Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ സ്ത്രീകളുടെ പൊതു ഇടങ്ങള്‍ ചുരുങ്ങുന്നുവോ?

‘ഞാനാണ് എന്റെ കുട്ടികളുടെ ഉപ്പയും ഉമ്മയും. എന്റെ കുടുംബത്തിലെ പുരുഷനും സ്ത്രീയും ഞാനാണ്. എന്റെ കുടുംബത്തിന് വേണ്ടി എനിക്ക് പുറത്ത് പോകേണ്ടതുണ്ട്. എനിക്ക് എവിടെ നിന്നാണ് മഹ്‌റമിനെ കിട്ടുക’ – 50 വയസ്സുള്ള വിധവയായ ഗുലാലായ് താലിബാനോട് ചോദിക്കുന്നു. രണ്ട് കുട്ടികളുടെ മാതാവായ ഗുലാലായ് കഴിഞ്ഞ മാര്‍ച്ച് 23ന് അങ്ങാടിയില്‍ നിന്ന് തിരിച്ചുവരുമ്പോള്‍, മഹ്‌റമിനെ (പുരുഷ രക്ഷാകര്‍ത്താവ്) ചോദിച്ച് താലിബാന്‍ അവരുടെ വാഹനം തടഞ്ഞു. ഗുലാലായ്ക്ക് 14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭര്‍ത്താവ് നഷ്ടപ്പെടുന്നത്. ‘അഫ്ഗാനിസ്ഥാനില്‍ ഒരുപാട് വിധവകളുണ്ട്. അവര്‍ക്കാര്‍ക്കും മഹ്‌റമില്ലെ’ന്നും ഗുലാലായ് പറഞ്ഞുവെക്കുന്നു. 1979ലെ റഷ്യന്‍ അധിനിവേശത്തില്‍ തുടങ്ങി, രാജ്യത്ത് കഴിഞ്ഞ ആഗസ്റ്റ് വരെ രണ്ട് പതിറ്റാണ്ടായുള്ള യു.എസ് അധിനിവേശം നിലനിന്നു. 40 വര്‍ഷത്തെ യുദ്ധ ചരിത്രമുള്ള അഫ്ഗാനില്‍ വിധവകളുടെ എണ്ണം ഗുലാലായ് പറയുന്നതുപോലെ ഒരുപാടുണ്ട്.

അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാന്‍ ഭരണത്തിന് കീഴില്‍ സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമോയെന്ന ആശങ്ക തുടക്കം മുതല്‍ക്കെ ഉണ്ടായിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ തന്നെ സ്ത്രീകളുടെ അവകാശങ്ങളെ സംബന്ധിച്ച ചര്‍ച്ചയും ഉയര്‍ന്നിരുന്നു. അതിനുള്ള പ്രധാന കാരണം മുന്‍ താലിബാന്‍ ഭരണകാലത്തെ കുറിച്ച റിപ്പോര്‍ട്ടുകളായിരുന്നു. ഇപ്പോള്‍, പുതിയ താലിബാന്‍ ഭരണത്തെ കുറിച്ചും സമാനമായ മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 35കാരിയായ സര്‍വകലാശാല അധ്യാപിക നസീഫയുടെ വാഹനം താലിബാന്‍ ഗാര്‍ഡുകള്‍ തടഞ്ഞതായി കഴിഞ്ഞ ദിവസം അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഹപ്രവര്‍ത്തകക്കൊപ്പം സര്‍വകലാശാലയിലേക്ക് പോകുകയായിരുന്ന നസീഫയെ താലിബാന്‍ ഗാര്‍ഡുകള്‍ തടഞ്ഞ് മഹ്‌റം എവിടെയെന്ന് ചോദിച്ചു. മഹ്‌റമില്ലെന്ന് പറഞ്ഞപ്പോള്‍ ദേഷ്യപ്പെട്ടു. മഹ്‌റമില്ലാതെ യാത്ര ചെയ്യരുെതന്ന് അവര്‍ നിര്‍ദേശിക്കുകയും ചെയ്തതായി നസീഫ പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1990കളിലെ താലിബാന്‍ ഭരണത്തെ ഓര്‍മിപ്പിക്കുന്നതാണ് റിപ്പോര്‍ട്ടുകളെന്ന് മാധ്യമങ്ങള്‍ കുറിക്കുന്നു. താലിബാന്‍ ഭരണാധികാരികള്‍ ഡ്രാക്കോണിയന്‍ നിയമങ്ങളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്ന വിമര്‍ശനം ഉയരുകയാണ്. കഴിഞ്ഞ ആഴ്ചകളിലായി, താലിബാന്‍ നേതൃത്വം പ്രത്യേകിച്ച്, ധാര്‍മ സ്ഥാപന മന്ത്രാലയം (Ministry of Propagation of Virtue and the Prevention of Vice) പല നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിരുന്നു. അതിനെതിരെ അന്താരാഷ്ട്ര വിമര്‍ശനങ്ങളും സമ്മര്‍ദ്ദങ്ങളും ശക്തമാവുകയാണ്. ഡിസംബറില്‍, മന്ത്രാലയം അടുത്ത പുരുഷ ബന്ധുവില്ലാതെ സ്ത്രീകള്‍ക്ക് 72 കി.മീ കൂടുതല്‍ യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. അതില്‍ വിദേശ യാത്രകള്‍ ഉള്‍പ്പെടുത്തുന്നതിന് കഴിഞ്ഞ ആഴ്ച ഈ നിയന്ത്രണം കൂടുതല്‍ വിപുലപ്പെടുത്തി. കൂടാതെ, ഒറ്റയ്ക്ക് വിമാനയാത്ര ചെയ്ത സ്ത്രീകളെ തടഞ്ഞതായി റിപ്പോര്‍ട്ടുകളുമുണ്ട്. സമാനമായ നിരോധനങ്ങള്‍ രാജ്യത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഹ്‌റമില്ലാതെ ആരോഗ്യ സംരക്ഷണം ലഭ്യമാക്കുന്നതിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് താലിബാന്‍.

സ്ത്രീകള്‍ക്ക് യാത്ര ചെയ്യുന്നതിന് നഗരത്തില്‍ പ്രത്യേക നിയന്ത്രണമൊന്നുമില്ലെങ്കിലും, താലിബാന്‍ നിര്‍വചിച്ചതുപോല ശിരോവസ്ത്രവും ഹിജാബും ധരിക്കാതിരിക്കുന്നവരെ പിടികൂടുന്നതിനും, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ തടയുന്നതിനും അഫ്ഗാന്‍ നഗരങ്ങളിലെ പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് താലിബാന്‍ നിര്‍ദേശം നല്‍കിയതായി റിപോര്‍ട്ടുണ്ട്. ‘ഇത് സ്ത്രീകള്‍ക്കുള്ള നിയന്ത്രണങ്ങളല്ല, അവരുടെ അഭിമാനത്തെ സംരക്ഷിക്കാനുള്ളതാണെ’ന്ന് താലിബാന്‍ മന്ത്രാലയത്തിന്റെ വക്താവ് സാദിഖ് ആകിഫ് മുഹാജിര്‍ പ്രാദേശിക മാധ്യമത്തോട് പറഞ്ഞിരുന്നു. ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കല്‍, പൊതു പാര്‍ക്കുകളില്‍ ലിംഗ വേര്‍തിരിവ്, പെണ്‍കുട്ടികളുടെ ഹൈസ്‌കൂള്‍ അടച്ചുപൂട്ടല്‍ എന്നീ വിവിധ ഉത്തരവുകള്‍ കഴിഞ്ഞ ആഴ്ചകളിലായി പുറത്തുവന്നിട്ടുണ്ട്. ഇതിനെതിരെ അഫ്ഗാന്‍ സ്ത്രീകളില്‍ നിന്ന് പ്രതിഷേധവും, ശക്തമായ അന്താരാഷ്ട്ര വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. വാഗ്ദാനങ്ങളെല്ലാം താലിബാന്‍ ലംഘിക്കപ്പെടുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അസോസിയേറ്റ് ഡയറക്ടര്‍ ഹെതര്‍ ബാര്‍ ചൂണ്ടിക്കാട്ടുന്നു.

മതത്തിന്റെ പേരില്‍ വിദ്യാഭ്യാസം വിലക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. വിജ്ഞാനത്തിന്റെ പേരില്‍ ഉയിര്‍കൊണ്ട ഇസ്‌ലാം മതത്തിന്റെ പേരിലാകുമ്പോള്‍ പ്രത്യേകിച്ചും. സ്ത്രീകള്‍ പുറത്തുപോകുന്നത് സംബന്ധിച്ച് താലിബാന്‍ പ്രകടിപ്പിക്കുന്ന അനാവശ്യ ആശങ്ക അസ്ഥാനത്തുള്ളതാണ്. പുതിയ താലിബാന്‍ മാറ്റം ആഗ്രഹിക്കുന്നവെങ്കില്‍, കാലത്തെയും ദേശത്തെയും ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കൊപ്പം പ്രയോജനപ്പെടുത്താന്‍ കഴിയണം. താലിബാനെ ലോകം വളരെ ശ്രദ്ധയോടെയാണ് നോക്കികാണുന്നത്. താലിബാന്റെ ഓരോ നിലപാടും ഇടപെടലും വിപുലമായ ചര്‍ച്ചക്ക് വഴിവെക്കുന്നുണ്ട്. യാഥാസ്ഥിതിക മത കാഴ്ചപ്പാടാണ് താലിബാന്‍ മുന്നോട്ടുവെക്കുന്നതാണ് വിമര്‍ശനങ്ങളില്‍ പ്രധാനം. രാഷ്ട്രങ്ങളുമായി കൂടിയാലോചിക്കുകയും നയതന്ത്രജ്ഞത വലിയ തോതില്‍ ദൃശ്യമാക്കുകയും ചെയ്യുന്ന താലിബാനെ കുറിച്ച് ഒരളവില്‍ ലോകം പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്.

(സ്വകാര്യത മാനിച്ച് പേരുകള്‍ സാങ്കല്‍പികമായാണ് അല്‍ജസീറ നല്‍കിയിട്ടുള്ളത്)

Related Articles