Current Date

Search
Close this search box.
Search
Close this search box.

ഇസ്രായിലിലെ രാഷ്ട്രീയ നാടകം

പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു. നെസറ്റിൽ (പാർലമെന്റ്) ആറ് അംഗങ്ങളുള്ള ഇടതുപക്ഷ മിററ്റ്‌സ് പാർട്ടിയിലെ ഗൈദ റിനാവി സുഐബി രാജിവെച്ചതോടെയാണിത്.

ഇസ്രായിലി അറബ് വംശജയാണ് ഗൈദ. താൻ ഉൾപ്പെട്ട സമൂഹത്തെ നിരന്തരം ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഒരു ഭരണത്തിന്റെ ഭാഗമായിരിക്കാൻ വയ്യ എന്നാണ് മുന്നണി വിടുന്ന തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് അവർ പറഞ്ഞത്. പരിപാവനമായ അൽ അഖ്‌സ പള്ളിയിൽ പ്രാർഥനക്കെത്തുന്നവരെ ആക്രമിക്കുകയും ഫലസ്തീനിയൻ പത്രപ്രവർത്തക ഷിറീൻ അബൂ അഖ്‌ലയെ കൃത്യനിർവ്വഹണത്തിനിടയിൽ നിഷ്ഠൂരമായി വെടിവെച്ചുകൊല്ലുകയും സംസ്‌കാരച്ചടങ്ങുകൾ പോലും അലങ്കോലപ്പെടുത്തുകയും ചെയ്ത ഒരു സർക്കാരിന്റെ ഭാഗമാവാൻ കഴിയില്ലെന്നാണ് അവരുടെ നിലപാട്.

120 അംഗ നെസറ്റിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ ഒപ്പിച്ചെടുക്കാൻ മുൻ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ എതിരാളികളായ എട്ടു പാർട്ടികളെ ചേർത്താണ് തീവ വലതുപക്ഷ യാമിന പാർട്ടി നേതാവ് നെഫ്താലി ബെന്നറ്റ് കഴിഞ്ഞ വർഷം ജൂണിൽ സർക്കാർ ഉണ്ടാക്കിയത്. കഴിഞ്ഞ മാസം സ്വന്തം പാർട്ടി അംഗം തന്നെ മുന്നണി വിട്ടതോടെ കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ബെന്നറ്റിന്റെ സഖ്യത്തിന് ഇപ്പോൾ 59 സീറ്റുകളേയുള്ളൂ. 61 പേരുടെ പിന്തുണ ഉണ്ടെങ്കിലേ പാർലമെന്റ് പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രമേയം പോലും അവതരിപ്പിക്കാൻ കഴിയൂ. പ്രതിപക്ഷത്തുള്ള പലർക്കും അഴിമതിക്കാരനായ നെതന്യാഹുവിനെ ഇഷ്ടമല്ല. അതി‌നാൻ ന്യൂനപക്ഷ സർക്കാർ കുറച്ചു കാലം തുടരാനാണ് സാധ്യത. സഖ്യം വിട്ട ഇരു വനിതകളും മറ്റൊരു ഇലക്ഷന് വഴിയൊരുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന്റെ കടുത്ത വിരോധിയാണ് ബെന്നറ്റ്. അധിനിവേശ ഭൂമിയിൽ നിയമ വിരുദ്ധ ജൂത കുടിയേറ്റങ്ങൾക്ക് ബെന്നറ്റ് ഭരണകൂടം എല്ലാ പിന്തുണയും നൽകി വരുന്നു. ഇയാളും നെതന്യാഹുവും തമ്മിൽ ഇക്കാര്യങ്ങളിൽ ഒരു വ്യത്യാസവുമില്ല. നെതാന്യാഹുവിനെ താഴെ ഇറക്കണമെന്ന ഒരൊറ്റ അജണ്ടയിൽ മാത്രം രൂപം കൊണ്ട സർക്കാരാണ് ബെന്നറ്റിന്റേത്. മുന്നണിയിലെ എട്ട് പാർട്ടികൾ തമ്മിൽ ഒരു നിലക്കും ഇഴയടുപ്പമില്ല എന്നതാണ് ഒന്നാമത്തെ കാര്യം. ഈ പാർട്ടികളുടെ മിക്ക നേതാക്കളും നെതാന്യാഹുവിനോപ്പം അടുത്ത കാലം വരെ അധികാരം പങ്കിട്ടവരുമാണ്.

രണ്ട് വർഷത്തിനിടെ നാലാം തവണ നടന്ന തിരഞ്ഞെടുപ്പിന് ശേഷമാണ് വലതുപക്ഷവും മധ്യവർഗ പാർട്ടികളും ഇടതുപക്ഷവും അറബ് ഇസ്ലാമിസ്റ്റ് പാർട്ടിയും ഉൾപ്പെട്ട ഗവണ്മെന്റിന് നഫ്താലി ബെന്നറ്റ് നേതൃത്വം നൽകുന്നത്. ഇസ്രായിലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അറബ് ഇസ്ലാമിക് പാർട്ടി ഭരണ മുന്നണിയുടെ ഭാഗമാകുന്നത്. ഇസ്രായിലിലെ 21 ശതമാനം വരുന്ന അറബ് ന്യൂനപക്ഷത്തെയാണ് മൻസൂർ അബ്ബാസിന്റെ നേതൃത്വത്തിലുള്ള യുനൈറ്റഡ് അറബ് ലിസ്റ്റ് പ്രതിനിധാനം ചെയ്യുന്നത്. നാലു സീറ്റുകളുള്ള അബ്ബാസിന്റെ റാഅമിന്റെ കൂടി പിന്തുണയില്ലെങ്കിൽ ഈ സർക്കാർ യാഥാർഥ്യമാകുമായിരുന്നില്ല.

ബെന്നറ്റിന്റെ അറബ്, ഫലസ്തീൻ വിരുദ്ധ നടപടികളോട് പ്രതിഷേധം പ്രകടപ്പിച്ച് സഖ്യവുമായുള്ള സഹകരണം കുറച്ചു കാലത്തേക്ക് മരവിപ്പിച്ച റാഅംവീണ്ടും മുന്നണിയിൽ തുടരുകയാണ്. മറ്റൊരു തെരഞ്ഞെടുപ്പ് പാർട്ടി ആഗ്രഹിക്കുന്നില്ല. ബെന്നറ്റ് പോയാൽ വീണ്ടും നെതന്യാഹുവോ അതുപോലെയുള്ള തീവ്ര സയണിസ്റ്റുകളോ ആയിരിക്കും ഭരണത്തിൽ എത്തുകയെന്ന് അവർക്കറിയാം. റെയ്‌സർ തിൻ മെജോരിറ്റി എന്നത് ഇസ്രായേലിനെ പോലുള്ള ഒരു ഡെമോക്രസിയിൽ അതീവ സെൻസിറ്റീവ് ആയ പ്രശ്‌നം തന്നെയാണ്. ഇപ്പോഴത്തെ ഭരണപക്ഷത്തുനിന്ന് ഒരു പാർട്ടിയെ പിടിച്ചു ഇപ്പുറത്തിട്ടാൽ നേതാന്യാഹുവിന് വീണ്ടും പ്രധാനമന്ത്രി കസേരയിൽ കയറിപ്പറ്റാൻ മാത്രം ദുർബലമാണത്. അധിനിവേശം അതിന്റെ എല്ലാ രുദ്രഭാവവും പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്ന, മാധ്യമ പ്രവർത്തകരെ വെടിവെച്ചു കൊല്ലുന്ന സയണിസ്റ്റ് ഭീകര ഭരണകൂടത്തെ ഡമോക്രസിയുടെ കള്ളിയിൽ പെടുത്തുന്നത് പോലും ന്യായമല്ല എന്നാണ് എന്റെ തോന്നൽ.

Related Articles