Current Date

Search
Close this search box.
Search
Close this search box.

‘ദി കശ്മീര്‍ ഫയല്‍സ്’ ഇസ്രായിലി സംവിധായകനായ നദാവ് ലാപിഡ് പൊളിച്ചു കൊടുത്തു

ഗോവയില്‍ നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ അവസാന ദിവസം ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന ഹിന്ദുത്വവാദികളുടെ സ്വപ്ന സിനിമയയുടെ പൊള്ളത്തരത്തെ ജൂറി ചെയര്‍മാനും ഇസ്രായിലി സംവിധായകനുമായ നദാവ് ലാപിഡ് പൊളിച്ചു കൊടുത്തതിന്റെ ക്ഷീണത്തിലാണ് ഇങ്ങ് കേരളത്തിലെ സംഘ് സൈദ്ധാന്തികന്‍ റ്റി.ജി മോഹന്‍ദാസ് മുതല്‍ ഗോഡി മീഡിയയിലെ കോളാമ്പികള്‍ വരെ. പ്രസ്തുത സിനിമ അശ്ലീലമാണെന്ന് പറഞ്ഞ് മതിയാക്കാതെ ‘ഫാഷിസ്റ്റ് ഘടകങ്ങള്‍’ ഉള്‍ക്കൊള്ളുന്നതു കൂടിയാണെന്ന് തൊട്ടുപിറകെ ‘വൈനെറ്റി’ന് നല്‍കിയ അഭിമുഖത്തില്‍ ലാപിഡ് തുറന്നടിക്കുക കൂടി ചെയ്തു.

ആരും കേട്ടിട്ടില്ലാത്ത ഇന്ത്യയിലെ ഇസ്രായില്‍ സ്ഥാനപതിക്ക് ലൈംലൈറ്റില്‍ വരാന്‍ കഴിഞ്ഞതും മോഹന്‍ദാസ് ഉള്‍പ്പെടെയുള്ള സംഘികളെ അദ്ദേഹം ട്വിറ്ററില്‍ ഫോളോ ചെയ്യാന്‍ തുടങ്ങിയതും (അതിന്റെ രോമാഞ്ചം റ്റി.ജി തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്) വലിയ ബഹുമതിയായി കൊണ്ടുനടക്കുന്നത് കണ്ടപ്പോള്‍ അമ്പരപ്പ് വന്നില്ല. ഒരു രാജ്യത്തിന്റെ സ്ഥാനപതി ഇത്രത്തോളം തരംതാഴാമോ എന്ന ചോദ്യവും എന്നെ അലട്ടിയില്ല. ഹോളോകോസ്റ്റിലെ ജൂത വേട്ടയെപറ്റി പരിതപിക്കുന്നവര്‍ തന്നെ ഗുജറാത്ത് (2002) മുസഫര്‍ നഗര്‍ (2013) ദല്‍ഹി (2020) മുസ്ലിം വംശഹത്യകളും കൂട്ട ബലാല്‍സംഗങ്ങളും അഭിമാനമായി കൊണ്ടുനടക്കുന്ന ഹിറ്റ്‌ലറുടെ യഥാര്‍ഥ പിന്‍മുറക്കാരെ തോളിലേറ്റി നടക്കുന്നത് കാണാന്‍ തുടങ്ങിയിട്ട് കാലമേറെ ആയല്ലോ.

യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കെട്ടുകഥക്ക് സമാനമായ വിവരങ്ങളാണ് ‘ദി കശ്മീര്‍ ഫയല്‍സ്’ പ്രസരിപ്പിക്കുന്നതെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. നാലായിരത്തിലേറെ പണ്ഡിറ്റുകളെ തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്തുവെന്നത് ഉള്‍പ്പെടെയുള്ള വിവരണങ്ങളാണ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ അത് കല്ലുവെച്ച നുണയായിരുന്നുവെന്ന് ഔദ്യോഗിക രേഖകള്‍ ചൂണ്ടിക്കാട്ടിയിട്ടും ഗോഡി മീഡിയയും ഭക്തകളും കള്ള പ്രചാരണം തുടര്‍ന്നു. 2021 നവംബറില്‍ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ 1990 മുതല്‍ കശ്മീരിലുണ്ടായ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ 89 പണ്ഡിറ്റുകളാണ് കൊല്ലപ്പെട്ടതെന്നും എന്നാല്‍ കൊല്ലപ്പെട്ട മറ്റു സമുദായക്കാരുടെ എണ്ണം 1635 ആണെന്നും വ്യക്തമാക്കിയിരുന്നു. എന്നിട്ടും നുണകള്‍ മാത്രം വിളമ്പുന്ന അഗ്നിഹോത്രിയുടെ സിനിമ എന്‍ഡോഴ്‌സ് ചെയ്യാന്‍ മോദിയും സൗജന്യമായി അവ കാണിക്കാന്‍ ഭക്തന്മാരും ആവേശത്തോടെയാണ് മുന്നോട്ടുവന്നത്.

ഇക്കഴിഞ്ഞ ദിവസം ‘ഇന്ത്യാ റ്റുഡേ എക്സ്ല്ക്‌ളൂസീവ്’എന്ന തലക്കെട്ടില്‍ ലാപിഡിനെ വിളിച്ചിരുത്തി രാഹുല്‍ കന്‍വാള്‍ നയിച്ച ചര്‍ച്ച ഗോഡി മീഡിയയുടെ പൊള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നു. India Today grills IFF jury head എന്നായിരുന്നു ചര്‍ച്ചയുടെ റ്റിക്കര്‍. അതവിടെ നില്‍ക്കട്ടെ. വിവാദ പ്രസ്താവനയിലൂടെ നദാവ് ലാപിഡ് ജൂറി അംഗങ്ങളെ മുഴുവന്‍ വിഷമ വൃത്തത്തിലാക്കിയെന്ന് അതില്‍ അംഗമായ ഇന്ത്യന്‍ സംവിധായകന്‍ വ്യക്തമാക്കിയിരിക്കെ ‘കശ്മീര്‍ ഫയല്‍സി’ നെ സംബന്ധിച്ച താങ്കളുടെ അഭിപ്രായത്തെ എല്ലാം അംഗങ്ങളും അനുകുലിച്ചെന്ന് പറയുന്നതിന് എന്തു തെളിവാണുള്ളതെന്നായിരുന്നു രാഹുലിന്റെ ചോദ്യം.

ലാപിഡിന്റെ മറുപടി: ഇക്കാര്യത്തില്‍ ജൂറി അംഗങ്ങള്‍ക്ക് ഏക നിലപാടായിരുന്നു. എല്ലാം കഴിഞ്ഞ് പുറത്തുവന്ന ശേഷം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ആരെങ്കിലും അഭിപ്രായം മാറ്റുന്നുവെങ്കില്‍ അതേക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. കാര്യങ്ങള്‍ ഗൗരവമായി കൈകാര്യം ചെയ്യുന്ന ഒരു ജേര്‍ണലിസ്റ്റാണ് താങ്കളെങ്കില്‍ ഫ്രഞ്ച്, സ്പാനിഷ് ജൂറി അംഗങ്ങളെ വിളിച്ച് ചോദിക്കുക. അവരുടെ ഫോണ്‍ നമ്പറോ ഇമെയില്‍ വിലാസമോ താങ്കളുടെ പക്കല്‍ ഉണ്ടാകുമെന്ന് കരുതട്ടെ.

അത് നോക്കാമെന്ന് പറഞ്ഞ് വീണ്ടും ഗ്രില്ലിങ്ങിലേക്ക് കടക്കുന്നു അവതാരകന്‍.
ജൂറി ഒന്നിച്ചിരുന്ന് കശ്മീര്‍ ഫയല്‍സ് കണ്ടശേഷം ഏകകണ്ഠമായി നിലപാട് വ്യക്തമാക്കുകയും പുറത്തുവന്നശേഷം മാറ്റിപ്പറയുകയും ചെയ്ത ഇന്ത്യന്‍ സംവിധായകന്‍ ആരെന്ന് നോക്കിയപ്പോള്‍ അമ്പരപ്പുണ്ടായില്ല. കേരളത്തില്‍നിന്നുള്ള 32,000 അമുസ്ലിം സഹോദരിമാരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയെന്നും അവര്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്) അടിമകളായി കഴിയുകയാണെന്നുമുള്ള പച്ച നുണയില്‍ ഒരു സിനിമ (The Kerala Story) സംവിധാനം ചെയ്ത സംഘ്പരിവാര്‍ സഹയാത്രികനായ സുദിപ്‌തോ സെന്‍ ആയിരുന്നു കക്ഷി!

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേരള നിയമസഭയില്‍ ഒരു ചോദ്യത്തിനു നല്‍കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് 32,000 എന്ന കണക്ക് തനിക്ക് ലഭിച്ചത് എന്നായിരുന്നു 2021ല്‍ ‘സിറ്റി മീഡിയ’ക്ക് നല്‍കിയ അഭിമുഖത്തില്‍ സെന്‍ പറഞ്ഞത്. എന്നാല്‍ ഇത് പെരും നുണയാണ്. 2012 ജൂണ്‍ 25ന് സി.പി.എം അംഗം കെ.കെ. ലതികയുടെ ചോദ്യത്തിന് മറുപടിയായി 2006നും 2012നുമിടയില്‍ 2,667 യുവതികള്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുവെന്നതിന് ഒരു തെളിവുമില്ലെന്നും ലവ് ജിഹാദ് ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടത്തില്‍ വ്യക്തമാക്കിയിരുന്നു. (ഇന്ത്യ റ്റുഡേ, സെപ്റ്റംബര്‍ 4, 2012)

നുണകള്‍ വിറ്റ് കാശാക്കുന്ന സംവിധായകനാണ് സുദിപ്‌തോ സെന്‍. In The Name of Love എന്ന പേരില്‍ ഇദ്ദേഹം സംവിധാനം ചെയ്ത ഒരു മണിക്കൂര്‍ നീണ്ട ഡോക്യുമെന്ററി സംഘ്പരിവാറും ക്രിസ്ത്യന്‍ സംഘടനകളും ആരോപിക്കുന്ന ‘നിയമ വിരുദ്ധ മതപരിവര്‍ത്തനം’ അടിസ്ഥാനമാക്കിയുള്ളതാണ്. വര്‍ഗീയ വിഷം ചുരത്താനുള്ള ഈ നീക്കത്തിന് വേണ്ടത്ര വിപണി കിട്ടാതായപ്പോഴാണ് 32,000 ത്തിന്റെ വ്യാജ കണക്കുമായി ഇയാള്‍ പ്രത്യക്ഷപ്പെട്ടത്.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles