Current Date

Search
Close this search box.
Search
Close this search box.

അതാണ് മക്രോണിന്റെ ഫ്രാന്‍സ്

ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ചാമ്പ്യന്മാരാണ്. ആ സ്വാതന്ത്ര്യം മുന്നില്‍വെച്ചാണ് പ്രവാചകനെതിരായ അധമ കാര്‍ട്ടൂണ്‍ രചനകളെ പ്രോല്‍സാഹിപ്പിച്ചിരുന്നത്. എന്നാല്‍, സയണിസ്റ്റ് ഭീകരര്‍ക്കെതിരെ വല്ലതും പറയുകയോ എഴുതുകയോ ചെയ്യുന്നിടത്ത് ഈ സ്വാതന്ത്ര്യത്തിന് ചങ്ങല വീഴും. സയണിസത്തെ പറഞ്ഞാല്‍ അത് ആന്റി സെമിറ്റിസമാകും. ഗസ്സയില്‍ കുഞ്ഞുങ്ങളെയടക്കം ബോംബ് വര്‍ഷിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നതിനെതിരെ തെരുവില്‍ ഇറങ്ങിയാല്‍ അറസ്റ്റ് ചെയ്യപ്പെടും. അതാണ് മക്രോണിന്റെ ഫ്രാന്‍സ്. പാരീസില്‍ നാളെ (15.05.2021) നടക്കാനിരിക്കുന്ന ഫലസ്ത്വീന്‍ അനുകൂല പ്രകടനങ്ങള്‍ നിരോധിക്കാന്‍ ഫ്രഞ്ച് ആഭ്യന്തര മന്ത്രി പൊലീസിന് ഉത്തരവ് നല്‍കിയിരിക്കുന്നു. കുറച്ചെങ്കിലും ഉളുപ്പുള്ളതിനാല്‍ തന്റെ തീരുമാനം രഹസ്യമാക്കാതെ ട്വിറ്ററിലൂടെ മാലോകരെ അറിയിക്കുകയും ചെയ്തിട്ടുണ്ട് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിയന്‍. മൂപ്പരുടെ ന്യായമാണ് രസകരം. 2014ലും ഇതുപോലെ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ കൊല്ലുന്ന സയണിസ്റ്റ് കാടത്തത്തിനെതിരെ നടന്ന പ്രകടനം കാരണം ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവത്രെ!

ആഭ്യന്തര മന്ത്രിയുടെ വിചിത്ര നിലപാടുകള്‍ക്കെതിരെ ആക്റ്റിവിസ്റ്റുകള്‍ മാത്രമല്ല, പാര്‍ലമെന്റ് അംഗങ്ങളും രംഗത്തുവന്നിട്ടുണ്ട്. ഇസ്രായിലി ഭീകരതയെ അപലപിക്കാത്ത ഭരണകൂടം സയണിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരെ ഫലസ്ത്വീനിള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തുന്ന പ്രകടനങ്ങൾ നിരോധിക്കുന്നത് അംഗീരിക്കാനാവില്ലെന്നും അത് തന്റെ ചുമതലയായാണ് കാണുന്നതെന്നുമാണ് പാര്‍ലമെന്റംഗം എല്‍സ ഫോസില്ലന്‍ ട്വീറ്റ് ചെയ്തത്. ഇസ്രായിലി അധിനിവേശ ഭരണകൂടത്തോടുള്ള ഫ്രഞ്ച് കോളോണിയല്‍ പ്രേമമാണ് തീരുമാനത്തിന്റെ പിന്നിലെന്ന് പാരീസിലെ മാധ്യമ പ്രവര്‍ത്തകന്‍ സിഹാമെ അസ്ബാഗ് ചൂണ്ടിക്കാട്ടുന്നു. മക്രോണും കൂട്ടരും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മാര്‍ച്ച് നടത്താന്‍ തന്നെയാണ് സംഘാടകരുടെ തീരുമാനം.

ഇരുപത്തേഴ് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 103 പേരെ ഇസ്രായിലിലെ ഭീകര ഭരണകൂടം വധിച്ചിട്ടും അതിനെക്കുറിച്ച് ഒന്നും പറയാതെ, ഇസ്രായില്‍ പരിധിവിട്ട് പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രസ്താവനയിറക്കി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം തന്റെ സയണിസ്റ്റ് സ്‌നേഹം വ്യക്തമാക്കിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരാനിരുന്ന യു.എന്‍ രക്ഷാസമിതി യോഗം ഞായറാഴ്ചത്തേക്ക് മാറ്റിവെപ്പിച്ച് രണ്ടു ദിവസം കൂടി ഗസ്സയില്‍ നരനായാട്ട് നടത്താന്‍ ഇസ്രായിലിന് ഒത്താശ ചെയ്തിട്ടുമുണ്ട് ബൈഡന്‍ ഭരണകൂടം. സമാധാനം പുന:സ്ഥാപിക്കാന്‍ നയതന്ത്ര തലത്തില്‍ നടക്കുന്ന നീക്കത്തിന് തിരിച്ചടിയാവാതിരിക്കാനാണ് ഈ നടപടിയെന്നാണ് അതിനു പറഞ്ഞ ന്യായം. ഇസ്രായിലിനെ അക്രമാരിയെന്ന് വിശേഷിപ്പിക്കുന്ന ഏതു പ്രമേയവും അമേരിക്ക വീറ്റോ ചെയ്യുമെന്ന് ഉറപ്പാണെന്നിരിക്കെ ആരെ വിശ്വസിപ്പിക്കാനാണ് ഇമ്മാതിരി നാടകമെന്നൊന്നും ചോദിക്കരുത്.

Related Articles