുമ്പോള്‍ എതിര്‍ പക്ഷത്ത് വലിയ പ്രചാരണം ലഭിക്കും. യുക്തിവാദം സ്വതന്ത്ര ചിന്ത സംഘ പരിവാര്‍ ലിബറല്‍ ചിന്തകള്‍ എന്നിവ കൊണ്ട് മുഖ്യ ഉദ്ദേശം ഒന്ന് തന്നെയാണ്. അതായത് ഇസ്ലാം വിരുദ്ധത. മത വിരുദ്ധത സമം ഇസ്ലാം വിരോധം എന്ന് നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇവര്‍ക്ക് ഭരണ കൂടങ്ങളില്‍ നിന്നും ലഭിക്കുന്ന സഹായം വലുതാണ്. എന്നിട്ടും ഇസ്ലാം നാട്ടില്‍ ശക്തിയായി തന്നെ നിലനില്‍ക്കുന്നു എന്നത് ഒരു അത്ഭുതമാണ്.

കാലങ്ങളായി ശത്രു പക്ഷം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ തന്നെയാണ് പുതിയ അവതാരങ്ങള്‍ ഉയര്‍ത്തുന്നത്. പുതിയ ഒന്നും അവര്‍ക്ക് പറയാനില്ല. പ്രവാചക ജീവിതം തുറന്ന പുസ്തകമാണ്. ആ ജീവിതത്തിന്റെ ഓരോ നിമിഷവും കൃത്യമായി എഴുതി വെക്കപ്പെട്ടിരിക്കുന്നു. മറച്ചു വെക്കാന്‍ ഒന്നുമില്ലാതെയാണ് പ്രവാചകന്‍ സമൂഹത്തില്‍ ജീവിച്ചത്. താന്‍ ജീവിച്ച കാലത്ത് എല്ലാവരും പ്രവാചകനെ അംഗീകരിക്കുന്നവരായിരുന്നില്ല. പ്രവാചകനെ അവര്‍ പല രീതിയിലും എതിര്‍ത്തിരുന്നു. പക്ഷെ ഇന്ന് കാണുന്ന രീതിയില്‍ വ്യക്തിപരമായി അവരാരും അതു ചെയ്തില്ല. ഇസ്ലാമിനെ എതിര്‍ക്കാന്‍ പല കാരണങ്ങളുണ്ട്. അത് വ്യക്തിപരം മുതല്‍ തുടങ്ങി രാഷ്ട്രീയപരം എന്നത് വരെ നീണ്ടു കിടക്കുന്നു. വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന വിമര്‍ശനങ്ങള്‍ ഇസ്ലാം എന്നും സ്വാഗതം ചെയ്യുന്നു.

പുതിയ കഥാപാത്രം പഴയ കാലത്തെ അത്ഭുത ബാലന്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. സ്വയം ബോധ്യമാകാത്ത വിശ്വാസം എന്നും ഒരു ഭാരമാണ്. എന്ത് കൊണ്ട് ദൈവം ഏകനാകണം. എന്ത് കൊണ്ട് പ്രവാചകന്മാര്‍ ഉണ്ടാകണം. ദൈവിക ഗ്രന്ഥം എന്ത് കൊണ്ട്?. എന്ത് കൊണ്ട് പരലോകം എന്നീ ചോദ്യങ്ങള്‍ വ്യക്തി സ്വയം ചോദിക്കണം. അതില്‍ നിന്നും കിട്ടുന്ന മറുപടിയാണ്‌ വിശ്വാസം. മതത്തെ ആദര്‍ശമായി അംഗീകരിച്ചവര്‍ വിശ്വാസികളില്‍ വളരെ കുറവാണ്. അവരുടെ മതം പലപ്പോഴും കേട്ടുകേള്‍വിയും ഊഹങ്ങളുമാണ്. പുതിയ സ്വതന്ത്ര ചിന്തകന്‍ പ്രായപൂര്‍ത്തി എത്താത്ത കാലത്താണ് മതത്തെ ഉപയോഗിച്ചത്. താന്‍ പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിന് തന്നെ ഉറപ്പില്ലാത്ത കാലത്ത്. പിന്നീട് ബുദ്ധി ഉറച്ചപ്പോള്‍ അദ്ദേഹം മാറി ചിന്തിച്ചു എന്നത് തെറ്റായ കാര്യമല്ല. അദ്ദേഹം എന്നും അവിടെ തന്നെ ഉണ്ടാകും എന്ന് പറയാനും നമുക്ക് കഴിയില്ല.

വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ആദര്‍ശ സമരമാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. അത് ലോകാവസാനം വരെ തുടരും. ലോകത്ത് അവിശ്വാസികള്‍ ഉണ്ടാകാത്ത കാലത്തെ കുറിച്ച് ഇസ്ലാം വിഭാവന ചെയ്യുന്നില്ല. അവരില്‍ നിന്നും എന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടിരിക്കും എന്നതാണ് ഇസ്ലാം പറയുന്നത്. അപ്പോഴൊക്കെ സഹനവും സ്ഥൈര്യവും നിലനിര്‍ത്താന്‍ ഇസ്ലാം വിശ്വാസികളെ ഓര്‍മ്മിപ്പിക്കുന്നു. ഇസ്ലാം മുന്നോട്ട് വെക്കുന്ന ജീവിത വീക്ഷണം എന്നതിലാണ് വാസ്തവത്തില്‍ ചര്‍ച്ച നടക്കേണ്ടത്‌. പ്രവാചകന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. പ്രവാചകന്‍ മോശം വ്യക്തിയെങ്കില്‍ ഈ സമുദായം ഇങ്ങിനെ ആവില്ല. അവരില്‍ കാണുന്ന എല്ലാ വിശുദ്ധിയുടെയും അടയാളം പ്രവാചകന്‍ മാത്രമാണ്. അവരുടെ വിശ്വാസം സമൂഹത്തെ ചൂഷണം ചെയ്യുന്നതല്ല . സമൂഹത്തെ സഹായിക്കുന്നതിലാണ്. ഇസ്ലാമിന്റെ ജീവിത വീക്ഷണം എന്നതില്‍ നിന്നും ചര്‍ച്ച മാറ്റി കൊണ്ട് പോകാനാണ് ശത്രൂ ശ്രമിക്കുന്നത്. ഒരായിരം തവണ പറഞ്ഞ മറുപടികള്‍ ആവര്‍ത്തിച്ചത് കൊണ്ട് ആവര്‍ത്തിക്കുന്ന ചോദ്യം അവാസാനിക്കില്ല.

എക്സ് മുസ്ലിമായും സര്‍വമത സത്യവാദമായും സ്വതന്ത്ര ചിന്തയായും യുക്തിവാദമായും ലിബറല്‍ ചിന്തകളായും നാം ഇനിയും പലതും കാണേണ്ടി വരും. “ഇസ്തിഖാമത്ത്” അല്ലെങ്കില്‍ അടിയുറച്ചു നില്‍ക്കാന്‍ കഴിയുക എന്നതാണ് വിശ്വാസത്തിന്റെ അടിസ്ഥാനം. അതിന്‍ വേണ്ടത് കലര്‍പ്പില്ലാത്ത ജ്ഞാനമാണ്. ഇസ്ലാമിന്റെ വാതിലുകള്‍ എന്നും തുറന്നു കിടക്കും. ആര്‍ക്കു വേണമെങ്കിലും കടന്നു വരാം. ആര്‍ക്കു വേണമെങ്കിലും ഇറങ്ങി പോകാം. എല്ലാം സ്വയം ബോധ്യത്തില്‍ തന്നെയാകണം എന്നുമാത്രം. ബോധ്യതിന്റെ അടിസ്ഥാനത്തില്‍ ഇസ്ലാമിലേക്ക് കടന്നു വരുന്നവരാണ് നമുക്കിടയില്‍ കൂടുതല്‍ എന്ന് കൂടി ചേര്‍ത്ത് വായിക്കണം

Related Articles