Current Date

Search
Close this search box.
Search
Close this search box.

പ്രതിരോധമാവാം പ്രകോപനമരുത്

സാധാരണ ഗതിയില്‍ ജനിച്ച സമുദായത്തോടുള്ള സ്‌നേഹം ഏതു മത നിഷേധിയുടെ മനസ്സിലും രൂഢമായിരിക്കും.  എത്ര തന്നെ സാമുദായികതയെ തള്ളിപറഞ്ഞാലും മനുഷ്യ മനസ്സുകളില്‍ അതൊരു വികാരമായി നില നില്‍ക്കും. അത് ഒരു മാനുഷിക വികാരമാണ്. അതിനെ പൂര്‍ണമായി ഉപേക്ഷിക്കാന്‍ മനുഷ്യന് കഴിയില്ല.

അതിനൊരു പരിധി വെക്കാന്‍ കഴിയും. അത് കൊണ്ട് തന്നെ എന്റെ സമുദായത്തിന് ഗുണം ലഭിക്കണം എന്ന് ആഗ്രഹിക്കുന്നത് തെറ്റല്ല. അതെ സമയം അത് മറ്റൊരാളുടെ നീതി നിഷേധിച്ചു കൊണ്ടാകരുത് എന്ന് മാത്രം. എന്റെ സമുദായത്തിന്റെ നന്മകള്‍ ഞാന്‍ എടുത്തു പറയണം. പക്ഷെ തിന്മകള്‍ മൂടി വെച്ച് കൊണ്ടാകരുത് എന്ന് മാത്രം. എന്റെ സമുദായത്തിന്റെ നന്മയാണ് ഞാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ സമുദായത്തിന്റെ തിന്മയും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ട് വരിക എന്നതാണ് ശരിയായ രീതി.

പി സി ജോര്‍ജ് ഒരു കൃസ്ത്യാനിയാണ് എന്നത് ഒരു സത്യമാണ്. തന്റെ സമുദായത്തെ ആളുകള്‍ പുറമെ നിന്നും ആക്രമിക്കുമ്പോള്‍ മാന്യമായ പ്രതിരോധം തീര്‍ക്കുക എന്നത് അദ്ദേഹത്തിന്റെ അനിവാര്യതയാണ്. അതില്‍ നാം തെറ്റ് പറയില്ല. ബിഷപ്പ് തെറ്റുകാരനല്ല എന്ന് പറയാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ നാം അംഗീകരിക്കുന്നു. ആരോപണം തെളിയക്കപ്പെടുന്നത് വരെ ബിഷപ്പ് കുറ്റാരോപിതന്‍ മാത്രമാണ് എന്ന നിയമത്തിന്റെ പരിഗണന നല്‍കാനും അവകാശമുണ്ട്.

അതെ സമയം ഇരയെ മോശമാക്കി ആരോപിതനെ രക്ഷിക്കുക എന്ന നിലപാട് നമുക്ക് അംഗീകരിക്കുക വയ്യ. അരമനകളില്‍ നടക്കുന്ന രഹസ്യങ്ങള്‍ പുറത്തു വരുന്നത് അത്ര നല്ല കാര്യമല്ല. ആദ്യമായല്ല പുരോഹിതരെ കുറിച്ച് ഇങ്ങിനെ ഒരാരോപണം പുറത്തു വരുന്നത്. ലോകാടിസ്ഥാനത്തില്‍ തന്നെ ഇത്തരം കഥകള്‍ നാം പലവുരു കേട്ടതാണ്.

ലൈംഗിക വികാരം എന്നത് ഒരു ജൈവപരമായ അവസ്ഥയാണ്. അത് ജന്തു സഹജമായ ഒന്നാണ്. ഭക്ഷണം കഴിക്കുക വെള്ളം കുടിക്കുക തുടങ്ങി മറ്റു ജൈവപരമായ കാര്യങ്ങള്‍ സംഭവിക്കുന്ന ശരീരത്തില്‍ ലൈംഗിക വികാരവും ഒരു സാധാരണ വിഷയമാണ്. അതിനെ ശരിയായ രീതിയില്‍ തിരിച്ചു വിടാന്‍ വിവാഹം എന്ന പൊതു മിനിമം പരിപാടി മനുഷ്യര്‍ തുടര്‍ന്ന് പോരുന്നു. മനുഷ്യരെ പോലെ സാമൂഹിക സാംസ്‌കാരിക ബോധമില്ലാത്തതിനാല്‍ മൃഗങ്ങള്‍ താല്‍ക്കാലിക രീതിയും തിരഞ്ഞെടുക്കുന്നു.

എല്ലാ വികാരങ്ങളെയും നിയന്ത്രിക്കാന്‍ മനുഷ്യ മനസ്സിന് കഴിയും. മനുഷ്യന് കീഴടക്കാന്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും മനസ്സ് തന്നെ. ദൈവം മനുഷ്യന്റെ മനസ്സിലേക്ക് നോക്കുന്നു എന്നാണു പ്രമാണം. ദൈവവുമായി അടുത്ത് നില്‍ക്കുന്നവരാണ് പുരോഹിതര്‍. യേശു ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് പുരോഹിതരെ ആയിരുന്നെങ്കിലും ഇന്ന് സഭകളെ നിയന്ത്രിക്കുന്നത് പുരോഹിതരാണ്. മനുഷ്യരുടെ നൈസര്‍ഗിക വാസനകളെ എത്ര കണ്ടു ഒതുക്കി വെക്കാന്‍ കഴിയും എന്നതും ഒരു ചോദ്യമാണ്.

അതൊരു മത രീതിയായി തുടര്‍ന്ന് പോരുന്നു എന്നതിനാല്‍ തന്നെ ആ രീതിയെ നാം അംഗീകരിക്കുന്നു. ഓരോ മതക്കാര്‍ക്കും അവരുടെ വിശ്വാസം വകവെച്ചു കൊടുക്കുക എന്നത് തന്നെയാണ് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും കാതല്‍. പക്ഷെ മനുഷ്യ പ്രകൃതിയെ ചോദ്യം ചെയ്തു മനുഷ്യന് എത്രമാത്രം മുന്നോട്ടു പോകാന്‍ കഴിയും എന്നതാണ് ചോദ്യം.

കഴിഞ്ഞ ദിവസം കുറച്ചു സമയം സമരപ്പന്തലില്‍ ഉണ്ടായിരുന്നു. പലരും അവിടെ പല അരമന കഥകളും പറഞ്ഞു. കേട്ട് നില്ക്കാന്‍ സാധ്യമല്ലാത്ത രീതിയില്‍. അതിന്റെ ശരി തെറ്റുകള്‍ നമ്മുടെ വിഷയമല്ല. തന്നെ പന്ത്രണ്ടു തവണ ബലാല്‍സംഗം ചെയ്തു എന്നാണു സ്ത്രീ പറഞ്ഞത്. അപ്പോള്‍ തിരിച്ചുള്ള ചോദ്യം ‘പതിമൂന്നിന് എന്താ കുഴപ്പം’ എന്നായിരുന്നു. കുമ്പസാരത്തിന് വരുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്ത സംഭവങ്ങള്‍ വേറെ റിപ്പോര്‍ട് ചെയ്തിരുന്നു. കുമ്പസാരം ഒരു ആരാധനയാണ്. ദൈവാരാധന പോലും നീചമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്ന സംഭവങ്ങള്‍ നാം കേട്ട് വരുന്നു.

എല്ലാവരും അങ്ങിനെ എന്ന് പറയില്ല. പക്ഷെ മതത്തിന്റെ പേരില്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഒന്നും പാടില്ല എന്നാണ് നിയമം. മതത്തില്‍ ഒരുപാട് പുതിയ രീതികള്‍ കൊണ്ട് വരുന്നതില്‍ കൃസ്ത്യന്‍ സമൂഹത്തിനു വിലക്കില്ല എന്നാണു എന്റെ അറിവ്. കുടുംബ ജീവിതം എന്ന അടിത്തറ ശക്തിപ്പെടുത്തി ഇത്തരം ലൈംഗിക അരാജകത്വത്തിന് അറുതി വരുത്താന്‍ ഒരു പരിധി വരെ സാധിക്കും. ക്രിമിനലുകള്‍ക്കു നല്ല സംരക്ഷണ നിലമാണ് പലപ്പോഴും മതങ്ങള്‍. എല്ലാ മതങ്ങളും ഏതാണ്ട് അങ്ങിനെ തന്നെയാണ്.

വിശ്വാസം ദൈവവുമായി ബന്ധപ്പെട്ടതാണ്. വിശ്വാസിയും ദൈവവും തമ്മില്‍ ഒരു ഇടയാളന്‍ വന്നാല്‍ അവിടെ ചൂഷണം ഉറപ്പാണ്. തന്റെ സമുദായത്തെ പ്രതിരോധിക്കാനുള്ള അവകാശം ജോര്‍ജിന് നാം നല്‍കുക. അത് ജനാധിപത്യ പരമാണ്. എന്തും വിളിച്ചു പറയാനുള്ള രീതിയല്ല ജനാധിപത്യം.

Related Articles