Current Date

Search
Close this search box.
Search
Close this search box.

സ്ത്രീവിദ്യഭ്യാസം; ഇസ്ലാമും താലിബാനും തമ്മിലുള്ള ദൂരം

യുവതികളെയും വിദ്യാർഥിനികളെയും സ്‌കൂളുകളിലും യൂനിവേഴ്‌സിറ്റികളിലും ചെന്ന് പഠിക്കുന്നത് വിലക്കിക്കൊണ്ടുള്ള താലിബാന്റെ തീരുമാനം വിവാദമായിരിക്കുകയാണല്ലോ. ഇസ്ലാമിന്റെ മുഖം മൂടിയണിഞ്ഞ് പൊതുവിടങ്ങളിൽ അനിസ്ലാമികമായ പലതും ചെയ്തുകൂട്ടുന്ന അക്കൂട്ടരുടെ ഈ രീതിയും ഒരിക്കലും ഇസ് ലാം നിഷ്‌കർഷിക്കുന്ന മതമോ രീതിയോ അല്ല. ആരും അതിനെ ഇസ് ലാമിന്റെ അക്കൗണ്ടിൽ വരവു വെക്കേണ്ടതുമില്ല. ഇസ് ലാമിന്റെ സ്ത്രീകളോടും സ്ത്രീവിദ്യാഭ്യാസത്തോടുമുള്ള നിലപാടും രീതിയും സുവ്യക്തമാണ്.

ഔദാര്യമല്ല, അവകാശമാണ്
ഇസ് ലാമിക ശരീഅത്തിൽ സംശയങ്ങളേതിനും ഇടയില്ലാത്ത വിധം സുവ്യക്തമായ കാര്യമാണ്, പുരുഷനും സ്ത്രീയും മാനുഷിക മൂല്യങ്ങളിലും സൃഷ്ടിപ്പുകൊണ്ടുള്ള ദൗത്യത്തിലും ലക്ഷ്യത്തിലും തുല്യരാണെന്നുള്ള കാര്യം. ഭൂമിയിൽ അല്ലാഹുവിന്റെ പ്രാതിനിധ്യം ഏറ്റെടുക്കുകയും ഭൂമി പരിപാലിക്കുകയും ചെയ്യുക എന്നതാണല്ലോ ആ ദൗത്യം. ഭർത്താവോ പിതാവോ സഹോദരനോ ഭരണാധികാരിയോ ഖാദിയോ ആരായാലും പുരുഷൻ സ്ത്രീക്ക് നൽകുന്ന ഔദാര്യമല്ല വിദ്യാഭ്യാസത്തിനുള്ള അവകാശം, മറിച്ച് പാവനമായ നമ്മുടെ ശരീഅത്ത് അവൾക്ക് നൽകിയിട്ടുള്ള അവകാശമാണത്. അതിനെ അവളിൽ നിന്ന് ഊരിയെടുക്കാൻ ആർക്കും അവകാശവുമില്ലതാനും. ശരീഅത്ത് നിയമങ്ങൾ മിക്കതും പുരുഷന്മാർക്ക് അനുകൂലമായിട്ടാണല്ലോ എന്ന് ചിലപ്പോൾ പലരും പറഞ്ഞേക്കാം. പക്ഷെ, അറബി ഭാഷയുടെ നിയമം കൃത്യമായി അറിയാതെ കാര്യങ്ങൾ മനസ്സിലാക്കുന്നതിലുള്ള പ്രശ്‌നമാണിത്. പുല്ലിംഗവും സ്ത്രീലിംഗവും ഒരുമിച്ചു വരുന്ന സമയങ്ങളിൽ കൂടുതലായി പുല്ലിംഗമാണ് ഭാഷാപരമായി ഉപയോഗിക്കുകയെന്നത് ഭാഷാപണ്ഡിതന്മാർ ഏകോപിതമായ കാര്യമാണ്. അഥവാ, പുല്ലിംഗം മാത്രമുപയോഗിച്ച്, സ്ത്രീലിംഗം പറയാതെ പറയപ്പെട്ട നിയമങ്ങൾ പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ഉൾക്കൊള്ളുമെന്നർഥം. ജനം എന്നയർഥം വരുന്ന നാസ്, ഉമ്മത്ത്, ബശർ തുടങ്ങിയ പദങ്ങളിലേക്ക് ബഹുവചനം ചേർത്തുപറയുമ്പോൾ അതിലും സ്ത്രീകളും പെടുമെന്നതാണ് നിയമം.

നബി ( സ ) യുടെ ഭാര്യ ഉമ്മു സലമ(റ) ഒരിക്കൽ നബി ( സ ) ‘ഓ ജനങ്ങളേ'(അയ്യുഹന്നാസ്) എന്ന് അഭിസംബോധന ചെയ്തതിൽ സ്ത്രീകളും ഉൾപെടുമെന്ന് പറയുന്നുണ്ട്. ഇക്കാര്യം വ്യക്തമാണ്. ഇതിനൊക്കെ പുറമെ വിശുദ്ധ ഖുർആനും ഹദീസുകളും സ്ത്രീകളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് പ്രത്യേകം പരാമർശിക്കുന്നുണ്ട്. നബി ( സ ) യുടെ പത്‌നിമാരോട് വിശുദ്ധ ഖുർആന്റെ അധ്യാപനങ്ങൾ ജനങ്ങൾക്ക് പഠിപ്പിച്ചുകൊടുക്കാൻ ഖുർആൻ ആഹ്വാനം ചെയ്യുന്നുണ്ട്. സ്വന്തമായി വിദ്യയാർജിക്കാതെ എങ്ങനെ അവർ വിശ്വാസികളെ പഠിപ്പിക്കാനാണ്?!

നബി ( സ ) യുടെ കാലത്ത് വൈജ്ഞാനിക സദസ്സുകളിൽ പോവുന്ന വിഷയത്തിൽ സ്ത്രീകൾ പുരുഷന്മാരോട് മത്സരിച്ചിരുന്നു. നബി ( സ ) യുടെ ക്ലാസുകളിലും അവർക്ക് സ്ഥാനമുണ്ടായിരുന്നു. ഒരു സ്ത്രീ നബി ( സ ) യുടെ പക്കൽ വന്ന് പുരുഷന്മാർക്ക് മാത്രം നബി ( സ ) സമയം നൽകുന്നതിനെക്കുറിച്ച് പരിഭവം പറഞ്ഞപ്പോൾ, എങ്കിൽ നിങ്ങളൊരു ദിവസവും സ്ഥലവും നിശ്ചയിച്ച് അവിടെ ഒത്തുകൂടണമെന്ന് പറയുകയും തദടിസ്ഥാനത്തിൽ അവിടെ ചെന്ന് അധ്യാപനം നടത്തുകയും ചെയ്ത സംഭവം അബൂ സഈദുൽ ഖുദ്രി(റ) നിവേദനം ചെയ്യുന്നുണ്ട്(ബുഖാരി).

മറ്റൊരു കാര്യം, മദ്ഹബിന്റെ ഇമാം കൂടിയായ ഇമാം അബൂ ഹനീഫ(റ) പെൺകുട്ടികളുടെ പഠനം വിലക്കിയെന്നുള്ള ആരോപണമാണ്. വെറും ആരോപണം മാത്രമാണിത്. കാരണം, സ്ത്രീക്ക് ഖദാഅ്(വിധിനിർണയം) നടത്താനുള്ള അധികാരം കൊടുത്ത മഹാനാണദ്ദേഹം. സുദീർഘമായൊരു പഠനകാലഘട്ടത്തിലൂടെ കടന്നുപോവാതെ ഒരു മനുഷ്യൻ എങ്ങനെ മതകാര്യങ്ങളിൽ വിധിനിർണയം നടത്താനാണ്!?

ഹനഫി മദ്ഹബ് അടിസ്ഥാനപരമായി സ്ത്രീവിദ്യഭ്യാസം ഉപേക്ഷിക്കലാണ് നല്ലതെന്ന(കറാഹത്ത്) വാദക്കാരാണ് എന്നതാണ് മറ്റൊരാരോപണം. ഈ ആരോപണത്തിനുള്ള മറുപടി ഹനഫി മദ്ഹബിലെ തന്നെ കർമശാസ്ത്ര ഫത് വകളിലെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നായ ‘തുഹ്ഫത്തുൽ ഫുഖഹാ’ എന്ന ഗ്രന്ഥം തന്നെയാണ്. പ്രമുഖ ഹനഫി പണ്ഡിതൻ ശൈഖ് അലാഉദ്ദീൻ അസ്സമർഖന്ദി എന്നവരാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. അവർ തന്റെ മകളെ പ്രമുഖ ശിഷ്യനും ‘ബദാഇഉ സ്വനാഇഅ്’ എന്ന ഗ്രന്ഥത്തിന്റെ കർത്താവുമായ ശൈഖ് അലാഉദ്ദീനുൽ കാസാനി എന്നിവർക്ക് വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു. പ്രസ്തുത ഗ്രന്ഥം ശൈഖിന്റെ ഗ്രന്ഥത്തിന്റെ വിശദീകരണ ഗ്രന്ഥം കൂടിയാണെന്നത് ശ്രദ്ധേയമാണ്. ഇതേക്കുറിച്ചാണ് പണ്ഡിതന്മാർ ‘അദ്ദേഹത്തിന്റെ തുഹ്ഫക്ക് ശറഹ് ചെയ്യുകയും തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു’ എന്ന് പറഞ്ഞത്. മഹതിയിൽ നിന്ന് ഫത് വ ഇറങ്ങുമ്പോൾ അതിൽ മഹതിയുടെയും പിതാവിന്റെയും ഭർത്താവിന്റെയും ഒപ്പോടുകൂടിയായിരുന്നു ഇറങ്ങിയത് എന്നതും നാം അറിയണം.

ഇസ് ലാമേ അല്ല അത്!
ഒരു ചർച്ചയിൽ സാമൂഹിക ആചാരങ്ങളും അനുഷ്ഠാനങ്ങളും ശരീഅത്തിന്റെ നിയമങ്ങളായി കണക്കാക്കപ്പെടുന്നതിനെക്കുറിച്ച് ശൈഖ് റശീദ് രിദ പറയുന്നു:’വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിശുദ്ധ ഖുർആനും ഹദീസുകളും പുരുഷന്മാരെയും സ്ത്രീകളെയും ഒരുപോലെ ഉൾക്കൊള്ളുന്നുവെന്നിരിക്കെ, ചില ഫുഖഹാക്കൾ വിജ്ഞാനം എന്നതിൽ എഴുത്ത് വരില്ല എന്നും അതിന്റെ ആവശ്യമില്ല എന്നും വാദിക്കുകയുണ്ടായി. സ്ത്രീകൾ എഴുത്തു പഠിക്കേണ്ടതില്ല എന്നതിന് തെളിവായി അവർ ചില ഹദീസുകൾ ഉദ്ധരിക്കുകയും ചെയ്തു. ഹദീസ് പണ്ഡിതന്മാർ ആരുംതന്നെ ഉപര്യുക്ത ഹദീസുകൾ അംഗീകരിക്കാതെ വന്നപ്പോൾ അവർ ഖിയാസ് അവലംബിക്കാൻ തുടങ്ങി. അവർ എഴുത്തുപഠിക്കുന്നതുവഴി ചില പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും ആയതിനാൽ ചുരുങ്ങിയത് കറാഹത്ത് എന്ന ഗണത്തിലെങ്കിലും അത് വരുമെന്നും അവർ വാദിച്ചു. അതിനു മറുപടിയായി ശിഫാ ബിൻത് അബ്ദുല്ലായുടെ ഹദീസ് തെളിവായി പണ്ഡിതർ ഉദ്ധരിച്ചു. ഞാൻ ഹഫ്‌സ ബീവിയുടെ കൂടടെയായിരിക്കുമ്പോൾ നബി (സ) കടന്നുവരികയും ഇവൾക്ക് എഴുത്ത് പഠിപ്പിച്ചപോലെ മന്ത്രവും പഠിപ്പിച്ചുകൂടെ എന്ന് എന്നോട് പറയുകയും ചെയ്തു എന്നതാണ് ഹദീസ്(അഹ്‌മദ്, അബൂദാവൂദ്, നസാഇ, ത്വബ്‌റാനി)’.

കൃത്യമായി പറഞ്ഞാൽ, സാമൂഹിക ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇസ് ലാമിന്റെ പേരിൽ കെട്ടിവെക്കുകയും അത് സ്ത്രീകളുടെ മാന്യമായ അവകാശങ്ങൾ പോലും ലംഘിക്കപ്പെടാൻ പോലും കാരണമാവുകയും ചെയ്യുന്നു. ഇതിനുവേണ്ടി കള്ള ഹദീസുകൾ പോലും നിർമിക്കപ്പെടുന്നു. ഇത്തരത്തിൽ ഒരുപാട് ഹദീസുകൾ കാണാം. ഇതേക്കുറിച്ച് ശൈഖ് മുഹമ്മദുൽ ഗസ്സാലി പറയുന്നു:’സ്ത്രീ വിദ്യഭ്യാസത്തിന്റെ വിഷയത്തിൽ മുസ് ലിംകൾ തങ്ങളുടെ മതത്തിന്റെ യഥാർഥ അധ്യാപനങ്ങളിൽ നിന്ന് വ്യതിചലിക്കുകയും കെട്ടിച്ചമക്കപ്പെട്ട, കള്ള ഹദീസുകളിൽ വിശ്വസിച്ച് സ്ത്രീയെ ഒരുപോലെ മതത്തിൽ നിന്നും പുറംലോകത്തു നിന്നും ബഹുദൂരം പിന്നിലാക്കിയിരിക്കുകയാണ്. സ്ത്രീവിദ്യഭ്യാസം കുറ്റകരമായി മാറി. അവൾ പള്ളിയിലേക്ക് പോവൽ നിഷിദ്ധമായി. മുസ് ലിം വിഷയങ്ങളിൽ അവൾ ഇടപെടലും ഭൂതത്തെയോ ഭാവിയെയോ കുറിച്ച് അവൾ ആകുലപ്പെടുന്നതു പോലും സങ്കൽപിക്കാൻ പോലും സാധിക്കാത്തതായി. സ്ത്രീ നിരക്ഷരയായിരിക്കൽ നിർബന്ധമാണെന്ന് സ്ഥാപിക്കുന്ന ഹദീസുകൾ കെട്ടിയുണ്ടാക്കി. പലരും അതിൽ വഞ്ചിതരാവുകയും പെൺകുട്ടികൾക്കായി മദ്‌റസകൾ തുറക്കാതിരിക്കുകയും ചെയ്തു.’ ചുരുക്കത്തിൽ, സ്ത്രീയെ വിദ്യഭ്യാസത്തിൽ നിന്ന് തടയുന്ന, മദ്‌റസകളെയും സ്ഥാപനങ്ങളെയും അവർക്ക് മുന്നിൽ കൊട്ടിയടക്കാൻ ആഹ്വാനം ചെയ്യുന്ന വാക്കുകളോ പ്രവർത്തികളോ ആരു പറഞ്ഞാലും ഇസ് ലാമിന്റെ നിലപാടോ ആശയമോ അല്ലയത്! ഇത്തരത്തിൽ സ്ത്രീക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കൊന്നുംതന്നെ ഇസ് ലാമുമായി യാതൊരുവിധ ബന്ധവുമില്ലതന്നെ.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles