Current Date

Search
Close this search box.
Search
Close this search box.

സബ്കാ സാഥ്, സബ്കാ വികാസ്!

ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്.

രാജ്യസഭാ കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ നരേന്ദ്ര മോദി മന്ത്രിസഭയിലെ ‘ഏക മുസ്ലിം മുഖം’ മുഖ്താര്‍ അബ്ബാസ് നഖ്‌വി ഇന്നലെ രാജിവെച്ചതോടെയാണ് പേരിനെങ്കിലും ഒരു മുസ്ലിം ഇല്ലാതായത്. ‘ഭരണഘടനയുടെ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ’ ഭാഗമായാണ് രാജിയെന്ന് നഖ്‌വി പ്രസ്താവിച്ചിട്ടുണ്ട്! ഭരണഘടനയെ അവഹേളിച്ചതിന് ഒരു ദിവസം താമസിച്ച് രാജിവെച്ച സജി ചെറിയാനൊക്കെ നഖ്‌വിയില്‍നിന്ന് കണ്ട് പഠിക്കണം!!

ന്യൂനപക്ഷകാര്യ മന്ത്രിയും രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡറുമായ നഖ്‌വിക്ക് ബി.ജെ.പി വീണ്ടും നോമിനേഷന്‍ നല്‍കിയിരുന്നില്ല. ഒഴിവു വരുന്ന മറ്റേതെങ്കിലും സീറ്റില്‍ ആറുമാസത്തിനകം അദ്ദേഹത്തെ ജയിപ്പിക്കാവുന്നതേയുള്ളൂ. അങ്ങനെയെങ്കില്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യണമെന്നു മാത്രം. എന്നാല്‍ അതുണ്ടായില്ല.

യു.പിയിലെ അജയ് സിംഗ് ബിഷ്ത് എന്ന ആദിത്യനാഥിന്റെ മന്ത്രിസഭയില്‍ ഒരു മുസ്ലിം നാമധാരിയുണ്ട് – ദാനിഷ് ആസാദ് അന്‍സാരി എന്ന പഴയ എ.ബി.വി.പി/യുവമോര്‍ച്ചക്കാരന്‍. ദാനിഷ് പക്ഷെ എം.എല്‍.എ ആവാതെ മന്ത്രിയായതാണ്. മുസ്ലിം നാമം പേറുന്ന ഒരാളെപ്പോലും മല്‍സരിപ്പിച്ചിരുന്നില്ലല്ലോ കഴിഞ്ഞ അസംബ്ലി ഇലക്ഷനില്‍. ആദിത്യനാഥിന്റെ ഒന്നാംവട്ട സര്‍ക്കാറിലും മുഹ്‌സിന്‍ റസ എന്നയാളെ മല്‍സരിപ്പിക്കാതെ ഓടുപൊളിച്ച് അകത്തു കയറ്റിയിരുന്നു. ഒടുവില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ മല്‍സരിപ്പിച്ച് ജയിപ്പിച്ചു.

മുസ്ലിംകളെ സ്ഥാനാര്‍ഥികളായി പരിഗണിക്കാത്തതിനെക്കുറിച്ച ചോദ്യത്തിന് വിജയിക്കുന്നവരെയാണ് തങ്ങള്‍ പരിഗണിക്കുന്നത് എന്നായിരുന്നു കഴിഞ്ഞ അസംബ്ലി ഇലക്ഷന്‍ കാലത്ത് അമിത് ഷാ നല്‍കിയ മറുപടി. ശരിയാണ്, തങ്ങളെ വംശഹത്യ നടത്താന്‍ തക്കം പാര്‍ത്തിരിക്കുന്നവരെ വടക്കേ ഇന്ത്യയിലെ മുസ്ലിംകള്‍ വൈകിയെങ്കിലും തിരിച്ചറിഞ്ഞതിനാൽ കാവി പാർട്ടിക്കാരെ സഭകളിലേക്ക് അവർ അയക്കാറില്ല.

പാര്‍ലമെന്റിന്റെ ഇരു സഭകളിലും 36 സംസ്ഥാന അസംബ്ലികളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 4,908 സീറ്റുകളുണ്ട് – ലോക്‌സഭയില്‍ 543, രാജ്യസഭയില്‍ 245, അസംബ്ലികളില്‍ 4,120. കഴിഞ്ഞ തവണയും ഇത്തവണയും ലോക്‌സഭയില്‍ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ബി.ജെ.പിക്കില്ല. 2009ലെ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ഭഗല്‍പൂരില്‍നിന്ന് ജയിച്ച ഷാനവാസ് ഹുസൈനാണ് ലോക്‌സഭയില്‍ പാര്‍ട്ടിയുടെ അവസാന മുസ്ലിം മുഖം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 482 സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ ഏഴു മുസ്ലിംകളെ ബി.ജെ.പി അവതരിപ്പിച്ചെങ്കിലും ഒരാളും വിജയം കണ്ടില്ല. തോറ്റവരില്‍ ഷാനവാസ് ഹുസൈനും ഉണ്ടായിരുന്നു. 2019ല്‍ ആറ് മുസ്ലിം മുഖങ്ങളെയാണ് അണിനിരത്തിയത്. മൂന്നു പേര്‍ ജമ്മു കശ്മീരിലും രണ്ടു പേര്‍ പശ്ചിമ ബംഗാളിലും ഒരാള്‍ ലക്ഷദ്വീപിലും. ആരും വിജയിച്ചില്ല.

രാജ്യസഭയില്‍ മൂന്നെണ്ണമുണ്ടായിരുന്നു. അതിലൊരാളായ പഴയ മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ. അക്ബര്‍ മീ റ്റൂ ആരോപണങ്ങളില്‍പെട്ട് സഹമന്ത്രി സ്ഥാനം 2018 ഒക്ടോബറില്‍ രാജിവെച്ചെങ്കിലും എം.പിയായി തുടര്‍ന്നു. ഇക്കഴിഞ്ഞ ജൂണ്‍ 29ന് കാലാവധി അവസാനിച്ചു. പാര്‍ട്ടിയുടെ ദേശീയ വക്താവ് സയ്യിദ് സഫര്‍ ആലമിന്റെ കാലാവധി ഇക്കഴിഞ്ഞ ജൂലൈ നാലിനും അവസാനിച്ചു. പിന്നാലെ നഖ്‌വിയും പടിയിറങ്ങുന്നു.
മോദിയുടെ ‘സബ്കാ സാഥ്, സബ്കാ വികാസി’ന്റെ അര്‍ഥം വിശാലമാണത്രെ. ഉപരാഷ്ട്രപതിയായി നഖ് വിയോ ആരിഫ് മുഹമ്മദ് ഖാനോ വന്നാൽ അല്‍ഭുതപ്പെടാനില്ല. മുസ്ലിം രാജ്യങ്ങളുടെ മുന്നില്‍ മതേതര കുപ്പായമിട്ട് പ്രത്യക്ഷപ്പെടാന്‍ അത് ധാരാളമാണല്ലോ.

Related Articles