Current Date

Search
Close this search box.
Search
Close this search box.

സഫറോം കി സിന്ദഗി

ഹിന്ദിയും ഉറുദുവുമെല്ലാം കണ്ടും കേട്ടും തുടങ്ങുന്നതിന് മുമ്പ് തന്നെ മനസ്സിലുറച്ച ഒരു ഡയലോഗാണ് തലവാചകം. എന്റെ ഗുരുസമാനനും സഹപ്രവർത്തകനുമായ മർഹൂം കെ.ടി.സി വീരാൻ സാഹിബിനെ ഓർക്കുമ്പോഴെല്ലാം ഓർമ വരുന്ന ഒരു വാചകം. ജീവിതം മുഴുവൻ നിലക്കാത്ത യാത്രയാക്കിയ ആ മഹാമനീഷിയെ ചുരുക്കിയെഴുതാൻ എന്നോടാവശ്യപ്പെട്ടാൽ ഞാനെഴുതുക ഇപ്പറഞ്ഞ തലക്കെട്ട് തന്നെയാവും. 94 വർഷം നീണ്ടു നിന്ന നിലക്കാത്ത ആ യാത്രികനെ മറ്റെന്താണ് വിശേഷിപ്പിക്കുക. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും വീട്ടുകാരും ചേർന്നൊരുക്കിയ അനുസ്മരണ ഗ്രന്ഥത്തിനും അവർ നല്കിയത് എന്റെ ഗുരുവിന്റെ ഞരമ്പുകളിൽ അലിഞ്ഞു ചേർന്ന ഉറുദുവിലുള്ള കനമുള്ള പേര് ‘യാദോം കാ സഫർ’ അഥവാ ഓർമകളുടെ യാത്ര. ഏകദേശം അഞ്ച് മാസം സഹവസിച്ച ഈയുള്ളവന് ഒരിക്കലും മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ച എന്റെ ഗുരു അദ്ദേഹത്തിന്റെ അടക്കത്തിന്റെയും അനക്കത്തിന്റെയും കാവൽക്കാരായ ആ മക്കൾക്കും കുടുംബത്തിനും ശിഷ്യന്മാർക്കും നാട്ടുകാർക്കും എത്രമാത്രം പറയാനുണ്ടാവും !! സമദാനി സാഹിബ്, ഇ.ടി ബഷീർ എം.പി, ഒ അബ്ദുർറഹ്മാൻ സാഹിബ്, ഒ അബ്ദുല്ല സാഹിബ്, ഡോ. ഹുസൈൻ മടവൂർ , ഓ.പി അബ്ദുസ്സലാം മൗലവി, വി.എ കബീർ സാഹിബ്, പി.ടി കുഞ്ഞാലി മാഷ് ,ഡോ. അജ്മൽ മുഈൻ, ഒ. സഫറുല്ല, പി.പി അബ്ദുർറഹ്മാൻ സാഹിബ്, എ.ഐ നിഅ്മതുല്ലാഹ് സാഹിബ് എന്നു തുടങ്ങി എനിക്കറിയുന്നവരും അറിയാത്തവരുമായ അമ്പതിലധികം എഴുത്തുകാരുടെ ഓർമകളുടെ ഒരു മഹായാത്രയാണ് 230 പേജുള്ള ആ പുസ്തകം. അവധൂതനെ പോലെ അതിശയിപ്പിച്ച കെ.ടി.സി എന്ന സമദാനിയുടെ ഓർമക്കുറിപ്പ് മാത്രം മതി ഈ പുസ്തകത്തിന്റെ റേഞ്ച് വർധിപ്പിക്കാൻ . ബസ്മേ ഹസനാത്ത് (നന്മകളുടെ സഭ), അൻജുമൻ തറഖി ഉറുദു, മലബാരി ആവാസ് എന്നിങ്ങനെ ഉറുദു ബന്ധിത പരിപാടികളുടെയെല്ലാം തുടക്കക്കാരൻ എന്ന നിലയിൽ ഞാനദ്ദേഹത്തെ വിളിച്ചിരുന്ന പേര് ബാബായേ ഉറുദു ദർ സമീനേ കേരൽ എന്നായിരുന്നു. കേരള നാട്ടിലെ ഉറുദുവിന്റെ പിതാവ് എന്നർഥം. വളരെ വിനയപൂർവ്വം അദ്ദേഹം ആ സ്ഥാനം നിരസിച്ചിരുന്നു.

കീരൻ തൊടി കുടുംബത്തിൽ നിന്നും കെ.ടി.സി യുടെ മകൻ ഹാഷിം സാഹിബിനെ മാത്രമാണ് എനിക്ക് നല്ല പരിചയമുള്ളത്. പുസ്തകത്തിന്റെ പണിപ്പുരയിലുള്ള കെ.ടി ഉല്പമുള്ളവരെല്ലാം കെ.ടി.സി യുടെ ബന്ധുക്കളാവും എന്ന് കരുതുന്നു. ജീവിതത്തിൽ കെ.ടി.സി മാറി മാറി ധരിച്ച വേഷങ്ങളുടെ വർണ വിസ്മയങ്ങൾ ചുരുക്കി വിവരിച്ച പി.ടി കുഞ്ഞാലി മാഷിന് പ്രത്യേകം നന്ദി. ശാന്തപുരത്ത് ഒരു സെമസ്റ്ററിൽ ഉറുദുക്കാരാരും അധ്യാപകരായി ഇല്ലാതായപ്പോൾ അന്നത്തെ റെക്ടർ ജനാബ് വി.കെ അലി സാഹിബ് ഉറുദു വിഭാഗം മേധാവിയായി നിശ്ചയിച്ചത് കെ.ടി.സി യെയും അദ്ദേഹത്തെ അസിസ്റ്റ് ചെയ്യാൻ എന്നെയുമാണ്. നിലവിലുണ്ടായിരുന്ന അറബി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതോടൊപ്പം ആദ്യ മൂന്നു വർഷക്കാർക്ക് ഞാനും സീനിയർ ക്ലാസുകളിൽ കെ.ടി.സി യും . അതിനായി അദ്ദേഹം തന്നെ തയ്യാറാക്കിയ സിലബസും കരിക്കുലവും . കെ.ടി.സി യുടെ തന്നെ ഉറുദു റീഡർ എന്ന സീരീസായിരുന്നു ഹമാരീ കിതാബിന് പകരം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഓരോ ദിവസവും പിറ്റേന്നത്തേക്കുള്ള ക്ലാസിന്റെ ട്രെയിനിങ്, മോക്ക് ക്ലാസ് , പറയാനുള്ള മലയാളം – ഉറുദു ജോക്സ് എല്ലാം അതി സൂക്ഷ്മമായി എഴുതി വെക്കാറുണ്ടായിരുന്നു . 2001-02 കാലത്താണ് സംഭവം. ഉറുദുവോടൊപ്പം അത്യാവശ്യത്തിന് ഫാരിസിയും മരുന്നായി വേണമെന്ന് അദ്ദേഹം ഉണർത്താറുണ്ടായിരുന്നു. ഇത്തരം അനുഭവങ്ങൾ ഒരുപാട് എഴുതാനുണ്ടായിരുന്നു. എഴുതാൻ ഹാഷിം സാഹിബ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പക്ഷേ, പ്രകൃത്യാ ഉള്ള മടി കാരണം എഴുതാതെ പോയതാണ്.

കഴിഞ്ഞ ആഴ്ചയാണ് സഹപ്രവർത്തകനായ കൊടിയത്തൂർ അബൂബക്ർ പുതുക്കുടി സുല്ലമി യാദോം കാ സഫർ ഹാഷിം സാഹിബിന്റെ സമ്മാനമായി നൽകിയത്. രണ്ടു ട്രെയിൻ യാത്രകളിലായി പുസ്തകം വായിക്കുമ്പോൾ കെ.ടി.സി യുടെ ചിരിക്കുന്ന മുഖമാണ് മനസ്സിൽ നിറഞ്ഞു നിന്നത്. ക്ലാസിലെ അധ്യാപനത്തിലൊതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ തർബിയത് . സുബ്ഹിക്ക് കൈയ്യും കെട്ടി പള്ളിയിൽ പോവുന്ന കുട്ടികളെ വിളിച്ച് റബ്ബ് ഈ രണ്ടു കൈകൾ തന്നത് കെട്ടിവെക്കാനല്ല എന്ന ലളിതമായ ഭാഷയിലൂടെ അവരെ ഉത്ബുദ്ധരാക്കുമായിരുന്നു. ചെറിയ ചെറിയ നന്മകൾ വിദ്യാർഥികളെ ഓർമിപ്പിക്കുന്ന അത്തരമൊരനുഭവം നാദാപുരം മുഹമ്മദ് എന്ന വിദ്യാർഥി പുസ്തകത്തിൽ ഓർമിച്ചെഴുതുന്നുണ്ട്. അദ്ദേഹം അറബി അധ്യാപകനായിട്ടും ഉറുദു ഭാഷയുടെ മലബാരീ അംബാസഡറായത് നിയോഗമായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്. തന്റെ നാട്ടിലുണ്ടായിരുന്ന ഒരു എയിഡഡ് സ്കൂൾ ഒരുപാട് ഉറുദു മുൻഷിമാർക്ക് ജന്മം നൽകിയ വെള്ളം ചേർക്കാത്ത കഥ ഒരിക്കലദ്ദേഹം പറഞ്ഞതോർക്കുന്നു. കെ.പി വേലായുധൻ സാറടക്കം ചേന്ദമംഗലൂർ, കുന്നംമംഗലം, മുക്കം, കൊടിയത്തൂർ ഭാഗത്തുള്ള എത്രയോ പേർ ഉറുദു ഭാഷയെ സ്നേഹിക്കുന്നവരും സേവിക്കുന്നവരുമാക്കിയതിൽ കെ.ടി.സി ക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന കുറിപ്പുകൾ, രസകരമായ മറ്റ് സംഭവങ്ങൾ എന്നിവ കൊണ്ട് സമ്പന്നമാണ് അരീക്കോട് ലിറ്റ്സാഗ പ്രസിദ്ധീകരിച്ച ലളിതവും മനോഹരവുമായ ഈ പുസ്തകം.

കെ.ടി അബ്ദുർറബ്ബ് സാഹിബ് ഇതിന്റെ എഡിറ്ററും എന്റെ സുഹൃത്തും കെ.ടി.സി യുടെ മൂന്നാമത്തെ  മകനുമായ കെ.ടി ഹാഷിം സാഹിബ് കോർഡിനേറ്ററും . 325/- രൂപ മുഖവില നിശ്ചയിച്ചിരിക്കുന്ന ഗ്രന്ഥം കെ.ടി.സി യെ അറിയുന്നവർക്ക് ഓർമ പുസ്തകമായും കെ.ടി.സി എന്ന ത്രൈയക്ഷരനെ കുറിച്ച് കൂടുതൽ അറിയേണ്ടവർക്ക് 50+ ശ്ലഥയോർമകളുടെ പാഠ പുസ്തകവുമായി അനുഭവപ്പെടും , തീർച്ച. അവസാന പേജുകളിലുള്ള ഇംഗ്ലീഷ് , അറബി, ഉറുദു ലേഖനങ്ങളും പുസ്തകത്തിലെ ചിത്രങ്ങളും അദ്ദേഹത്തിന്റെ അപൂർവ്വ പ്രതിഭയുടെ തിളക്കവും നിറവും വ്യക്തമാക്കുന്നവയാണ്. ഓർമകൾ പങ്കുവെച്ചവർക്കും അതി മനോഹരമായി പുസ്തകം സെറ്റ് ചെയ്തവർക്കും എനിക്കെത്തിച്ചു തന്നവർക്കും തഹേ ദിൽ സേ ഹസാർ ഹാ ശുക്രിയ : ഹൃദയത്തിന്റെ അഗാധതകളിൽ നിന്നുമുള്ള സഹസ്രം നന്ദി .

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles