Current Date

Search
Close this search box.
Search
Close this search box.

ഒമ്പതര കോടിയെ കൊന്നതിൻറെ ഉത്തരവാദിത്തം സി.പി.എം ഏറ്റെടുക്കുമോ?

കുഞ്ഞിക്കണ്ണൻ തൻറെ ജമാഅത്ത് വിമർശന പുസ്തകത്തിൻറെ ആമുഖത്തിൽ എട്ട് ദശകക്കാലത്തിലേറെയായി ജമാഅത്തെ ഇസ്ലാമി ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആരോപിക്കുന്നു. അതിന് അദ്ദേഹം ഉദ്ധരിച്ച ഏക തെളിവ് കാശ്മീർ ജമാഅത്തെ ഇസ്ലാമിയുടെയും അനുബന്ധ സംഘടനകളുടെയും അവിടത്തെ പ്രവർത്തനങ്ങളാണ്. വിപ്ലവത്തിന് സയ്യിദ് മൗദൂദി നിർദ്ദേശിച്ച മാർഗ്ഗങ്ങളിൽ നിന്നും ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി അംഗീകരിച്ച നയപരിപാടികളിൽ നിന്നും തീർത്തും വ്യത്യസ്തമായ നിലപാട് സ്വീകരിച്ച സംഘടനയാണ് കാശ്മീർ ജമാഅത്തെ ഇസ്ലാമിയും അതിൻറെ അനുബന്ധ സംഘടനകളും. അതുകൊണ്ട് തന്നെയാണ് അത് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ ഭാഗമോ ഘടകമോ ആകാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നത്. സായുധ വിപ്ലവത്തെയും നിഗൂഢ പ്രവർത്തനങ്ങളെയും നിരാകരിച്ച സയ്യിദ് മൗദൂദി നിർദ്ദേശിച്ച സമാധാനപരമായ മാർഗ്ഗം സ്വീകരിച്ച പ്രസ്ഥാനമാണ് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി.

‘ദി മുസ്ലിം’ പത്രം സയ്യിദ് അബുൽ അഅ്‌ലാ മൗദൂദിയുമായി നടത്തിയ സുദീർഘമായ അഭിമുഖത്തെ സംബന്ധിച്ച് മൗദൂദി വിമർശകനായ സിയാവുദ്ദീൻ സർദാർ എഴുതുന്നു:”എന്നാൽ ഏറ്റവും പ്രധാനം സായുധ വിപ്ലവത്തെക്കുറിച്ചുള്ള ചോദ്യമായിരുന്നു.” ഒരു സായുധ വിപ്ലവത്തിലൂടെ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?” എന്ന് മൗദൂദിയോട് ചോദിച്ചപ്പോൾ “നാം സ്വീകരിക്കേണ്ട ശരിയായ പാത അതാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.” എന്നായിരുന്നു ഒരു നിമിഷംപോലും സംശയിക്കാതെയുള്ള അദ്ദേഹത്തിൻറെ മറുപടി. “അത്തരമൊരു നയം എന്തെങ്കിലും ഗുണം ചെയ്യുന്നതിന് പകരം അത്യന്തം ഹാനികരമായി ഭവിക്കും. സായുധ വിപ്ലവത്തിലൂടെ നിങ്ങൾക്ക് ഒരിസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ കഴിഞ്ഞാൽ തന്നെ ഇസ്ലാമിക രീതിയിൽ രാഷ്ട്രത്തിൻറെ ഭരണകാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ നിങ്ങൾക്ക് കഴിഞ്ഞുകൊള്ളണമെന്നില്ല. കാരണം ലളിതം. സമൂഹവും സമൂഹത്തിലെ വിവിധ വിഭാഗങ്ങളും ഇസ്ലാം ഉന്നം വെക്കുന്ന ധാർമിക പരിവർത്തനത്തിന് സജ്ജമായിട്ടുണ്ടാവില്ല. അധികാരം പിടിച്ചടക്കാനുള്ള മാർഗ്ഗമെന്ന നിലയിൽ മറ്റുള്ളവരുടെ മുമ്പിലും സായുധവിപ്ലവം തുറന്നു കിടക്കുന്നുണ്ട്. അപ്പോൾ മുസ്ലിം രാജ്യങ്ങൾ വിപ്ലവങ്ങളുടെയും പ്രതി വിപ്ലവങ്ങളുടെയും ഗൂഢാലോചനകളുടെയും പ്രതി ഗൂഢാലോചനകളുടെയും ദൂഷിത വലയത്തിലകപ്പെടുകയായിരിക്കും ഫലം. മാത്രവുമല്ല, സായുധവിപ്ലവം നടത്തണമെങ്കിൽ ഗൂഢ സംഘങ്ങളുടെ രീതിയിൽ നിങ്ങളുടെ പ്രസ്ഥാനത്തെ നിങ്ങൾക്ക് സംഘടിപ്പിക്കേണ്ടി വരും. അതിന് അതിൻറേതായ ചില പെരുമാറ്റ രീതികളുണ്ട്. അത്തരം സംഘങ്ങൾ വിയോജിപ്പിനെയും ഭിന്ന വീക്ഷണങ്ങളെയും പൊറുപ്പിക്കുകയില്ല. വിമർശന ശബ്ദങ്ങൾ അടിച്ചമർത്തപ്പെടും. അതിൻറെ അഭാവത്തിൽ തുറന്ന ചർച്ചകൾ തടസ്സപ്പെടും. രഹസ്യ സംഘടനകളുടെ ആന്തര യുക്തി ആവശ്യപ്പെടുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. ചതി, കള്ളം, വ്യാജവൽക്കരണം, രക്തച്ചൊരിച്ചിൽ, തുടങ്ങി ഇസ്ലാം അനുവദിക്കാത്ത പലതും പ്രവർത്തകർക്ക് അത് അനുവദിച്ചു കൊടുക്കും എന്നതാണത്. വെടിയുണ്ടയിലൂടെ നിലവിൽ വരുന്ന ഒരു വ്യവസ്ഥ വെടിയുണ്ടയിലൂടെ മാത്രമേ നിലനിർത്താനും കഴിയൂ എന്നത് അതിൻറെ ഒരു സഹജ പ്രകൃതമാണ്. സമാധാനപരമായി ഇസ്ലാമിക വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തെ അസാധ്യമാക്കുന്ന ഒരു കാലാവസ്ഥ ഇത് സൃഷ്ടിക്കും.” മൗലാനാ തൻറെ നിലപാട് വിശദീകരിച്ചുകൊണ്ട് പറഞ്ഞു.

ആ വാക്കുകളിൽ എനിക്ക് മതിപ്പ് തോന്നി. മുസ്‌ലിംലോകത്ത്, എന്നല്ല മൂന്നാം ലോകത്ത് ആകെത്തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നതിൻറെയും സംഭവിക്കാനിരിക്കുന്നതിൻറെ യും ശീർഷകങ്ങളുടെ സൂക്ഷ്മമായ വായന അതിൽ ദൃശ്യമായിരുന്നു. രാഷ്ട്രീയവും സാമൂഹികവും നൈതികവും സദാചാരപരവുമായ ബദൽ ചിന്തയിലേക്കുള്ള ആഹ്വാനം പോലെ, പുതിയൊരു വഴിത്തിരിവു പോലെ, സ്വർഗ്ഗത്തിലേക്കുള്ള പാസ്പോർട്ട് പോലെ തോന്നി അത്.”(desperately seeking paradise.page:29-31. ഉദ്ധരണം: മൗദൂദി സ്മൃതിരേഖകൾ.)

സയ്യിദ് മൗദൂദി മുന്നോട്ടുവച്ച ഈ നയസമീപനം അംഗീകരിച്ച പ്രസ്ഥാനമാണ് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി. അതിൻറെ എട്ട് പതിറ്റാണ്ട് കാലത്തെ ചരിത്രത്തിൽ നിന്ന് വിധ്വംസക പ്രവർത്തനത്തിന് ഒരു തെളിവും ഉദ്ധരിക്കാനില്ലാത്ത തിനാലാണല്ലോ കുഞ്ഞിക്കണ്ണൻ കാശ്മീർ ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ചത്. രണ്ടും ഒന്നാണെന്ന് വരുത്തിതീർക്കാൻ പറഞ്ഞ ന്യായം ആദർശവും ലക്ഷ്യവും ഒന്നാണെന്നാണ്. എങ്കിൽ കമ്മ്യൂണിസം ആദർശമായി അംഗീകരിച്ച്, സോഷ്യലിസ്റ്റ് രാഷ്ട്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റുകൾ, 9 കോടി 40 ലക്ഷത്തെ കൊന്നൊടുക്കിയതിൻറെ ഉത്തരവാദിത്തം സി.പി.എം. ഏറ്റെടുക്കുമോ? ഇന്ത്യയിലെ നക്സലൈറ്റുകളുടെയും മാവോവാദികളുടെയും പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തവും സി.പി.എം. ഏറ്റെടുക്കേണ്ടിവരും.

നൂറുകണക്കിന് മനുഷ്യരെ വെട്ടിയും കുത്തിയും അടിച്ചും ഇടിച്ചും കൊന്ന് വിധ്വംസനപ്രവർത്തനം നടത്തിയതിൻറെയും ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതിൻറെയും ഭാരം തന്നെ സി.പി.എമ്മിന് ചുമക്കാൻ മാത്രമുണ്ടല്ലോ. അത്തരം ഒരു ഭീകര സംഘമാണ് 80 കൊല്ലത്തിനിടയിൽ ഒരാളുടെ മേലും പൂഴി പോലും വാരിയിടാത്ത ജമാഅത്തെ ഇസ്ലാമിയുടെ പേരിൽ വിധ്വംസക പ്രവർത്തനങ്ങളാരോപിക്കുന്നത്.ഈ തൊലിക്കട്ടിയുടെ മുമ്പിൽ കണ്ടാമൃഗം പോലും തോറ്റുപോകും.

Related Articles