Current Date

Search
Close this search box.
Search
Close this search box.

ഭീഷണിയല്ല, ഗുണകാംക്ഷയാണ് വേണ്ടത്

‘സാധാരണ കുട്ടികളെ ഭയപ്പെടുത്തി ഭക്ഷണം കഴിപ്പിക്കാറുണ്ട്. അത് പോലെ തന്നെയല്ലേ മതങ്ങളും ചെയ്യുന്നത്. ഭയപ്പെടുത്തി വിശ്വാസികളെ ഒപ്പം കൂട്ടുക എന്നത് അത്ര പണിയുള്ള കാര്യമാണോ ? ഒരു സഹോദരന്‍ ഇങ്ങിനെ ചോദിക്കുന്നു.

തികച്ചും തെറ്റിദ്ധാരണപരമായ ഒരു പരാമര്‍ശം എന്നെ ഇതിനെ കുറിച്ച് പറയാന്‍ കഴിയൂ. വിശ്വസിക്കാത്തതിന്റെ പേരില്‍ ആര്‍ക്കെതിരെങ്കിലും മറ്റാരെങ്കിലും സ്വീകരിക്കുന്ന നടപടിയെകുറിച്ചല്ല ഇസ്ലാം പറയുന്നത്. ആ വിശ്വാസം ആരംഭിക്കേണ്ടത് കേവലം നരകത്തില്‍ നിന്നും സ്വര്‍ഗത്തില്‍ നിന്നുമല്ല. അതിലപ്പുറം ഈ ലോകത്തിനു ഒരു സൃഷ്ടാവുണ്ട് എന്ന ചിന്തയില്‍ നിന്നും അത് തുടങ്ങണം. ഒരു പരാശക്തിയെ കുറിച്ച ചിന്ത മിക്കവാറും മതങ്ങളില്‍ കാണുക സാധ്യമാണ്. ആ ശക്തിക്കു മനുഷ്യ ജീവിതത്തില്‍ എത്രമാത്രം സ്ഥാനമുണ്ട് എന്നതാണ് മുഖ്യ വിഷയം. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ ഒന്നാം സ്ഥാനം ആ ശക്തിക്കാണ്. മനുഷ്യനെ സൃഷ്ടിച്ചു പരിപാലിക്കുന്നവന്‍ എന്നര്‍ത്ഥത്തില്‍ വരുന്ന അറബി പദമായ ‘റബ്’ എന്ന് അവര്‍ ആ ശക്തിയെ വിശേഷിപ്പിക്കുന്നു. അത് കൊണ്ട് തന്നെ അവര്‍ ആ ശക്തിയുടെ മുന്നില്‍ പൂര്‍ണമായ വിധേയത്വം കാണിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ് ഭൂമിയില്‍ എന്നും അവര്‍ വിശ്വസിക്കുന്നു. അതെ സമയം ഈ ഭൂമിയിലെ ജീവിതത്തിനു ശേഷം അനന്തമായ മറ്റൊരു ലോകം വരാനിരിക്കുന്നു. അവിടെ മനുഷ്യന് ഒന്നും പ്രവര്‍ത്തിക്കാനില്ല. ഈ ലോകത്തു പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം അനുഭവിക്കണമെന്ന് മാത്രം. അത് മനുഷ്യന്‍ വേണ്ടെന്ന് പറഞ്ഞാലും അവര്‍ ലഭിക്കും. അതിനെ കുറിച്ചാണ് മതം പറയുന്നത്. അതൊരു ഭീഷണിയല്ല. വരാനിരിക്കുന്ന ഒരു യാഥാര്‍ഥ്യം മാത്രം.

യാത്രയില്‍ റോഡിനു മുന്നില്‍ ഹമ്പ് ഉണ്ട് എന്ന മുന്നറിയിപ്പ് യാത്രക്കാരനെ ഭയപ്പെടുത്താനല്ല പകരം യാത്രക്കാരന്റെ സുഖകരമായ യാത്രക്ക് വേണ്ടി മാത്രമാണ്. അത് തന്നെയാണ് നരകത്തെ കുറിച്ച മതത്തിന്റെ മുന്നറിയിപ്പും. അപ്പുറത്ത് സ്വര്‍ഗ്ഗത്തെ കുറിച്ചും അതെ അളവില്‍ മതം പറയുന്നു. ഈ ലോകത്തെ ജീവിതത്തില്‍ നന്മ ചെയ്തവര്‍ക്ക് അതിനു പകരമായി സ്വര്‍ഗ്ഗമുണ്ട് എന്നത് ഭീഷണിയല്ല പകരം സന്തോഷ വാര്‍ത്തയാണ്. കൂലിക്കു പകരമായാണ് മനുഷ്യര്‍ പ്രവര്‍ത്തിക്കാറുള്ളത്. അതെ സമയം മനുഷ്യ ജീവിതത്തെ മൊത്തം കണക്കാക്കിയാണ് പരലോകത്തെ പ്രതിഫലം കണക്കാക്കുന്നതും. അതൊരു അനിവാര്യതയാണ്. ആ അനിവാര്യത മനസ്സിലാക്കിയവരാണ് വിശ്വാസികള്‍. അത് കൊണ്ട് തന്നെ അവര്‍ ചെയ്യുന്ന കര്‍മങ്ങള്‍ പൂര്‍ണമായി ദൈവിക സംതൃപ്തിയുടെ അരികു ചേര്‍ന്നാണ് എന്നവര്‍ ഉറപ്പിക്കുന്നു. ഒരിക്കലും അതിന്റെ പ്രതിഫലം ഈ ഭൂമിയില്‍ അവര്‍ പ്രതീക്ഷിക്കുന്നില്ല. അതെ സമയം അവരുടെ പ്രാര്‍ത്ഥനയുടെ മുഖ്യ വിഷയം ഈ ലോകത്തു നന്മ വേണമെന്നും വരാനിരിക്കുന്ന ലോകത്തും നന്മ വേണമെന്നും നരക ശിക്ഷയില്‍ നിന്നുള്ള മോചനവുമാണ്. ഈ ലോകത്തെ നന്മ എന്നത് കൊണ്ട് വിവക്ഷ സുഭിക്ഷമായ ആവശ്യം എന്നല്ല. പകരം ദൈവിക സംതൃപ്തമായ ഒരു ജീവിതം എന്നതാണ്. അപ്പോള്‍ അവരുടെ പരലോക ജീവിതവും നന്മ നിറഞ്ഞതാകും. അങ്ങിനെ സംഭവിക്കാന്‍ സാധ്യതയുള്ള നരകത്തില്‍ നിന്നും അവര്‍ മോചിതരാവുകയും ചെയ്യും.

ആരെയും നിര്‍ബന്ധിപ്പിച്ചു ചെയ്യിക്കേണ്ടതല്ല വിശ്വാസം. മറ്റൊരു ലോകത്തു നടക്കുമെന്ന് വിശ്വസിക്കപ്പെടുന്ന കാര്യത്തെ ഭീഷണി എന്ന് പറയാന്‍ കഴിയില്ല. കാരണം അവിടെ ആരൊക്കെ എന്തൊക്കെ അനുഭവിക്കുന്നു എന്നത് അവരുടെ മാത്രം വിഷയമാണ്. അത് കൊണ്ട് തന്നെ മറ്റൊരാള്‍ അനുഭവിക്കുന്ന അവസ്ഥ അറിയാന്‍ വിശ്വാസിക്ക് കഴിയില്ല. അതെ സമയം സംഭവിക്കാന്‍ ഇടയുള്ള ഒന്നിനെ കുറിച്ച് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി എന്നത് ഒരു പുണ്യകരമായ കാര്യമാണ്. ഭൂമി ഒരു താല്‍ക്കാലിക ഇടമാണ് എന്ന തിരിച്ചറിവില്‍ നിന്നും ശാശ്വതമായ ജീവിതത്തിലേക്ക് നല്ല മുതല്‍കൂട്ടുകള്‍ സംഘടിപ്പിക്കുക എന്നതിലപ്പുറം മനുഷ്യന് ഈ ലോകത്തില്‍ മറ്റൊന്നും ചെയ്യാനില്ല. അത് കൊണ്ട് തന്നെ ഇത് ഭീഷണിയല്ല. ഗുണകാംക്ഷ എന്ന് വേണം പറയാന്‍.

Related Articles