Current Date

Search
Close this search box.
Search
Close this search box.

മൂന്നാം സീറ്റ് ലീഗ് അര്‍ഹിക്കുന്നില്ലേ ?

അന്നൊക്കെ റോഡില്‍ നിറയെ മണ്ണായിരുന്നു. വഞ്ചിയിലാണ് പൊന്നാനിയില്‍ നിന്നും സാധനങ്ങള്‍ വരിക. പാലത്തിന്റെ അവിടെ നിന്നും പിന്നെ വണ്ടിയിലേക്ക് തള്ളും. നിറയെ മണ്ണുള്ള വഴിയില്‍ വണ്ടി തള്ളുമ്പോള്‍ ആളുകള്‍ ശബ്ദമുണ്ടാക്കും. ആരൊക്കെയാണ് ശരിക്കും അദ്ധ്വാനിക്കുന്നത് എന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയില്ല. ചിലര്‍ വെറുതെ ശബ്ദം വെയ്ക്കും. എല്ലാവര്‍ക്കും കൂലി തുല്യമാണ്.

കേരളത്തില്‍ മുന്നണികളുടെ ഭരണമാണ്. അത് കൊണ്ട് തന്നെ എല്ലാവരും അതിന്റെ ഗുണം അനുഭവിക്കും. ആരും ഒറ്റയ്ക്ക് നില്‍ക്കുന്നില്ല എന്നത് കൊണ്ട് ആരുടേയും വേറിട്ടുള്ള ശക്തി മനസ്സിലാക്കാനും കഴിയില്ല. എന്നാല്‍ മുസ്ലിം ലീഗിനെ ആ ഗണത്തില്‍ ചേര്‍ക്കാന്‍ കഴിയില്ല. കേരള രാഷ്ട്രീയത്തില്‍ സ്വന്തമായി വോട്ടു ബാങ്കുള്ള അപൂര്‍വം പാര്‍ട്ടികളില്‍ അവരുമുണ്ട്. മലബാര്‍ മേഖലയില്‍ അവര്‍ ഒരു നിര്‍ണായക ശക്തി എന്നത് എല്ലാവരും സമ്മതിക്കും. മലപ്പുറം ജില്ലയില്‍ മാത്രമല്ല അതിനു പുറത്തും ലീഗിന് നിര്‍ണായക സ്വാധീനമുണ്ട് എന്നത് സത്യമാണ്. അപ്പുറത്തു ഇടതുപക്ഷത്ത് സി പി ഐ പോലുള്ള പാര്‍ട്ടികള്‍ നാല് സീറ്റുകളില്‍ മത്സരിക്കുമ്പോള്‍ ഇപ്പുറത്തും ലീഗിന് മൂന്നു സീറ്റ് എന്നത് ഒരു മോശം കാര്യമല്ല. നാല് സീറ്റില്‍ മത്സരിക്കാനുള്ള സംഘടന ശക്തി അവര്‍ക്കുണ്ട് എന്നത് തന്നെയാണ് അതിനു കാരണം.

ഒരിക്കല്‍ ലീഗ് തങ്ങളുടെ രാഷ്ട്രീയ ശക്തിയുടെ കണക്കനുസരിച്ചു അഞ്ചാം മന്ത്രിയെ ചോദിച്ചു. പക്ഷെ അത് വര്‍ഗീയമായി മാത്രമാണ് കേരളം ചിത്രീകരിച്ചത്. പുരോഗമനക്കാരും വര്‍ഗീയ വാദികളും അങ്ങിനെ തന്നെ ആ വിഷയത്തെ പ്രചരിപ്പിച്ചു. മുസ്ലിം ലീഗിലെ ആദ്യ വാക്കും ആ പാര്‍ട്ടിയില്‍ കൂടുതലുള്ളത് ചില മതക്കാരാണ് എന്നത് മാത്രമാണ് ഈ പ്രചാരണത്തിന് കാരണമായി അനുഭവപ്പെട്ടതും. യു ഡി എഫിലെ പാര്‍ട്ടികളുടെ ശക്തി നോക്കിയാല്‍ മൂന്നു മണ്ഡലം ലീഗ് അര്‍ഹിക്കുന്നു. ചിലപ്പോള്‍ അതിലും കൂടുതല് എന്ന് വരും. ലീഗ് ഇതുവരെ അങ്ങിനെ ഒരാവശ്യം ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ല എന്നാണ് അറിവ്. എത്ര സീറ്റില്‍ മത്സരിക്കണം എന്നത് അവര്‍ തീരുമാനിക്കേണ്ട കാര്യമാണ്. മുന്നണിയും.

ലീഗ് പലതും ആവശ്യപ്പെടുമ്പോള്‍ കേരള സമൂഹം ചര്‍ച്ച ചെയ്യുന്നത് പോലെ മറ്റാരുടെ കാര്യത്തിലും സംഭവിക്കുന്നില്ല. ലീഗിന്റെ രാഷ്ട്രീയ നിലപാടിനെ ഇസ്‌ലാമുമായി ചേര്‍ത്ത് പറയാനാണ് പലര്‍ക്കും താല്പര്യം. ഒരു മുസ്ലിം മന്ത്രി വര്‍ധിച്ചത് കൊണ്ടും ഒരു എം പി അധികരിച്ചു കൊണ്ടും തീരുന്നല്ല ഇന്ത്യയിലെ മുസ്ലിംകളുടെ വിഷയങ്ങള്‍. മുസ്ലിംകളെ ഇന്ത്യയില്‍ കാണാന്‍ പാടില്ല എന്ന് ഉറപ്പിച്ച കൂട്ടരാണ് ഭരണം നടത്തുന്നത്. ഭരണഘടന എന്നത് ശക്തമാണ് എന്നത് പോലെ തന്നെയാണ് അത് കൈകാര്യം ചെയ്യുന്നവര്‍ അതിനു പറ്റാത്തവരാണ് എന്നതും. മുന്നണി ഭരണത്തില്‍ പലപ്പോഴും ലീഗും ഭാഗമായിരുന്നു. എന്നിട്ടും അടിസ്ഥാന വിഷയങ്ങളില്‍ പോലും ന്യൂനപക്ഷങ്ങള്‍ ഇപ്പോഴും സമരം ചെയ്യേണ്ട രീതിയാണ്. ലീഗ് ഒരു ശുദ്ധ രാഷ്ട്രീയ പാര്‍ട്ടിയാണ്. മറ്റു പാര്‍ട്ടികളുടെ ഗുണവും ദോഷവും അതിനുമുണ്ട്. ലീഗ് മൂന്നു മണ്ഡലം ചോദിക്കുന്നത് അതിനു അവര്‍ക്കു രാഷ്ട്രീയ ശക്തി ഉള്ളത് കൊണ്ട് മാത്രമാണ്.

മുന്നണി രാഷ്ട്രീയത്തില്‍ പലരും രക്ഷപ്പെട്ടു പോകുന്നു. അവരുടെ ശക്തി ഉന്തുവണ്ടിക്കാരന്റേത് പോലെയാണ്. പലപ്പോഴും ശബ്ദം മാത്രമാകും പുറത്തു കേള്‍ക്കുക. ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാല്‍ മാത്രമാണ് ആരൊക്കെ എവിടെയൊക്കെ നില്‍ക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയൂ.

Related Articles