Current Date

Search
Close this search box.
Search
Close this search box.

അധിനിവേശങ്ങൾ വേറെയുമുണ്ട്!

റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ അപലപിക്കുന്ന അമേരിക്ക കൊണ്ടുവന്ന പ്രമേയം യു എൻ രക്ഷാ സമിതിയിൽ പരാജയപ്പെട്ടിരിക്കുന്നു. റഷ്യ വീറ്റോ ചെയ്തതാണ് കാരണം. റഷ്യയെ അപലപിക്കാൻ തയ്യാറാവാതെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന രാജ്യങ്ങളിൽ ചൈനയും ഇന്ത്യയും യു. എ. ഇയുമുണ്ട്. എന്നാൽ പ്രമേയത്തെ എതിരത്ത് ആരും വോട്ട് ചെയ്യാതിരുന്നത് തങ്ങളുടെ വിജയമായി അമേരിക്ക വിലയിരുത്തുന്നു. വീറ്റോ ഇല്ലാത്ത യു എൻ പൊതു സഭയിൽ ഇനി പ്രമേയം അവതരിപ്പിച്ച് അമേരിക്ക ‘ഗംഭീര വിജയം’ കൊയ്യും. അപ്പോഴേക്കും റഷ്യ പൂർണമായും യുക്രൈനിനെ വിഴുങ്ങിയിട്ടുണ്ടാകും.

വീറ്റോ അധികാരം ദുരുപയോഗം ചെയ്ത് രക്ഷാസമിതിയെ ഇപ്പരുവത്തിൽ ആക്കിയതിന്റെ ഉത്തരവാദിത്തം ആദ്യം ഏറ്റെടുക്കേണ്ട രാജ്യമാണ് അമേരിക്ക. പ്രമേയം പരാജയപ്പെട്ടപ്പോൾ യു. എന്നിലെ അമേരിക്കൻ പ്രതിനിധി ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞത് ഇങ്ങനെ:
“We are united behind Ukraine and its people, despite a reckless, irresponsible permanent member of the Security Council abusing its power to attack its neighbor and subvert the U.N. and our international system.”
ഇങ്ങനെയൊക്കെ പറയാനും വേണ്ടേ അസാമാന്യമായ തൊലിക്കട്ടി! അധിനിവേശ ഭീകരരും യുദ്ധക്കുറ്റവാളികളുമൊക്കെയാണ് റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ പറ്റി ചാരിത്ര്യ പ്രസംഗം നടത്തുന്നത് .

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയതും ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതുമായ അധിനിവേശം എതെന്നറിയുമോ? ഫലസ്ത്വീനിൽ സയണിസ്റ്റ് ഭരണകൂടം തുടർന്നുവരുന്ന മുക്കാൽ നൂറ്റാണ്ട് തികയ്ക്കാൻ പോവുന്ന അധിനിവേശം. സയണിസ്റ്റുകൾക്ക് ഫലസ്ത്വീൻ ഭൂമി കയ്യേറാൻ ഒത്താശ ചെയ്തുകൊടുത്തത് ബ്രിട്ടൻ. ജന്മഭൂമിയിൽനിന്ന് ഫലസ്ത്വീനികളെ ആട്ടിപ്പുറത്താക്കി ജൂതർക്ക് സ്വന്തമായി രാജ്യം നൽകാമെന്ന് 1917 നവംബർ രണ്ടിന് പ്രഖ്യാപിച്ചത് ബ്രീട്ടീഷ് വിദേശകാര്യ സെക്രട്ടറി ആർതർ ബാൽഫർ ആയിരുന്നു.

അങ്ങനെ ഉണ്ടാക്കിയ ഇസ്രായിൽ എന്ന രാഷ്ട്രത്തെ ആദ്യം അംഗീകരിച്ചത് അമേരിക്ക. 1948 മെയ് 14ന് അർധരാത്രി ഇസ്രായിൽ രാഷ്ട്ര പ്രഖ്യാപനം നടത്തി പതിനൊന്ന് മിനിറ്റിനകമാണ് യു.എസ് പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ ‘ജൂത രാഷ്ട്രത്തിന്’ അംഗീകാരം നൽകിയത്. (1949 ജനുവരി 31ന് സമ്പൂർണ അംഗീകാരവും നൽകി.) അമേരിക്കക്ക് പിന്നാലെ, കൃത്യമായി പറഞ്ഞാൽ മൂന്നു ദിവസത്തിനുശേഷം 1948 മേയ് 17ന്, ഇന്നത്തെ റഷ്യയുടെ പഴയ രൂപമെന്ന് പറയാവുന്ന സോവിയറ്റ് യൂനിയനും സയണിസ്റ്റ് അധിനിവേശത്തിന് കൈയ്യൊപ്പ് ചാർത്തി.

1967ലെ യുദ്ധത്തിൽ ഇസ്രായിൽ അധിനിവേശം നടത്തിയ സിറിയയുടെ ഭാഗമായ ജൂലാൻ കുന്നുകൾ (Golan Heights) ഐക്യ രാഷ്ട്ര സഭാ രേഖകളിൽ ഇന്നും അധിനിവേശ ഭൂമിയാണ്. അതേ യുദ്ധത്തിൽ ഇസ്രായിൽ അധിനിവേശം നടത്തിയ കിഴക്കൻ ജറൂസലമും ഗസ്സയും വെസ്റ്റ്ബാങ്കുമൊക്കെ യു.എൻ രേഖകളിൽ അധിനിവേശ പ്രദേശങ്ങൾ തന്നെ. എന്നാൽ 2017 ഡിസംബറിൽ കിഴക്കൻ നഗരം ഉൾപ്പെടെ മുഴുവൻ ജറൂസലമും ഇസ്രായിലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതും 2019 മാർച്ച് 25ന് ജൂലാൻ കുന്നുകൾ ഇസ്രായിലിന് തീറെഴുതിക്കൊടുത്തതും അമേരിക്ക. ഇന്നലെയും ജൂലാനിൽനിന്ന് ഇസ്രായിൽ സൈന്യം നടത്തിയ ഷെല്ലിംഗിൽ മൂന്നു സിറിയൻ ഭടന്മാർ കൊല്ലപ്പെട്ടിട്ടുണ്ട്.

ഈ നാറ്റോയും യൂറോപ്യൻ യൂനിയനുമൊക്കെ മേൽപറഞ്ഞ അധിനിവേശങ്ങളുടെ പേരിൽ ഇസ്രായിലിനെതിരെ സൈനിക നടപടി സ്വീകരിച്ചിരുന്നോ? അതുപോകട്ടെ, ഒരു ഉപരോധം? യു.എൻ രക്ഷാസമിതിയിൽ ഇസ്രായിൽ ഭീകരാക്രമണങ്ങളെ അപലപിക്കുന്ന എത്ര പ്രമേയങ്ങൾ അമേരിക്ക വീറ്റോ ചെയ്തിട്ടുണ്ടെന്നറിയുമോ? അതേ അമേരിക്കയാണ് മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങൾ ഇസ്രായിലിന് തീറെഴുതിക്കൊടുക്കുന്നത്. അതിന് അമേരിക്കക്ക് എന്തവകാശമെന്ന് ചോദിക്കാൻ ഒരുത്തനുമുണ്ടായിരുന്നില്ല.

ഈ കുളിമുറിയിൽ എല്ലാവരും നഗ്നരാണ്. അധിനിവേശത്തിന്റെ അപ്പോസ്തലന്മാരാണ് അമേരിക്കയും റഷ്യയും ബ്രിട്ടനും ഇസ്രായിലുമൊക്കെ. അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തിയവരാണ് പഴയ സോവിയറ്റ് യൂനിയനും ഏറ്റവുമൊടുവിൽ രണ്ടു പതിറ്റാണ്ടു കാലം അമേരിക്കയും. ഇറാഖിൽ അധിനിവേശം നടത്തി ആ രാജ്യത്തെ കുട്ടിച്ചോറാക്കിയത് അമേരിക്കയും ബ്രിട്ടനുമാണ്. യുക്രൈനെ റഷ്യ വിഴുങ്ങിയാലും വീമ്പിളക്കുന്നതിൽ കവിഞ്ഞ് ഒരു ചുക്കും ചെയ്യാൻ അമേരിക്കയം നാറ്റോയുമൊന്നും തയ്യാറാവില്ല. 2014ൽ ക്രൈമിയയെ പുട്ടിൻ റഷ്യയോട് കൂട്ടിച്ചേർത്തപ്പോൾ ആരെങ്കിലും വെടിപൊട്ടിച്ചോ? പക്ഷെ, അഫ്‌ഗാനിലും ഇറാഖിലുമൊക്കെ അവർ കയറി മേയും.

സോവിയറ്റ് യൂനിയനിൽ ആഞ്ഞടിച്ച ഗ്ലാസ്ത്‌നോസ്തിന്റെയും പെരിസ്‌ത്രോയിക്കയുടെയും സ്വതന്ത്ര വായു ആ മഹാ സാമ്രാജ്യത്തെ ചീട്ടുകൊട്ടാരം പോലെ കട പുഴക്കിയത് 1991ലാണ്. അതേ കാലത്താണ് കമ്യൂണിസ്റ്റ് വാഴ്ചയിൽനിന്ന് യൂഗോസ്ലാവ്യയും പുറത്തുവന്നത്. സ്ലോവേനിയയും ക്രോയേഷ്യയും മാസിഡോണിയയുമൊക്കെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ മൂസ്ലിം ഭൂരിപക്ഷ പ്രദേശമായ ബോസ്‌നിയ ഹെർസഗോവിനയെ അതിനു സമ്മതിക്കില്ലെന്ന് പ്രഖ്യാപിച്ച് യൂറോപ്പ് കണ്ട ഏറ്റവും വലിയ വംശഹത്യ നടത്തിയത് സെർബുകളായിരുന്നു. ആ സെർബുകളെ എല്ലാ അർഥത്തിലും പിന്തുണച്ച പാരമ്പര്യമാണ് റഷ്യക്ക്. സ്ലാവ് വംശീയതയുടെ മൂർത്തരൂപമായ സെർബുകളും റഷ്യയും തമ്മിലുള്ള കൂട്ടുകെട്ടിന് രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.

ഇതിപ്പോൾ പറയാൻ കാരണമുണ്ട്. ബോസ്‌നിയയെ വിഭജിക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ് സെർബ് വംശീയവാദികൾ. റിപ്പബ്ലിക്ക സെപ്സ്കയെ ബോസ്നിയയിൽനിന്ന് വേർപെടുത്തി സെർബിയയോട് ചേർക്കാനാണ് പദ്ധതി.

ലക്ഷത്തിലേറെ മുസ്ലിംകളെ കൊന്നൊടുക്കിയിട്ടും നടക്കാതിരുന്ന ആ സ്വപ്‌നം യാഥാർഥ്യമാക്കാനുള്ള സെർബുകളുടെ നീക്കവും റഷ്യയുടെ യുക്രൈൻ അധിനിവേശവും മനസ്സിലാക്കിയ യൂറോപ്യൻ യൂനിയൻ ബോസ്‌നിയക്കുവേണ്ടി സൈന്യത്തെപ്പോലും ഒരുക്കിനിർത്തിയിരിക്കുന്നു.. സെർബിയ എന്ന തങ്ങൾക്ക് ഭൂരിപക്ഷമുള്ള രാജ്യം കിട്ടിയതും ബോസ്‌നിയയിലെ പ്രസിഡൻസി കൗൺസിലിൽ അംഗത്വമുള്ളതുമൊന്നും സെർബിയൻ വംശീയ വാദികളെ തൃപ്തിപ്പെടുത്തുന്നില്ല. നാറ്റോയിൽ ചേരാൻ ബോസ്‌നിയ താൽപര്യം കാണിച്ചപ്പോൾ സെർബുകൾ മാത്രമല്ല, ഇക്കഴിഞ്ഞ മാർച്ചിൽ റഷ്യയാണ് അതിനെതിരെ ഭീഷണിയുമായി ആദ്യം രംഗത്തുവന്നത്. റഷ്യയുടെ അധിനിവേശത്തെ അപലപിക്കരുതെന്ന മുന്നറിയിപ്പും സെർബ് നേതൃത്വം ബോസ്നിയക്ക് നൽകിയിട്ടുണ്ട്.

ബോസ്‌നിയൻ വംശഹത്യയുടെ സൂത്രധാരൻ മാരിൽ ഒരാളായ റദോവാൻ കരാജിച്ച് ജയിലിൽ ആയിരിക്കാം. പക്ഷെ, ബോസ്നിയൻ യുദ്ധം അവസാനിപ്പിച്ച 1995ലെ ഡേയ്റ്റൻ കരാർ ചവറ്റു കൊട്ടയിൽ എറിയാനുള്ള നീക്കങ്ങൾ സെർബ് നേതാവ് മിലൊരാഡ് റോഡിക്കിന്റെ നേതൃത്വത്തിൽ ശക്തിപെട്ടിരിക്കുന്നു എന്നത് യൂറോപ്പ് നേരിടുന്ന മറ്റൊരു ഭീഷണിയാണ്.

Related Articles