Current Date

Search
Close this search box.
Search
Close this search box.

പി.എസ് ജി യുടെ ആ സെനഗൾ കളിക്കാരൻ!

പാരിസ് സാൻ ജർമെയ്ൻ (പി.എസ്.ജി) ക്ളബ്ബിന്റെ സെനഗൾ കളിക്കാരനായ ഇദ് രീസ ഗായ് കൈ കൊണ്ട ഒരു തീരുമാനം ഫ്രാൻസിനകത്തും പുറത്തും വലിയ ഒച്ചപ്പാടുകൾക്ക് കാരണമായി. ഫ്രഞ്ചു ഫുട്ബോൾ ഫെഡറേഷൻ ഇദ് രീസയെ വിളിച്ചു വരുത്തി വിശദീകരണം ചോദിക്കാൻ തുനിഞ്ഞതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്. അറബ് ലോകത്ത് നിന്നും മറ്റും വലിയ ജനപിന്തുണയാണ് ആ കളിക്കാരന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പി.എസ്.ജി നാല് ഗോളിന് ജയിച്ച മോൺപിലിയ ക്ളബ്ബിനെതിരെയുള്ള മത്സരത്തിൽ നിന്ന് എന്ത് കൊണ്ട് വിട്ടു നിന്നു എന്നാണ് അദ്ദേഹത്തോട് ചോദിക്കുക. യഥാർഥത്തിൽ കാരണം എല്ലാവർക്കുമറിയാം. സ്വവർഗ്ഗാനുരാഗികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി എൽ. ജി. ബി. ടി ക്യൂവിന്റെ സിംബലായ മഴവിൽ വർണ്ണങ്ങളിൽ ആലേഖനം ചെയ്ത ജഴ്സി നമ്പറിലാണ് ആ മത്സരത്തിൽ കളിക്കേണ്ടിയിരുന്നത്. അത് തനിക്ക് സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു ഈ വിട്ടു നിൽക്കലിലൂടെ സെനഗൾക്കാരനായ ഈ കളിക്കാരൻ.

ചിലർ ഇദ് രീസയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. കാരണം, ‘അർഹതയില്ലാത്ത പ്രതിഫലമാണ് അയാൾ കൈപറ്റുന്നത്.’ കഴിഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്ന വലേറി പക്‌രീസ് എന്ന രാഷ്ടീയക്കാരി പറയുന്നത് കാണുക: ‘ക്ളബ്ബിലെ കളിക്കാരുടെ ജഴ്സി നമ്പറുകൾ നമ്മുടെ ചെറുപ്പക്കാർ ഓർത്തു വെക്കുന്നു. അത് കൊണ്ട് കളിക്കാർ ചെറുപ്പക്കാർക്ക് മാതൃകയാവണം. ഇദ് രീസ ആ മത്സരം കളിക്കാൻ വരാതിരുന്നത് കുറ്റകൃത്യമാണ്. ഇങ്ങനെ സ്വവർഗ്ഗാനുരാഗ പേടി പരത്തുന്നവരെ വെറുതെ വിട്ടു കൂടാ.’ ഇത്തരം പ്രസ്താവനകൾ കടുത്ത എതിർ പ്രതികരണങ്ങൾക്കും കാരണമായി. സെനഗൾ കളിക്കാരനോട് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് അറബിയിൽ ഒരു ഹാഷ് ടാഗ് കാമ്പയിൻ തന്നെ ആരംഭിച്ചു. ‘കുല്ലുനാ ഇദ് രീസ ഗായ്’ (നമ്മളെല്ലാം ഇദ് രീസ ഗായ് ). ഇംഗ്ലീഷിൽ അത് ഇങ്ങനെയാണ് -# weareallldrissa. തനിക്ക് ശരിയെന്ന് തോന്നുന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്രൃത്തിന് വേണ്ടി സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചാരണം നടക്കുന്നു.

പക്ഷെ അറബ് ലോകത്ത് നിന്നുള്ള ചില പ്രതികരണങ്ങൾ വിഷയത്തെ ഒരു മത പ്രശ്നമായി കാണുകയാണ്. ഒരു അറബി ക്ളബ്ബിലാണ് ഇദ് രീസ കളിക്കുന്നതെങ്കിൽ അതിന് കുറച്ചൊക്കെ സാംഗത്യമുണ്ടാവുമായിരുന്നു. ഇവിടെ ഇദ് രീസ ഒരു യൂറോപ്യൻ ക്ളബ്ബിലെ പ്രഫഷനൽ കളിക്കാരനാണ്. ആയതിനാൽ ഒരു മതവിഷയമാക്കി അതിനെ ചുരുക്കാതെ, അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ നിഷേധം എന്ന തലത്തിലാണ് അതിനെ കാണേണ്ടത്. പക്ഷെ ഈജിപ്തിലെ അൽ അസ്ഹർ ഫത് വാ സമിതിയുടെ പ്രതികരണങ്ങളിൽ ഉൾപ്പെടെ ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമായാണ് അതിനെ അവതരിപ്പിച്ചിരിക്കുന്നത്. കളിക്കാരൻ തന്റെ മത വിശ്വാസത്തിന്റെ അംബാസഡർ കൂടിയാണ്. മുസ്ലിമായത് കൊണ്ട് മറ്റെല്ലാ പരിഗണനകളേക്കാളും മുകളിലായിരിക്കും അയാളുടെ ദീനീ പരിഗണന. ക്ളബ്ബുകൾ തങ്ങളുടെ ചില പ്രത്യേക അജണ്ടകൾ നടപ്പാക്കാനോ സ്വവർഗലൈംഗികതയെ സ്വാഭാവിക വൽക്കരിക്കാനോ ശ്രമിക്കുന്നത് നീതിയല്ല. കളിക്കാരന്റെ വിശ്വാസത്തിനും മതബോധ്യങ്ങൾക്കും അത് എതിരായിത്തീരും എന്നതാണ് കാരണം. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്നുണ്ടെന്ന കാര്യവും അസ്ഹർ പണ്ഡിത സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഒരു കളിക്കാരന്റെ ഭാവി തന്നെ അപകടത്തിലാക്കിയ ഈ സംഭവത്തോട് അഭിപ്രായ പ്രകടന സ്വാതന്ത്രൃത്തിന്റെ തലത്തിൽ നിന്നു കൊണ്ട് തന്നെയാണ് പ്രതികരിക്കേണ്ടത്. അതേ കളിക്കാരന് ഏതെങ്കിലും നിലക്ക് പ്രയോജനപ്പെടൂ. ഇദ് രീസ എന്ന കളിക്കാരൻ സ്വവർഗലൈംഗികക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. അത്തരക്കാരെ അറസ്റ്റ് ചെയ്യണം (സെനഗളിൽ അതാണ് നിയമം) എന്ന് ആവശ്യപ്പെട്ടിട്ടില്ല. താൻ ജീവിക്കുന്ന സമൂഹത്തിലെ ജീവിത രീതികളെ അദ്ദേഹം മാനിക്കുന്നു. തിരിച്ചങ്ങോട്ടും ഇത് വേണം. ഒരാളുടെ മതകീയ ബോധ്യങ്ങളെ വ്രണപ്പെടുത്തുന്ന ഉത്തരവുകൾ ക്ളബ്ബ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവാതിരിക്കണം.

(അൽ മിസ്വ്രി അൽ യൗമിൽ എഴുതിയ കോളം)

വിവ- അശ്റഫ് കീഴുപറമ്പ്

Related Articles