Current Date

Search
Close this search box.
Search
Close this search box.

ഈ നാസ്തികദൈവങ്ങളൊക്കെ കുത്തുപാളയെടുത്തു പോയേനെ..

ലീലാധർ സ്വാമി, സിദ്ധേശ്വർ മഹാരാജ്, ഗോപി മയ്യ എന്നിവരുമായി താരതമ്യം ചെയ്യുമ്പോൾ കാഞ്ജി ലാൽ മേത്തക്കുള്ള വ്യത്യാസം അയാൾ ഒരു നിരീശ്വരവാദിയാണ് എന്നത് മാത്രമാണ്.

എന്നാൽ ഇവരെല്ലാവരും ജീവിക്കുന്നത് ദൈവത്തെ വിറ്റുകൊണ്ട് തന്നെയാണ്. ദൈവമോ ദൈവങ്ങളോ ഇല്ലെങ്കിൽ ജീവിതം തന്നെ വഴിമുട്ടിപ്പോകുന്ന ആളുകൾ. ദൈവപുരുഷനായ ലീലാധ‍ർ സ്വാമി തന്റെ കാല്‍പ്പാട് പതിപ്പിച്ച ശിലാഫലകങ്ങൾക്ക് ലക്ഷങ്ങളാണ് വില ഈടാക്കുന്നത്.

മറുഭാഗത്ത് കാഞ്ജി ലാൽ മേത്ത ഒരു വിഗ്രഹക്കച്ചവടക്കാരനാണ്. വിൽക്കുന്നത് ദൈവങ്ങളെയാണെങ്കിലും ജീവിതത്തിൽ ദൈവത്തിന് സ്ഥാനം നൽകാത്തതു കൊണ്ട് വഴിയിൽക്കിടന്ന് കിട്ടിയ കളിമൺ പ്രതിമയെപ്പോലും ഉദ്ദിഷ്ടഫലസിദ്ധി നൽകുന്ന മഹാവിഗ്രഹങ്ങളെന്ന് പരസ്യപ്പെടുത്തി അയാൾ വിറ്റ് കാശാക്കിക്കളയും.

പറയാൻ ഉദ്ദേശിച്ചത് മറ്റൊരു കാര്യമാണ്. ഒരു വിശ്വാസി എന്ന നിലക്ക് ജീവിതത്തിൽ ദൈവത്തിന്റെ ഇടപെടലിന് വേണ്ടി (അത്, ഭൗതികസമൃദ്ധി ചൊരിഞ്ഞു തരാൻ വേണ്ടിയല്ല, മറിച്ച് സ്‌നേഹപൂർണമായ ശാസനകളിലൂടെയും തെല്ല് ദേഷ്യത്തോടെയുള്ള കൽപനകളിലൂടെയും എന്നെ നൽവഴിയില്‍ നയിക്കാൻ വേണ്ടി) ആഗ്രഹിക്കുന്ന ഒരാൾ മാത്രമാണ് ഞാൻ. ദൈവം ഉപജീവനമാർഗമല്ല എനിക്ക്. എന്നാൽ ജീവിപ്പിക്കുന്നത് ദൈവമാണെന്ന് ബോധ്യമുണ്ട് താനും.

എന്നാൽ, ഒരുഭാഗത്ത് ദൈവത്തിന്റെ പേരിലുള്ള വേഷംകെട്ടുകാരുണ്ട്. അതിസമൃദ്ധമായി ജീവിച്ചു പോകാൻ വേണ്ടി ‘ദൈവിക’മായ കുപ്പായം എടുത്തണിഞ്ഞവർ. മറുഭാഗത്ത് ദൈവമില്ല എന്ന് വാദിക്കുന്നുവെങ്കിലും സങ്കൽപങ്ങളിലെങ്കിലും ദൈവമില്ലായിരുന്നെങ്കിൽ ചരിത്രത്തിലും ‘വർത്തമാന’ത്തിലും തീർത്തും അപ്രസക്തരായിപ്പോകുമായിരുന്ന മറ്റു ചിലരും.

നിരീശ്വരവാദിയായ കാഞ്ജി ലാൽ മേത്ത, ദൈവങ്ങളെ (വിഗ്രഹങ്ങൾ) വിൽക്കാൻ വേണ്ടി കള്ളം പറയും. സത്യത്തിൽ നിലകൊള്ളണം എന്നുപദേശിക്കുന്ന ദൈവത്തെ അയാൾ അറിഞ്ഞിട്ടേയില്ല. ദൈവമില്ല എന്ന വാദം കൊണ്ട് മാത്രം തങ്ങളുടെ പ്രസക്തിയെ അടയാളപ്പെടുത്താൻ വിഫലശ്രമം നടത്തുന്ന ചില നാസ്തികദൈവങ്ങളും കള്ളം പറയും. മൂല്യങ്ങള്‍ക്കോ യുക്തിബോധത്തിനോ യാതൊരു പ്രാധാന്യവും നൽകാത്തതു കൊണ്ട് അവർക്ക് എൻഡോസള്‍ഫാൻ തീർത്ഥജലമായി മാറും. പൗരവിരുദ്ധ പൗരത്വഭേദഗതി നിയമങ്ങൾ വേദവാക്യങ്ങളായിത്തീരും. ഒരു സമൂഹത്തിന് നേരെ വംശീയമായും രാഷ്ട്രീയമായും വളർന്നു വരുന്ന വെറുപ്പിന്റെ അഗ്നിയിൽ അവരും വെള്ളം കോരിയൊഴിക്കും. അധികാരപ്പടയോട്ടത്തിലേർപ്പെട്ട ജെങ്കിസ് ഖാനും കുബ്ലൈ ഖാനും മോങ്‌കെ ഖാനുമൊക്കെ തനി ഇസ്ലാമിക തീവ്രവാദികളായും മാറും.
ചരിത്രം അറിയാത്തതു കൊണ്ട് വിവരങ്ങൾ സത്യമാകണമെന്ന നിർബന്ധമൊട്ടില്ല താനും.

ഏതൊരു മതവിശ്വാസവും പ്രചരിപ്പിക്കപ്പെടുന്നത് പോലെ നിരീശ്വരവാദവും പ്രചരിപ്പിക്കപ്പെടണം. അതിനുള്ള അവകാശവും നിരീശ്വരവാദികൾക്കുണ്ട്. എന്നാൽ, സ്വന്തം നിലനിൽപിന് വേണ്ടി ഒരു സമൂഹത്തിൽത്തന്നെ വെറുപ്പും വിദ്വേഷവും ഉത്പാദിപ്പിക്കുകയും വിള്ളലുകൾ ഉണ്ടാക്കുകയും ചെയ്യുക എന്ന പ്രവൃത്തിയിലാണ് പലരും ഏർപ്പെട്ടിരിക്കുന്നത്.

എന്നുവെച്ചാൽ, നിരീശ്വരവാദിയായ കാഞ്ജി ലാൽ മേത്തയെപ്പോലെ കള്ളങ്ങള്‍ പ്രചരിപ്പിച്ച് നിലനിൽപ് ഉറപ്പു വരുത്തുന്നു.
എന്നാല്‍ കാഞ്ജി ലാൽ മേത്തയില്‍ അൽപം നന്മയുണ്ടായിരിക്കണം. ക്രമത്തിൽ അയാൾ ‘എവിടെ മതമുണ്ടോ അവിടെ സത്യമില്ല, എവിടെ സത്യമുണ്ടോ അവിടെ മതത്തിന്റെ ആവശ്യമില്ല’ എന്ന വാദത്തിലേക്കെത്തിച്ചേർന്നു. അവിടെ നിന്ന് അൽപം കൂടി മുന്നോട്ട് പോയി, അടയാളങ്ങൾക്കോ കച്ചവടത്തിനോ വഴങ്ങാത്ത ദൈവശക്തിയെ അറിയുകയും ചെയ്തു.

(ഉമേഷ് ശുക്ലയുടെ OMG: Oh My God എന്ന സിനിമയിലെ കഥാപാത്രങ്ങളാണ് ഇവിടെ പേര് പറയപ്പെട്ടവർ).
അതിരിക്കട്ടെ. സത്യത്തിൽ ദൈവമില്ലായിരുന്നെങ്കിൽ ഈ നാസ്തികദൈവങ്ങളൊക്കെ കുത്തുപാളയെടുത്തു പോയേനെ, അല്ലേ..?

Related Articles