Current Date

Search
Close this search box.
Search
Close this search box.

പ്രവാചക വൈദ്യം: തട്ടിപ്പുകളുടെ പുതിയ രൂപങ്ങള്‍

prophets-family.jpg

‘നിങ്ങളുടെ ആളുകള്‍ ചെയ്യുന്ന കാര്യങ്ങളില്‍ പ്രതികരിക്കാന്‍ നിങ്ങള്‍ വലിയ ആവേശം കാണിക്കാറില്ല. ഇന്നലെ പ്രവാചക വൈദ്യത്തിന്റെ പേരില്‍ നടന്ന തട്ടിപ്പ് നിങ്ങള്‍ എവിടെയും പറഞ്ഞു കണ്ടില്ല.’

ഒരു സഹോദരിയുടെ വാക്കുകള്‍ ഇങ്ങിനെ. ആദ്യം ഞാന്‍ അവര്‍ക്ക് ഒരു ക്ഷമാപണം അയച്ചു. ഇന്നലെ പലപ്പോഴും വിഷയത്തെക്കുറിച്ച് എഴുതാന്‍ തുനിഞ്ഞതാണ്. മറ്റു ചില വിഷയങ്ങള്‍ കാരണം അതിനു കഴിഞ്ഞില്ല. ശരി തെറ്റുകള്‍ക്ക് ഒരേ മാനമേ കാണാവൂ. അതിലപ്പുറം മറ്റൊരു നിലപാടും സാധ്യമല്ല. മതത്തെ വിറ്റു ജീവിക്കുന്നവര്‍ എല്ലാ മതത്തിലും ഉണ്ടാകും. വിശ്വാസികള്‍ക്ക് വിവരമില്ലാത്ത കാലത്തോളം അത് തുടരും എന്നെ പറയാന്‍ കഴിയൂ.

പ്രവാചകന്‍മാര്‍ ഭൂമിയില്‍ വരുന്നത് ആളുകള്‍ക്ക് ചികിത്സ പഠിപ്പിക്കാനല്ല. അതെ സമയം ഒരു ആരോഗ്യകരമായ സമൂഹം ഉണ്ടാകണം എന്നത് പ്രവാചകന്റെ നിയോഗ ലക്ഷ്യങ്ങളില്‍ പെട്ടതും. അത് കൊണ്ട് തന്നെ ആരോഗ്യകരമായ ഒരു ജീവിതത്തെ കുറിച്ച് പ്രവാചകന്‍ നിരന്തരം സമൂഹത്തെ ഉണര്‍ത്തി. ചികിത്സയെ കുറിച്ചും മരുന്നിനെ കുറിച്ചും വൃത്തിയെ കുറിച്ചും പ്രതിപാദിക്കുന്ന ഏകദേശം നാനൂറോളം പ്രവാചക വചനങ്ങള്‍ ഉണ്ടെന്നാണ് വിവരം. അസുഖത്തെ കുറിച്ച ആദ്യ നിലപാട് ഭക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഭക്ഷണത്തെ കുറിച്ച ഇസ്ലാമിക കാഴ്ചപ്പാട് നല്ലതും അനുവദനീയവും എന്നാണ്. നല്ല ഭക്ഷണം എന്നത് കൊണ്ട് വിവക്ഷ ആ ഭക്ഷണത്തിന്റെ ഉറവിടമാണ്. നല്ല സമ്പാദ്യം കൊണ്ട് വാങ്ങുന്ന ഭക്ഷണം അത് പോലെ ആരോഗ്യകരമായ ഭക്ഷണ രീതിയും. ഒന്ന് മനസ്സുമായി ബന്ധപ്പെട്ടത് മറ്റൊന്ന് ശരീരവുമായി ബന്ധപ്പെട്ടതും. അവിടെ നിന്നും തുടങ്ങി പിന്നെ അത് കഴിക്കേണ്ട രീതി. വയറു നിറച്ചു കഴിക്കുക എന്നതു പ്രവാചകന്‍ വിശ്വാസവുമായി ബന്ധപ്പെടുത്തി.

അസുഖം വന്നാല്‍ ചികിത്സിക്കണം എന്ന് തന്റെ സമൂഹത്തിലെ ആളുകളെ പ്രവാചകന്‍ ഓര്‍മ്മപ്പെടുത്തി. അന്ന് മദീനയില്‍ ജീവിച്ചിരുന്ന ഒരു ജൂത ഡോക്ടറെ കാണാന്‍ പ്രവാചകന്‍ ആളുകളോട് പറഞ്ഞിരുന്നു. എന്നിട്ട് അവിടുന്ന് പറഞ്ഞു ‘മരുന്നില്ലാത്ത ഒരു രോഗവുമില്ല’ മരുന്ന് കഴിക്കുക എന്നിട്ട് പ്രാര്‍ത്ഥിക്കുക എന്നതാണ് പ്രവാചക ചികിത്സാ രീതിയുടെ അടിസ്ഥാനം. സമൂഹത്തില്‍ അന്ന് നില നിന്നിരുന്ന ചികിത്സ രീതികളെ പ്രവാചകന്‍ സ്വീകരിച്ചു. ചില മരുന്നുകളെ കുറിച്ച് അവിടുന്ന് പറയുന്നതായി ഹദീസുകളില്‍ കാണുന്നു. കരിംജീരകത്തില്‍ മരണത്തിനൊഴികെ എന്തിനും ചികിത്സയാണ് എന്നതാണ് അതിലൊന്ന്. അത് പോലെ ചില കാരക്കയുടെ ഗുണം പറയുന്ന ഹദീസും കാണാവുന്നതാണ്. ഇതേ പ്രവാചകന്‍ തന്നെയാണ് ആളുകളോട് ചികിത്സ തേടാന്‍ കല്‍പ്പിച്ചതും. പ്രവാചകന്‍ പോലും അവസാന സമയത്ത് തന്റെ അസുഖത്തിന് മരുന്ന് കഴിച്ചു എന്നത് നാം വായിക്കുന്നു.

പറഞ്ഞു വന്നത് നല്ല ആരോഗ്യമുള്ള സമൂഹത്തെ കുറിച്ച സങ്കല്‍പ്പത്തില്‍ രോഗമുക്തമായ സമൂഹം എന്നതാണു നിലപാട്. പ്രവാചകന്റെ ചികിത്സ രീതികള്‍ പ്രതിപാദിച്ചു പല പുസ്തകങ്ങളും ലഭ്യമാണ്. ഖുര്‍ആന്‍ എല്ലാ ശാസ്ത്രീയ വിഷയങ്ങളും പറയുന്നു എന്നിടത്ത് മുസ്ലിംകള്‍ നിര്‍ത്തി കളഞ്ഞു. അവിടെ നിന്നും ഒരു പഠനം ആരംഭിക്കാന്‍ അവര്‍ തയ്യാറായില്ല. AD 1300നു ശേഷം കാര്യമായ പഠനം ഈ വിഷയത്തില്‍ മുസ്ലിം ലോകത്ത് നടന്നില്ല. പിന്നെ പലരും കണ്ടെത്തുമ്പോള്‍ അത് ഖുര്‍ആനില്‍ ഉണ്ടെന്ന സ്ഥിരം വാക്കില്‍ ഒതുങ്ങി പോകുന്നു. പ്രവാചകന്‍ നല്‍കിയ ആരോഗ്യ നിര്‍ദേശങ്ങളും ഉപയോഗങ്ങളും ഒരു ശാസ്ത്രീയ പഠനത്തിലൂടെ മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിക്കാതെ അതിന്റെ മറവില്‍ ഭക്തി നിറയ്ക്കാനാണ് പലരും ശ്രമിച്ചത്. പ്രവാചക ചികിത്സ എന്നത് ഒരു രീതിയാണ്. ഈ വിഷയത്തെ അധികരിച്ച് പഠിച്ച ഇബ്‌നു ഖയ്യിം അവര്‍കള്‍ പറയുന്നു ‘പ്രവാചക ചികിത്സയുടെ അടിസ്ഥാനം മൂന്നാണ്. ഒന്ന് കാരണം കണ്ടെത്തുക. പിന്നെ രോഗം നിര്‍ണയിക്കുക മൂന്നാമത്തെ വിഷയമാണ് മരുന്ന്’. കാരണം കണ്ടെത്താത്ത ചികിത്സ വ്യര്‍ത്ഥമാണ്.

ഇന്ന് നാട്ടില്‍ മുളച്ചു പൊന്തുന്ന രീതിയാണ് പ്രവാചക ചികിത്സ. അതില്‍ ഭക്തിക്കാണ്് കൂടുതല്‍ സ്ഥാനം. ഭക്തിയുടെ മറവില്‍ പലരും നടത്തുന്ന തട്ടിപ്പുകളില്‍ വിശ്വാസി വീണു പോകുന്നു. ഇസ്ലാമില്‍ ആര്‍ക്കും ആരെയും ചികിത്സിക്കാം. ഒരു നിബന്ധന മാത്രം. അയാള്‍ക്ക് ചികിത്സിക്കാനുള്ള യോഗ്യത വേണം. ആളുകള്‍ എന്തും പ്രവാചകനോട് പറഞ്ഞിരുന്നു. അവരുടെ അസുഖത്തെ കുറിച്ചും. വേണ്ട നിര്‍ദേശങ്ങള്‍ അവിടുന്ന് നല്‍കും. വൈദ്യനെ കാണാന്‍ പറയും. പ്രാര്‍ഥിക്കാന്‍ പറയും. അവര്‍ അത് പാലിക്കും ഇതായിരുന്നു അതിന്റെ രൂപം. അതെ സമയം അതില്‍ ഭക്തി ചേര്‍ത്താണ് ഇന്ന് പലരും രംഗത്ത് വരുന്നത്. പ്രവാചക കല്പന പൂര്‍ണമായി ഉള്‍കൊണ്ടാല്‍ അസുഖം വരാനുള്ള സാധ്യത കുറവാണ്. നേരത്തെ ഉറങ്ങുക നേരത്തെ എഴുന്നേല്‍ക്കുക. വ്യായാമം ചെയ്യുക കൂടുതല്‍ വെള്ളം കുടിക്കുക. സമീകൃത ആഹാര രീതി എന്നിവയാണ് ആ കല്പനകള്‍.

ഇസ്‌ലാം ഒരു സമ്പൂര്‍ണ്ണ ജീവിത പദ്ധതിയാണ് അതില്‍ ജീവിത ക്രമവും വരിക എന്നത് സാധ്യമാണ്. പ്രവാചകന്‍ ആളുകളെ ചികിത്സ പഠിപ്പിക്കാന്‍ വന്ന ആളല്ല. രോഗം രണ്ടു വീതം ഒന്ന് മാനസികം മറ്റൊന്ന് ശാരീരികം. ഇവ രണ്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് പ്രവാചകന്‍ പഠിപ്പിച്ചത്. അത് കൊണ്ടാണ് ‘ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ്’ ഉണ്ടാകൂ എന്ന് പറയുന്നതും.

പ്രവാചകനെ മനുഷ്യനായി കാണാനാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. സമൂഹത്തെ പഠിപ്പിച്ച കാര്യങ്ങളില്‍ ശരീരവും മനസ്സും ഒന്നിച്ചു ചേര്‍ന്ന കാര്യങ്ങളായിരുന്നു. ആര്‍ക്കും മനസ്സിലാവുന്ന കാര്യങ്ങള്‍. ഇന്ന് കൂണ് പോലെ മുളച്ചു പൊന്തുന്ന ഈ തട്ടിപ്പ് കേന്ദ്രങ്ങളെ സൂക്ഷിക്കണം. ചികിത്സ നടത്താന്‍ ഒരു സ്ത്രീയെയും പ്രവാചകന്‍ ഒറ്റയ്ക്ക് കൊണ്ട് പോയില്ല. പക്ഷെ ഇന്ന് തട്ടിപ്പ് സംഘത്തിന് എല്ലാം ഒറ്റക്കാണ്. പ്രവാചകന്‍ ഉപയോഗിച്ച ചികിത്സ രീതികള്‍ അത് പോലെ പിന്തുടരാന്‍ വിശ്വാസിയോട് കല്പ്പിക്കപ്പെട്ടില്ല. അതെ സമയം രോഗത്തിന്റെയും മരുന്നിന്റെയും അടിസ്ഥാനം പിന്തുടരാന്‍ കല്‍പ്പിക്കപ്പെടുകയും ചെയ്തു. ആധുനിക വൈദ്യത്തിനു ഉതകുന്ന പഠനങ്ങള്‍ ഇനിയും ഈ വിഷയത്തില്‍ നടക്കണം. പ്രവാചകനെ ഒന്നിച്ചും ഭാഗികമായും വിറ്റ് ജീവിക്കുന്നവര്‍ക്ക് പ്രവാചകന്‍ ജീവിത മാര്‍ഗമാണ്. വിശ്വാസികള്‍ക്ക് യഥാര്‍ത്ഥ അനുഗ്രഹവും.

Related Articles