Current Date

Search
Close this search box.
Search
Close this search box.

പത്ത് ദിവസം, 2,778 ഉപരോധങ്ങൾ!

ഏറ്റവുമധികം ഉപരോധങ്ങൾ നേരിടുന്ന രണ്ട് രാജ്യങ്ങളാണ് ഇറാനും വടക്കൻ കൊറിയയും. വർഷങ്ങളായി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൊടിയ ശത്രുക്കളായ ഇരു രാജ്യങ്ങൾക്കും വാഷിംഗ്ടണുമായി നയതന്ത്ര ബന്ധങ്ങളില്ല. ഇറാനെ സംബന്ധിച്ചേടത്തോളം ‘വലിയ സാത്താനാ’ണ് അമേരിക്ക. ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിൽ 1979ൽ നടന്ന ഇസ്ലാമിക വിപ്ലവം മുതൽ അമേരിക്കയും ഇറാനും നേരിട്ടുള്ള ബന്ധമില്ല. അത് 43 വർഷം പൂർത്തിയാകുന്നു.

ഇരു രാജ്യങ്ങൾക്കുമിടയിൽ അത്യാവശ്യം എന്തെങ്കിലും കാര്യങ്ങൾ കൈമാറാൻ മധ്യവർത്തിയായി പ്രവർത്തിക്കുന്നത് സ്വിറ്റ്‌സർലന്റാണ്. കൃത്യമായി പറഞ്ഞാൽ 1980 മേയ് 21 മുതൽ ഇതാണ് നടപ്പ്. അതുപോലെ വടക്കൻ കൊറിയക്കും അമേരിക്കക്കുമിടയിൽ പാലമായി വർത്തിക്കുന്നത് ബീജിംഗിലെ സ്വീഡിഷ് എംബസി.

ഇത്രയും പറഞ്ഞതിൽനിന്ന് മനസ്സിലായിരിക്കുമല്ലോ ഇറാനും ഉത്തര കൊറിയയും എങ്ങനെയാണ് ഉപരോധപ്പട്ടികയിൽ മുന്നിട്ടുനിൽക്കുന്നതെന്ന്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഇറാനെതിരെ അമേരിക്ക, യൂറോപ്യൻ യൂനിയൻ, യു.എൻ എന്നിവ ഏർപ്പെടുത്തിയ ഉപരോധങ്ങളുടെ എണ്ണം 3,616 ആണ്. അതിലേറെയും ഇറാൻ വികസിപ്പിക്കുന്നുവെന്ന് അമേരിക്ക അരോപിക്കുന്ന അണുവായുധങ്ങളുടെ പേരിലാണ്. പിന്നെയുള്ളത്, ‘ഭീകരതയെ സ്‌പോൺസർ’ ചെയ്യുന്നുവെന്ന പേരിൽ ഏർപ്പെടുത്തിയവ. അമേരിക്കയുമായി അടുക്കുന്ന രാജ്യങ്ങളെ പ്രസ്തുത പട്ടികയിൽനിന്ന് നീക്കം ചെയ്യാറുണ്ട്. അങ്ങനെ മോക്ഷം ലഭിച്ച രാജ്യമാണ് സുഡാൻ!

എന്നാൽ, ഉപരോധക്കയത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന രാജ്യമെന്ന ഇറാന്റെ റെക്കോർഡ് ഇപ്പോൾ മറ്റൊരു രാജ്യം ‘കൈവശപ്പെടുത്തി’യിരിക്കുകയാണ്! ഉക്രൈനിൽ അധിനിവേശം നടത്തിയതിന്റെ പേരിൽ ലോക രാജ്യങ്ങളിൽനിന്ന് ശക്തമായ പ്രതിഷേധം നേരിടുന്ന റഷ്യയാണ് കക്ഷി!! ഫെബ്രുവരി 22 മുതൽ പത്തു ദിവസത്തിനിടയിൽ അമേരിക്കയും യൂറോപ്പിലെ സഖ്യകക്ഷികളും റഷ്യക്കുമേൽ ഏർപ്പെടുത്തിയ ചെറുതും വലുതമായ ഉപരോധങ്ങളുടെ എണ്ണം കേട്ട് ഞെട്ടേണ്ട – 2,778!!! ഉപരോധങ്ങൾ ട്രാക്ക് ചെയ്യുന്ന കാസ്‌റ്റെല്ലം. എഐയാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ റഷ്യക്കുമേലുള്ള മൊത്തം ഉപരോധം 5,530 ആയി ഉയർന്നു. ഓരോ ദിവസവും പുതിയ ഉപരോധങ്ങളുടെ പ്രഖ്യാപനങ്ങളാണ് പൂട്ടിൻ ഭരണകൂടം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.

തന്റെ രാജ്യത്തിനെതിരായ ഉപരോധങ്ങളെ യുദ്ധപ്രഖ്യാപനമായാണ് കാണുന്നതെന്ന് പുട്ടിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുക്രൈൻ അധിനിവേശത്തിന് എതിരായ അമേരിക്കയുടെയും നാറ്റോയുടെയും പരാക്രമങ്ങൾ വാചോടാപങ്ങളിൽ ഒതുങ്ങുകയും റഷ്യ ബോംബിംഗുമായി മുന്നോട്ടു പോവുകയും ചെയ്യുന്നു.

റഷ്യയും ഇറാനും കഴിഞ്ഞാൽ സിറിയ, വടക്കൻ കൊറിയ, വെനിസ്വല, മ്യാന്മാർ, ക്യൂബ എന്നിവയാണ് ഏറ്റവുമധികം ഉപരോധങ്ങൾ നേരിടുന്ന രാജ്യങ്ങൾ. എല്ലാം യാങ്കി വിരുദ്ധ ഭരണകൂടങ്ങൾ. വെനിസ്വലയിൽ ഹ്യൂഗോ ഷാവേസിന്റെ കാലം മുതൽ സോഷ്യലിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട വാഷിംഗ്ടൺ, ഷാവേസിന്റെ പിൻഗാമി മദുരോക്കെതിരെയും അട്ടിമറി നീക്കങ്ങൾ നടത്തിയതാണ്. പ്രതിപക്ഷ നേതാവ് യുവാൻ ഗൈദോയെ ഭരണത്തിൽ പ്രതിഷ്ഠിക്കാൻ നടത്തിയ ശ്രമങ്ങൾ പക്ഷേ പരാജയപ്പെട്ടു. എന്നാാൽ, പുതിയ അടവു നയവുമായി അമേരിക്ക കളത്തിൽ ഇറങ്ങിയിരിക്കുന്നു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ റഷ്യയുടെ അടുത്ത സുഹൃത്തായ വെനീസ്വല, യുക്രൈൻ അധിനിവേശത്തെ പിന്തുണക്കുന്നില്ല. ഇതു മുതലെടുത്ത് വെനിസ്വലക്കെതിരായ ഉപരോധങ്ങളിൽ ചിലത് നീക്കാൻ തയ്യാറാണെന്ന് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നു. ഇരു രാജ്യങ്ങളും നടത്തിയ ചർച്ചകളിൽ ഉരുത്തിരിഞ്ഞതാണിത്. റഷ്യയെ പൂർണാർഥത്തിൽ ബഹിഷ്‌കരിക്കുന്നതിലൂടെ ഊർജ മേഖലയിലുണ്ടാവാൻ സാധ്യതയുള്ള പ്രശ്‌നങ്ങൾ (വിശിഷ്യാ എണ്ണ) വെനിസ്വലയെ സ്വാധീനിച്ച് പരിഹരിക്കാനാണ് നീക്കം. അതെ, സുഡാനെ വിശുദ്ധരായി പ്രഖ്യാപിച്ചതു പോലെ വെനിസ്വലയെയും അങ്കിൾസാം ആശീർവദിച്ചേക്കും.

Related Articles