Current Date

Search
Close this search box.
Search
Close this search box.

തീർത്ഥാടകന്റെ ആത്മഭാഷണങ്ങൾ ( 1 – 3 )

ഓരോ തീർത്ഥാടനവും ഓരോ പുതിയ അനുഭവമാണ്. കാണുന്ന കാഴ്ചകൾ ഒന്നു തന്നെ ആയിരിക്കാമെങ്കിലും കാഴ്ചകളെയും കേൾവികളെയും തീർത്ഥാടകൻ ഓരോ തവണയും അനുഭവിക്കുന്നതും മനസ്സിലേക്ക് ആവാഹിക്കുന്നതും വ്യത്യസ്തമായ രീതിയിലായിരിക്കും.

പ്രായമായ ഉമ്മയുടെ വലിയ ഒരു ആഗ്രഹമായിരുന്നു ഹറമിലെത്തുക എന്നതും ഒരു ഉംറ കൂടി ചെയ്യുക എന്നതും. ജിദ്ദയിലുളള മകളുടെയും ഭർത്താവിന്റെയും നിർബന്ധം കൂടിയായപ്പോൾ അത് യാഥാർത്ഥ്യമായി. ഓൺലൈൻ ഉംറ വിസ ഒരു ദിവസം കൊണ്ട് കിട്ടി. നവമ്പർ 18 ന് ഗൾഫ് എയർ വിമാനത്തിൽ ഞാനും ഉമ്മയും ഭാര്യയും കോഴിക്കോട്ട് നിന്ന് ബഹ്റൈൻ വഴി ജിദ്ദയിലേക്ക് തിരിച്ചു. കുറെ കാലമായി പ്രഷറും ഷുഗറും കൂടെ കൊണ്ട് നടക്കുന്ന ഉമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആകുലതകൾ ഉണ്ടായിരുന്നെങ്കിലും അല്ലാഹുവിന്റെ അനുഗ്രഹത്താൽ യാത്ര സുഖകരമായിരുന്നു. ജിദ്ദയിൽ വിമാനം ലാൻഡ് ചെയ്യാൻ അടുത്തപ്പോൾ യലംലമിന്റെ ആകാശത്ത് വെച്ച് മീഖാത്തിനെക്കുറിച്ച അറിയിപ്പുണ്ടായി. ബഹ്റൈനിൽ ഇറങ്ങിയപ്പോൾ തന്നെ ഞാൻ ഇഹ്റാമിന്റെ വസ്ത്രം അണിഞ്ഞിരുന്നു. തുന്നലുകളും അലങ്കാരങ്ങളുമില്ലാത്ത രണ്ട് തുണ്ട് വെള്ളത്തുണി എടുത്തണിഞ്ഞപ്പോൾ പാന്റ്സും ഷർട്ടും അടിയുടുപ്പും പുറം യാത്രകളിൽ മാത്രം ധരിക്കുന്ന ഷൂവും ചേർന്നുണ്ടാക്കിയ വസ്ത്രത്തിന്റെ ഇടുക്കത്തിൽ നിന്ന് മാത്രമല്ല, ഭൗതികതയുടെ ഇടുക്കത്തിൽ നിന്നും വർണപ്പൊലിമയിൽ നിന്നും സ്വതന്ത്രനായ പോലെ. പുറത്ത് നിന്ന് ഇഹ്റാമിനെ വീക്ഷിക്കുന്ന ഒരു അപരിചിതന്റെ തോന്നലുകളും അത് അണിയുന്ന ആൾ അനുഭവിക്കുന്ന ആത്മഹർഷവും തമ്മിലുളള അന്തരത്തെക്കുറിച്ചാണ് ഞാൻ അപ്പോൾ ആലോചിച്ചത്. യലംലമിന്റെ ആകാശത്ത് വെച്ച് ഞങ്ങൾ ഉംറക്ക് നിയ്യത്ത് ചെയ്ത് ഇഹ്റാമിൽ പ്രവേശിച്ചു. വിമാനം അപ്പോൾ ലാൻഡ് ചെയ്യാൻ വേണ്ടി താഴ്ന്നു പറക്കുകയായിരുന്നു. ഏതാനും മിനുട്ടുകൾക്കുള്ളിൽ ജിദ്ദ എന്ന വലിയ നഗരത്തിന്റെ കാഴ്ചകൾ ദൃശ്യമായി. ചെറിയൊരു പ്രകമ്പനത്തോടെ വിമാനം ജിദ്ദയിലെ അന്താരാഷ്ട വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.

ലേഖകൻ ഉമ്മയോടൊപ്പം മസ്ജിദുൽ ഹറാമിൽ

മകൾ ഫിദയുടെ ഭർത്താവ് അജ്മലും കുട്ടികളും ഞങ്ങളെ കൊണ്ടുപോകാൻ കാറുമായി എത്തിയിരുന്നു. രണ്ടാം തവണയാണ് ജിദ്ദയിൽ വരുന്നത്. പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ഖത്തറിൽ നിന്ന് റോഡ് വഴി ഉംറക്ക് വന്നപ്പോഴായിരുന്നു ആദ്യസന്ദർശനം. എല്ലാ ഗൾഫ് നഗരങ്ങൾക്കും ഒരേ മുഖഛായയാണ്. മരുഭൂമിയുടെ നരച്ച നിറം. നീണ്ടു പരന്നുകിടക്കുന്ന കറുത്ത ഹൈവേകളും കെട്ടുപിണയുന്ന ഫ്ലൈ ഓവറുകളും അണ്ടർ പാസ്സുകളും ആകാശത്തേക്ക് ഉയർന്ന് പോകുന്ന കെട്ടിടങ്ങളും കോടികൾ മുടക്കി അണിയിച്ചൊരുക്കുന്ന ഹരിതഭംഗിയുമാണ് ഈ നഗരങ്ങളെ ശ്രദ്ധേയമാക്കുന്നത്. ജിദ്ദ കെട്ടുകാഴ്ചകളില്ലാത്ത നഗരമാണ്. ഹരിത ഇടങ്ങളും മാനം മുട്ടുന്ന കെട്ടിടങ്ങളും അധികമില്ല. വിശാലമായ തെരുവുകളും ചത്വരങ്ങളും പുതുമയും പഴമയും ഒരുമിക്കുന്ന സൂഖുകളും വൻ വാണിജ്യ കേന്ദ്രങ്ങളും കടൽ കാറ്റിന്റെ ഈണവും ചേർന്ന് ഈ നഗരത്തിന് അതിന്റേതായ പ്രൗഢി നൽകുന്നു. മക്കയിലേക്കുള്ള കവാടം എന്നതാണ് ജിദ്ദയുടെ ഏറ്റവും വലിയ പ്രത്യേകത. പ്രവിശാലമായ സൗദി അറേബ്യയുടെ വിവിധ നഗരങ്ങളിലേക്ക് വളഞ്ഞുപുളഞ്ഞു പോവുന്ന ഹൈവേകൾ നഗരത്തിന്റെ പ്രൗഢിക്ക് മാറ്റുകൂട്ടുന്നു. പതിനഞ്ച് വർഷത്തിനുളളിൽ പറയത്തക്ക മാറ്റങ്ങളൊന്നും വന്നതായി തോന്നിയില്ല. നഗരം മോടി കൂട്ടുന്നതിന്റെ ഭാഗമായുള്ള പൊളിച്ചു നീക്കൽ ധാരാളമായി നടക്കുന്നുണ്ട്. ഏക്കറുകളോളം പരന്നുകിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾ പുതിയൊരു നഗരിയുടെ പിറവി വിളിച്ചറിയിക്കുന്നു. പുതുതായുണ്ടാക്കിയ, വലുതും മനോഹരവുമായ ജിദ്ദ കോർണിഷിൽ സായന്തനക്കാറ്റേറ്റ് വെറുതെ ഉലാത്തുന്നത് ഹൃദ്യമായ അനുഭവമാണ്.

മക്ക വിളിക്കുന്നു
ഞങ്ങൾ ഇഹ്റാമിലാണല്ലോ. ജിദ്ദയിലെത്തിയ അന്ന് തന്നെ രാത്രി ഇശാനമസ്കാരത്തിന് ശേഷം മക്കളുടെ കൂടെ കാറിൽ മക്കയിലേക്ക് തിരിച്ചു. അന്ന് വെള്ളിയാഴ്ച്ചയായിരുന്നു. ഹറമിൽ തിരക്കൊഴിയട്ടെ എന്ന് കരുതിയാണ് വൈകി പുറപ്പെട്ടത്. രാത്രിയായതിനാൽ വഴിക്കാഴ്ചകളായി ഉണ്ടായിരുന്നത് വെളിച്ചത്തിൽ മുങ്ങിനിൽക്കുന്ന നഗര ദൃശ്യങ്ങൾ മാത്രം. ജിദ്ദയിൽ നിന്ന് മക്കയിലേക്ക് കഷ്ടിച്ച് ഒരു മണിക്കൂർ യാത്രയേയുള്ളൂ. നീണ്ടു പരന്നുകിടക്കുന്ന ഹൈവേയിലൂടെയുളള യാത്ര സുഖകരമാണ്. ഇരുവശങ്ങളിലുളള അഞ്ചുവരിപ്പാതക്ക് കുറുകെ നിർമ്മിച്ച, നിവർത്തി വെച്ച ഗ്രന്ഥം ചിത്രീകരീകരിക്കുന്ന പടുകൂറ്റൻ ഗേറ്റ് യാത്രികരെ മക്കയിലക്ക് സ്വാഗതം ചെയ്യുന്നു. ദൂരെ മക്കാനഗരത്തിന്റെ രാത്രിദൃശ്യങ്ങൾ. കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ മസ്ജിദുൽ ഹറാമിനോട് ചേർന്ന് നിർമ്മിച്ച ഉത്തുംഗമായ ക്ളോക്ക് ടവർ കാണാനായി. മസ്ജിദുൽ ഹറാമിന്റെ പരിസരത്ത് പാർക്കിംഗ് പ്രയാസമായത് കൊണ്ട് അൽപം അകലെ വണ്ടി നിർത്തി ടാക്സിയെടുത്ത് ഞങ്ങൾ വിശുദ്ധ ഗേഹത്തിന്റെ മുന്നിലെത്തി.

മത്വാഫ്

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം മസ്ജിദുൽ ഹറാം വീണ്ടും കാണുകയാണ്. ആദ്യ കാഴ്ചയിലെ ഉദ്വോഗം ഉണ്ടായിരുന്നില്ലെങ്കിലും മനസ്സ് പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയിൽ അലിഞ്ഞു. പരിസരങ്ങളിൽ പറയത്തക്ക മാറ്റങ്ങളൊന്നുമില്ല. നിർമാണ പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. അല്ലാഹു അക്ബർ എന്ന വചനവും ഖുർആൻ സൂക്തങ്ങളും ആലേഖനം ചെയ്ത ക്ളോക്ക് ടവറും അതിനോട് ചേർന്ന കൂറ്റൻ കെട്ടിട സമുച്ചയവും കഴിഞ്ഞ തവണ വന്നപ്പോൾ ഉണ്ടായിരുന്നില്ല. മക്കയിലും ജിദ്ദയിലും സുഖകരമായ കാലാവസ്ഥയായിരുന്നു. ചൂട് കുറഞ്ഞിരിക്കുന്നു. തണുപ്പ് തുടങ്ങിയിട്ടുമില്ല. ഇളം തണുപ്പുള്ള ഒരു രാക്കാറ്റ് മസ്ജിദുൽ ഹറാമിനെ തഴുകിയൊഴുകുന്നു. ഉംറ തീർത്ഥാടകർക്കുളള കവാടത്തിലൂടെ ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു. തിരക്ക് കുറക്കാൻ വേണ്ടിയാവണം തീർത്ഥാടകർക്ക് മാത്രമേ മത്വാഫിലും ചുറ്റുമുള്ള പള്ളിയുടെ താഴെ നിലയിലും പ്രവേശനമുള്ളൂ. ഉമ്മയെ വീൽചെയറിൽ ത്വവാഫും സഅയും ചെയ്യിക്കാൻ അജ്മൽ മുകളിലത്തെ നിലയിലേക്ക് കൊണ്ട് പോയി. ഞങ്ങൾ ഇപ്പോൾ കഅബയുടെ മുന്നിലാണ്. മനസ്സ് ധ്യാനസാന്ദ്രമായി. ശിൽപ ചാരുതയുടെ അലങ്കാരങ്ങളില്ലാത്ത ആ ചതുര ഗേഹം കണ്ടു നിന്നപ്പോൾ കനവുകളിൽ ചരിത്രം മിന്നിമറഞ്ഞു. ഇബ്റാഹീമിൽ നിന്ന് മുഹമ്മദിലേക്ക് നീളുന്ന യുഗപരിവർത്തനത്തിന്റെ മഹാചരിതം. എത്ര ജനസഞ്ചയങ്ങൾ അതിന് സാക്ഷികളായി ! എത്ര തീർത്ഥാടക സംഘങ്ങൾ അല്ലാഹുവിന്റെ വിളിക്ക് ലബ്ബൈക്ക ചൊല്ലി! കഅബക്ക് ചുറ്റും വർത്തുളമായ ജനപ്രവാഹം അനന്തമായി തുടരുകയാണ്. പലനാടുകളിൽ നിന്ന് വന്ന പലതരം മനുഷ്യർ ഒരേ ലക്ഷ്യത്തിൽ ഒരേ ബിന്ദുവിൽ ഒന്നായി മാറുകയാണ്. വെളള വസ്ത്രത്തിന്റെ തിരയൊഴുക്കിൽ, പലവർണത്തിലുള്ള നീളൻ ഉടുപ്പുകൾ കൊണ്ട് മുഖവും മുൻകയ്യുമൊഴികെ ശരീരം മുഴുവൻ മറച്ച സ്ത്രീകളും അലിഞ്ഞുചേർന്നിരിക്കുന്നു. കടുംവർണത്തിലുള്ള മക്കനകൾ ധരിച്ച സ്ത്രീകളുടെ ചെറിയ ചെറിയ സംഘങ്ങളെ കണ്ടാലറിയാം അവർ ഏതോ ഉംറ ട്രൂപിന്റെ ഭാഗമായിരിക്കുമെന്ന്. നേരം വൈകിയത് കൊണ്ടാവണം മത്വാഫിൽ വലിയ തിരക്കില്ല. ഹജറുൽ അസ്‌വദിനെയും റുക്നുൽ യമാനിയെയും ജനം പൊതിഞ്ഞിരിക്കുന്നു. അങ്ങോട്ട് എത്തിപ്പെടുക ദുഷ്കരം. കറുത്ത ശിലക്ക് നേരെ കയ്യുയർത്തി ബിസ്മില്ലാഹി അല്ലാഹു അക്ബർ എന്ന് മൂന്നു വട്ടം പ്രഖ്യാപിച്ച് ഞങ്ങൾ ത്വവാഫിലേക്ക് കടന്നു. സ്വയം പ്രാർത്ഥിക്കുന്നവരുണ്ട്, പ്രാർത്ഥനകൾ ഉറക്കെ ചൊല്ലിക്കൊടുക്കുന്നവരുണ്ട്, ഒരു സംഘഗാനം പോലെ പ്രാർത്ഥനകൾ കൂട്ടമായി ഉരുവിട്ട് നീങ്ങുന്ന തീർത്ഥാടക സംഘങ്ങളുണ്ട്. സെൽഫിയെടുക്കാൻ തിരക്കു കൂട്ടുന്നവരുമുണ്ട് കൂട്ടത്തിൽ. മനസ്സും ശരീരവും അല്ലാഹുവിൽ അർപ്പിച്ച് ഞങ്ങളും ആ പ്രവാഹത്തിൽ അലിഞ്ഞുചേർന്നു. നാഥനോട് പറയാനുള്ളതെല്ലാം പ്രാർത്ഥനകളായി അറബിയിലും മലയാളത്തിലും പറഞ്ഞു തീർത്തു. ഏഴ് ത്വഫാവുകൾക്ക് ശേഷം രണ്ട് റകഅത്ത് നമസ്കരിച്ച് കഴിയുമ്പോഴേക്കും ചുണ്ടുകൾ സംസമിന് ദാഹിക്കുകയായിരുന്നു. തീർത്ഥജലം മനസ്സിനെയും ശരീരത്തെയും തണുപ്പിച്ചു. അനവദ്യമായ ആത്മനിർവൃതി!

ഉംറ തീർത്ഥാടകർ സ്വഫാ -മർവയിൽ (സ അയ്)

മത്വാഫിൽ നിന്ന് ഞങ്ങൾ സഅ് യിന് വേണ്ടി സ്വഫയിലേക്ക് നീങ്ങി. ഇളം പൈതലിന് പാനജലം തേടി ഹാജറ പരവശയായി ഓടിത്തീർത്ത മരുഭൂമിയോ കുന്നുകളോ അവിടെയില്ല. സ്വഫാ കുന്നിന്റെ ഒരു ശകലം മാത്രം ഇപ്പോഴും ബാക്കിയുണ്ട്. മർവയിലുമുണ്ട് തീർത്ഥാടകരുടെ പാദസ്പർശം കൊണ്ടും കരസ്പർശം കൊണ്ടും മിനുസമുളളതായി തീർന്ന ഒരു പാറത്തുണ്ട്. സ്വഫാമർവയിലും വലിയ തിരക്കില്ല. ഓടിയും നടന്നും ജനം കൂട്ടമായൊഴുകുന്നു. സ്വഫയുടെ ഉച്ചിയിൽ നിന്ന് കഅബയുടെ നേരെ മുഖം തിരിച്ച് പ്രാർത്ഥനകളുരുവിട്ട് ഞങ്ങൾ സഅ് യിലേക്ക് കടന്നു. സ്വഫയിൽ നിന്ന് മർവയിലേക്കും തിരിച്ച് മർവയിൽ നിന്ന് സ്വഫയിലേക്കും നടന്നു. രണ്ടിനുമിടയിൽ, പുരുഷൻമാർ മാത്രം വേഗതയോടെ നടക്കാൻ നിർദ്ദേശിക്കപ്പെട്ട കുറച്ചു ദൂരം പച്ച വെളിച്ചം കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. മാർബിൾ വിരിച്ച മിനുമിനുപ്പുള്ള തറയിലൂടെ നടക്കുകയും ചെറിയ വേഗതയിൽ ഓടുകയും ചെയ്യുമ്പോൾ മനസ്സ് നിറയെ ഹാജറ ഓടിത്തീർത്ത, കല്ലും മണലും പാറയും നിറഞ്ഞ വഴിദൂരമായിരുന്നു. കുഞ്ഞിന് വേണ്ടി വ്യഥിതയായ ഒരു പെണ്ണിന്റെ കാൽപാടുകളിൽ തീർത്ഥാടകർ ഇന്നും ദുഃഖത്തിന്റെയും വേദനയുടെയും മാറാപ്പുകൾ ഇറക്കി വെക്കുന്നു. നാഥന്റെ മുമ്പിൽ പ്രാർത്ഥനാനിരതയായ ഹാജറയുടെ തേങ്ങൽ അവർ സ്വന്തം മനസ്സിലേക്ക് ഏറ്റുവാങ്ങുന്നു. ദൈവത്തിന്റെ കാരുണ്യതീർത്ഥമായി ഇസ്മാഈലിന് വേണ്ടി പൊട്ടിയൊഴുകിയ സംസം കുടിച്ച് ദാഹമകറ്റുന്നു. പ്രാർത്ഥനയിൽ മുഴുകി, ആൾക്കൂട്ടത്തോടൊപ്പം ഒഴുകുകയാണ് ഞങ്ങൾ . “സ്വഫയും മർവയും അല്ലാഹുവിന്റെ അടയാളങ്ങളിൽ പെട്ടതാണ്”. ഈ ഖുർആൻ സൂക്തം തീർത്ഥാടകർ ആവർത്തിച്ച് ഉറക്കെ ഉരുവിടുന്നുണ്ട്. ഏഴാമത്തെ സഅയ് മർവയിൽ അവസാനിപ്പിച്ച്, പ്രാർത്ഥിച്ച്, മുടി മുറിച്ച് ഞങ്ങൾ ഉംറയുടെ ചടങ്ങുകൾ പൂർത്തിയാക്കി.

ആൾക്കൂട്ടത്തോടൊപ്പം ഒഴുകുമ്പോഴും ഓരോ തീർത്ഥാടകനും സ്വന്തമായ ഒരു ലോകമുണ്ട്. അല്ലാഹുവോട് പറയാൻ സ്വന്തമായ നൂറുകൂട്ടം കാര്യങ്ങളുണ്ട്. അനേകം മൈലുകൾ താണ്ടി അവർ വന്നിരിക്കുന്നത് അതിന് വേണ്ടിയാണ്. തഖ് വയാണ് അവരുടെ പാഥേയം. എന്തിനാണ് ഹജറുൽ അസ് വദിനെ മുത്തുന്നത് , കഅബയെ വലം വെക്കുന്നത് , സഫാമർവാക്കിടയിൽ ഓടുന്നത് , ഇതും ബഹുദൈവത്വപരമായ ആരാധനാചടങ്ങുകളും തമ്മിൽ എന്ത് വ്യത്യാസം എന്നൊക്കെ ചോദിക്കുന്നവരുണ്ട്. ഏകനായ അല്ലാഹുവിലേക്ക് മാത്രം ഉന്മുഖമായ തീർത്ഥാടകന്റെ മനസ്സിൽ ഇത്തരം ചോദ്യങ്ങളുണരില്ല. പ്രാർത്ഥിക്കുമ്പോഴും സഹായമർത്ഥിക്കുമ്പോഴും സങ്കടങ്ങൾ പറയുമ്പോഴും അവന്റെ മുന്നിൽ അല്ലാഹു മാത്രമേയുള്ളൂ. എങ്ങനെ നമസ്കരിക്കണം എന്ന് പഠിപ്പിച്ച അല്ലാഹു തന്നെയാണ് എങ്ങനെ ഹജ്ജ് ചെയ്യണമെന്നും ഉംറ ചെയ്യണമെന്നും നിർദ്ദേശിച്ചിരിക്കുന്നത്. അല്ലാഹുവിന്റെ കൽപനകൾ അനുസരിക്കുക എന്നതിനപ്പുറം വിശ്വാസിയുടെ മനസ്സിൽ ഒന്നുമില്ല. അതേസമയം, ഓരോ വിശ്വാസിയുടെ മനസ്സും ഒരു തീർത്ഥാടനത്തിന് കൊതിക്കുന്നുണ്ട്. ആത്മീയമായ ദാഹമാണത്. നിത്യവും നടത്തുന്ന പ്രാർത്ഥനകളെയും ആരാധനകളെയും പുണ്യകർമങ്ങളെയും ഉന്നതമായ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്ന ചില നിമിഷങ്ങൾ അവന് / അവൾക്ക് ആവശ്യമുണ്ട്. റമദാനിൽ വിശ്വാസിക്ക് കൈവരുന്നത് ഈ അപൂർവ നിമിഷങ്ങളാണ്. പക്ഷെ അത് പോരാ. അല്ലാഹുവോട് കരഞ്ഞു പ്രാർത്ഥിക്കാൻ , എല്ലാ സങ്കടങ്ങളും ഇറക്കി വെക്കാൻ , നിത്യജീവിതത്തിന്റെ വിരസമായ ആവർത്തനങ്ങളിൽ നിന്ന് മനസ്സിനെയും ശരീരത്തെയും മോചിപ്പിച്ച് എങ്ങോട്ടെങ്കിലും യാത്ര പോവണം. അത്തരം ഒരു തീർത്ഥയാത്രക്ക് വിശുദ്ധ മക്കയെക്കാളും പരിശുദ്ധ കഅബയെക്കാളും ഉചിതമായ മറ്റൊരിടം ഒരു മുസ്ലിമിന് ഏതാണുള്ളത്? റമദാനിലെ ഉംറക്ക് മഹത്വമേറുന്നത് ആത്മീയതയുടെ ഉത്തുംഗമായ രണ്ട് പ്രയാണവഴികൾ ഒരുമിച്ചു ചേരുന്നത് കൊണ്ടാണ്. പ്രവാചകൻമാരുടെ പാദപതനങ്ങൾ ഏറ്റുവാങ്ങിയ , ചരിത്രം ഘനീഭവിച്ചു നിൽക്കുന്ന, മലക്കുകൾ താഴ്ന്നിറങ്ങുന്ന, അല്ലാഹുവിന്റെ മഹത്വവും ഏകത്വവും ഹൃദയാന്തരാളത്തിൽ അനുഭവിച്ചറിയാനാവുന്ന ഈ വിശുദ്ധ മണ്ണിൽ ശിർക്കിന്റെ കലർപ്പുകൾക്ക് കടന്നുവരാൻ എവിടെയാണൊരിടം? സ്വഫയും മർവയും കഅബയും ഹജറുൽ അസ് വദും മഖാമു ഇബ്റാഹീമും ഉദ്ഘോഷിക്കുന്നത് യുഗാന്തരങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട തൗഹീദിന്റെ വിമോചന കീർത്തനമല്ലാതെ മറ്റെന്താണ്?

സമയം രാത്രി ഒരു മണി കഴിഞ്ഞിരിക്കുന്നു. മസ്ജിദുൽ ഹറാമിന്റെ അനേകം കൈവഴികളിലൂടെയും കവാടങ്ങളിലൂടെയും ജനം അപ്പോഴും ഒഴുകുകയാണ്. ഇവിടെ രാവും പകലുമില്ല. ഞങ്ങളെക്കാൾ മുന്നെ വീൽചെയറിൽ ത്വവാഫും സഅ്‌യും പൂർത്തിയാക്കി ഉമ്മ പുറത്ത് കാത്ത് നിൽക്കുന്നുണ്ട്. കഅബയോടും സ്വഫാമർവയോടും വിട പറഞ്ഞ് കുറച്ചു ദൂരം നടന്ന് ഏതോ ഒരു വഴിയിലൂടെ പുറത്തേക്കിറങ്ങി. മസ്ജിദുൽ ഹറാം വൈദ്യുതവെളിച്ചത്തിൽ കുളിച്ചു നിൽക്കുന്നു. കഅബയെ വലയം ചെയ്തു നിൽക്കുന്ന മിനാരങ്ങളെ വെറുതെ നോക്കി നിന്നു. അന്തരീക്ഷത്തിൽ
മാടപ്രാവുകൾ പാറുന്നു. പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന ഒരു ഇടമുണ്ടിവിടെ. അതിനായി ധാന്യപ്പൊതികൾ വിൽക്കുന്ന സ്ത്രീകളെയും കാണാം. ശാന്തി വഴിഞ്ഞൊഴുകുന്ന ഈ അന്തരീക്ഷത്തിന്റെ നിർവൃതി നുകരാൻ ഞങ്ങളിനിയും വരും. ജിദ്ദയിൽ തിരിച്ചെത്തുമ്പോൾ സമയം മൂന്ന് മണിയോടടുത്തിരുന്നു.

വീണ്ടും മക്കയിൽ

മസ്ജിദുൽ ഹറാമിൻ്റെ പശ്ചാത്തലത്തിലെ മലനിരകൾ


ഇന്ന് തിങ്കളാഴ്ച്ച. വീണ്ടും മക്കയിലേക്ക് പോവുകയാണ്. ഹജ്ജിന്റെ സ്ഥലങ്ങൾ സന്ദർശിക്കണം. മസ്ജിദുൽ ഹറാമിൽ സമയം ചെലവഴിക്കണം. തെളിഞ്ഞ പ്രഭാതം. സുഖകരമായ ഇളം ചൂട്. മക്ക-ജിദ്ദ ഹൈവേയിലെ പ്രധാന കാഴ്ച കണ്ണെത്താദൂരത്തോളം തലയുയർത്തി നിൽക്കുന്ന മലനിരകളാണ്. മരുഭൂമിയും മലനിരകളും ചേർന്ന് സൃഷ്ടിക്കുന്ന വിസ്മയ ലോകം. പച്ചപ്പില്ലാത്ത, പല വർണങ്ങളിലുളള പാറക്കൂട്ടങ്ങളുടെ പ്രാകൃത സൗന്ദര്യം. അകലങ്ങളിൽ ആകാശവും ഭൂമിയും പരസ്പരം ആലിംഗനം ചെയ്ത് ഒന്നായി മാറുന്നു. മക്ക അക്ഷരാർത്ഥത്തിൽ കുന്നുകളുടെ നഗരമാണ്. പാറക്കൂട്ടങ്ങളുടെ നെറുകയിൽ പടുത്തുയർത്തപ്പെട്ട കെട്ടിടങ്ങൾ അകലെ നിന്ന് തന്നെ കാണാം. പാറയും കെട്ടിടങ്ങളും ചേർന്ന് അപൂർവമായ നഗരഭംഗി സൃഷ്ടിക്കുന്നു. കുന്നും പാറയും വെട്ടിയുണ്ടാക്കിയ മക്കയിലെ റോഡുകൾ ഉയരങ്ങളിൽ നിന്ന് ഊർന്നിറങ്ങുന്നതും ഉയരങ്ങളിലേക്ക് കയറിപ്പോകുന്നതുമാണ്. മസ്ജിദുൽ ഹറാമിനെ വലയം ചെയ്ത് കൊണ്ട് ഇപ്പോഴും ഒരു മല നിലകൊള്ളുന്നത് കാണാം. മലകൾ കൊണ്ട് അതിരിട്ട മരുഭൂമിയുടെ ദുർഘടപാതകളിലൂടെ മക്കയിലേക്കും മക്കയിൽ നിന്ന് വിദൂരദിക്കുകളിലേക്കും ഒട്ടകപ്പുറത്ത് യാത്ര ചെയ്ത തീർത്ഥാടകരുടെയും കച്ചവടസംഘങ്ങളുടെയും ചിത്രമാണ്, 120 കിലോമീറ്റർ വേഗതയിൽ ഹൈവേയിൽ സഞ്ചരിക്കുമ്പോൾ മനസ്സിലൂടെ മിന്നിമറഞ്ഞത്.

എവിടെയെല്ലാമോ അവശേഷിച്ചിരിക്കുന്ന പഴമയുടെ നഗരശേഷിപ്പുകൾ കണ്ട്, ഒട്ടകങ്ങളുടെ കുളമ്പടികൾക്ക് കാതോർത്ത് , തിരുനബിയും അനുചരൻമാരും മക്കയിലെ പ്രമാണിമാരും സഞ്ചരിച്ച വഴികളിൽ ഏകനായി ഇറങ്ങി നടക്കാൻ മനസ്സ് കൊതിക്കുന്നു. പീഢനപർവത്തിന്റെ അവസാനം ബിലാലും അമ്മാറും യാസിറും ഖബ്ബാബും നക്ഷത്രങ്ങളെ നോക്കി പ്രപഞ്ച നാഥനെ സ്തുതിച്ച് ഈ വഴികളിലെവിടെയോ മലർന്നു കിടന്നിരിക്കണം. സുമയ്യയുടെ പ്രാർത്ഥനാനിർഭരമായ തേങ്ങലുകൾ ഈ അന്തരീക്ഷത്തിൽ എവിടെയോ അലയടിക്കുന്നുണ്ടാവണം. മക്കയുടെ കൈവഴികളിലൂടെ ഞങ്ങൾ മിനയെ ലക്ഷ്യമാക്കി നീങ്ങി. ജംറയും മിനയും മുസ്ദലിഫയും അറഫയും കാറിൽ ചുറ്റിക്കണ്ടു. മിനയിൽ ഒഴിഞ്ഞ കൂടാരങ്ങളുടെ അനന്തമായ നിര തീർത്ഥാടകരെ കാത്തിരിക്കുന്നു. മിനയും മുസ്ദലിഫയും വേർതിരിച്ചറിയണമെങ്കിൽ സൈൻ ബോഡുകൾ നോക്കണം. ഹജ്ജ് തീർത്ഥാടകർ ഈ പുണ്യതീർത്ഥങ്ങളിൽ നിറഞ്ഞു തുളുമ്പുന്നത് എനിക്ക് മനസ്സിൽ സങ്കൽപിക്കാനാവും. അറഫയെ ചുറ്റി ഞങ്ങൾ ജബലുർറഹ്മയിൽ എത്തിച്ചേർന്നു.”കാരുണ്യത്തിന്റെ മല”. അവിടെ സന്ദർശകരുടെ വൻ ആൾക്കൂട്ടം. ബസ്സുകൾ വരിവരിയായി നിർത്തിയിട്ടിരിക്കുന്നു. പാറക്കഷണങ്ങൾ അട്ടിയിട്ടത് പോലുള്ള ജബലുറഹ്മയുടെ ഉച്ചിയിൽ ആളിരമ്പം. പശ്ചാത്തലത്തിൽ മക്കയുടെ മലനിരകൾ. ഈ പരിസരത്താണ് കാരുണ്യത്തിന്റെ പ്രവാചകൻ ചരിത്ര പ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം നടത്തിയത്. അനുചരൻമാർ വീർപ്പടക്കി ആ പ്രഭാഷണം കേട്ട് നിന്നത്. അറഫയിലെ മൺതരികളും ഈന്തപ്പനകളും അതേറ്റു വാങ്ങിയത്. കുറച്ചു സമയം ജബലുർ റഹ്മയിൽ ചെലവഴിച്ച ശേഷം മറ്റൊരു വഴിയിലൂടെ ഞങ്ങൾ മസ്ജിദുൽ ഹറാമിലേക്ക് തിരിച്ചു. ജംറയിൽ പിശാചിനെ കല്ലെറിയുന്ന ഇടം അടുത്ത് നിന്ന് കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കാറിൽ അങ്ങോട്ട് എത്തിപ്പെടാൻ കഴിയാത്തത് കൊണ്ട് അത് വേണ്ടെന്ന് വെച്ചു.

മസ്ജിദുൽ ഹറാമിലെ വെള്ളിയാഴ്ച

മസ്ജിദുൽ ഹറാമിലെത്തുമ്പോൾ രാവിലെ പതിനൊന്ന് മണിയായിക്കാണും. ളുഹ്റും അസ്വറും ഇവിടെ നമസ്കരിക്കണം. സാമാന്യം ജനത്തിരക്കുണ്ട്. വുളുവെടുത്ത് ഞങ്ങൾ അകം പളളിയിലേക്ക് നടന്നു. മുകളിലത്തെ ഏതോ നിലയിലാണ് ഞങ്ങൾ എത്തിപ്പെട്ടത്. ഇവിടെ നിന്ന് കഅബ കാണാനാവില്ല. കഅബയോട് ചേർന്നുള്ള താഴത്തെ നിലയിൽ ഉംറ ചെയ്യുന്നവർക്കേ പ്രവേശനമുള്ളൂ. പളളിയിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും അടുത്തടുത്തായി പ്രത്യേകം ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. ദാഹം തീർക്കാൻ എല്ലായിടത്തും സംസമിന്റെ കുളിർ ജലമുണ്ട്. നമസ്കാരസമയമായപ്പോഴേക്കും പള്ളിയിലും പുറത്തും ആൾത്തിരക്ക് വർദ്ധിച്ചു. മസ്ജിദുൽ ഹറാമിന്റെ അനേകം മിനാരങ്ങളിലൂടെ പ്രതിധ്വനിച്ച ബാങ്കൊലികൾ വിശ്വാസികളുടെ ഹൃദയത്തെ കുളിരണയിച്ച് അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചു. മസ്ജിദുൽ ഹറാമിന്റെ എല്ലാ കവാടങ്ങളിലൂടെയും ജനം പള്ളിയിലേക്ക് ഒഴുകി. നമസ്കാരത്തിന് സമയമായി. ഇഖാമത്ത് വിളിച്ചു. കഅബക്കു ചുറ്റുമുള്ള വർത്തുളമായ ചലനം നിലച്ചു. സ്വഫാ മർവാക്കിടയിൽ സഅയ് നടത്തിക്കൊണ്ടിരുന്നവർ കഅബയുടെ നേരെ നിശ്ചലരായി. മാർബിൾ വിരിച്ച അനേകമനേകം സ്തംഭങ്ങൾക്കും കമാനങ്ങൾക്കുമിടയിൽ നീണ്ട് പരന്ന് കിടക്കുന്ന അകം പളളിയിലും പുറത്ത് വിശാലമായ മുറ്റത്തും നമസ്കാരത്തിന് സ്വഫുകൾ അണിനിരന്നു. നിന്നും കുനിഞ്ഞും സുജൂദിൽ വീണും വിശ്വാസികളുടെ മഹാസഞ്ചയം നാഥന്റെ മുന്നിൽ പ്രാർത്ഥനാനിരതരായി. ദിവസത്തിൽ അഞ്ചുനേരം മസ്ജിദുൽ ഹറാമിൽ ഈ കാഴ്ച ആവർത്തിച്ചു കൊണ്ടിരിക്കുന്നു. ഓരോ ജമാഅത്ത് നമസ്കാരത്തിന് ശേഷവും ആയിരങ്ങൾ പങ്കെടുക്കുന്ന മയ്യിത്ത് നമസ്ക്കാരമുണ്ടാവും. ഞങ്ങളും അതിൽ പങ്കുചേർന്നു. അസ്വർ നമസ്കാരത്തിന് ശേഷം, നനഞ്ഞ കണ്ണുകളോടെയും നിറഞ്ഞ മനസ്സോടെയും ഞങ്ങൾ മക്കയോട് വിട ചൊല്ലി. ഇനിയും വരാമെന്ന പ്രതീക്ഷയിൽ. (തുടരും)

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles